Thamasoma News Desk
നടന്‍ നിവിന്‍ പോളി (Actor Nivin Pauly) ഉള്‍പ്പടെ 6 പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയോട് സംഭവം നടന്നത് ദുബായിലായതിനാല്‍ അവിടെ കേസു കൊടുക്കാന്‍ ഊന്നുകല്‍ പോലീസ് പറഞ്ഞതായി യുവതി. അവരെല്ലാം വമ്പന്‍മാര്‍ ആണെന്നും കേസ് തെളിയില്ലെന്നും ഊന്നുകല്‍ പോലീസ് പറഞ്ഞതായും യുവതി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗീകമായിട്ടായാലും പുറത്തു വരുംമുന്‍പേ തന്നെ യുവതി പരാതിയുമായി ഊന്നുകല്‍ പോലീസില്‍ ചെന്നിരുന്നു. എന്നാല്‍ സംഭവം നടന്നത് ദുബായില്‍ ആയതിനാല്‍ അവിടെയാണ് കേസ് കൊടുക്കേണ്ടത് എന്നായിരുന്നു ഊന്നുകല്‍ പോലീസിന്റെ ഉപദേശം. കേസ് വന്നയുടന്‍ ഊന്നുകല്‍ പോലീസ് തന്നെ വിളിച്ചതായും യുവതി ശ്രമിക്കുന്നത് പ്രശസ്തയാവാന്‍ ആണെന്നു തന്നോട് പറഞ്ഞതായും പത്രസമ്മേളനത്തില്‍ നിവിന്‍ പോളിയും പറയുന്നുണ്ട്. വ്യാജപരാതിക്കെതിരെ താനും കേസ് നല്‍കട്ടെ എന്നു ചോദിച്ചപ്പോള്‍ യുവതിയ്ക്ക് വെറുതെ പ്രശസ്തി ഉണ്ടാക്കിക്കൊടുക്കേണ്ട എന്നായിരുന്നു ഊന്നുകല്‍ പോലീസ് പറഞ്ഞതെന്ന് നിവിന്‍ പോളി പറയുന്നു.
2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ‘യൂറോപ്പില്‍, കെയര്‍ഗിവര്‍ ജോലി വാഗ്ദാനം ചെയ്ത് ശ്രേയ എന്ന സ്ത്രീ എന്റെ കൈയില്‍ നിന്നും 3 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ആ ജോലി എനിക്കു കിട്ടിയില്ല. അതോടെ ഞാന്‍ പൈസ തിരികെ ചോദിച്ചു. അപ്പോഴാണ് അവര്‍ എനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞത്. അവര്‍ തന്നെയാണ് എനിക്ക് എ കെ സുനില്‍ എന്ന പ്രൊഡ്യൂസറെ പരിചയപ്പെടുത്തി തന്നത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ ശാരീരികമായി ചെറിയ രീതിയിലുള്ള ഉപദ്രവമുണ്ടായി. അങ്ങനെയാണ് നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരെ പരിചയപ്പെട്ടത്. ഇവര്‍ മൂന്നുനാലു ദിവസം പൂട്ടിയിട്ടു. മയക്കു മരുന്നു നല്‍കി പീഡിപ്പിച്ചു. അതിന് ശ്രേയയും കൂട്ടുനിന്നു. എന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. നാട്ടിലുള്ള വീട്ടില്‍ ക്യാമറ വച്ചു, ഭര്‍ത്താവിനെയും മകനെയും കൊന്നുകളയുമെന്ന ഭീഷണിയുമുണ്ടായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ടു പോന്നതിനു ശേഷം ഭീഷണിയൊന്നും ഉണ്ടായില്ല. പക്ഷേ, കേസു കൊടുത്തതിനു ശേഷം സോഷ്യല്‍ മീഡിയ വഴി മോശമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്,’ യുവതി പറയുന്നു.
ഒരു മാസം മുമ്പാണ് യുവതി ഊന്നുകല്‍ പോലീസില്‍ നിവിന്‍ പോളി ഉള്‍പ്പടെയുള്ള ആറുപേര്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസിനു തെളിവില്ലെന്നും തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് അന്വേഷണം മന്ദീഭവിപ്പിക്കുകയായിരുന്നു ഊന്നുകല്‍ പോലീസെന്ന് യുവതി പറയുന്നു. ഈ പരാതിയില്‍ ഫലം കാണാതെ വന്നപ്പോള്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ശേഷം അവര്‍ക്കു പരാതി നല്‍കുകയായിരുന്നു ഇവര്‍.
‘ഞങ്ങളുടെ ജീവനു ഭീഷണിയുണ്ട്. കൊന്നു കളയുമെന്നാണ് ഇവര്‍ പറയുന്നത്. പരാതി കൊടുത്താലും ഇല്ലെങ്കിലും ഇവരുടെ ഭീഷണി നേരിടണം. അതിനാലാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്,’ യുവതി പറയുന്നു.
ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് പരാതിക്കാരി. അമിത തോതില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്നതോടെ ഈ പ്രശ്‌നം കൂടുതല്‍ വഷളായി. അതോടെ പീഡനക്കാര്‍ പിന്മാറുകയായിരുന്നുവെന്നും താന്‍ രക്ഷപ്പെട്ടു പോരുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
ഈ കേസില്‍ തെളിവില്ലെന്ന് ഊന്നുകല്‍ പോലീസിന് വളരെ കൃത്യമായി അറിയാമായിരുന്നു. സംഭവം നടന്നത് ദുബായില്‍ ആയതിനാല്‍ തെളിയിക്കാനും ബുദ്ധിമുട്ടാണെന്നും അവര്‍ക്കറിയാം. പ്രതിസ്ഥാനത്തു നില്‍ക്കുന്നവരാകട്ടെ പ്രബലരും. അപ്പോള്‍, പരാതിക്കാരിയെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുകയാണ് ഉചിതമെന്ന് ഊന്നുകല്‍ പോലീസ് കരുതിയിരിക്കണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് എന്ന ബോംബ് ഇവിടെ പൊട്ടുമെന്നും ഈ കേസ് വീണ്ടും ഉയര്‍ന്നു വരുമെന്നും ഊന്നുകല്‍ പോലീസ് കരുതിയിരിക്കില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചാല്‍ പരാതിക്കാരി പിന്‍വാങ്ങിക്കൊള്ളുമെന്നു കരുതിയിരിക്കാം.
പത്രസമ്മേളനം നടത്തിയ നിവിന്‍ പോളിയുടെ ആത്മവിശ്വാസമാണ് ഈ കേസ് കെട്ടിച്ചമച്ചതാണ് എന്ന് സംശയിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ചിത്രീകരണ സമയത്ത് ആ നടന്‍ ഓരോ സീനിലും കാണിക്കുന്ന കൃത്യതയും സ്ത്രീകളോടുള്ള ഇടപെടലും എടുത്തു പറയുന്നുണ്ട്. നിവിന്‍ പോളി ഇതു ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്രേയയാണ് ഈ കേസിലെ ഒന്നാം പ്രതി. നിവിന്‍ പോളി ആറാം പ്രതിയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് പ്രതികളെന്ന് പരാതിക്കാരി പറയുന്നുണ്ട്. ഇക്കാര്യം തെളിയിക്കാന്‍ ഇവരുടെ രക്തപരിശോധന നടത്തിയാല്‍ മതിയാകും.
പരാതി വ്യാജമാണെന്നു തെളിഞ്ഞാല്‍ പരാതി പറഞ്ഞവര്‍ പ്രതിയാക്കപ്പെടുകയും തക്കതായ ശിക്ഷ നല്‍കുകയും വേണം. എങ്കില്‍ മാത്രമേ വ്യാജ പരാതികള്‍ക്കു തടയിടാന്‍ സാധിക്കുകയുള്ളു. വ്യാജ പരാതികള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു പോകുകയാണ് ചെയ്യുന്നത്. അതിനാല്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയേ തീരൂ.
പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന ഊന്നുകല്‍ പോലീസിനെതിരെയും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയേ തീരൂ.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975