സര്‍വ്വനാശം വിതച്ച് കീടനാശിനികമ്പനികള്‍, മുട്ടുവിറച്ച് സര്‍ക്കാരും, ഇനിയെത്ര മരിച്ചു വീഴണം ഇവര്‍ക്കു ബോധമുണ്ടാവാന്‍……???

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

നെല്‍പാടത്ത് കീടനാശിനി തളിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ രണ്ടു കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത് 2019 ജനുവരിയിലായിരുന്നു. നെല്‍ കൃഷിയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാതിരുന്ന കീടനാശിനികളായിരുന്നു ഇവര്‍ തളിച്ചിരുന്നത്. ഇത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മാരക രാസവസ്തുവായ ഗ്ലൈഫോസേറ്റടങ്ങുന്ന കളനാശിനികളുടെ വില്‍പ്പനയും വിതരണവും 2019 ല്‍ രണ്ടു മാസത്തേക്ക് കേരള സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റും ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങളും കേരളത്തില്‍ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെന്‍സ് റദ്ദു ചെയ്തുകൊണ്ടു 2019 മെയ് 24 ന് കൃഷിവകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ഇതിനെതിരെ കീടനാശിനി നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് 1968 ലെ കീടനാശിനി നിയമമാണ്. ഇതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ കളനാശിനി നിരോധിച്ചത് എന്ന കാരണത്താല്‍ കേരള ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. വിഷം ശ്വസിച്ചു തൊഴിലാളികള്‍ മരിച്ച വാര്‍ത്ത കെട്ടടങ്ങിയതോടെ ഇതു സംബന്ധിച്ച വിഷയവും എല്ലാവരും മറന്നു.

ഇപ്പോഴിതാ, ബാംഗ്ലൂരില്‍ കീടനാശിനി തളിച്ച വീട്ടില്‍ കിടന്നുറങ്ങിയ എട്ടു വയസുകാരി അഹാന മരിച്ചിരിക്കുന്നു. കുഞ്ഞിന്റെ മാതാപിതാക്കളായ വിനോദ് കുമാറിന്റെയും നിഷയുടേയും ആരോഗ്യത്തെയും ഇതു സാരമായി ബാധിച്ചു. വീട്ടില്‍ കീടനാശിനി തളിക്കുന്നതിനാല്‍ രണ്ടു ദിവസത്തേക്ക് വീടൊഴിയണമെന്ന് വീട്ടുടമ ഇവരോട് ആവശ്യപ്പെട്ടതിനാല്‍ ഇവര്‍ സ്വന്തം നാടായ കണ്ണൂരിലേക്കു പോയിരുന്നു. രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു ദാരുണമായ ഈ സംഭവം. കീടനാശിനി പ്രയോഗിച്ച ശേഷം കാറ്റുപോലും കടക്കാനാവാത്ത രീതിയില്‍ അടച്ചുപൂട്ടിയിരുന്ന വീട്ടില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചപ്പോഴേക്കും ഒരു മരണം സംഭവിച്ചു, മറ്റു രണ്ടുപേരുടെ ആരോഗ്യം വഷളാവുകയും ചെയ്തു. എന്നാല്‍ പല മാധ്യമങ്ങളും ഇതു റിപ്പോര്‍ട്ടു ചെയ്തത് ‘പെയിന്റിനൊപ്പം കീടനാശിനി തളിച്ചെന്ന സംശയം’ എന്ന പേരിലായിരുന്നു. വിഷ നിര്‍മ്മാതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറന്നിട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട്.

ഇനി, മരണതുല്യം ജീവിക്കുന്ന കുറെ മനുഷ്യരുണ്ട് അങ്ങ് കാസര്‍കോഡ്. എന്നാല്‍, ഇതിനു കാരണം മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ അല്ലെന്നാണ് ചില ‘വിദഗ്ധരു’ടെ കണ്ടെത്തലുകള്‍. കരളും വൃക്കയും തകര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച് ആശുപത്രികളില്‍ മരണവുമായി മല്ലടിക്കുന്ന മനുഷ്യരെക്കുറിച്ചു ചിന്തിക്കാനും ആര്‍ക്കും സമയമില്ല….. നാം കഴിക്കുന്നതും കുടിക്കുന്നതും ശ്വസിക്കുന്നതും വിഷമാണ്……! എന്നിട്ടും അനങ്ങാതിരിക്കുന്നു അധികാരികള്‍….!! കാരണം, മരണത്തിന്റെ വ്യാപാരികള്‍ക്കു മുന്നിലെത്തുമ്പോള്‍ സര്‍ക്കാരിനും മുട്ടുവിറയ്ക്കുന്നു……

കീടനാശിനികളുടെ വന്‍ തോതിലുള്ള ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യങ്ങളെക്കുറിച്ചും എ ഡി ദിലീപ് കുമാര്‍, പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് (Pesticide Action Network-PAN) അസിസ്റ്റന്റ് ഡയറക്ടര്‍, സംസാരിക്കുന്നു.

കര്‍ഷകര്‍ പട്ടിണിയില്‍, വിഷകമ്പനികള്‍ തടിച്ചു കൊഴുക്കുന്നു…..

കീടനാശിനികള്‍ വന്‍തോതില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. 2021-22 ലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 58720 മെട്രിക് ടണ്‍ കീടനാശികളാണ് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇവയില്‍ കീടനാശിനികള്‍, കുമിള്‍നാശിനികള്‍, കളനാശിനികള്‍ സസ്യവളര്‍ച്ചാ സഹായികള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. കേരളത്തില്‍ 554 മെട്രിക് ടണ്ണാണ് ഈ കാലയളവില്‍ ഉപയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളനാശിനികളുടെ ഉപയോഗത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍പ് കളനാശിനികള്‍ ഉപയോഗിച്ചിരുന്നത് വലിയ വലിയ പ്ലാന്റേഷനുകളിലായിരുന്നു. എന്നാലിന്ന് അത് വളരെ വ്യാപകമായ രീതിയിലാണ് ഉപയോഗിക്കുന്നത്. ചെറുകിട, പുരയിട കൃഷിയിടങ്ങളിലും രണ്ടോ മൂന്നോ സെന്റിലെ വീടിനു മുന്നിലുള്ള പച്ചക്കറി കൃഷിയില്‍ പോലും വ്യാപകമായ തോതില്‍ ഇവ ഉപയോഗിക്കുന്നു. റോഡരികിലെയും, സ്‌കൂളുകള്‍ക്കും അഗന്‍വാടികള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും മുന്നിലുള്ള പുല്ലു കളയാന്‍ മാത്രമല്ല, എല്ലായിടങ്ങളിലും ഇന്ന് ഈ വിഷം ഉപയോഗിക്കുകയാണ്. തൊഴിലാളികളെ കിട്ടുന്നില്ല, കൂലി കൂടുതലാണ് എന്നെല്ലാമുള്ള പരാതികള്‍ പറഞ്ഞാണ് ഇത്തരത്തില്‍ കള നാശിനികള്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. മുറ്റത്തെ ടൈലുകള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പുല്ലു കളയാന്‍ പോലും ഈ വിഷങ്ങള്‍ ഉപയോഗിക്കുന്നു എന്നറിയുമ്പോള്‍ ഓര്‍ക്കുക, ഇവയുടെ വ്യാപ്തി എത്രയോ വലുതാണെന്ന്.

ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുള്ളത് തേയില തോട്ടങ്ങളില്‍ മാത്രമാണ്. മറ്റുള്ള എല്ലാ ഉപയോഗവും നിയമ വിരുദ്ധമാണ്. പക്ഷേ, അതിപ്പോള്‍ വ്യാപകമായ രീതിയില്‍ ഇന്ത്യയിലെല്ലായിടത്തും ഉപയോഗിച്ചു വരുന്നു. ഗ്ലൈഫോസേറ്റ് എന്ന കളനാശിനി മനുഷ്യരില്‍ ക്യാന്‍സറിന് കാരണമാകുമെന്ന് അന്താരാഷ്ട്ര ക്യാന്‍സര്‍ ഗവേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, പ്രതുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിങ്ങിനെ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനികള്‍ കാരനാമാകുന്നുണ്ട്. തലമുറയുടെ ആരോഗ്യത്തെക്കൂടി തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഈ വിഷനിര്‍മ്മാതാക്കള്‍ ലാഭം കൊയ്യുന്നത്.

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്ലൈഫോസേറ്റ് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രകൃഷിവകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ഇതുവരെയും ആയിട്ടില്ല. കൃഷി ഓഫീസറുടെ അനുമതിയോടു കൂടി മാത്രമേ ഈ കളനാശിനി വില്‍ക്കാന്‍ പാടുള്ളു എന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല.



തേയില തോട്ടത്തില്‍ മാത്രമുപയോഗിക്കാന്‍ അനുമതിയുള്ള കളനാശിനികള്‍ വ്യാപകമായ തോതില്‍ ജനവാസ മേഖലയിലും ഉപയോഗിക്കുന്നു എന്നതാണ് ഇവയുടെ ഒന്നാമത്തെ പ്രശ്‌നം. ഇവ കൊണ്ടുണ്ടാകുന്ന മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് രണ്ടാമത്തെത്. ഇവ തളിച്ചു കഴിഞ്ഞാല്‍, വെയിലില്‍ ഇവയില്‍ കുറച്ച് ആവിയായി പോകും. ഇവ തളിച്ചതിനു ശേഷം, ഇതിലെ വിഷം പൂര്‍ണ്ണമായും നശിച്ചു പോകും വരെ വായുവിലൂടെ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും എത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കുട്ടികളെയാവും ഇവ വളരെവേഗത്തില്‍ രോഗികളാക്കുന്നത്. ശ്വസിക്കുന്ന വായുവില്‍ കലരുന്ന ഈ വിഷം ഒട്ടനവധി രോഗങ്ങള്‍ക്കു കാരണമാകുന്നു.

ചെറുതും വലുതുമായ, തുറന്ന സ്ഥലങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍. ഇവ ഉപയോഗിച്ചു കഴിഞ്ഞാല്‍ മൂന്നു നാലു ദിവസത്തിനകം പുല്ലും കാടും ഉണങ്ങിപ്പോവുകയും ചെയ്യും. പക്ഷേ, മഴ പെയ്യുമ്പോള്‍ ഈ വിഷങ്ങള്‍ ജലസ്രോതസുകള്‍ വിഷമയമാക്കുന്നു. ഈ വെള്ളം കുടിച്ചാലും കുളിക്കാനുപയോഗിച്ചാലും വന്‍ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യരുടെ മാത്രമല്ല, വളര്‍ത്തു മൃഗങ്ങളുടെയും മറ്റെല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തെയും ഇതു ദോഷകരമായി ബാധിക്കുന്നു. മൃഗങ്ങളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലും ശ്രദ്ധക്കപ്പെടാതിരിക്കുകയാണു.

ഗ്ലൈഫോസേറ്റ് പോലെ തന്നെ അനവധി കീടനാശികള്‍ അനുമതി ഇല്ലാതെ നമ്മുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. 2011 ല്‍ കേരളം നിരോധിച്ച പാരാക്ക്വാറ്റ് എന്ന കളനാശിനിയും വ്യാകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കേന്ദ്ര കൃഷിവകുപ്പ് അംഗീകരിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങള്‍ക്കു വിരുദ്ധമായി ഒട്ടനവധി കീടനാശിനികളും കളനാശിനികളും ഉപയോഗിക്കപ്പെടുന്നുണ്ട്.

ബാംഗ്ലൂരില്‍ കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വീട്ടിനുള്ളിലെ കീടങ്ങളെ തുരത്താനുപയോഗിച്ച കീടനാശിനിയാണ് കാരണമായത് എന്നാണ് ലഭ്യമാകുന്ന വിവരം. കീടനാശിനി അടിച്ച ശേഷം രണ്ടുദിവസം വായു പോലും കടക്കാത്ത രീതിയില്‍ വീടിന്റെ വാതിലുകള്‍ അടച്ചിട്ടു. പിന്നീട് ഇവര്‍ വന്നു വീടു തുറന്ന് ഉപയോഗിച്ചു, വിഷം കലര്‍ന്ന വായു ശ്വസിച്ചാണ് കുഞ്ഞു മരിച്ചതും മാതാപിതാക്കള്‍ ആശുപത്രിയിലായതും. ഗാര്‍ഹിക ഉപയോഗത്തിതിനു ചില കീടനാശികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്.

കീടനാശിനി പ്രയോഗം മൂലം അന്തരീക്ഷത്തില്‍ വിഷമയമായ ഒരു മരണക്കെണി രൂപപ്പെടുന്നു. ചൂടുള്ള സമയമാണെങ്കില്‍ ഇവ ബാഷ്പീകരിച്ച് അന്തരീക്ഷ വായുവില്‍ കലരുന്നു. മഴക്കാലമാണെങ്കില്‍ വെള്ളത്തിലും. വിഷമടിച്ച ആ വീട്ടില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം ചെലവഴിച്ചപ്പോഴേക്കും കുട്ടിക്ക് ജീവന്‍ തന്നെ നഷ്ടമായി. വിഷത്തിന്റെ തോതനുസരിച്ചു മരണം സംഭവിക്കുകയോ കാലക്രമേണ ഗുരുതരമായ ക്യാന്‍സര്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകം.

