Thamasoma News Desk
അധികാരത്തിലേറിയ നാള്‍മുതല്‍ തുടങ്ങിയതാണ് മേയര്‍ ആര്യ രാജേന്ദ്രനു (Mayor Arya Rajendran) നേരെയുള്ള കടന്നാക്രമണം. പ്രശ്‌നം ചെറുതോ വലുതോ ആകട്ടെ, അതിക്രൂരമായ രീതിയില്‍ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുകയാണവര്‍. കെ എസ് ആര്‍ സി ഡ്രൈവര്‍ ചെയ്ത പോക്രിത്തരത്തെ ചോദ്യം ചെയ്തതോടെ അതു കൂടുതല്‍ രൂക്ഷമായി. പക്വതയില്ലെന്ന ആരോപണം ഒരുവശത്ത്. സ്ത്രീയാണെന്ന ആരോപണങ്ങള്‍ മറുവശത്തും. സ്വന്തം തെറ്റുകള്‍ പോലും അവര്‍ക്കെതിരെയുള്ള ആയുധമാക്കുന്നു. കേരളം മാലിന്യക്കൂമ്പാരമാകുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട്. ആര്യയെ വിമര്‍ശിക്കുമ്പോള്‍ ഈ സത്യം കാണാതെ പോകരുത്.
വിദേശരാജ്യങ്ങളിലെ വൃത്തിയെയും വെടുപ്പിനെയും നിരത്തുകളുടെ ഭംഗിയെയും നിയമം പാലിക്കുന്നതിന്റെ ശുഷ്‌കാന്തിയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ പോലും സ്വന്തം നാട്ടിലെത്തിയാല്‍ കവാത്തു മറക്കും. ഇവിടെ താമസിക്കുമ്പോള്‍ നിയമങ്ങള്‍ പ്രശ്‌നമല്ല, ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല. ആരെങ്കിലും എവിടെയെങ്കിലും ചെറിയൊരു മാലിന്യമിട്ടാല്‍, അധികം താമസിയാതെ ആ സ്ഥലം മാലിന്യക്കൂമ്പാരമായി മാറും. അതാണ് നാട്ടിലെ രീതി.
യാതൊരു തത്വദീക്ഷയുമില്ലാതെ മനുഷ്യര്‍ വലിച്ചെറിഞ്ഞ മാലിന്യമാണ് ആമയിഴഞ്ചാന്‍ തോടിനെ അത്തരത്തിലാക്കിയത്. സകല ടെക്‌നോളജിയും മനുഷ്യ പ്രയത്‌നങ്ങളും ഉപയോഗിച്ചിട്ടും 46 മണിക്കൂറെടുത്തു മാലിന്യം മാറ്റാന്‍. നാം വലിച്ചെറിയുന്ന മാലിന്യം വലുതോ ചെറുതോ ആകട്ടെ. അവയങ്ങനെ തോന്നിയ പോലെ വലിച്ചെറിയാന്‍ പാടില്ലെന്ന് നാം പഠിക്കുന്നില്ല. മനുഷ്യന്റെ മാത്രമല്ല, സകല ചരാചരങ്ങളുടെയും ജീവന്റെ ആധാരം ജലമാണ്. എത്ര നിരുത്തരവാദപരമായിട്ടാണ് മനുഷ്യര്‍ ജലസ്രോതസുകള്‍ മലിനമാക്കുന്നത്? ഇത്തരത്തില്‍ മണ്ണിനെയും ജലത്തെയും പ്രകൃതിയെയുമെല്ലാം മലിനമാക്കുകയും ജീവിതം പോലും ദു:സ്സഹമാക്കുകയും ചെയ്യുന്നവര്‍ക്കു മേല്‍ ഏറ്റവും വലിയ ശിക്ഷ തന്നെ നടപ്പാക്കണം.
ഏതൊരു ദുരന്തം സംഭവിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടുന്നു. രാഷ്ട്രീയ പുകമറ സൃഷ്ടിക്കുകയാണവര്‍ ചെയ്യുന്നത്. റെയില്‍വേയില്‍ യാത്ര ചെയ്യുന്നവര്‍ മാലിന്യം വലിച്ചെറിയുന്നത് യാതൊരു തത്വദീക്ഷയുമില്ലാതെയാണ്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കില്‍പ്പോലും അതുപോലും ഉപയോഗിക്കാത്ത മനുഷ്യരുണ്ട്. അപ്പോള്‍ അത്തരം സൗകര്യങ്ങള്‍ ഇല്ലെങ്കിലുള്ള കാര്യം പറയുകയും വേണ്ട.
