Jess Varkey Thuruthel & D P Skariah
പട്ടിയെ കണ്ടാല്‍ ഒരേറു കൊടുത്തില്ലെങ്കില്‍ ചില മനുഷ്യര്‍ക്ക് വലിയ അസ്വസ്ഥതയാണ്. അവയെ എറിഞ്ഞും തല്ലിയും മുറിപ്പെടുത്തിയും സംതൃപ്തിയടയുന്ന ചില പേ പിടിച്ച മനുഷ്യര്‍….!! ഒരു പൂതിക്കു വളര്‍ത്താന്‍ കൊണ്ടുവരും, ആ പൂതിയൊന്നടങ്ങുമ്പോള്‍ തെരുവിലേക്കിറക്കിവിടും.
2018 ലെ പ്രളയ സമയത്ത് ചങ്ങലയില്‍ നിന്നും അഴിച്ചു വിടാന്‍ പോലുമുള്ള മനസാക്ഷി കാണിക്കാത്ത മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങി ചാവാനായി വിധിക്കു വിട്ടുകൊടുത്തത് നിരവധി മൃഗങ്ങളെയാണ്…! ചാവാതെ ശേഷിച്ച അസുഖബാധിതരായ നായ്ക്കളെ ചാക്കില്‍കെട്ടി കൊണ്ടുപോയി കളഞ്ഞു എന്ന് പറഞ്ഞവര്‍ നിരവധി. അതിനവര്‍ പറഞ്ഞ കാരണമിതായിരുന്നു, അസുഖം വന്നു കണ്‍മുന്നില്‍ കിടന്നു ചാകുന്നതു കാണാന്‍ വയ്യത്രെ…!! അതേ, ചില മനുഷ്യര്‍ അത്രയേറെ ലോലഹൃദയരാണ്….!!
സ്‌നേഹിക്കാന്‍ മാത്രമറിയുന്ന നായ്ക്കളെ ആക്രമണകാരികളാക്കിയത് മനസാക്ഷി ലവലേശമില്ലാത്ത മനുഷ്യരും അവര്‍ക്കു വളംവച്ചുകൊടുക്കുന്ന ഭരണകൂടവുമാണ്.
ഇത്രയും സ്‌നേഹവും നന്ദിയുമുള്ള മറ്റൊരു ജീവിവര്‍ഗ്ഗവും ഈ ഭൂമുഖത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല. എന്നിട്ടും ചില മനുഷ്യര്‍ക്കിവര്‍ ഭീകര ജീവികളും രോഗവാഹകരും പേടീസ്വപ്‌നവുമൊക്കെയാണ്.
നായ്ക്കള്‍ മനുഷ്യരോടു ചെയ്തതിന്റെ പേരിലാണ് അവരെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുന്നതെങ്കില്‍, നന്ദികെട്ട മനുഷ്യരേ, നിങ്ങളവരോടു ചെയ്യുന്ന ക്രൂരതയ്ക്ക് എന്തു ശിക്ഷ തന്നാല്‍ മതിയാകും…??
ആവശ്യത്തിന് ആഹാരവും വെള്ളവും രോഗം വന്നാല്‍ മെച്ചപ്പെട്ട പരിചരണവും സ്‌നേഹവും കൊടുത്ത് കുടുംബാംഗങ്ങളില്‍ ഒരാളെപ്പോലെ നായ്ക്കളെ വളര്‍ത്തുന്ന നിരവധി മനുഷ്യരുണ്ടിവിടെ. അവരൊന്നും നായ്ക്കളെ കാണുന്ന മാത്രയില്‍ അവരെ കല്ലെറിഞ്ഞ് ഓടിക്കുന്നവരല്ല, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നവരല്ല, തെരുവില്‍ കാണുന്ന ഈ നിസ്സഹായ ജന്മങ്ങള്‍ക്ക് പറ്റുന്ന രീതിയിലെല്ലാം ആഹാരവും വെള്ളവും കൊടുക്കുന്നവരാണവര്‍. തങ്ങള്‍ക്കു സാധിക്കുന്നവരെയെല്ലാം രക്ഷപ്പെടുത്തുന്നവരാണവര്‍.
കാശിനോട് അടങ്ങാത്ത ആര്‍ത്തിയുള്ള ചില മനുഷ്യര്‍ തോന്നിയ പോലെ നായ്ക്കളെ ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന് യാതൊരു നിയന്ത്രണവും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇറങ്ങാവുന്ന ഒരു ബിസിനസാണിത്. എന്തെങ്കിലും രോഗം വരുമ്പോഴോ നായെ വളര്‍ത്താനുള്ള ആശ തീരുമ്പോഴോ അവരെ തെരുവിലേക്കു വലിച്ചെറിയുന്നു.
മറ്റൊന്ന്, സ്വന്തം വീട്ടിലെ മാലിന്യമെല്ലാം തൂത്തു വൃത്തിയാക്കി വഴിയരികില്‍ തള്ളുന്നതാണ്. ഈ നിയമ ലംഘകര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഇവിടുള്ള ഭരണസംവിധാനങ്ങള്‍ക്കു ശേഷിയില്ല. അറവു മാലിന്യങ്ങള്‍ മാത്രമല്ല, കക്കൂസ് മാലിന്യങ്ങള്‍ പോലും പൊതുനിരത്തുകളില്‍ തള്ളി മാന്യന്മാരാകുന്ന മനുഷ്യരേക്കാള്‍ എത്രയോ ഭേതമാണ് നായ്ക്കള്‍….!
