അനിതാ…….,
കൂടെ വരുമോ എന്നു ചോദിച്ചു താങ്കള്‍ മുന്‍പേ നടന്നു….
ഒരു മോഹനിദ്രയിലെന്ന പോലെ എന്റെ മനസും ശരീരവും എന്തിന് ആത്മാവു പോലും താങ്കള്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു….. ഈ നോവലിലെ കേന്ദ്രകഥാപാത്രമായ താര അനുഭവിച്ച വേദനകളൊക്കെയും എന്റെ ശരീരത്തില്‍ ഏറ്റുവാങ്ങിയാലെന്നപോലെ….. തീവ്രവേദന…..
ഹൃദയം കീറിമുറിക്കപ്പെട്ട്, ചോര വാര്‍ന്നു വാര്‍ന്ന്, കരഞ്ഞു തളര്‍ന്ന് പലപ്പോഴും കിതച്ചു നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു…..
പെണ്ണിനെ, അവളുടെ വികാരങ്ങളെ, വിചാരങ്ങളെ, അവളുടെ അവകാശങ്ങളെ ഇത്രമേല്‍ ശക്തമായി രേഖപ്പെടുത്തിയ മറ്റൊരു പുസ്തകമുണ്ടോ….??
നോവലിസ്റ്റ് അനിത ശ്രീജിത്തിന്റെ ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഞാനാവര്‍ത്തിക്കുന്നു……
പെണ്ണേ…., നീയിനിയുമാ റേസര്‍ കൈയിലെടുത്തില്ലേ….?? നിന്റെ ശരീരത്തെയും മനസിനെയും ലൈംഗികതയെയും എന്തിന് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെപ്പോലും മുറിച്ചൊരുക്കാന്‍ ഈ സമൂഹം കല്‍പ്പിച്ച അരുതുകളെയൊക്കെയും മുറിച്ചു ദൂരെക്കളയേണ്ടുന്ന ഒരു സ്വയം സുന്നത്തിനു വേണ്ടി നീയെന്നാണിനി തയ്യാറെടുക്കുന്നത്…..?? ഈ അനീതിക്കെതിരെ, പെണ്ണേ നീയെന്നാണിനി നിന്റെ സ്വരമുയര്‍ത്തുന്നത്….??
പെണ്‍സുന്നത്ത് എന്ന നോവലിനെക്കുറിച്ച്…….
അനിതയുടെ നോവലിലെ ഓരോ അധ്യായവും വായനക്കാരെ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. അത്യന്തം ഉദ്യോഗഭരിതമാണ് അതിലെ ഓരോ വരികളും. കറണ്ട് ബുക്ക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ച 215 പേജുള്ള പെണ്‍സുന്നത്ത് എന്ന നോവല്‍ മലയാളമറിയുന്ന വായനക്കാര്‍ മാത്രം വായിച്ചാല്‍ പോര, മറിച്ച് ഇംഗ്ലീഷിലേക്ക് ഈ നോവല്‍ വിവര്‍ത്തനം ചെയ്യപ്പെടണം. എന്നുമാത്രമല്ല, കഴിയുമെങ്കില്‍ മറ്റെല്ലാ ഭാഷകളിലേക്കും. ഇതൊരു മികച്ച നോവല്‍ മാത്രമല്ല, ചീഞ്ഞളിഞ്ഞ ഒരു സംസ്‌കൃതിയുടെ നേര്‍ച്ചിത്രം കൂടിയാണ്. പെണ്ണിന്റെ യോനിയെ പച്ചയ്ക്കു ചീന്തിയെറിയുന്നതിനെക്കുറിച്ചുള്ള നല്ലൊരു റഫറന്‍സ് കൂടിയാണീ പുസ്തകം.
