മക്കളെ മരണത്തിലേക്കു തള്ളി വിടുന്ന മാതാപിതാക്കളും സ്ഥാപനങ്ങളും

Thamasoma News Desk 

സൗഹൃദങ്ങളില്ല, അടുത്തിരുന്നു പഠിക്കുന്ന ഓരോ വ്യക്തിയും സഹപാഠികളുമല്ല, മറിച്ച് എതിരാളികള്‍ മാത്രം! ‘കോട്ട ഫാക്ടറി’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ മത്സര പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിതിയാണിത്. പഠിക്കാനല്ലാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കി കളഞ്ഞു എന്നു വിധിയെഴുതുന്ന മാതാപിതാക്കളും അധ്യാപകരുമുള്ള സ്ഥലം! കോട്ട ഫാക്ടറിയില്‍ ഈ വര്‍ഷം, ഇതുവരെ, ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ത്ഥികളാണ്! എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും നാലുമാസം കൂടി ബാക്കി!! കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ 15 ആയിരുന്നു.

മരിച്ച എല്ലാവരുടേതും തൂങ്ങി മരണമായിരുന്നു. അതിനാല്‍, സര്‍ക്കാര്‍ ഒരു പരിഹാരവും കണ്ടെത്തി! അത് എന്താണെന്നല്ലേ? സീലിംഗ് ഫാനുകള്‍ക്കു പകരം സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ സ്ഥാപിക്കുക എന്നത്!!

ഇത് രാജസ്ഥാനിലെ മത്സരപ്പരീക്ഷാ കേന്ദ്രത്തിലെ മാത്രം കാര്യമല്ല. ആത്മഹത്യയില്‍ സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കര്‍ഷകരെ മറികടന്നതായി ഏതാനും ദിവസം മുമ്പാണ് തമസോമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തത്. പ്രാഥമിക കൃത്യങ്ങള്‍ക്കു ചെലവിടുന്ന സമയം പോലും അനാവശ്യമെന്നു കരുതുന്നവര്‍! പറ്റുമെങ്കില്‍ ശുചിമുറിയിലേക്കു കയറുമ്പോഴും പുസ്തകങ്ങളുമായി കയറണമെന്നു നിര്‍ബന്ധിക്കുന്നവര്‍.


പന്ത്രണ്ടാംക്ലാസ് മുതല്‍ മത്സരപ്പരീക്ഷകളുടെ കാലമാണ്. വിദ്യാലയങ്ങളിലേക്കു പോകുന്ന ഓരോ കുട്ടിയോടും മാതാപിതാക്കള്‍ പഠയുന്ന ഒരു കാര്യമുണ്ട്. ‘നീയിവിടെ വന്നതു പഠിക്കാന്‍ വേണ്ടിയാണ്, അല്ലാതെ സൗഹൃദങ്ങളുണ്ടാക്കാനോ കളിച്ചു നടന്നു സമയം കളയാനോ അല്ല.’ ഹൈസ്‌ക്കൂളിലേക്ക് എത്തുമ്പോഴേക്കും പഠനമെന്ന ട്രെഡ്മില്ലിലെ ഓട്ടം തുടങ്ങും. പത്താംക്ലാസില്‍ മികച്ച വിജയം. പന്ത്രണ്ടു കഴിഞ്ഞാല്‍പ്പിന്നെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ തുടങ്ങി ഒട്ടനവധി പ്രവേശന പരീക്ഷകളുടെ കാലം. ഈ ട്രെഡ്മില്ലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വഴികളേയുള്ളു. ഒന്നുകില്‍ ഇതില്‍ നിന്നും ഇറങ്ങാം, അല്ലെങ്കില്‍ ഓട്ടം തുടരാം, പക്ഷേ വേഗത കുറയ്ക്കാനോ ഇടയ്‌ക്കൊന്നു വിശ്രമിക്കാനോ ആവില്ല. ഓടിക്കൊണ്ടേയിരിക്കണം.




