Jess Varkey Thuruthel
വാടകയ്ക്കു താമസിക്കാന്‍ കൈയില്‍ പണമില്ല. പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഇനി താമസിക്കാനുമാവില്ല. അയല്‍വാസിയുടെ കടുംപിടുത്തം കാരണം വീടിനു മുന്നിലൂടെയുള്ള പഞ്ചായത്തു റോഡിന്റെ പണിയും മുടങ്ങി. വീടിനായി കവളങ്ങാട് പഞ്ചായത്ത് നാലു ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വര്‍ഷമായി (Life Mission). ഇനിയും ഈ തുക ഉപയോഗിച്ചില്ലെങ്കില്‍ ഇതും നഷ്ടമാകും. അതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാകും വരെ പഞ്ചായത്തു റോഡില്‍ കിടക്കാനാണ് നേര്യമംഗലം 46 ഏക്കര്‍ സ്വദേശി രത്‌നമ്മയുടെ തീരുമാനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.
നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍, കാല് വേദനയ്‌ക്കെടുത്ത കുത്തിവയ്പിനെത്തുടര്‍ന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെട്ട രത്‌നമ്മയെക്കുറിച്ച് തമസോമ ആര്‍ട്ടിക്കിള്‍ ചെയ്തിരുന്നു. ആരോഗ്യത്തോടെ ജോലി ചെയ്തു ജീവിച്ചു വരവെയാണ് ഒരു ആശുപത്രി ഇവരെ ജീവിക്കുന്ന മൃതശരീരമാക്കി മാറ്റിയത്. അതിനു ശേഷമിന്നോളം പണിയെടുത്തു ജീവിക്കാന്‍ സാധിച്ചിട്ടില്ല ഇവര്‍ക്ക്.
വീട്ടിലെ കഷ്ടപ്പാടുകള്‍ മൂലം 12-ാമത്തെ വയസില്‍ ജോലിക്കിറങ്ങിയതാണ് കൊച്ചുമകന്‍ അതുല്‍. അമ്മയുടെ മരണശേഷം അച്ഛനും അതുലിനെ ഉപേക്ഷിച്ചു പോയി. ഇതോടെ, രത്‌നമ്മയും അതുലും തീര്‍ത്തും ഒറ്റപ്പെട്ടു. നാട്ടുകാരുടെ സഹായം കൊണ്ടും തുച്ഛമായ പെന്‍ഷന്‍ തുകയും അതുല്‍ പണി ചെയ്തു കിട്ടുന്ന പൈസയുമാണ് ഇവരുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.
നവകേരള സദസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ക്ക് വഴി അനുവദിച്ചിരുന്നു. എന്നാല്‍ അവിടെയുള്ള താമസക്കാര്‍ക്കെല്ലാം ഉപകാരമാകുന്ന ഈ വഴിക്ക് തടസം നില്‍ക്കുന്നത് ഒരു അയല്‍വാസിയാണ്. വിദേശത്തു ജോലിയുള്ള, നേര്യമംഗലത്ത് രണ്ടുനില വീടുള്ള ഇദ്ദേഹത്തിന്റെ ആവശ്യം അഷ്ടിക്കു വകയില്ലാത്ത രത്‌നമ്മ തങ്ങള്‍ക്കു മതില്‍ കെട്ടി നല്‍കണമെന്നതാണ്. ആകെ ഇവര്‍ക്കു പഞ്ചായത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന തുക നാലുലക്ഷം രൂപയാണ്. ഇതിന് ഒന്നുകില്‍ കരിങ്കല്ലു കൊണ്ടോ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ മതില്‍ നിര്‍മ്മിച്ചു നല്‍കിയാല്‍ മാത്രമേ വഴിക്കുള്ള സ്ഥലം നല്‍കുകയുള്ളു എന്നാണ് ഇയാളുടെ നിലപാട്. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെംബറുമെല്ലാം ഇയാളോട് സംസാരിച്ചുവെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും ഇയാള്‍ തയ്യാറായിട്ടില്ല. മതില്‍ കെട്ടാന്‍ തങ്ങളുടെ കൈയില്‍ പണമില്ല എന്നാണ് അയല്‍വാസിയുടെ നിലപാട്.