താരയുടെ ജീവിതത്തിലെ നല്ല നാളെകളെ അവളുടെ ഓര്‍മ്മകളിലൂടെ വിവരിക്കുന്ന അനിത പറഞ്ഞുവയ്ക്കുന്നത് നല്ലൊരു ഭാര്യാഭര്‍തൃബന്ധം എങ്ങനെ ആയിരിക്കണമെന്നു കൂടിയാണ്. ‘അവന്‍ അവള്‍ക്കു ഭര്‍ത്താവു മാത്രമായിരുന്നില്ല, ഏറ്റവുമടുത്ത സുഹൃത്തു കൂടിയായിരുന്നു’ എന്നുപറയുന്നിടത്ത് ആ ബന്ധം എത്രയോ ആഴത്തിലുള്ളതാണെന്നും ചിന്തകള്‍ എത്രയോ ഉയരത്തിലുള്ളതാണെന്നും മനസിലാക്കാം. ആ ഒരു കുടുംബ ചിത്രത്തില്‍ ആരും ആരുടെയും കീഴിലല്ല, തുല്യപങ്കാളിത്തത്തോടെ ഏതാപത്തിലും കൂടെ നില്‍ക്കുന്നതിലൂടെ, ശരീരമാസകലം കുത്തിക്കീറിയും തുന്നിക്കെട്ടിയും ഭീബത്സമാക്കിയ ആ ശരീരത്തെ ജിതേന്ദ്രന്‍ എന്ന ജിത്തു ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരു പെണ്ണിന്റെ ബാഹ്യസൗന്ദര്യത്തെക്കാളപ്പുറം അവളുടെ മനസിനെ, അവളിലെ സ്ത്രീയെ, അവളിലെ ശക്തിയെയും കാരുണ്യത്തെയും സഹനത്തെയും നിശ്ചയദാര്‍ഢ്യത്തെയും സ്‌നേഹിച്ച ഒരു പുരുഷനോടുള്ള സ്‌നേഹവും ബഹുമാനവും ആദരവും മനസില്‍ തെളിയുകയായി. പുരുഷനെന്ന വാക്കുകൊണ്ട് ഒരു സ്ത്രീ അര്‍ത്ഥമാക്കുന്നത് ഇതാണെന്ന് അനിത ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുകയാണ്.
ബലാത്സംഗത്തിനു വിധേയരാകുന്ന പെണ്‍കുട്ടികളെ, സ്ത്രീകളെ വീണ്ടും വീണ്ടും കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും പഴിച്ചും നിന്ദിച്ചും അപമാനിച്ചും അവളെ മരണത്തിലേക്കോ മരണതുല്യമായ ജീവിതത്തിലേക്കോ തള്ളിവിടുന്ന നമ്മുടെ സാഹചര്യത്തെ ഒരുപെണ്ണ് എങ്ങനെ നേരിടണമെന്ന് കാണിച്ചു തരികയാണ് ഈ പുസ്തകത്തിലൂടെ അനിത ചെയ്യുന്നത്.
പെണ്ണെന്നാല്‍ കരുത്തിന്റെ പര്യായമാവുകയാണിവിടെ. ശാരീരിക ശക്തികൊണ്ടു പത്തു പന്ത്രണ്ടു പേരെ അടിച്ചിട്ടല്ല അവള്‍ സ്വന്തം കരുത്തു കാണിച്ചത്. മറിച്ച്, സ്വന്തം വികാര ശമനത്തിനായി സ്വന്തം യോനിയും മുലകളുള്‍പ്പടെയുള്ള എല്ലാ ശരീരഭാഗങ്ങളും കീറിമുറിച്ചു രസിച്ചു രമിച്ച ഒരു പുരുഷനോടും അവന്റെ നിയമങ്ങളോടും പടപൊരുതി അവള്‍ നേടുകയായിരുന്നു.
ഒരു പുരുഷനു വേണ്ടി കുടുംബത്തിനുവേണ്ടി മക്കള്‍ക്കു വേണ്ടി ജീവിച്ചു തീര്‍ക്കേണ്ടതാണ് തന്റെ ജീവിതമെന്ന് അടിയുറച്ചു വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന പെണ്‍ജന്മങ്ങളെ അതിനപ്പുറമുള്ള ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് അനിത ശ്രീജിത്ത് എന്ന എഴുത്തുകാരി.
അതിശക്തമായ രണ്ടുതരം പുരുഷസ്വഭാവങ്ങളെ ഈ നോവലിലൂടെ അനിത വരച്ചുകാട്ടുന്നു. ഒന്ന്, സ്വന്തം ഇംഗിതത്തിനു വേണ്ടി ഒരു പെണ്ണിന് അതിക്രൂരവും നിന്ദ്യവും പൈശാച്ഛികവുമായ ശാരീരിക മാനസിക വേദനകള്‍ നല്‍കി അനുസരിപ്പിക്കുന്ന പുരുഷന്‍. മറുവശത്ത്, നൂറുനൂറായ് ചിതറിപ്പോയ അവളുടെ മനസിനെയും ശരീരത്തെയും പെറുക്കിയെടുത്ത് സ്വന്തം നെഞ്ചോടു ചേര്‍ക്കുന്ന പുരുഷന്‍….!