കൂടെ പഠിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും രോഗം വന്നാലോ പ്രശ്‌നങ്ങളുണ്ടായാലോ അതു കേള്‍ക്കാന്‍ പോലും ആരും തയ്യാറാവില്ല, കാരണം അതിലൂടെ നഷ്ടമാകുന്ന സമയത്തെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. മത്സരങ്ങള്‍ അത്രമാത്രം കടുത്തതാണ്, വിജയിക്കുക എന്നതു മാത്രം ലക്ഷ്യം വയ്ക്കുന്നവര്‍ ഓടാതിരിക്കുന്നതെങ്ങനെ?

എല്ലാ കോച്ചിംഗ് സെന്ററുകളിലും കൗണ്‍സിലര്‍മാരുണ്ട്. പക്ഷേ, മനസിലുള്ളതെന്തെങ്കിലും തുറന്നു പറഞ്ഞു പോയാല്‍, സ്ഥാപനത്തിലുള്ളവരോ മാതാപിതാക്കളോ അറിയുമെന്നു പേടിച്ച് സ്വന്തം ആവലാതികളത്രയുമവര്‍ മനസില്‍ സൂക്ഷിക്കുന്നു. സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ സുഹൃത്തുക്കളില്ല, കൂട്ടുകെട്ടുകള്‍ നല്ലതല്ലെന്നു പഠിപ്പിക്കുന്നിടത്ത് അവ എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടാനാണ്?

മത്സരപ്പരീക്ഷയില്‍ വിജയിച്ചാലും മറ്റുപരീക്ഷകള്‍ക്കായി അവര്‍ ഓടിക്കൊണ്ടേയിരിക്കണം. ഒത്തൊരുമിച്ചുള്ള ഒരു യാത്രയല്ല ഇത്, ഇവിടെ എല്ലാവരും തനിച്ചാണ്. വീട്ടില്‍ നിന്നും അകന്നു നില്‍ക്കുന്നതിന്റെ വേദനകളും ഒറ്റപ്പെടലുകളും പരിഹരിക്കപ്പെടുന്നതു പോലുമില്ല. ഏകാന്തതയും ഭീതിയും ആശങ്കകളും മാനസിക പിരിമുറുക്കങ്ങളുമാണ് ഇവരെ നയിക്കുന്നത്.

മറ്റുസംസ്ഥാനങ്ങളെയെല്ലാം പിന്‍തള്ളിക്കൊണ്ട് കേരളം വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നു. പഠിക്കാനുള്ള വെറും ഉപകരണങ്ങളായി മാത്രമാണ് മാതാപിതാക്കള്‍ പോലും അവരെ കാണുന്നത്. ജീവിത വിജയമെന്നാല്‍ മികച്ച പരീക്ഷാ വിജയങ്ങളും മികച്ച ജോലിയും സമ്പത്തുമാണെന്നു വിശ്വസിക്കുന്നവര്‍. കൂടെയുള്ളവരുടെ വയ്യായ്കകളിലേക്ക് ഒരു നിമിഷം പോലും നോക്കാനുള്ള അനുവാദം പോലുമില്ലാത്തവര്‍. അങ്ങനെ നോക്കുന്ന ഒരു നിമിഷനേരത്തിനിടയില്‍, അവരെ പിന്തള്ളി മുന്നേറാന്‍ ഇവിടെ അനേകായിരങ്ങളുണ്ട്. ഈ മത്സരത്തില്‍ ഓടി ജയിക്കുക എന്നതു മാത്രമാണ് അവര്‍ക്കു മുന്നിലുള്ള ഏക പോംവഴി. അതിനു കഴിയാത്തവര്‍, മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യകളില്‍ അഭയം തേടുന്നു. അല്ലെങ്കില്‍ ലഹരിയുടെ പുതുവഴികള്‍ തേടിപ്പോകുന്നു.

ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കളികള്‍ക്കും മാനസികോല്ലാസങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വളരെ വലിയ പങ്കാണ് ഉള്ളത്. ഈ ജീവിതത്തില്‍ നമ്മളാരും തനിച്ചല്ലെന്ന ബോധമാണ് അതുളവാക്കുന്നത്. നല്ലൊരു മനുഷ്യനായി ജീവിക്കാനും ഇതെല്ലാം അത്യന്താപേക്ഷിതമാണ്. ഈ ജീവിതത്തിലെ ഏറ്റവും വലിയ ശാപം രോഗങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ അല്ല, മറിച്ച് ഒറ്റപ്പെടലുകളാണ്. ഈ പ്രശ്‌നത്തിനാണ് പരിഹാരം കാണേണ്ടത്. കെട്ടിത്തൂങ്ങി മരിച്ചു എന്ന കാരണത്താല്‍, തൂങ്ങി മരിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരില്‍ നിന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെങ്ങനെ? അച്ചടക്കമെന്ന പേരില്‍ ഒരു മനുഷ്യന്റെ എല്ലാ മാനസികോല്ലാസങ്ങളെയും തടഞ്ഞ്, അവരെ തുറന്ന ഏകാന്ത തടവറകളിലാക്കിയ ശേഷം ആത്മഹത്യകളെക്കുറിച്ചു വിലപിക്കുന്നത് എന്തിന്?

ഓരോ ആത്മഹത്യകള്‍ നടക്കുമ്പോഴും വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിക്കൊണ്ടും സ്ഥാപനങ്ങളുടെ കടുകടുത്ത നിയമങ്ങളെ പ്രശംസിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. പഠിക്കാന്‍ വന്നാല്‍ പഠിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും വാചാലരാകുന്നവര്‍ വിദ്യാര്‍ത്ഥികളുടെ മനസറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? അവര്‍ കടന്നു പോകുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്തുകൊണ്ടാണ് മയക്കു മരുന്നിന്റെ ഉപയോഗം ഇത്ര കൂടി വരുന്നത് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അതു ചെന്നെത്തുന്നത് ചില ഭീകര യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ഭാരം താങ്ങാന്‍ അവര്‍ക്കു കഴിയാതെ പോകുന്നു, അമിത നിയന്ത്രണങ്ങളും. ഉടനടി പരിഹാരം കാണേണ്ട വിഷയങ്ങളാണിവ.

വളരാനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കി, മാനസികോല്ലാസങ്ങള്‍ നല്‍കി, ജീവിതത്തെ നേരിടാനും ജീവിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും പഠിപ്പിക്കുക എന്ന ധര്‍മ്മം മറക്കുകയാണ് മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും. പഠിക്കുക, പഠിക്കുക, പിന്നെയും പഠിക്കുക എന്ന മന്ത്രം മാത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നവര്‍ക്കാണ് ഇവിടെ ചികിത്സയും ശിക്ഷയും വേണ്ടത്.


ഫീസ് അടച്ചില്ല എന്ന കാരണത്താല്‍, തിരുവനന്തപുരം വിദ്യാധിരാജ സ്‌കൂളിലെ ഏഴാംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ നിലത്തിരുത്തി പരീക്ഷ എഴുതിച്ച വാര്‍ത്ത ഇപ്പോള്‍ ടി വി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവന്‍ കടന്നു പോയ മാനസിക വ്യഥയ്ക്ക് പരിഹാരം കാണാന്‍ ഏതു കൗണ്‍സിലര്‍ക്കാണ് സാധിക്കുക? തെറ്റു ചെയ്ത അധ്യാപകര്‍ ക്ഷമ പറഞ്ഞാല്‍ തീരുമോ അവന്റെ മനസിലുണ്ടായ മുറിവ്? ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളിലേക്കു കടത്തി വിടുന്നത്? ആര്‍ദ്രതയും കരുണയും സഹാനുഭൂതിയുമുള്ള മനുഷ്യരെ വാര്‍ത്തെടുക്കേണ്ട സ്‌കൂള്‍ അന്തരീക്ഷമാണ് ഇത്തരത്തില്‍ അധ:പ്പതിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *