രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിയാണ് ഇന്ത്യന്‍ ജനതയെ രോഗങ്ങളിലേക്കു തള്ളിവിട്ടത്. നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാക്കുന്നതില്‍ രാസവള-കീടനാശിനി കമ്പനികള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ജൈവകര്‍ഷകനല്ലെങ്കിലും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളാണ് വീട്ടാവശ്യത്തിന് താന്‍ ഉപയോഗിക്കുന്നത്. മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു കൊണ്ട് സംസാരിക്കവെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.
ജൈവകര്‍ഷകരെ തങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെ സി എന്‍ മോഹനന്‍, ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍, ഡോ എം പി സുകുമാരന്‍ എന്നിവര്‍ പ്രഖ്യാപിച്ചു.
ജൈവകൃഷിയുടെ മേന്മകള്‍ തിരിച്ചറിഞ്ഞ്, അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിച്ച്, ഈ കൃഷിക്കായി അക്ഷീണം പോരാടി ലോകം വിട്ടുപോയ ഫ്രാന്‍സിസ് പെരുമനയെ അനുസ്മരിച്ചു കൊണ്ടാണ് മേളയുടെ സമാപന ചടങ്ങുകള്‍ ആരംഭിച്ചത്.
ഗ്രോബാഗ് കൃഷിയല്ല ജൈവകൃഷി
ജൈവകൃഷിയെന്നാല്‍ ഗ്രോബാഗില്‍ നടുന്ന കൃഷി എന്നാണ് സര്‍ക്കാരിന്റെ സങ്കല്‍പ്പം. അത്തരത്തിലുള്ള പ്രോത്സാഹനമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. രാസകൃഷിക്ക് സബ്‌സിഡി നല്‍കുന്ന സര്‍ക്കാര്‍, 24 മണിക്കൂറും കൃഷിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജൈവ കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുന്നു. എന്തുകൊണ്ടാണ് ജൈവവളങ്ങള്‍ക്കോ ജൈവകൃഷിക്കോ സബ്‌സിഡി നല്‍കാത്തത്…?? വെറും 23 വയസ് മാത്രം പ്രായമുള്ള, എന്‍ജിനീയര്‍ എന്ന പ്രൊഫഷന്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങി നൂറുമേനി വിളവു കൊയ്യുന്ന സ്വരൂപ് എന്ന നെല്‍ക്കര്‍ഷകന്‍ അഭിപ്രായപ്പെട്ടു.
മണ്ണിലെ സൂക്ഷ്മ ജീവികളെ നിലനിര്‍ത്തിക്കൊണ്ട് നല്ല രീതിയില്‍ നെല്‍കൃഷി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സ്വരൂപ്. ജൈവകൃഷി ചെയ്ത് നല്ല മാതൃക കാണിച്ചു കൊടുത്താല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരാവുകയുള്ളു.
വിപണനം ഇന്നൊരു പ്രശ്‌നമേയല്ല: ഹെന്‍ട്രി സറോ
കൊച്ചിയിലെ ജൈവ ഉപഭോക്താക്കള്‍ക്ക് പരിചിതമായ ഒരു വ്യക്തിത്വമാണ് ഹെന്‍ട്രി സറോ. ‘നാലു വര്‍ഷം മുമ്പ്, ജൈവകാര്‍ഷികോത്പന്നവുമായി വിപണിയെ സമീപിച്ച എനിക്ക് പരിഹാസം മാത്രമായിരുന്നു പ്രതിഫലം. വിഷം കുത്തിവച്ച് നിറവും വലിപ്പവും തൂക്കവും വര്‍ദ്ധിപ്പിച്ച് വിപണിയിലെത്തിച്ച കാര്‍ഷികോല്‍പ്പന്നങ്ങളുമായി എന്റെ വിഭവങ്ങളെ താരതമ്യം ചെയ്ത് എന്നെ കളിയാക്കി ചിരിച്ചവരുണ്ട്. എന്നാല്‍, ജൈവകാര്‍ഷികോല്‍പ്പന്നത്തിന്റെ രുചിയും മണവും അതു പ്രധാനം ചെയ്യുന്ന ജീവനും അടുത്തറിഞ്ഞവര്‍ പതിയെ പതിയെ ഈ ഒരു സംസ്‌കാരത്തിലേക്കു തിരിച്ചുവരാന്‍ തുടങ്ങി. ഇപ്പോള്‍ നാലു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിച്ചതായി എനിക്കു പറയാന്‍ കഴിയും. ജൈവകാര്‍ഷിക വിഭവങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു,’ ഹെന്‍ട്രി വ്യക്തമാക്കി.