യോനി ചീന്തിയെറിയല്‍ എന്ന പൈശാച്ഛികത…..
സ്ത്രീകളില്‍ ലൈംഗിക വികാരം ഉണരുന്നതിനനുസരിച്ച് അവളുടെ യോനി വികസിക്കും. അത് കൂടുതല്‍ വഴുവഴുപ്പാര്‍ന്നതാവും. പുരുഷലിംഗം വളരെ വേഗത്തില്‍ യോനിയില്‍ പ്രവേശിക്കുന്നതിന് ഇത് ഇടയാക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പെണ്ണിന്റെ യോനി വികസിക്കാതെ, വഴുവഴുപ്പാര്‍ന്നതാകാതെ ദൃഢമായിത്തന്നെ നിലനിര്‍ത്തുവാന്‍ അവളുടെ യോനിയില്‍ രണ്ടുദ്വാരങ്ങള്‍ മാത്രമവശേഷിപ്പിച്ച് ബാക്കിയൊക്കെയും ചീന്തിയെറിയുന്ന അതിസങ്കീര്‍ണ്ണമായ മുറിക്കല്‍ മുതല്‍ യോനിയില്‍ നടത്തുന്ന ഭാഗിക വെട്ടിയൊതുക്കല്‍ വരെ നടത്തപ്പെടുന്നു. ഇത്തരം പ്രക്രിയയിലൂടെ അവളുടെ വികാരങ്ങള്‍ തന്നെ മരിച്ചു മരവിപ്പിച്ച്, ലൈംഗിക ബന്ധത്തിലൂടെ കൊടിയ വേദനകളാണ് അവള്‍ക്കവര്‍ നല്‍കുന്നത്. യോനിനാളം കീറിമുറിച്ച് ആ ദ്വാരം തന്നെ ചെറുതാക്കി കൂട്ടിത്തുന്നിപ്പിടിപ്പിക്കുന്നു……! എത്രയോ പ്രാകൃതമാണത്… ലൈംഗിക ബന്ധത്തിലൂടെ അവള്‍ ഗര്‍ഭം ധരിച്ചാല്‍ ആ കുഞ്ഞ് പുറത്തു വരണമെങ്കില്‍ തുന്നിച്ചേര്‍ച്ച ഭാഗമെല്ലാം വീണ്ടും കീറിമുറിക്കേണ്ടതായി വരും. കുഞ്ഞ് പുറത്തു വന്നതിനു ശേഷം വീണ്ടും അതു തുന്നിച്ചേര്‍ക്കേണ്ടിയും വരുന്നു……!
ഇത്തരം കാടത്തം നടക്കുന്നത് അക്ഷരാഭ്യാസമില്ലാത്ത വിവരംകെട്ട ആഫ്രിക്കന്‍ രാജ്യങ്ങളിലല്ലേ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ, ഇന്ത്യയില്‍ നിന്നും ഈ കൊച്ചു കേരളത്തില്‍ നിന്നും അങ്ങനെ ഉയരുന്ന എത്രയെത്ര കഥകള്‍…..! സ്വന്തം ലൈംഗികവയവം മുറിഞ്ഞുപോയതിനെക്കുറിച്ചറിയാതെ ജീവിക്കുന്ന എത്രയോ പെണ്‍ജന്മങ്ങള്‍…. മുതിര്‍ന്നവരുടെ വിശ്വാസ വെറിക്ക് ബലിയാടാകേണ്ടി വരുന്ന സ്ത്രീകള്‍ എത്രയോ ആണ്….!
ദൈവികമായ ഒരു ജൈവപ്രക്രിയയെ മുറിക്കലിലൂടെ പൈശാച്ഛികമായി മാറ്റുന്നു….! ചിന്തിക്കാന്‍ പോലും കഴിയാത്തത്ര തീവ്രവേദനയിലൂടെ ഒരു സ്ത്രീ കടന്നുപോകുന്നു…
അതേ, അവള്‍ ഒരുക്കപ്പെടുകയാണ്…. പുരുഷ നീതിക്കും അവന്റെ വികലമായ സുഖ സങ്കല്‍പ്പങ്ങള്‍ക്കും വേണ്ടി…. അവശ്യമുള്ളപ്പോഴെല്ലാം അവളെ തരംപോലെ ഉപയോഗിക്കാനുള്ള വെറുമൊരു മാംസത്തുണ്ടായി അവള്‍ മാറ്റപ്പെടുകയാണ്…..