റെയില്‍വെയ്ക്ക് ധാരാളം സ്ഥലങ്ങളുണ്ട്. മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി അവര്‍ തന്നെ ഇടം കണ്ടെത്തേണ്ടതുമുണ്ട്. ഇവയൊന്നും ചെയ്യാതെ, തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ആമയിഴഞ്ചാനില്‍ റെയില്‍വേ കാണിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ഒഴുക്കില്‍പ്പെട്ട് പോകുന്നത്. വിവരം കിട്ടിയ നിമിഷം അവിടേക്ക് പാഞ്ഞെത്തിയത് നഗരസഭയുടെ ശുചികരണ തൊഴിലാളികളും മേയറുമായിരുന്നു. ഒരു തൊഴിലാളി ആമയിഴഞ്ചാന്‍ തോടില്‍ അപകടത്തില്‍ പെട്ടു എന്ന വിവരം മാത്രമാണ് അപ്പോള്‍ ലഭിച്ചിരുന്നത്. എന്നാല്‍ അവിടെത്തിയ ശേഷമാണ് അത് നഗരസഭ ഷെഡ്യൂള്‍ ചെയ്ത ജോലി ആയിരുന്നില്ല എന്നും, വൃത്തിയാക്കാന്‍ തൊഴിലാളി ഇറങ്ങിയത് റെയില്‍വേയുടെ കരാറുകാരന് വേണ്ടിയാണെന്നും അത് റെയില്‍വേ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അറിഞ്ഞത്. പക്ഷെ സംഭവം നടക്കുന്ന പതിമൂന്നാം തീയതി ഉച്ചയോടെ അവിടെത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ പിന്നെ പിന്നോട്ട് പോയിട്ടില്ല. ഒരു പക്ഷെ ആ നിമിഷം മുതല്‍ ഇന്ന് ജോയിയുടെ മൃതദേഹം കിട്ടുന്ന വരെ മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്ന ഒരേ ഒരു ജനപ്രതിനിധി മേയര്‍ ആര്യ രാജേന്ദ്രന്‍ മാത്രമാണ്. പിന്നെ ഉണ്ടായിരുന്നത് മാധ്യമ പ്രവര്‍ത്തകരും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജും.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും എല്ലാവരും സന്ദര്‍ശിച്ച് തിരികെ പോയപ്പോള്‍ മേയര്‍ എല്ലാ പരിപാടികളും റദ്ദാക്കി ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നല്‍കി, ആ സ്പോട്ടില്‍ തന്നെ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടര ദിവസം മുഴുവന്‍. ഏതാണ്ട് എല്ലാ സമയവും കളക്ടറും കൂടെയുണ്ടായിരുന്നു.
തുടക്കം മുതല്‍ തന്നെ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സഹകരണം പ്രകടമായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടക്കുന്ന സമയത്ത് ആ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ലഭ്യമല്ലായിരുന്നു. രാത്രി വൈകിയും തിരച്ചില്‍ തുടരുമെന്ന സാഹചര്യം വന്നപ്പോള്‍ പ്രത്യേക ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ റെയില്‍വേ ചുമതലപ്പെടുത്തിയവര്‍ എത്തിയിരുന്നു. അവര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന സമയത്ത് കൂടുതല്‍ ലൈറ്റുകള്‍ വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ ചുമതപ്പെടുത്തിയ വ്യക്തി പറഞ്ഞത് ഞങ്ങള്‍ക്ക് റെയില്‍വേ 3 ലൈറ്റുകള്‍ സ്ഥാപിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയത്, അതില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ നിര്‍വാഹമില്ല എന്നാണ്. തുടര്‍ന്ന് അവിടെയും മേയര്‍ ഇടപെട്ടായിരുന്നു ആവശ്യാനുസരണം ലൈറ്റുകള്‍ സ്ഥാപിച്ചത്.
റോബോട്ടിക്സ് സംവിധാനം ഉപയോഗിച്ചു മൂന്നും നാലും പ്ലാറ്റ്ഫോമിന് ഇടയിലെ മന്‍ഹോളില്‍ നിന്നും മാലിന്യം വാരുമ്പോള്‍, ആ ട്രാക്കില്‍ ട്രെയിന്‍ നിന്നാല്‍ മാലിന്യം എടുക്കുവാന്‍ തടസമാകുമെന്ന് റെയില്‍വേയെ അറിയിച്ചിരുന്നു. അതിന്‍പ്രകാരം ട്രെയിനുകള്‍ക്ക് ട്രാക്കുകള്‍ മാറ്റി നല്‍കാമെന്ന് റയില്‍വേ ഉറപ്പ് നല്‍കിയിട്ടും ട്രാക്കുകളില്‍ ട്രെയിനുകള്‍ നിര്‍ബാധം വന്നും പോയുമിരുന്നു. ഇത്തരത്തിലായിരുന്നു റെയില്‍വേ അധികൃതരുടെ പെരുമാറ്റം.