മാരക രാസവസ്തുക്കള്‍ അടങ്ങിയ കീടനാശിനികളും കള നാശിനികളും ഉപയോഗിക്കുന്നതു മൂലം മനുഷ്യരിലും മറ്റു ജീവജാലങ്ങളിലുമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നമ്മുടെ നാട്ടില്‍ യാതൊരു തരത്തിലുമുള്ള പഠനങ്ങളും നടക്കുന്നില്ല. ജനങ്ങള്‍ ഇതേക്കുറിച്ചു ബോധവാന്മാരുമല്ല. വിഷമരുന്നു കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാരുകളും ഇതില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാല്ല. സാധാരണക്കാര്‍ക്കു മാത്രമല്ല, സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും ഇതേക്കുറിച്ച് അറിവില്ല. ആരോഗ്യത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന വിദേശ രാജ്യങ്ങളില്‍ പക്ഷേ ഇതല്ല സ്ഥിതി. ജനങ്ങളുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തെ തകര്‍ക്കുന്ന വിഷങ്ങളുടെ ഉല്പാദനവും വില്‍പ്പനയും തടയുന്ന തീരുമാനമെടുക്കാന്‍ അവര്‍ ആരെയും ഭയപ്പെടുന്നില്ല.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യമാണ് കേരളത്തില്‍ എമ്പാടും കാണാന്‍ സാധിക്കുക. കൃഷിയിടങ്ങളും ജനവാസമേഖലയും ഇഴചേര്‍ന്ന രീതിയിലാണിത്. ഇത്തരത്തില്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ കൃഷിയിടങ്ങളിലെ കീടനാശിനി (കളനാശിനി, കുമിള്‍നാശിനി, വളര്‍ച്ചാസഹായികള്‍ ഉള്‍പ്പെടെ) പ്രയോഗങ്ങള്‍ മനുഷ്യരില്‍ നേരിട്ടും, വായുവിലൂടെയും ഭക്ഷണത്തിലൂടെയും എത്തിച്ചേരാന്‍ കാരണമാകുന്നുണ്ട്. ഇന്ന് സമൂഹത്തില്‍ കാണുന്ന പല രോഗങ്ങള്‍ക്കും ഇത്തരത്തില്‍ കീടനാശികളുടെ സാന്നിധ്യം കാരണമായിട്ടുണ്ട്.

ഹരിത വിപ്ലവത്തിലൂടെ വിഷം വിതച്ചു, ആരോഗ്യം തകര്‍ത്തു….

ഇന്നുപയോഗിക്കപ്പെടുന്ന ചില കീട/കളനാശികള്‍ ഉള്‍പ്പെടെയുള്ള ആദ്യതലമുറ കീടനാശിനികള്‍ മുന്‍കാലങ്ങളില്‍ യുദ്ധആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച ഏജന്റ് ഓറഞ്ച്, ഡി ഡി റ്റി, 2-4 ഡി തുടങ്ങിയ നിരവധിയായ കീടനാശിനികള്‍ മിലിറ്ററി ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന രാസവസ്തുക്കളാണ്. കാടുകളില്‍ ഒളിച്ചിരിക്കുന്ന പട്ടാളക്കാരെ പുറത്തു ചാടിക്കാനും ശത്രുരാജ്യത്തിലെ കൃഷികള്‍ വ്യാപകമായ രീതിയില്‍ നശിപ്പിക്കുന്നതിനും അങ്ങനെ സാമ്പത്തികമായി അവരെ തകര്‍ക്കുന്നതിനും വേണ്ടിയാണ് വിയറ്റ്‌നാം യുദ്ധത്തില്‍ ഏജന്റ് ഓറഞ്ച് ഉപയോഗിച്ചിരുന്നത്. വളരെ വലിയ മരങ്ങളെപ്പോലും ഉണക്കിക്കളയാന്‍ ശേഷിയുള്ള മാരകവിഷങ്ങളായിരുന്നു ഇവ. കൊതുകുകളെയും പേനുകളെയുമെല്ലാം കൊല്ലാനുപയോഗിച്ചിരുന്നതാണ് ഡി ഡി റ്റി. ഈ വിഷങ്ങളെല്ലാം എക്കണോമിക് പോയ്‌സന്‍ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. യുദ്ധത്തിന്റെ കെടുതികള്‍ മനസിലാക്കി മനുഷ്യര്‍ യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഈ വിഷങ്ങള്‍ പിന്നെ എന്തിനുപയോഗിക്കാമെന്ന ചിന്ത വന്നു. അങ്ങനെയാണ് കാര്‍ഷിക മേഖലയില്‍ ഇവ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഡി ഡി റ്റി, 2-4 ഡി എന്നിവയെല്ലാം ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്.

അങ്ങനെ ഈ വിഷങ്ങളെ കുളിപ്പിച്ചു കുട്ടപ്പനാക്കി, മോഡേണ്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പേരും നല്‍കി വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. യുദ്ധആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചിരുന്നപ്പോള്‍ രോഗകാരികളായ കീടങ്ങളെയോ സസ്യലതാദികളെയോ നശിപ്പിക്കാനുള്ള ഇവയുടെ ശേഷി മാത്രമേ കണക്കിലെടുത്തിരുന്നുള്ളു. പിന്നീടാണ് സകല ജീവജാലങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള വിഷങ്ങളാണ് ഇവയെന്നു കണ്ടെത്തിയതും പല രാജ്യങ്ങളും ഇവയുടെ ഉല്‍പ്പാദനവും ഉപയോഗവും നിരോധിച്ചതും.

1962 ല്‍ റേച്ചല്‍ കാര്‍സന്‍ പുറത്തിറക്കിയ സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകത്തിലാണ് കീടനാശിനികള്‍ ജീവലോകത്തിനു വരുത്തുന്ന കെടുതികളെക്കുറിച്ചുള്ള കൃത്യമായ വിവരണങ്ങളുള്ളത്. ഈ വിഷങ്ങള്‍ വ്യാപക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജൈവ വൈവിധ്യങ്ങളുടെ നാശത്തിനും വഴിതെളിക്കുമെന്നുള്ള കണ്ടെത്തല്‍ കീടനാശിനികളുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ലോകമെങ്ങും ജനങ്ങള്‍ക്കുള്ള അവബോധം വര്‍ധിക്കാനും കീടനാശിനികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനും കാരണമായി.