ഭക്ഷണം വലിച്ചെറിയുന്നത് മെച്ചപ്പെട്ട സംസ്‌കാരമാണെന്നാണ് മനുഷ്യര്‍ പഠിച്ചു വച്ചിരിക്കുന്നത്. വലിച്ചുവാരി തിന്നുക, ബാക്കിയുള്ളവ കുപ്പത്തൊട്ടിയില്‍ തള്ളുക. പെറ്റുപെരുകുന്ന നായ്ക്കളും പൂച്ചകളും ഈ ഭക്ഷണമാണ് കഴിച്ചു വളരുന്നത്.
നായ കടിക്കുന്നതും പേപിടിച്ചു മരിക്കുന്നതും അതീവ ദയനീയമാണ്. പക്ഷേ, അതിനുള്ള പോംവഴി കൊന്നൊടുക്കലല്ല. തെരുവില്‍ എത്തിയ, ആക്രമണകാരികളല്ലാത്ത നായകളെ വന്ധ്യംകരിക്കുകയും വാക്‌സിനേറ്റ് ചെയ്യുകയും ചെയ്യണം. ആക്രമണകാരികളെ ഷെല്‍റ്ററുകളിലേക്കു മാറ്റാം. കുറച്ചുനായകളും പൂച്ചകളും ഒക്കെ തെരുവില്‍ ഉണ്ടാകേണ്ടത് ജൈവലോകത്തെ സന്തുലനത്തിന് ആവശ്യമാണ്. കാണുമ്പോള്‍ കല്ലെടുത്ത് എറിയുകയും തിളച്ച വെള്ളം ഒഴിക്കുകയും അടിച്ചോടിക്കുകയും ചെയ്യുന്ന പേപിടിച്ച മനുഷ്യരെ ശിക്ഷിച്ചേ തീരൂ.
നായ വളര്‍ത്തല്‍ തികച്ചും നിയമാനുസൃതമാക്കണം. അവയ്ക്കു കൃത്യമായ രജിസ്റ്റര്‍ ഉണ്ടാവുകയും തെരുവില്‍ തള്ളിയാല്‍ കനത്ത പിഴയും ശിക്ഷയും നല്കുകയും വേണം. ആര്‍ക്കെങ്കിലും വളര്‍ത്തുനായയെ തത്കാല പരിതസ്ഥിതിയില്‍ വളര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അതിനെ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കൈമാറണം. അങ്ങനെ ആളിനെ കിട്ടില്ലെങ്കില്‍, പഞ്ചായത്തിന്റെ ഷെല്‍റ്ററില്‍ ആക്കാന്‍ പറ്റണം.
നായ്ക്കളെന്നല്ല ഏതു മൃഗം ആക്രമിക്കാന്‍ വന്നാലും തിരിഞ്ഞോടുന്നതാണ് അവ ഇത്രയേറെ കടിച്ചു കീറാന്‍ കാരണം. ഓട്ടത്തില്‍ ഏതെങ്കിലുമൊരു മൃഗത്തെ തോല്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ലെന്ന് അറിയാമെങ്കിലും അവര്‍ തിരിഞ്ഞോടും. പേടിയുള്ള, രക്ഷപ്പെട്ടോടുന്ന ഏതിനെയും വേട്ടയാടി പിടിക്കുക എന്നതാണ് ഏതൊരു മൃഗത്തിന്റെയും പൊതു സ്വഭാവം. ഭയക്കാതെ, പതറാതെ നിന്നിടത്തു തന്നെ നിന്നാല്‍, കടി കിട്ടാതിരിക്കാനോ ചിലപ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കാനോ സഹായിക്കും. എതിരെ നില്‍ക്കുന്നയാള്‍ക്ക് നേരിയ പേടിയെങ്കിലുമുണ്ടെങ്കില്‍ അത് വളരെയെളുപ്പം തിരിച്ചറിയാനുള്ള ശേഷി മൃഗങ്ങള്‍ക്കുണ്ട്. ആക്രമിക്കാനായി മൃഗങ്ങള്‍ പാഞ്ഞടുക്കുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍മ്മയില്‍ വച്ചാല്‍ നന്നായിരിക്കും.
ആക്രമണ ഭീഷണി ഇല്ലാതെ മനുഷ്യര്‍ക്കു ജീവിക്കാനാവണം, സ്‌നേഹപൂര്‍വ്വം ജീവിക്കാനുള്ള സാഹചര്യം നായകള്‍ക്കും ഒരുക്കിക്കൊടുക്കണം.
മനുഷ്യനായതു കൊണ്ടുമാത്രം മനുഷ്യത്വമുണ്ടാവുകയില്ല. മൃഗങ്ങളോട് മനുഷ്യന്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം നല്ല മനുഷ്യരെയും കെട്ടവരെയും എളുപ്പത്തില്‍ തിരിച്ചറിയാനാവും.