മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ല, ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


നിയമങ്ങള്‍ കാറ്റില്‍പ്പറപ്പിച്ച് റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ്. പക്ഷേ, കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളായി വേണം ഇവ വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായ ഓഗസ്റ്റ് 16-ാം തീയതി വൈകിട്ട് ഞാന്‍ നേരെ പോയത് ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. മൂന്നായി ഒടിഞ്ഞ ഇടംകൈ പ്ലാസ്റ്ററില്‍ കഴുത്തില്‍ തൂക്കിയിരുന്നു. വായിലെ മുറിവുകള്‍ കരിഞ്ഞിട്ടുണ്ടായിരുന്നില്ല. മുറിവേറ്റ വലതു കാല്‍ മുട്ടും വേദനിക്കുന്നുണ്ടായിരുന്നു. ഞൊണ്ടി ഞൊണ്ടിയാണ് ഞാന്‍ പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെന്നത്….

എന്റെ റോഡപകടത്തിനു കാരണക്കാരനായ മനുഷ്യന്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ അത്തരം നിയമലംഘനങ്ങള്‍ ചെയ്യുന്നവര്‍ കേരളത്തിലെ നിരത്തുകളില്‍ ധാരാളമുള്ളതു കൊണ്ട്, ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിക്കെതിരെ ആയിരുന്നില്ല എന്റെ പരാതി.

സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോള്‍ തന്നെ രണ്ടു പോലീസുകാര്‍ മുന്നിലെ ബുക്കില്‍ നോക്കി എന്തോ കണക്കുകള്‍ പരിശോധിക്കുകയാണ്. മുഖമുയര്‍ത്തി എന്നെ നോക്കിയ ശേഷം കാര്യമെന്താണെന്നു തിരക്കി, എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ വീണ്ടും കണക്കുകള്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു.

ക്ഷീണിതമായിരുന്നു എന്റെ ശരീരം. വല്ലാതെ തളര്‍ച്ച തോന്നുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ചര്‍ച്ച കഴിയാന്‍ ഞാന്‍ കാത്തു. ഒടുവില്‍ ക്ഷമ നശിച്ചു, പിന്നെ ചോദിച്ചു.

സര്‍, ഈ നിയമ ലംഘനത്തിനെതിരെയാണ് കേസ് എടുക്കേണ്ടത്. കൊടും വളവില്‍ വാഹനങ്ങളെ മറികടക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ, മുന്നില്‍ പോയ ബസിനെ മറികടന്നു പാഞ്ഞുവന്ന ബൈക്കുകാരന്‍ എന്നെ ഇടിച്ചിടാതിരിക്കാന്‍ റോഡരികിലേക്കു സ്്ക്കൂട്ടര്‍ മാറ്റിയപ്പോള്‍ കട്ടിംഗില്‍ ഇടിച്ചു റോഡിലേക്കു തെറിച്ചുവീണാണ് എനിക്ക് അപകടമുണ്ടായത്. ഇവിടെ ഒന്നാംപ്രതി ഇത്തരം നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന പോലീസ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട അധികാരികളാണ്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാരും പ്രതിയാണ്. കൊലക്കളം പോലെ റോഡു നിര്‍മ്മിച്ചിരിക്കുന്നവരും പ്രതികളാണ്. ഞാന്‍ പറഞ്ഞു….

‘നിങ്ങളെ ഏതെങ്കിലും വാഹനം ഇടിച്ചിരുന്നോ’ പോലീസ് ചോദിച്ചു….

ഇല്ല എന്നു ഞാന്‍ മറുപടി പറഞ്ഞു…..

‘തന്നത്താനെ പോയി ഉരുണ്ടുവീണതിനു കേസെടുക്കാന്‍ വകുപ്പില്ല’ എന്നായി പോലീസ്.

ഞാനെന്റെ അതിയായ ആഗ്രഹം കൊണ്ട് സ്‌കൂട്ടറും മറിച്ചു നടുറോഡിലേക്കു വീണുണ്ടായ അപടമല്ല ഇത്. എന്റെയീ അപകടത്തിനൊരു കാരണമുണ്ട്, കാരണക്കാരനുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. അപകടം നടന്ന ശേഷം അതിനു കാരണക്കാരായവനെതിരെ കേസെടുക്കുന്നതു മാത്രമല്ല പോലീസിന്റെ ഉത്തരവാദിത്തം. റോഡില്‍ തോന്ന്യാസം കാണിക്കുന്നവര്‍ ഇനി മേലില്‍ അത് ആവര്‍ത്തിക്കാതിരിക്കത്തക്ക ശിക്ഷ നല്‍കാനും അധികാരികള്‍ക്കു കഴിയണം. അല്ലാതെ നിരപരാധിയുടെ ചോര റോഡില്‍ വീഴാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് പരിപോഷിപ്പിക്കുകയല്ല വേണ്ടത്.