കീടനാശിനികള്‍ മാത്രമല്ല, രാസവളങ്ങളും മണ്ണിനും മനുഷ്യനും ജീവജാലങ്ങള്‍ക്കുമുണ്ടാക്കുന്ന നാശങ്ങള്‍ വിവരണങ്ങള്‍ക്കും അധീതമാണ്.

ഇന്ത്യയില്‍ രാസവളങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഔദ്യോഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയ കാലങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ കര്‍ഷകര്‍ മടിച്ചിരുന്നു. ആ സമയങ്ങളില്‍ കൃഷി വകുപ്പ് ഈ വളങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത് സൗജന്യം ആയിട്ടായിരുന്നു. എന്നിട്ടു പോലും ഇതിനോടു താല്‍പര്യമില്ലാത്ത നിരവധി കര്‍ഷകരുണ്ടായിരുന്നു. വളങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദനം കൂടുകയും ഇവ സൗജന്യമായും വളരെ വിലക്കുറവില്‍ ലഭ്യമാക്കുകയും ചെയ്തപ്പോള്‍ പതിയെ മടിച്ചു നിന്ന കര്‍ഷകരും ഇവ ഉപയോഗിക്കാന്‍ ആരംഭിച്ചു. ഇതോടെ, വിളകളുടെ സ്വാഭാവിക പ്രതിരോധ ശേഷി നശിച്ചു. അതോടെ കീടങ്ങളും രോഗങ്ങളും വ്യാപകമായി. ഇതിന്റെ ഫലമായി കീടനാശിനികളുടെ ഉപയോഗവും വര്‍ദ്ധിച്ചു. ഇങ്ങനെയാണ് വിഷ കീടനാശിനി വ്യവസായം തഴച്ചു വളര്‍ന്നത്.

ഏകവിള തോട്ടങ്ങള്‍, ഹൈബ്രിഡ് ഇനങ്ങളുടെ ഉപയോഗം, വ്യാപകമായ രാസവളങ്ങളുടെ ഉപയോഗം, കാലാവസ്ഥ, ഇവയെല്ലാമാണ് കീടങ്ങളും രോഗങ്ങളും കൂടാനുള്ള കാരണങ്ങള്‍. രാസവള കീടനാശിനി പ്രയോഗങ്ങള്‍ ഇത്രത്തോളം ഇല്ലാതിരുന്ന ആദ്യകാലങ്ങളില്‍, പ്രതിരോധ ശേഷിയുള്ള പ്രാദേശിക ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനാല്‍ രോഗ-കീട ബാധകള്‍ പൊതുവില്‍ കുറവായിരുന്നു. രാസവളങ്ങളുടെയോ കീടനാശിനികളുടെയോ ഉപയോഗം ഇല്ലാതിരുന്നതിനാല്‍ സ്വാഭാവിക കീട നിയന്ത്രണം ഒരുപരിധിവരെ നടന്നിരുന്നു. കീടങ്ങളെ വികര്‍ഷിക്കുന്ന സസ്യങ്ങളും മറ്റും ഉപയോഗിച്ചും പരമ്പരാഗത കര്‍ഷകര്‍ കീട നിയന്ത്രണം നടത്തിയിരുന്നു. പക്ഷേ, ഇന്ന് കീട-രോഗ പ്രതിരോധശേഷി കുറഞ്ഞ പുതിയ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നതിനാലും രാസ വളങ്ങളും കീടനാശിനികളും വര്‍ഷങ്ങളായി ഉപയോഗിച്ചതിന്റെ പരിണതഫലമായി വര്‍ധിച്ച തോതിലുള്ള കീട-രോഗബാധ കാണപ്പെടുന്നുണ്ട്.


                                                       A D Dileep Kumar

ചെറിയ തോതിലുള്ള കീടങ്ങള്‍ ഏതൊരു കൃഷിയിടങ്ങളിലും ഉണ്ടാകും, അതു സ്വാഭാവികമാണ്. അത് വലിയൊരു പ്രശ്‌നവുമല്ല. പക്ഷേ, ഒരു ചെറു പ്രാണിയെപ്പോലും കടക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വിഷ പ്രയോഗങ്ങള്‍. അനിയന്ത്രിതമായ രീതിയില്‍ കീടങ്ങളും രോഗങ്ങളും വളര്‍ന്നാല്‍ മാത്രമേ വിഷപ്രയോഗത്തിലേക്കു കടക്കാവൂ എന്ന് കൃഷി വകുപ്പു പോലും പറയുന്നുണ്ട്. പക്ഷേ, കൃഷി ഇറക്കുമ്പോള്‍ മുതല്‍ വിളവെടുപ്പു വരെ വ്യാപകമായ രീതിയിലുള്ള രാസ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗമാണ് ഇവിടെ നടക്കുന്നത്. ഇത്ര ദിവസത്തിനകം ഒന്നാം സ്‌പ്രേ, രണ്ടാം സ്‌പ്രേ, മൂന്നാം സ്‌പ്രേ, എന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കീടങ്ങളോ രോഗങ്ങളോ ഉണ്ടോ എന്നു പോലും ആരും കണക്കിലെടുക്കുന്നതു പോലുമില്ല.

നാച്ചുറല്‍ ഫാമിംഗ്, ഓര്‍ഗാനിക് ഫാമിംഗ്, അഗ്രോഇക്കോളജി ഫാമിംഗ് തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ വിഷ പ്രയോഗങ്ങളില്ലാതെ രോഗ കീടങ്ങളെ നിയന്ത്രിക്കാനാവും. ഇവയെല്ലാം ഇപ്പോഴും ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി കര്‍ഷകരെ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കാണാന്‍ സാധിക്കും. ഇവയ്‌ക്കെതിരായി പ്രചാരം അഴിച്ചു വിടുന്നവരാരും ഈ കൃഷിരീതികള്‍ ചെയ്തു നോക്കിയിട്ടുള്ളവരല്ല. ചെയ്തു നോക്കിയിട്ടുള്ള ആരും ഈ മാര്‍ഗ്ഗത്തില്‍ നിന്നും പിന്മാറുകയുമില്ല. ഇത്തരത്തിലുള്ള രാസവള-കീടനാശിനിരഹിത, പരിസ്ഥിതി സൗഹൃദ കൃഷി രീതികള്‍ക്കു എതിരായി പ്രവര്‍ത്തിക്കുന്ന അതിശക്തമായൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം, ജൈവപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് കുറയുമെന്നും വിറ്റഴിക്കാനാവില്ലെന്നും വിഷ നിര്‍മ്മാതാക്കള്‍ക്കും അവയുടെ വിപണനക്കാര്‍ക്കും നന്നായി അറിയാം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ ജൈവകൃഷിയില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് കാണാന്‍ സാധിക്കും. എന്നാല്‍, ഇവ വ്യാപകമാകാത്തതിനു കാരണം വിഷ വ്യാപാരികള്‍ അത്രമേല്‍ ശക്തരായതിനാലാണ്, അതുകൊണ്ടുതന്നെ രാസ ഇതര കൃഷിരീതികള്‍ക്കു വേണ്ടരീതിയിലുള്ള നയപരവും വ്യാപാരപരവും സാമ്പത്തികവുമായിട്ടുള്ള സര്‍ക്കാര്‍ സഹായം പരിമിതപ്പെടുകയാണ്.

അനുദിനം വളരുന്ന വിഷക്കമ്പനികള്‍

ജനപ്പെരുപ്പവും വന്‍ തോതിലുള്ള നഗരവത്കരണവും കൃഷി ലാഭകരമല്ലെന്ന കാരണത്താലും ആളുകള്‍ വന്‍ തോതില്‍ കൃഷിയില്‍ നിന്നും പിന്‍മാറുകയാണിപ്പോള്‍. മാത്രവുമല്ല, കൃഷി സ്ഥലങ്ങളുടെ വ്യാപ്തിയിലും വന്‍ തോതില്‍ കുറവു സംഭവിച്ചിട്ടുണ്ട്. കര്‍ഷകര്‍ അര്‍ദ്ധ പട്ടിണിയിലും മുഴുപ്പട്ടിണിയിലും ജീവിതം തള്ളി നീക്കുമ്പോള്‍ വളം കീടനാശിനി കമ്പനികള്‍ അനുദിനം കോടികള്‍ ലാഭം കൊയ്യുകയാണ്. 2021 ലെ കണക്കു പ്രകാരം ഇന്ത്യന്‍ കീടനാശിനി മാര്‍ക്കറ്റിന്റെ വലിപ്പം 212 ദശലക്ഷം രൂപയാണ്. 2027 ആകുമ്പോഴേക്കും 7.07 % വളര്‍ച്ച നേടുമെന്നു പ്രതീക്ഷിക്കുന്നു. അതോടെ വന്‍ കുതിപ്പാണ് ഈ വിഷക്കമ്പനികള്‍ നേടുന്നത്. ഏതാണ്ട് 320 ദശലക്ഷം ഇന്ത്യന്‍ രൂപയിലേക്കുള്ള വളര്‍ച്ച.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ കണക്കു പ്രകാരം ഇന്ത്യയിലെ കര്‍ഷകരുടെ ആവറേജ് വരുമാനം 10218 രൂപ മാത്രമാണ്. കീടനാശികള്‍ കൊണ്ടുണ്ടാകുന്ന വിഷബാധ പതിനായിരക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്, ആയിരക്കണക്കിന് മരണങ്ങളും സംഭവിക്കുന്നുണ്ട് രാജ്യത്ത്. കോടികള്‍ ലാഭമുണ്ടാക്കി വിഷക്കമ്പനികള്‍ തടിച്ചു കൊഴുക്കുമ്പോഴും അവ ഉപയോഗിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഓരോ വര്‍ഷവും ഈ വിഷക്കമ്പനികള്‍ കൂടുതല്‍ക്കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയാണ്. എന്നാല്‍, ഈ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചിട്ടും ആരോഗ്യം തകര്‍ന്നടിഞ്ഞിട്ടും രക്ഷപ്പെടാതെ ദുരിത ജീവിതവുമായി കര്‍ഷകരും ജീവിക്കുന്നു. കൃഷിയിടങ്ങള്‍ കുറഞ്ഞു, കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം സമ്മാനിക്കുന്ന കൃഷിയില്‍ നിന്നും ജനങ്ങള്‍ വന്‍തോതില്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വര്‍ഷം തോറും കോടികളുടെ ലാഭമാണ് ഈ വിഷക്കമ്പനികള്‍ നേടുന്നത്.

ജൈവകൃഷിയിലേക്ക് ആളുകള്‍ തിരിയാതിരിക്കാന്‍ പല പല ഉദാഹരണങ്ങളും രാസവിഷകമ്പനികളും ഇവരുടെ വക്താക്കളും നിരത്തുന്നുണ്ട്. ശ്രീലങ്ക തകര്‍ന്നടിയാന്‍ കാരണം ജൈവ കൃഷി പ്രോത്സാഹിപ്പിച്ചതാണ് എന്നാണ് ഒരു പ്രചാരണം. പക്ഷേ, ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികളും വന്‍ തോതിലുള്ള കടമെടുപ്പുമാണ് ആ നാടിന്റെ നാശത്തിലേക്കു വഴിവച്ചതെന്ന് ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. അതെല്ലാം സാധാരണ മനുഷ്യര്‍ക്കു മനസിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, ജൈവകൃഷി മൂലമാണ് ശ്രീലങ്ക തകര്‍ന്നതെന്നു പ്രചരിപ്പിച്ചാല്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിക്കും. അതിലൂടെ രാസ വള-വിഷ ഉല്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കാനും കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം നേടാനും സാധിക്കും.

വിഷ രാസവസ്തുക്കള്‍ യാതൊന്നുമുപയോഗിക്കാതെ, പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കേരളത്തില്‍ പുരയിടകൃഷി മുന്‍പ് ചെയ്തിരുന്നത്. വിവിധ തരത്തിലുള്ള വിളകള്‍ ഇവിടെ കൃഷിചെയ്തു വന്നിരുന്നു. ഇത്തരത്തിലുള്ള കൃഷിയിടങ്ങളില്‍ല്‍ രോഗ കീട നിയന്ത്രണം പ്രകൃത്യാ തന്നെ നടക്കുന്നുണ്ട്. എന്നാലിന്ന്, ഈ പുരയിട കൃഷിയിലേക്കും വ്യാപകമായ രീതിയിലുള്ള കീടനാശിനികലും കളനാശിനികളും ഉപയോഗിക്കുന്നു. അഞ്ചു സെന്റോ പത്തു സെന്റോ മാത്രമുള്ളവര്‍ പോലും ഇത്തരത്തില്‍ രാസ വളങ്ങളും കള കീടനാശിനികളും ഉപയോഗിക്കുന്നു. കാറ്റിലൂടെയും വായുവിലൂടെയും വെള്ളത്തിലൂടെയുമെല്ലാം ഇവയുടെ അംശം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ശരീരത്തിലെത്തുന്നു. വളരെകുറഞ്ഞ അളവിലാവും ഇവ ശരീരത്തില്‍ ബാധിക്കുക എങ്കിലും ക്രമേണ ഗുരുതര രോഗാവസ്ഥകള്‍ക്കു ഇവ കാരണമാകും. കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്കിടയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ക്യാന്‍സര്‍, സ്ത്രീകളിലെ ഗര്‍ഭാശയ രോഗങ്ങള്‍, വന്ധ്യത, ശ്വാസകോശ രോഗങ്ങള്‍, രക്താര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ചില കീടനാശിനികള്‍ ഹോര്‍മ്മോണിന്റെ ഉല്‍പ്പാദനത്തെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. നാഡിവ്യവസ്ഥയെയും പ്രതുല്പാദന വ്യവസ്ഥയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും തന്നെ തകരാറിലാക്കുന്ന ഒട്ടനവധി കീടനാശിനികള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

കാസര്‍കോഡും കണ്ണുതുറപ്പിക്കാത്തവര്‍….

ആയിരക്കണക്കിന് ആളുകളെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തള്ളിവിട്ട കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇന്നും നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരുവിഭാഗം ആളുകള്‍ ഇപ്പോഴും അവകാശപ്പെടുന്നത് അവിടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാര്‍ പോലും ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ കീടനാശിനി കമ്പനികളുടെ സ്വാധീനം എത്രയോ വലുതാണെന്നത് ഊഹിക്കാവുന്നതേയുള്ളു. എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായ രീതിയില്‍ നിരോധിക്കപ്പെടുന്നത് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സ്റ്റോക്‌ഹോം കണ്‍വെന്‍ഷനിലാണ്. ഈ കണ്‍വെന്‍ഷനില്‍ എന്താണ് എന്‍ഡോസള്‍ഫാന്‍ എന്നും ഇവയുടെ ഉപയോഗവും ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ലഭ്യമായ എല്ലാ വിവരങ്ങളും ഇഴകീറി പരിശോധിച്ചതിനു ശേഷമാണ് നിരോധിച്ചിട്ടുള്ളത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റിയും (പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് റിവ്യൂ കമ്മിറ്റി) ഉണ്ടാക്കിയിരുന്നു. ശാസ്ത്രീയമായ വസ്തുതകള്‍ വിശകലനം ചെയ്തത് ഈ കമ്മറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. അല്ലാതെ, കേരളത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്ന കാരണത്താല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അല്ല എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കപ്പെട്ടത് എന്ന വസ്തുത എന്‍ഡോസള്‍ഫാന്‍ വാദികള്‍ വിസ്മരിക്കുകയാണ്.

ഇന്ത്യയില്‍ സുപ്രീം കോടതിയില്‍ എന്‍ഡോസള്‍ഫാന്‍ കേസ് നടക്കുമ്പോള്‍ കീടനാശിനി കമ്പനികളുടെ വക്താക്കള്‍ നിരോധനത്തിനെതിരെ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നിട്ടു പോലും ഇവിടെയുള്ള കാര്‍ഷിക സര്‍വ്വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത് എന്‍ഡോസള്‍ഫാന്‍ അല്ല കാസര്‍ഗോഡ് ദുരിതത്തിനു കാരണം എന്നാണ്. എന്‍ഡോസള്‍ഫാന്‍ അല്ലെങ്കില്‍ മറ്റെന്താണു കാരണമെന്നു ഈ എന്‍ഡോസള്‍ഫാന്‍ വാദികള്‍ പറയുന്നില്ല.

എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഇന്ന് സിംബോളിക്കാണ്. രാസ കീട നാശിനികള്‍ക്കെല്ലാമെതിരായ സന്ധിയില്ലാ സമരത്തിന്റെയും പ്രാദേശിക ജനങ്ങളുടെ അവകാശ, അതിജീവന പോരാട്ടത്തിന്റെയും നീതി നിര്‍വഹണത്തിന്റെയും എല്ലാം പ്രതീകമാണ് എന്‍ഡോസള്‍ഫാന്‍. അതിനാല്‍ ഈ മാരക വിഷത്തെ വെള്ളപൂശിയെടുക്കുക എന്നത് ഇന്‍ഡസ്ട്രിയുടെയും അവരെ പിന്താങ്ങുന്നവരുടെയും ആവശ്യമാണ്.

ജനങ്ങളുടെ അറിവില്ലായ്മയുടെ പ്രശ്‌നവും ഇതിലുണ്ട്. കേന്ദ്രകൃഷിവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും കീടനാശിനി ഉല്പാദകരും പറയുന്നത് മനുഷ്യര്‍ക്കു രോഗം വരുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ പോലെ ചെടികള്‍ക്കും വിളകള്‍ക്കും രോഗം വരുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നാണ് കീടനാശിനികളെന്നാണ്. എത്ര വലിയ മണ്ടത്തരമാണിത്, ചെറുതും വലുതുമായ ജീവജാലങ്ങളെ, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജീവികളെയെല്ലാം കൊന്നൊടുക്കുകയും രോഗാതുരരാകുകയും ചെയ്യുന്ന രാസവിഷങ്ങളെ മരുന്നുകള്‍ എന്ന പേരില്‍ അവതരിപ്പിച്ചിട്ടാണ്, ഈ വിഷയത്തില്‍ അവബോധം ഇല്ലാത്ത സാധുക്കളായ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിട്ടാണ്, മാരക വിഷങ്ങള്‍ക്ക് ഇവര്‍ മാര്‍ക്കറ്റുണ്ടാക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കൃഷി രീതികളെയും അതുമായി ബന്ധപ്പെട്ട പ്രാദേശിക അറിവുകളെയും പാടെ നശിപ്പിച്ചിട്ടാണ് ഈ ദ്രോഹം കര്ഷകരോടും സമൂഹത്തോടെയും ചെയ്യുന്നത്.

കീടനാശിനികളും സുരക്ഷാ ഉപകരണങ്ങളും

കീടനാശിനികള്‍ മാരക വിഷങ്ങള്‍ ആണ് എന്നതിനാല്‍ തന്നെ അവ ഉപയോഗിക്കുമ്പോള്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം നിയമപരമായി പ്രാബല്യത്തില്‍ ഉള്ളതാണ്. കീടനാശിനി ഉത്പന്നങ്ങളുടെ ലേബലില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷേ, ഇക്കാര്യങ്ങളൊന്നും നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടത്ര അവബോധം ഇല്ല, ഈ അറിവ് അവരിലേക്ക് പ്രായോഗികമായി എത്തിക്കുന്നത് കൃഷിവകുപ്പിന്റെ സംവിധാനങ്ങള്‍ക്കു സാധിച്ചിട്ടുമില്ല. ചാന്ദ്രയാത്രികള്‍ ഉപയോഗിക്കുന്നതു പോലെ ശരീരം മുഴുവന്‍ മൂടത്തക്ക വിധത്തിലുള്ള പ്രത്യേക സുരക്ഷാ ഉപകരണങ്ങള്‍ – രാസപ്രതിരോധ ശേഷിയുള്ള, വിഷത്തെ തടഞ്ഞുനിര്‍ത്താന്‍ പാകത്തിലുള്ള ശ്വസന ഉപകരണങ്ങള്‍, ഫേസ് ഷീല്‍ഡ്, കൈയ്യുറകളും കാലുറകളും, ശരീരത്തില്‍ കീടനാശിനി അംശം എത്താതിരിക്കാന്‍ തലയും മുഴുവന്‍ ശരീരവും പൊതിയത്തക്ക വിധത്തിലുള്ള പ്രത്യേക ഓവര്‍കോട്ട് മുതലായവ – ധരിച്ചു കൊണ്ടു മാത്രമേ രാസകീടനാശികള്‍ ഉപയോഗിക്കാന്‍ പാടുള്ളു. ശരീരത്തിലേക്ക് വളരെ ചെറിയൊരു അംശം പോലും എത്താത്ത രീതിയില്‍ മൂടിപ്പൊതിഞ്ഞു വേണം ഇതുപയോഗിക്കാന്‍. ഇത്തരത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നവര്‍ക്കു മാത്രമേ വിഷത്തില്‍ നിന്നും സംരക്ഷണം കിട്ടുകയുള്ളു. മറ്റുള്ളവര്‍ അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യും. പക്ഷേ, ഇത്തരത്തിലുള്ള ബോധവത്ക്കരണം ഈ മേഖലയില്‍ നടക്കുന്നില്ല. മാത്രവുമല്ല, കേരളത്തിലെയും പൊതുവില്‍ ഇന്ത്യയിലെയും കാലാവസ്ഥ സാഹചര്യങ്ങളില്‍ കീടനാശിനി ഉപയോഗത്തിന് നിര്‍ദ്ദേശിക്കപ്പെടുന്ന സുരക്ഷാഉപകരണങ്ങള്‍ സുഗമമായി ധരിക്കാന്‍ സാധിക്കുകയില്ല. ഉയര്‍ന്ന അന്തരീക്ഷ താപനിലയും ആര്‍ദ്രതയും ഉള്ളതിനാല്‍ ഇത്തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നത് അസൗകര്യം ആണ്, ഇത് കീടനാശിനി തളിക്കുന്ന ജോലി ദുഷ്‌കരവും ആയാസകരവുമാക്കിമാറ്റും. അതുകൊണ്ടതന്നെ ഇവ ഉപയോഗിക്കാന്‍ കര്‍ഷകരും തൊഴിലാളികളും വിമുഖത കാണിക്കുന്നുണ്ട്. 2019ല്‍ തിരുവല്ലയില്‍ മരണപ്പെട്ട തൊഴിലാളികള്‍ സുരക്ഷാ ഉപകരണങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിര്‍ദ്ദേശിക്കപ്പെടുന്ന സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമല്ലെങ്കിലോ അവ ആയാസരഹിതമായി ധരിച്ചു സുഗമമായി കീടനാശിനി തളിക്കാന്‍ സാധിക്കുന്നിള്ള എങ്കിലോ, കീടനാശിനികള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത്.

ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് യാതൊരു പഠനം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് കീടനശിനികളുടെ സാന്നിധ്യം കണ്ടുപിടിക്കുന്ന ഒരു പരിശോധന പരിപാടി കേരള കാര്‍ഷിക സര്‍വ്വകലാശാല ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഏതാണ്ട് 35 ശതമാനത്തില്‍ ഒന്നോ അതിലധികമോ കീടനാശിനികളുടെ അവക്ഷിപ്തം അടങ്ങിയിട്ടുണ്ട് എന്നാണ്. അതായത് ഒരു കിലോ പച്ചക്കറി കഴിക്കമ്പോള്‍ ഇതിലെ 350 ഗ്രാമിലും കീടനാശികള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത. ചില ഭക്ഷ്യ ഉത്പന്നങ്ങളില്‍ ഇത് 50 ശതമാനം, 70 ശതമാനം, നൂറു ശതമാനം എന്നിങ്ങനെയാണ്. ഇത്തരത്തില്‍ കീടനാശിനി ചേര്‍ന്ന ഭക്ഷണമാണ് കേരളീയര്‍ കഴിക്കുന്നത്. സ്ലോ പോയ്‌സനിങ് എന്ന അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് ശരീരത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഘട്ടം ഘട്ടമായി തകരാറിലാക്കും. ക്രമേണ, രോഗാതുരമായ ഒരു സാഹചര്യത്തിലേക്കാണ് മലയാളികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ആരോഗ്യചികിത്സാമേഖലകള്‍ക്കു കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത, ചികില്‍സിച്ചു ഭേദമാകാന്‍ സാധിക്കാത്ത ഒട്ടനവധി മാരക രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

പാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍

2013 ലാണ് പാന്‍ ഇന്ത്യ (പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഇന്ത്യ ) രൂപീകരിച്ചത്. കേരളം ആസ്ഥാനമായി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സംഘടനയാണ് പാന്‍ ഇന്ത്യ. പാരിസ്ഥിതികമായും സാമൂഹികമായും നീതിപൂര്‍വകമായ ബദലുകള്‍ ഉപയോഗിച്ച് അപകടകരമായ കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. 90-ലധികം രാജ്യങ്ങളിലെ 600 ഓളം സര്‍ക്കാരിതര സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ ഒരു നെറ്റ്വര്‍ക്ക് ആണ് പാന്‍. 2013 മുതല്‍ ഈ സംഘടനയുടെ ഭാഗമാണ് ദിലീപ് കുമാര്‍. ഇന്ത്യയില്‍ കീടനാശിനിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം, നിയന്ത്രണം, ഉപയോഗം, ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനങ്ങളും നയപരമായ ഇടപെടലുകളും, കീടനാശിനിയുടെ ഉപയോഗം കുറയ്ക്കുന്നതിനും കീടനാശിനി രഹിത കൃഷി ചെയ്യുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളും ഇടപെടലുകലും നടത്തിക്കൊണ്ടിരിക്കുന്ന സംഘടയാണ് പാന്‍.