കേരളത്തില്‍ തന്നെ ഏറ്റവും നല്ല നെല്ലാണ് പൊക്കാളി. കായലും പുഴയും ചേരുന്ന ഭാഗത്ത്, പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് വളരുന്ന നെല്ലാണ് പൊക്കാളി. എന്നാല്‍ അത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ അതു കഴിക്കുന്നില്ല. മറിച്ച് ഈ നെല്ല് സപ്ലൈകോയില്‍ വിറ്റ ശേഷം മനുഷ്യന് ഒരു ഗുണവുമില്ലാത്ത വെള്ളച്ചോറു കഴിക്കുകയാണവര്‍. സര്‍ക്കാരോ കൃഷിഭവനുകളോ ഇത്തരം കൃഷിയെയോ കര്‍ഷകരെയോ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല എന്നും ഹെന്‍ട്രി വ്യക്തമാക്കി.
എല്ലാകുടുംബങ്ങളിലും ചെറിയ തോതിലെങ്കിലും ജൈവകൃഷി കുടുംബ കൃഷിയായി ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജൈവ കാര്‍ഷികോത്സവം 2018 ന്റെ ജനറല്‍ കണ്‍വീനറും ട്രസ്റ്റിന്റെ സെക്രട്ടറിയും ആയ എം എം അബ്ബാസ് പറഞ്ഞു. നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉല്‍പ്പാദിപ്പിച്ച ജൈവോല്‍പ്പന്നങ്ങളാണ് ഏറ്റവും വിശ്വാസത്തോടെ കഴിക്കാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ കൃഷി കൊണ്ട് ലക്ഷ്യമാക്കുന്നത് കുടുംബത്തില്‍ സുരക്ഷിതമായ ഭക്ഷണവും പാരിസ്ഥിതി സന്തുലിതമായ അന്തരീക്ഷവും ഖരമാലിന്യങ്ങളുടെ സാമാന്യമായ സംസ്‌കരണവും ഓക്‌സിജന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ദ്ധിപ്പിക്കുക എന്നതുമാണ്. ഇത് ജൈവകൃഷിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ജൈവകൃഷി എന്ന സംസ്‌കാരം ജനങ്ങളിലേക്ക് തിരികെയെത്തണമെന്നും അതിനു വേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അബ്ബാസ് പറഞ്ഞു.
നാം അധിവസിക്കുന്ന ഭൂമിയില്‍, നാം താമസിക്കുന്ന പ്രദേശത്തെ വെള്ളവും വായുവും മണ്ണും സംരക്ഷിക്കുകയും മനുഷ്യര്‍ക്ക് സുരക്ഷിത ഭക്ഷണം ഒരുക്കുക എന്ന മഹത്തായ ദൗത്യം തോളിലേറ്റിയവരാണ് ജൈവകര്‍ഷകര്‍ എന്ന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി എം എസ് നാസര്‍ അഭിപ്രായപ്പെട്ടു.
എന്തുകിട്ടിയാലും മനുഷ്യനത് വാരിവിഴുങ്ങുകയാണ്. അതിന്റെ രുചി എന്താണെന്ന് മനസിലാക്കാന്‍ പോലും കഴിയാത്തത്ര തിരക്കാണ് അവര്‍ക്ക്. ടിവിയുടെ മുന്നിലിരുന്ന്, വായില്‍ കുത്തിനിറച്ച് നേരായ വിധത്തില്‍ ചവച്ചരയ്ക്കാതെ വിഴുങ്ങുന്ന രീതിയാണ് അവര്‍ക്ക്. ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ മനുഷ്യന് കഴിയണം. അതാണ് രോഗമില്ലാത്ത ജീവിതത്തിലേക്കുള്ള വഴി, അനലറ്റിക്കല്‍ സയന്റിസ്റ്റ് ഡോ ഭദ്രന്‍ വ്യക്തമാക്കി.