ആകെ 3 സെന്റ് സ്ഥലമാണ് രത്‌നമ്മയ്ക്ക് ഉള്ളത്. ഇതില്‍ ഒന്നര സെന്റ് പാറയാണ്. വീടിന്റെ പിന്നിലാണ് പാറയുള്ളത്. ബാക്കി ഒന്നര സെന്റില്‍ ഒരു ചെറിയ വീടു നിര്‍മ്മിക്കണം. നാശമായിക്കിടക്കുന്ന വീട് പൊളിച്ചു മാറ്റിയാല്‍ മാത്രമേ പുതിയ വീടിന്റെ പണി ആരംഭിക്കാന്‍ കഴിയുകയുള്ളു. പൊളിച്ചു മാറ്റുന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും പുതിയ വീടിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നിറക്കാനും സാധിക്കാത്ത അവസ്ഥയാണ്.
വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. പഞ്ചായത്തു വഴിയുടെ മുകളിലായി ഈ അയല്‍വാസിക്ക് സ്ഥലവും അതില്‍ ചെറിയൊരു വീടുമുണ്ട്. ഇത് വില്‍ക്കാനിട്ടിരിക്കുകയാണ്. ഈ സ്ഥലം വിറ്റുപോകണമെങ്കിലും വഴി കൂടിയേ തീരൂ. പക്ഷേ, തനിക്കു കൂടി ഗുണമുള്ള കാര്യമായിട്ടു പോലും വഴിക്കു സ്ഥലം നല്‍കാനാവില്ല എന്നാണ് ഇയാള്‍ പറയുന്നത്.
ഒരിക്കല്‍ പെരുമഴ പെയ്തപ്പോള്‍ ഈ അയല്‍വാസിയുടെ പറമ്പില്‍ക്കൂടി ഒഴുകിയ വെള്ളം പോലും രത്‌നമ്മയുടെ ഇത്തിരി മണ്ണില്‍ക്കൂടി ഒഴുക്കിവിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഇയാള്‍. ആകെ 31 സെന്റ് സ്ഥലമുണ്ട് ഈ അയല്‍വാസിക്ക്. എന്നിട്ടാണ് ഒന്നര സെന്റ് സ്ഥലമുള്ള രത്‌നമ്മയുടെ വസ്തുവിലൂടെ മഴ വെള്ളമൊഴുക്കാന്‍ പറയുന്നത്. തനിക്കു മതിലു കെട്ടിയിട്ടു നിങ്ങള്‍ വീടുണ്ടാക്കി കിടന്നാല്‍ മതിയെന്നാണ് അയല്‍വാസി പറയുന്നത് എന്നാണിവര്‍ പറയുന്നത്.
ഈ വഴി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വാര്‍ഡ് മെബര്‍ ജിന്‍സിയ കഴിവിന്റെ പരമാവധി ശ്രമിച്ചു കഴിഞ്ഞു. ഒരുതരത്തിലും വഴങ്ങാത്ത അയല്‍വാസിയെ എങ്ങനെ മെരുക്കുമെന്ന് ഇവര്‍ക്കറിയില്ല. വഴിക്കായി 5 ലക്ഷം രൂപയാണ് അനുവദിച്ചു കിട്ടിയത്. അതിന്റെ പണി പൂര്‍ത്തിയാകണമെങ്കില്‍ അയല്‍വാസി കൂടി കനിയണം. വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള പന വെട്ടിക്കൊടുത്താല്‍ വഴിക്ക് സ്ഥലം നല്‍കാമെന്നാണ് മറ്റൊരു അയല്‍വാസി പറഞ്ഞത്. ഇവരെല്ലാം വിദേശത്തു ജോലിയുള്ളവരാണ്. എന്നിട്ടും കരുണയില്ലാത്ത പെരുമാറ്റമാണ് ഇവരില്‍ നിന്നും ഉണ്ടാകുന്നതെന്ന് രത്‌നമ്മ പറഞ്ഞു.
വസ്തുവിന്റെ മൂല്യമുയര്‍ത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് വഴി. വീടിനു മുന്നില്‍ക്കൂടി പഞ്ചായത്തു റോഡ് ഉണ്ടെങ്കില്‍ അത് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു. തങ്ങളുടെ സ്ഥലം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ വഴി ഉപകരിക്കുകയും ചെയ്യും. പക്ഷേ, അഷ്ടിക്കു വകയില്ലാത്ത രത്‌നമ്മയുടെ ചിലവില്‍ ഇതു ചെയ്തു കിട്ടാനാണ് വിദേശത്തു ജോലിയും സാമ്പത്തിക ചുറ്റുപാടുമുള്ള അയല്‍വാസികളുടെ നിലപാട്. ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധമാണ്. ഇവര്‍ റോഡിലേക്കു താമസം മാറ്റിയിരിക്കുന്നത്. അധികാരികള്‍ ഇതു കാണണം. ഇവര്‍ക്ക് വേണ്ട സഹായം ചെയ്തു നല്‍കുകയും വേണം.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975