കേന്ദ്ര കൃഷിവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 307 കീടനാശിനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 120 ഓളം കീടനാശികള്‍ പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഏറ്റവും അപകടകരമായ കീടനാശിനികളുടെ (highly hazardous pesticides) പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. ചില വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള കീടനാശിനികളും ഇവയില്‍ ഉള്‍പ്പെടുന്നു. പ്രാഥമികമായി ഈ അപകടകരമായ കീടനാശിനികള്‍ നിരോധിക്കപ്പെടണം എന്നാണ് പാന്‍ ആവശ്യപ്പെടുന്നത്.

നിരോധനത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ള പല കീടനാശിനികളും ഇന്ത്യയിലെ തൊഴിലിടങ്ങളിലെ വിഷബാധയ്ക്കും ആത്മഹത്യകള്‍ക്കും കാരണമായിട്ടുണ്ട്. ഈ കീടനാശിനികള്‍ നിരോധിക്കുന്നത് രാജ്യത്തുണ്ടാകുന്ന കീടനാശിനി വിഷബാധകള്‍ ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷിതമായ, വിഷരഹിതമായ കാര്‍ഷിക അന്തരീക്ഷം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ദോഷഫലങ്ങള്‍ക്കു കാരണമാകുന്ന രാസവിഷ കീടനാശിനികള്‍ രാജ്യത്തു ഇല്ലാതാക്കുന്നതിനും ഇവയ്ക്ക് പകരം സുരക്ഷിതമായ കാര്‍ഷിക രീതികള്‍ വ്യാപിപ്പിക്കുന്നതിനും സര്‍ക്കാരിന് പിന്തുണനല്കാന്‍ പാന്‍ ഇന്ത്യ സന്നദ്ധമാണ്.

കേന്ദ്ര സര്‍ക്കാര്‍ 2020 മെയ് മാസത്തില്‍ 27 കീടനാശികള്‍ നിരോധിക്കുന്നതിന് ഒരു കരട് ഉത്തരവ് ഇറക്കിയിരുന്നു, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷവും ഇതിന്റെ അന്തിമ ഉത്തരവ് തയ്യാറാക്കിയിട്ടില്ല. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കരട് നിരോധന ഉത്തരവില്‍ തന്നെ ഈ കീടനാശിനികള്‍ അര്‍ബുദത്തിനു കാരണമാകുന്നു, നാഡീ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു, ഹോര്‍മോണ്‍ സംവിധാനത്തെ തകര്‍ക്കുന്നു, പ്രതുല്പാദന-വളര്‍ച്ച പ്രക്രിയയെ തകരാറിലാക്കുന്നു എന്നെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ തേനീച്ച, ജലജീവികള്‍, പക്ഷികള്‍ എന്നിവയ്ക്കും മാരകമായ പ്രശ്നനങ്ങള്‍ക്കു ഇവ കാരണമാകുന്നുമുണ്ട്. എത്രയും പെട്ടന്നുതന്നെ ഈ കീടനാശികള്‍ നിരോധിക്കേണ്ടതാണ്. 27 കീടനാശിനികളുടെ നിരോധനത്തെ സംബന്ധിച്ച് കാലതാമസം ഉണ്ടാകുന്നതിനു പ്രധാന കാരണം കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതാണ് എന്നാണ് വിലയിരുത്തുന്നത്.

ഈ കീടനാശിനികളില്‍ ചിലത് ഇതിനകം വിവിധ സംസ്ഥാനങ്ങളില്‍ നിരോധിച്ചിട്ടുള്ളതോ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ ആണ്. മോണോക്രോടോഫോസ്, അസെഫേറ്റ് എന്നീ രണ്ട് കീടനാശിനികള്‍ പരുത്തി കര്‍ഷകര്‍ക്കിടയില്‍ ഉയര്‍ന്ന തോതില്‍ വിഷബാധയുണ്ടായത് കാരണം മഹാരാഷ്ട്രയില്‍ താല്കാലികമായി നിരോധിച്ചിരുന്നു. ദൂഷ്യഫലങ്ങള്‍ ഉള്ളതിനാല്‍ 2,4-ഡി, ബെന്‍ഫുറകാര്‍ബ്, ഡൈകോഫോള്‍, മെത്തോമൈല്‍, മോണോക്രോടോഫോസ് എന്നീ അഞ്ചെണ്ണതിന് പഞ്ചാബ് സര്‍ക്കാര്‍ പുതുതായി ലൈസന്‍സുകള്‍ നല്‍കുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഈ കീടനാശിനികളില്‍ ചിലത് (മോണോക്രോടോഫോസ്, കാര്‍ബോഫുറാന്‍, അട്രാസൈന്‍ എന്നിവ) 2011 മുതല്‍ നിരോധിച്ചിരിക്കുന്നു. കൂടാതെ, അട്രാസൈന്‍, കാര്‍ബോഫുറാന്‍, ക്ലോറിപൈറിഫോസ്, മാലത്തിയോണ്‍, മാങ്കോസെബ്, മോണോക്രോടോഫോസ് എന്നീ ആറു കീടനാശിനികള്‍ പാന്‍ ഏഷ്യാ പസിഫിക് ന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടികളെ ഏറ്റവും മാരകമായി ബാധിക്കുന്ന കീടാനാശിനികളുടെ പട്ടികയില്‍ ഉപ്പല്‍പ്പെടുന്നവയാണ്, അവ ജനന വൈകല്യങ്ങള്‍, മസ്തിഷ്‌ക ക്ഷതം, കുറഞ്ഞ ഐക്യു എന്നിവയ്ക്ക് കാരണമാകുന്നു. 2013 ലെ ബീഹാര്‍ ദുരന്തത്തില്‍ 23 സ്‌കൂള്‍ കുട്ടികള്‍ കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സംഭവത്തില്‍, മോണോക്രോടോഫോസാണ് കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കീടനാശിനി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മാണത്തിന് 2008 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പെസ്റ്റിസൈഡ് മാനേജ്മന്റ് ബില്‍ 2020 എന്ന കരടുനിയമം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പാന്‍ ഇന്ത്യയുടെ വിശകലനം കാണിക്കുന്നത് ഈ ബില്‍ നിലവില്‍ ഇന്ത്യയിലുള്ള കീടനാശിനി ഉപയോഗം, ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ അപര്യാപ്തമാണ് എന്നാണ്. ഈ ബില്ലില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശദമായ നിര്‍ദ്ദേശങ്ങള്‍ പാന്‍ ഇന്ത്യ കേന്ദ്ര കൃഷിവകുപ്പിനും ഈ ബില്‍ പരിശോധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കും സമര്‍പ്പിച്ചിട്ടുള്ളതാണ്.


Leave a Reply

Your email address will not be published. Required fields are marked *