Thamasoma News Desk
റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്. 12.15 ആയപ്പോഴേക്കും കുട്ടി മരിച്ചു,’ ഡോക്ടര്‍ മീനു അറിയിച്ചു.
പല്ലുവേദനയെത്തുടര്‍ന്ന് തൃശൂര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുണ്ടൂര്‍ സ്വദേശിയായ കെവിന്‍ – ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് മരിച്ചത്.
ആരോണിന്റെ മൂന്നോ നാലോ പല്ലുകളൊഴിച്ച് ബാക്കിയെല്ലാം കേടായിരുന്നു. രോഗം ബാധിച്ച പല്ലുകളുടെ കേടുപാടുകള്‍ മാറ്റി പല്ല് അടച്ചു വയ്ക്കുന്ന പള്‍പെക്ടമി എന്ന ചികിത്സയ്ക്കു വേണ്ടിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാല്‍പ്പല്ലുകളിലെല്ലാം രോഗം ബാധിച്ചതിനാല്‍, പുതിയ പല്ലുകള്‍ മുളച്ചു വരുന്നതു വരെയുള്ള താല്‍ക്കാലിക സംവിധാനമാണ് കുട്ടികളില്‍ നടത്തുന്ന റൂട്ട് കനാല്‍ ചികിത്സ. ഇപ്പോഴുള്ള മിക്ക കുട്ടികളുടെയും പല്ലുകളുടെ അവസ്ഥ ഇതുതന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലിനുള്ളില്‍ കയറി കൂടുതല്‍ ഇന്‍ഫെക്ഷനു കാരണമാകുന്നു. ഈ ഇന്‍പെക്ഷന്‍ മാറ്റാനും കേടായ പല്ലുകള്‍ സംരക്ഷിക്കാനും വേണ്ടിയാണ് റൂട്ട്കനാല്‍ ചെയ്യുന്നത്.
‘പള്‍പെക്ടമി ഒരു സാധാരണ ഓപ്പറേഷനാണ്. യാതൊരു തരത്തിലുള്ള സങ്കീര്‍ണ്ണതകളുമില്ലാത്ത ലളിതമായൊരു ചികിത്സയാണിത്. അണുബാധ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേതമാക്കി, പല്ല് അടച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ഈ അടത്തു വയ്ക്കുന്ന പല്ലുകള്‍, സാധാരണ പോലെ കൊഴിഞ്ഞു പോകുകയും പുതിയ പല്ലുകള്‍ മുളച്ചു വരികയും ചെയ്യും.
ചികിത്സ കഴിഞ്ഞ് നാലു മണിക്കൂര്‍ വരെ കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. അനസ്തീഷ്യ നല്‍കിയതിലോ ചികിത്സയിലോ എന്തെങ്കിലും പിഴവു സംഭവിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ത്തന്നെ അതു പ്രകടമാകുമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്തു കാരണത്താലാണ് കുട്ടി മരിച്ചത് എന്ന് വ്യക്തമാവുകയുള്ളു. ഡന്റല്‍ ക്ലിനിക്കില്‍ മരവിപ്പിക്കാന്‍ കുത്തിവയ്‌പ്പെടുക്കാറുണ്ട്. ഇവിടെ അതിന്റെ പോലും ആവശ്യമില്ല. ജനറല്‍ അനസ്തീഷ്യ മാത്രമേ ആവശ്യമുള്ളു. അനസ്തീഷ്യയില്‍ പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍, വളരെ പെട്ടെന്നു തന്നെ ശരീരം പ്രതികരിക്കുമായിരുന്നു.
സര്‍ജറി കഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൂടെയുള്ളവരെ കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നു. അനസ്തീഷ്യ ചെയ്യുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം. അതിനു ശേഷം ഭക്ഷണം കഴിച്ചാണ് പ്രശ്‌നം സങ്കീര്‍ണ്ണമാകുന്നനത്. സര്‍ജ്ജറി കഴിഞ്ഞ് എത്ര സമയത്തിനു ശേഷമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഏതു ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ സംബന്ധിച്ചും കൃത്യമായ മാര്‍ഗ്ഗമിര്‍ദ്ദേശങ്ങളുണ്ട്. അതെല്ലാം ഈ കുട്ടിയുടെ കാര്യത്തില്‍ പാലിച്ചിരുന്നു.
ഈ ആശുപത്രിയില്‍ ഇതിനു മുന്‍പും ഇത്തരം ചികിത്സകള്‍ നല്‍കിയിട്ടുണ്ട്. യാതൊരു സങ്കീര്‍ണ്ണതകളുമില്ലാത്ത ഒരു ചികിത്സയാണിത്. നിരവധി പല്ലുകള്‍ക്കു കേടു വരുമ്പോഴാണ് ഈ ചികിത്സ ചെയ്യുന്നത്. ഒന്നോ രണ്ടോ പല്ലിനു മാത്രമാണ് കേടെങ്കില്‍, സര്‍ജ്ജറി കൂടാതെ തന്നെ ചികിത്സിക്കാനാവും,’ ഡോക്ടര്‍ പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 6.15 ന് ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മുറിയിലേക്ക് മാറ്റിയതിന് ശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വിസ്റ്റ് ഉള്‍പ്പെടെ നടത്തണമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ പൊലീസുമായി സഹകരിക്കുമെന്നും മരണകാരണം ഹൃദയാഘാതമെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിക്സന്‍ പറഞ്ഞു.
#MalankaraHospitalKummamkulam #MasterAton #Pulpectomy #DentaltreatmentKerala #DrMeenuPrasannan
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47