പുരുഷനെപ്പോലെ തന്നെ സ്വതന്ത്രമായി ജീവിക്കാനും സാമൂഹിക പ്രശ്‌നങ്ങളിലും ചുറ്റുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലും ഇടപെടാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ഓരോ മനുഷ്യരെയും ബോധ്യപ്പെടുത്തുകയാണ് അനിത ശ്രീജിത്ത് എന്ന നോവലിസ്റ്റ്. അത്തരം സ്ത്രീകളുടെ പ്രതിനിധിയായി അകേയോ എന്ന 12 വയസുകാരി പെണ്‍കുട്ടിയെയും അവളുടെ തീവ്രവേദനകളെയും നോവലിസ്റ്റ് ഇവിടെ വരച്ചതുകാണിക്കുന്നു. ഇത്തരത്തില്‍ വെട്ടിയൊരുക്കപ്പെട്ടാല്‍ മാത്രമേ പുരുഷനവള്‍ സ്വീകാര്യ ആകുകയുള്ളുവെങ്കില്‍ ആ പുരുഷനെ വേണ്ടെന്നു വയ്ക്കുവാനുള്ള ധൈര്യവും തന്റേടവും സ്വാതന്ത്ര്യവും ഒരു പെണ്ണ് കാണിക്കണമെന്നും നോവലിലൂടെ അനിത വിശദീകരിക്കുന്നു.
ഞെട്ടിപ്പിക്കുന്ന ചില കണക്കുകള്‍…….
യോനി ചീന്തിയെറിയപ്പെടുന്നതിനെതിരെ അതിശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങളിലായി 200 മില്യന്‍ പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും ലിംഗഛേദനത്തിനു വിധേയരാകുന്നു. എന്തിന്, പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും അഹങ്കരിക്കുന്ന ഈ കൊച്ചു കേരളത്തിലും നിരവധി പെണ്‍സുന്നത്തുകള്‍ നടക്കുന്നു….! ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരം പോലും സ്വന്തമല്ല എന്നത് എത്രയോ സങ്കടകരമായ, ആപത്ക്കരമായ അവസ്ഥയാണ്….???
ആ പേരും അതിശക്തം…..
സ്ത്രീകളുടെ ലൈംഗികാവയവം ചീന്തിയെറിയുന്ന പ്രക്രിയയ്ക്ക് ചേലാകര്‍മ്മമെന്നാണ് പേര്. എന്നാല്‍, ഈ പേരിലൂടെ ഒരു കൊടിയ വേദനയെ, അവകാശലംഘനത്തെ, അനീതിയെ നിസ്സാരവത്ക്കരിക്കുകയാണു ചെയ്യുന്നത്. താന്‍ പറയുന്നത് ശക്തമായ ഒരു വിഷയമാണെന്നും അത് അതിഭീകരമായ അവകാശ ലംഘനമാണെന്നും ബോധ്യമുള്ള അനിത സ്വന്തം നോവലിന് ശക്തമായ ഒരു പേരുതന്നെ കണ്ടെത്തി, ‘പെണ്‍സുന്നത്ത്.’ ആ പേരിന് ഒരു മതവുമായും ബന്ധമില്ലെന്നും അനിത വ്യക്തമാക്കുന്നു.
സ്ത്രീകള്‍ മാറിച്ചിന്തിക്കുമോ…??
സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അരുതുകളില്‍ നിന്നും മോചനം നേടാനായി അവള്‍ എന്നെങ്കിലും പരിശ്രമിക്കുമോ…? അവള്‍ സ്വയമേവ ഒന്നും ചെയ്യാന്‍ തയ്യാറല്ല എന്നതാണ് സത്യം. ഈ വിലക്കുകളെല്ലാം തങ്ങളുടെ ഭദ്രവും സ്വസ്ഥവുമായ ജീവിതത്തിനു വേണ്ടിയാണെന്ന കാഴ്ചപ്പാടില്‍ ഭൂരിഭാഗം സ്ത്രീകളും ഉറച്ചു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകള്‍ സ്വയം മുന്നിട്ടിറങ്ങാതെ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാനും പോകുന്നില്ല. സ്ത്രീകള്‍ ഇത്തരം വിശ്വാസങ്ങള്‍ പിന്തുടരണമെന്നു തന്നെയാണ് ബഹുഭൂരിപക്ഷം പുരുഷന്മാരും ആഗ്രഹിക്കുന്നത്. സ്ത്രീകളില്‍ ലൈംഗിക ചിന്തകളുണര്‍ന്നാല്‍ ഒരു നാടുതന്നെ മുടിഞ്ഞുപോകുമെന്ന ആചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന മനുഷ്യരുടെ നാടാണിത്. അതിനാല്‍ ഈ സമൂഹത്തിലൊരു മാറ്റമുണ്ടാകണമെന്ന്, അവളുടെ ജീവിതം കൂടി മെച്ചമാകണമെന്ന് അവള്‍ തന്നെ ചിന്തിക്കുകയും അതിനായി അവള്‍ തന്നെ പരിശ്രമിക്കുകയും വേണം. പെണ്‍സുന്നത്ത് എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ താരയ്ക്ക് സഹായവുമായെത്തിയ പുരുഷ സുഹൃത്തുക്കളെപ്പോലെ, അവള്‍ മുന്നിട്ടിറങ്ങിയാല്‍, അവളുടെയാ സ്വപ്നങ്ങള്‍ക്കു കൂട്ടുവരാന്‍ പുരുഷന്മാര്‍ ഉള്‍പ്പടെ നിരവധി പേരുണ്ടാകും.
‘ഓരോ വ്യക്തിക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. സമത്വവും സ്വാതന്ത്ര്യവുമെന്താണെന്ന് ഓരോ വ്യക്തിയുമറിയേണ്ടതുണ്ട്. ആദ്യം നിങ്ങള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കൂ. എന്താണ് സ്വാതന്ത്ര്യമെന്ന് ആദ്യമറിയൂ. സ്വാതന്ത്ര്യമെന്നാല്‍ ഞാനുദ്ദേശിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അത് ഒരാളും ഒരാള്‍ക്കും കൊടുക്കേണ്ടതല്ല. സ്വാതന്ത്ര്യം ഇവിടെത്തന്നെയുണ്ട്. ഒരാളത് മറ്റൊരാള്‍ക്കു മുന്നില്‍ അടിയറവയ്ക്കുകയാണ്. അതാണ് തിരുത്തപ്പെടേണ്ടത്. അതാണ് മാറ്റപ്പെടേണ്ടത്. ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യം ആര്‍ക്കു മുന്നിലും പണയം വയ്ക്കാതിരുന്നാല്‍ സമത്വം തനിയെ വന്നുകൊള്ളും. പിന്നീടാരും സമത്വത്തെക്കുറിച്ചു ചിന്തിക്കേണ്ടതു പോലുമില്ല. എനിക്കു സ്വാതന്ത്ര്യം വേണമെന്ന് ഒരാളും പറയേണ്ടതില്ല. അവരവര്‍ക്കു കിട്ടിയ സ്വാതന്ത്ര്യം ആര്‍ക്കു മുന്നിലും അടിയറ വയ്ക്കാതിരിക്കാനുള്ള കരുത്തും തന്റേടവുമാണ് ഓരോ വ്യക്തിയും കാണിക്കേണ്ടത്. ഈയൊരു പൊളിറ്റിക്സിലേക്കു ചിന്തിക്കുന്നവര്‍ വളരെ ചുരുക്കമാണ്. യഥാര്‍ത്ഥത്തില്‍ ഈ പൊളിറ്റിക്സിലേക്കാണ് ഓരോ മനുഷ്യരുമെത്തേണ്ടത്,’ അനിത പറയുന്നു.
കുറച്ചുകൂടി ഉയര്‍ന്ന ഒരു ചിന്ത അനിത നമുക്കു മുന്നിലേക്കിട്ടു തരുന്നതു നോക്കുക, ‘ദൈവമെന്നത് പ്രകൃതി തന്നെയാണെന്നുളള തിരിച്ചറിവാണ് ദൈവത്തില്‍ വിശ്വസിക്കുന്നവരില്‍ പലരും അറിയാതെ പോകുന്നത്. നാം ആരാധിക്കുന്നത് നമ്മിലെ ചൈതന്യത്തെ തന്നെയാണ് എന്നറിയുമ്പോള്‍ വിശ്വാസവും അവിശ്വാസവും താദാത്മ്യം പ്രാപിക്കുന്നതു കാണാം. അത്രയൊന്നും ചിന്തിച്ചില്ലെങ്കില്‍ പോലും ദൈവത്തിന്റെ പേരില്‍ ആചരിക്കുന്നത് എന്തിനു വേണ്ടിയെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.’