വിഷം നല്‍കിയത് ഭക്ഷോത്പാദനത്തിന്റെ പേരില്‍
ഭക്ഷോത്പാദനം കൂട്ടന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പേരിലാണ് നമ്മെ സര്‍ക്കാര്‍ വിഷം തീറ്റിക്കുന്നത്. രാസവളങ്ങളും വിഷകീടനാശിനികളുമടിച്ച് നമ്മുടെ ഭക്ഷണം വിഷമയമാക്കിയ സര്‍ക്കാര്‍ ജൈവ കര്‍ഷകരെ അവഗണിക്കുകയാണു ചെയ്യുകയാണ്. ഇന്ത്യയെങ്ങും കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍, യാതൊന്നും ചെയ്യാതെ നിസംഗരായിരിക്കുകയാണ് മന്ത്രിമാര്‍. അവര്‍ ഉണ്ടാക്കിവച്ച അപകടമാണിത്. എന്നിട്ടും കുറ്റപ്പെടുത്തുന്നത് കര്‍ഷകരെയാണ്. ജൈവകൃഷി മാത്രം ചെയ്തിരുന്ന നമ്മുടെ കര്‍ഷകരുടെ ഇടയിലേക്ക് രാസവളങ്ങളും വിഷവും കൊണ്ടുവന്നു തള്ളിയിട്ട് കൈയും കെട്ടി നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ആദരിച്ചിരുത്തണം, ഓരോ ജൈവ കര്‍ഷകനെയും
നമ്മുടെ മണ്ണിനെയും പ്രകൃതിയെയും വെള്ളം വായു, എന്നിവയെയുമെല്ലാം പരിപാലിച്ച് ആരോഗ്യകരമായി നിലനിര്‍ത്തി ഇവിടെ പൊന്നു വിളയിക്കുന്ന ജൈവകര്‍ഷകരെ വേണ്ട രീതിയില്‍ ആദരിക്കണമെന്നും കര്‍ഷകന്റെയും അധ്യാപകന്റെയും കണ്ണീര്‍ നമ്മുടെ നാടിനെ വെണ്ണീറാക്കുമെന്നും ബെന്നി ജോസഫ് ജനപക്ഷം വ്യക്തമാക്കി. റെസിഡന്‍സ് അസോസിയേഷനുകള്‍ വഴി പഞ്ചായത്തുകള്‍ തോറും ജൈവ ഉല്‍പ്പന്നങ്ങളുടെ വിപണനശാല തുടങ്ങണമെന്നും ആ രീതിയില്‍ ജൈവകര്‍ഷകരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൈവാധിഷ്ഠിത കാര്‍ഷിക വൃത്തിയില്‍ കഴിവു തെളിയിച്ച സമ്പൂര്‍ണ്ണ ജൈവകര്‍ഷകരായ സൂരജ് അപ്പു, സതീശന്‍ പള്ളിപ്പുറം, സ്വരൂപ് പാലക്കാട്, രഞ്ചു തൃശൂര്‍, നുഷൂര്‍ ആലുവ, മുഹമ്മദ് തന്‍സീഹ്, സജിമോന്‍ ആത്മ, എം എസ് നാസര്‍, സിജു തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു.
പ്രൊഫ കെ വി തോമസാണ് മേളയുടെ സമാപന ചടങ്ങിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. ഡോ ഫാ പ്രശാന്ത് പാലയക്കാപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സോമശേഖരക്കുറുപ്പ് സ്വാഗതവും ഡോ എം പി സുകുമാരന്‍, ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണവും നടത്തി. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ജൈവകര്‍ഷകരെ പൊന്നാട നല്‍കി ആദരിച്ചു. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിനെയും അതിന്റെ ഉദ്യേശ ലക്ഷ്യങ്ങളെയും കുറിച്ച് ബെന്നി ജോസഫ് ജനപക്ഷം വിശദീകരണം നല്‍കി. എം ഇ ഹസൈനാര്‍, ബി ടി എച്ച് എം ഡി ഗോപിനാഥ്, സാഫിന്റെ സാരഥി മജാ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൈവകാര്‍ഷികോത്സവം 2018 ന്റെ ജനറല്‍ കണ്‍വീനര്‍ എം എം അബ്ബാസ് കൃതജ്ഞതയര്‍പ്പിച്ചു.
മികച്ച ഗായകനായി 8-ാമതും ദേശീയ പുരസ്‌കാരം നേടിയ ഗാനഗന്ധര്‍വ്വന്‍ കെ ജെ
യേശുദാസ്, ജൈവകര്‍ഷകര്‍ക്ക് ഫോണിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. മണ്ണും
വായുവും ജലവും പവിത്രമാക്കാനുള്ള ജൈവകര്‍ഷകരുടെ പരിശ്രമങ്ങള്‍ക്ക്
സ്വരമാധുരിയുടെ ഗന്ധര്‍വ്വനായ പത്മവിഭൂഷന്‍ കെ ജെ യേശുദാസിന്റെ അനുഗ്രഹവര്‍ഷം
ലഭിച്ചതു കണ്ടതാകാം, പ്രകൃതി തിമിര്‍ത്തു മഴപെയ്യിച്ചു കൊണ്ട് ആനന്ദനൃത്തം
ചവിട്ടി. അതോടെ 13-ാമത് ജൈവകാര്‍ഷികോത്സവത്തിനു തിരശീല വീണു. മണ്ണും
പ്രകൃതിയും മഴയും സ്വരമാധുരിയും പിന്നെ കുറെ സുമനസുകളും സാക്ഷി……!!!