രണ്ടാം ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ മാത്രമാണ് റെയില്‍വേ അതികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യേക്ഷപ്പെട്ടത്. പിന്നെ പ്രത്യക്ഷപ്പടുന്നത് അന്നേ ദിവസം വൈകിട്ട് നഗരസഭയുടെ മേല്‍ കുറ്റങ്ങള്‍ ചാരുവാനുള്ള പത്രസമ്മേളനത്തിലായിരുന്നു. എന്നാല്‍ അതിന് തൊട്ട് പിന്നാലെ മേയര്‍ റെയില്‍വേയ്ക്കുള്ള കൃത്യമായ മറുപടിയും അതോടൊപ്പം ചില ചോദ്യങ്ങളും ഉന്നയിച്ചു. ഒന്നിനും മറുപടിയില്ലാതെ ഉത്തരം മുട്ടിയപ്പോള്‍ റെയില്‍വേയുടെ DRM മേയറെ നേരിട്ട് വന്നുകണ്ടു, തുടര്‍പ്രവര്‍ത്തനങ്ങളില്‍ മേയറുടെയും നഗരസഭയുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മേയര്‍ എല്ലാത്തരത്തിലുമുള്ള സഹായ സഹകരണവും നല്‍കാമെന്നും ഉറപ്പ് നല്‍കി.
തുടക്കത്തില്‍ മേയറിന് നേരെ ചീറിക്കൊണ്ടിരുന്ന പല മാധ്യമങ്ങളും വൈകുന്നേരത്തോടെ ചുവട് മാറ്റിയത് മേയര്‍ അവിടെ നടത്തിയിരുന്ന ഇടപെടലുകള്‍ നേരിട്ട് കണ്ടത് കൊണ്ട് കൂടിയാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ‘ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ പോലും പോകാതെ ഒരു മേയര്‍, അതും ഒരു സ്ത്രീ ഈ ദുര്‍ഗന്ധത്തിന് നടുവില്‍ ഇത്രയും മണിക്കൂറുകള്‍ നില്‍ക്കുന്നത് ആദ്യത്തെ അനുഭവമെന്നാണ് ‘ഡെസ്‌കില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടും പല റിപ്പോര്‍ട്ടര്‍മാരും മേയറിന് എതിരെ ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നത് അവരുടെ കണ്ണിന് മുന്നിലുള്ള യാഥാര്‍ഥ്യം കാണാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ്.
മാലിന്യം തള്ളുന്നവര്‍ക്ക് കനത്ത ശിക്ഷ തന്നെ നല്‍കണം. അതോടൊപ്പം, പൊതുഇടങ്ങളിലും ജലാശയങ്ങളിലുമെല്ലാം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഫലപ്രദമായി സംസ്‌കരിക്കാനും കഴിയണം. മാലിന്യം തള്ളുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കിയാല്‍ത്തന്നെ, സര്‍ക്കാര്‍ ഖജനാവിലേക്ക് നല്ലൊരു വരുമാനവുമാകും. ഓരോ വ്യക്തിയുടേയും കൈയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള സ്ഥിതിക്ക് സാധാരണ ജനത്തെയും ഇതില്‍ പങ്കാളികളാക്കാവുന്നതാണ്. ഇത്തരത്തില്‍, പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ വ്യക്തിക്കും കഴിയണം. വിദേശ രാജ്യങ്ങള്‍ അത്തരത്തില്‍ വൃത്തിയായിരിക്കാന്‍ കാരണം നിയമങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ് എന്നതു കൊണ്ടു തന്നെ. അല്ലാത്ത പക്ഷം ശിക്ഷാനടപടികള്‍ അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണ്.
ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും കുറയ്ക്കാനുമായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ അതിനെതിരെ ഹാലിളകി രംഗത്തെത്തിയ ജനപ്രതിനിധികളും നേതാക്കളും ആളുകളുമാണ് ഇവിടെയുള്ളത്. മാലിന്യം തള്ളുന്നതു നിയന്ത്രിക്കാന്‍ ശ്രമിച്ചാലും ഇങ്ങനെതന്നെ. നമുക്കെല്ലാം കൃത്യമായും വൃത്തിയായും നടക്കണം, പക്ഷേ, നിയമങ്ങള്‍ അനുസരിക്കാന്‍ ആരും തയ്യാറുമല്ല. ആമയിഴഞ്ചാന്‍ ഒരു ഉദാഹരണം മാത്രം. കേരളത്തിന്റെ പലഭാഗങ്ങളിലും മാലിന്യമലകളുപയോഗിച്ച് പാടങ്ങളും താഴ്ന്ന പ്രദേശങ്ങളും നിരത്തിത്തുടങ്ങി. ഇതിന്റെ പ്രത്യാഘാതം ഇനി വരാനിരിക്കുന്നതേയുള്ളു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47