പോലീസുകാരന്‍ എന്നെയൊന്നു തറപ്പിച്ചു നോക്കി.

നിങ്ങളാരാണ് എന്നു ചോദിച്ചു. ഞാനൊരു ജേര്‍ണലിസ്റ്റാണെന്നു മറുപടി നല്‍കി….

‘നിങ്ങള്‍ ഈ പറഞ്ഞ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ വകുപ്പില്ല. നിങ്ങളെ ആരെങ്കിലും ഇടിച്ചാണ് അപകടമുണ്ടായതെങ്കില്‍ പറയൂ. കേസുമായി മുന്നോട്ടു പോകാം’ എന്നായി അവര്‍…

ഇനി ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. അതിന് ഞാനെന്റെ ആരോഗ്യം വീണ്ടെടുത്തേ തീരൂ…..

അവനവനു മാത്രം ജീവിച്ചാല്‍ മതിയെന്നഹങ്കരിക്കുന്ന മനുഷ്യര്‍ വരുത്തിവയക്കുന്ന അപകടങ്ങളാണിവ. യാതൊരു നോട്ടവുമില്ലാതെ വാഹനത്തിന്റെ ഡോര്‍ തുറന്ന് അപകടമുണ്ടാക്കുന്ന എത്രയോ പേരാണ് ഉള്ളത്. ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കിയാല്‍ പിന്നീടൊരു തവണ കൂടി ഇവരിതു ചെയ്യില്ല.

രണ്ടുകുഞ്ഞുങ്ങളെയും വച്ച് സ്‌കൂട്ടറില്‍ വരികയായിരുന്ന എന്റെ മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡോര്‍ തുറന്നത് പെട്ടെന്നായിരുന്നു. എന്റെ വാഹനം സ്പീഡില്‍ അല്ലാത്തതിനാല്‍ പെട്ടെന്നു തന്നെ എനിക്കു വണ്ടി നിറുത്താന്‍ കഴിഞ്ഞു. ‘തോന്ന്യാസം കാണിക്കുന്നോ’ എന്ന എന്റെ ചോദ്യത്തിന് അവന്റെ മറുപടി, ‘അതിനു നിങ്ങള്‍ക്ക് ഒന്നും പറ്റിയില്ലല്ലോ’ എന്നായിരുന്നു.

നമുക്ക് അപകടം സംഭവിച്ചോ ഇല്ലയോ എന്നതല്ല, നമ്മള്‍ ചത്തോ ഇല്ലയോ എന്നതല്ല, റോഡില്‍ നിയമ ലംഘനം നടന്നോ ഇല്ലയോ എന്നതാണ് പ്രാധാന്യം. സി സി ടി വി ദൃശ്യങ്ങള്‍ കൂടി കാണിച്ചു കൊടുത്താലും അവയൊന്നും മതിയായ തെളിവുകളാകുന്നുമില്ല.

കാലഹരണപ്പെട്ട നിയമം പൊളിച്ചെഴുതുക തന്നെ വേണം. റോഡില്‍ നടക്കുന്നത് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ല, മറിച്ച് കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണ്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിച്ചാല്‍ അപകടമുണ്ടാക്കുമെന്ന് അറിവില്ലാത്ത ശിശുക്കള്‍ക്കാണോ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സും നല്‍കി കെട്ടഴിച്ചു വിട്ടിരിക്കുന്നത്..?? അമിതവേഗം ആപത്തുണ്ടാക്കുമെന്ന് അറിയാത്തത്ര നിഷ്‌കളങ്കര്‍ വാഹനമോടിക്കാതിരിക്കുകയാണ് വേണ്ടത്. മാത്രവുമല്ല, ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കിയേ തീരൂ.

നിയമം ലംഘിച്ചവരെ പിടികൂടുക മാത്രമല്ല, നിയമ ലംഘനം നടത്താന്‍ മുട്ടിനില്‍ക്കുന്നവരെ പിടികൂടി എന്നെന്നേക്കുമായി ആ മുട്ടു തീര്‍ത്തു വിടേണ്ടതും നിയമപാലകരുടെ ഡ്യൂട്ടിയാണെന്നത് മറക്കരുത്.


Leave a Reply

Your email address will not be published. Required fields are marked *