അനിത എന്ന പോരാളി……
അനിത എന്ന വ്യക്തിയെ അടുത്തറിയുന്തോറും അവരുടെ കൂടെയായിരിക്കുവാന്‍, അവരോടു കൂടുതല്‍ക്കൂടുതല്‍ സംസാരിക്കുവാനുള്ള തോന്നലുണ്ടായിക്കൊണ്ടേയിരിക്കും. അത്രമേല്‍ ഉയരത്തിലാണ് അവരുടെ ചിന്തകള്‍. സ്ത്രീ അബലയാണ് എന്ന് മുദ്ര കുത്തി ഈ സമൂഹം അവളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍, സ്ത്രീയിലുള്ളത് ജൈവികമായ ബലമാണ്. അവളിലെ ആ ശക്തിയെ തിരിച്ചറിഞ്ഞ്, സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സാഹചര്യമൊരിക്കിക്കൊടുത്താല്‍ ഈ നാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും.
അനിതയെപ്പോലുള്ള ശക്തയായ സ്ത്രീകളാണ് ഈ നാടിനാവശ്യം. ഇവിടെ മാറ്റത്തിന്റെ കൊടുങ്കാറ്റടിക്കുവാന്‍ പര്യാപ്തമാണ് അവരുടെ ചിന്തകള്‍. സ്വാതന്ത്ര്യത്തെക്കുറിച്ച് യുവതലമുറയെങ്കിലും ചിന്തിച്ചു തുടങ്ങട്ടെ. അവരിലൂടെ ഇനിവരുന്ന തലമുറയെങ്കിലും സ്വന്തം സ്വാതന്ത്ര്യം ഒന്നിനു വേണ്ടിയും ആര്‍ക്കു വേണ്ടിയും ബലികഴിക്കാതിരിക്കട്ടെ….!
റോസ മറിയയുടെ കഥ എന്ന കഥയാണ് അനിത ആദ്യമായി എഴുതിയത്. ഡിഗ്രി പഠനസമയത്ത്, 2000 ത്തിലായിരുന്നു അത്, അതിനു ശേഷം നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് എഴുത്തിന്റെ ലോകത്തു നിന്നും മാറി തലച്ചോര്‍ പൂര്‍ണ്ണമായും വിവരസാങ്കേതിക വിദ്യയിലേക്കു വഴിമാറി. പിന്നീട് 2010 ല്‍ ഐ ടി ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് വീണ്ടും എഴുത്തുകള്‍ പുനരാരംഭിച്ചത്.
മലയാളം അക്ഷരമറിയാവുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു നോവലാണ് പെണ്‍സുന്നത്ത്. ഈ നോവല്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തുക തന്നെ ചെയ്യും. സ്ത്രീകളും പെണ്‍കുട്ടികളും സ്ത്രീ സംഘടനകളും മാത്രമല്ല, പെണ്‍സുന്നത്ത് എന്ന പ്രശ്‌നം ഈ നാടിന്റെതന്നെ ചര്‍ച്ചാവിഷയമാകും. കാരണം, ഹൃദയമുള്ള ഓരോ മനുഷ്യരെയും പച്ചജീവനോടെ കീറിമുറിക്കാന്‍ പര്യാപ്തമാണ് ഈ നോവലിലെ ഓരോ വരികളും. അതിന്റെ തീവ്രവേദനയില്‍ ഓരോ മനുഷ്യരും നിലവിളിക്കും. ഗാഢനിദ്രയില്‍പ്പോലും ആ വേദന നമ്മെ പിന്തുടരുകയും ചെയ്യും. അവിടെ ഒരു എഴുത്തുകാരി എന്ന നിലയില്‍ അനിത ശ്രീജിത്ത് എന്ന വ്യക്തിയുടെ മുഖം മന്ദഹാസത്താല്‍ വിടര്‍ന്നിരിക്കും…… യോനികള്‍ ചീന്തിയെറിയപ്പെടുന്ന പെണ്‍കുരുന്നുകള്‍ നല്‍കുന്ന തീരാവേദനയിലും ഒരെഴുത്തുകാരിക്കു സന്തോഷിക്കാന്‍ ഈ വിജയസ്മിതമല്ലാതെ മറ്റെന്താണുള്ളത്….??
………………………………………………………………………….
ജെസി തുരുത്തേല്‍
ചീഫ് എഡിറ്റര്‍
തമസോമ
Kindly post meaningful comments under each articles, which is useful for every readers…