-By D P Skariah
നാമിന്നു കാണുന്ന ഏതൊരു റോഡും പാലവും തീവണ്ടിപ്പാതകളും മറ്റു വികസന സൗകര്യങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ആരെയൊക്കെയോ കുടിയൊഴിപ്പിച്ചെടുത്ത ഭൂമിയിലാണ്. അന്നവര്‍ സഹിച്ച ത്യാഗത്തിന്റെയും വേദനയുടെയും സഹനങ്ങളുടെയും പ്രതിഫലം തന്നെയാണ് ഇന്നുനാം അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെയും. ഇതെല്ലാം സത്യങ്ങളുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവരുടെ വേദനകളെ ആളിക്കത്തിച്ച് അവ മുടക്കരുതെന്ന മുന്നറിയിപ്പുകള്‍ കെ റെയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നു.
കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമുള്ള കേരളത്തില്‍ അതിവേഗ യാത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വികസന പാതയില്‍ സംസ്ഥാനം വളരെയേറെ പിന്നിലാകുമെന്നും കെ റെയിലിനു വേണ്ടി വാദിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ തെരഞ്ഞെടുത്തത് ജനാധിപത്യ ഭരണമാണ്. ആ വിശ്വാസം ഓരോ മനുഷ്യരിലുമുണ്ടെങ്കില്‍, ജനങ്ങളാണ് പരമാധികാരികളെന്ന സത്യം ജനങ്ങള്‍ തന്നെ മനസിലാക്കണം. തങ്ങള്‍ക്ക് എന്താണോ വേണ്ടത്, എന്താണോ ഏറ്റം മികച്ചത്, അതു നടപ്പിലാക്കുവാനായി ജയിപ്പിച്ചു വിട്ടവര്‍ സ്വേച്ഛാധിപതികളെപ്പോലെ പെരുമാറുകയാണ്. ജനങ്ങള്‍ക്കു മേല്‍ അധികാരങ്ങള്‍ പ്രയോഗിച്ച് അവരുടെ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. രാജ്യഭരണകാലത്തെ അടിച്ചമര്‍ത്തലുകള്‍ സഹിച്ച ജനത പിന്നീടു ചെന്നുപെട്ടത് ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലുകളിലേക്കാണ്. അവയില്‍ നിന്നെല്ലാം മോചനം നേടി. ഇനിയൊരിക്കലുമൊരു അടിമത്തം ഉണ്ടാകാതെ, സ്വതന്ത്രമായി, അന്തസോടും ആത്മാഭിമാനത്തോടും കൂടി ഈ നാട്ടില്‍ ജീവിക്കുവാന്‍ വേണ്ടിയാണ് നാം ജനാധിപത്യ ഭരണ സംവിധാനം തെരഞ്ഞെടുത്തത്. ഈ സംവിധാനത്തില്‍, ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ മതഗ്രന്ഥം. ആ നിയമങ്ങള്‍ക്കനുസരിച്ചാണ് ഓരോ ഇന്ത്യന്‍ പൗരനും ഈ നാട്ടില്‍ ജീവിക്കേണ്ടത്. മന്ത്രിമാരായാലും സാധാരണ ജനമായാലും തുല്യനീതിയും നിയമവുമാണ് ഓരോ പൗരനും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി വിജയകരമായി നടപ്പിലാക്കി വരികയാണെന്നും അതില്‍ പ്രധാനപ്പെട്ടതാണ് കെ റെയില്‍ പദ്ധതിയെന്നുമാണ് ഇടതുപക്ഷവും അനുയായികളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ചങ്കുറപ്പും കരുത്തും തന്റേടവും മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടത്രെ…!
എവിടെ സോഷ്യല്‍ ഓഡിറ്റിംഗ്…??
കേരളം പുരോഗമിക്കരുതെന്നും ഇവിടൊരു വികസനവും വന്നുകൂടെന്നും കേരളത്തിലെ ഒരാള്‍ പോലും ആഗ്രഹിക്കില്ല. സമയം നഷ്ടപ്പെടുത്താതെ, കാര്യങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുകിട്ടണമെന്ന ആഗ്രഹം തന്നെയാണ് ഓരോ മനുഷ്യര്‍ക്കുമുള്ളത്. പക്ഷേ, ഏതു വികസന പദ്ധതി നടപ്പാക്കുന്നതിനു മുന്‍പും ആ പദ്ധതിയെക്കുറിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നടത്തേണ്ടതായുണ്ട്. വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച് ജനങ്ങള്‍, പ്രത്യേകിച്ച് അതതു പദ്ധതികളുടെ ഗുണഭോക്താക്കളോ അതുമായി ബന്ധപ്പെട്ടവരോ സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തുന്ന പരിശോധന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്.
വികസന പദ്ധതിയുടെ നടത്തിപ്പ്, അതിന്റെ ഫലപ്രാപ്തി, സാമൂഹിക വിലയിരുത്തല്‍ എന്നിവയും നടത്തേണ്ടതുണ്ട്. കെ റെയില്‍ പോലൊരു ബൃഹത് പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു വേണ്ടിവരുന്ന ചെലവുകള്‍, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം, ഫലപ്രാപ്തി, സാമൂഹിക-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്ക് അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍, കോട്ടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തപ്പെടണം. പദ്ധതി നിര്‍വ്വഹണത്തിന്റെ ഔദ്യോഗിക രേഖകളും യഥാര്‍ത്ഥ സ്ഥിതിയും താരതമ്യം ചെയ്ത് അതിന്റെ കണ്ടെത്തലുകള്‍ പൊതുവേദിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. പൊതു ജനങ്ങളില്‍ നിന്നും വിവരങ്ങളും സാക്ഷ്യങ്ങളും ശേഖരിച്ച് അവ ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കി പണം ശരിയായ രീതിയിലാണോ ചെലവഴിക്കുന്നതെന്നും പദ്ധതി ശരിയായ രീതിയില്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിനു സഹായകരമാണോ എന്ന് വിലയിരുത്തുകയും വേണം. പദ്ധതിയുടെ നിര്‍വ്വഹണം ആദ്യം മുതല്‍ ആവസാനം വരെ സൂക്ഷ്മമായും കുറ്റമറ്റതുമായ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം.
സോഷ്യല്‍ ഓഡിറ്റിംഗിന്റെ ഗുണങ്ങള്‍
ഓരോ പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കിയാല്‍ പദ്ധതി നിര്‍വ്വഹണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനാവും. ഇതിലൂടെ ജനങ്ങളെ അവരുടെ നിയമാനുസൃതമായ അര്‍ഹതകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാക്കാന്‍ കഴിയും. അതുമാത്രമല്ല, ജനങ്ങള്‍ക്ക് അവരുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനുള്ള വേദി ലഭിക്കുകയും ചെയ്യും. ഇതിനും പുറമേ, പദ്ധതി നടത്തിപ്പിലെ എല്ലാ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കാനും കഴിയും.
വ്യക്തവും സുതാര്യവും കുറ്റമറ്റതുമായ ഒരു സോഷ്യല്‍ ഓഡിറ്റിംഗോ പഠനമോ ഇല്ലാതെ വികസനത്തിന്റെ പേരും പറഞ്ഞ് സ്വകാര്യസ്വത്തു കൈയ്യേറുകയാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം വികസന വിരോധികളും കരിങ്കാലികളുമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
കെ റെയില്‍ പോലൊരു ബൃഹത് പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചോ അതിന്റെ യഥാര്‍ത്ഥ ചിലവുകളെക്കുറിച്ചോ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചോ ഒരു പഠനവുമിവിടെ നടത്തിയിട്ടില്ല.
ജനങ്ങളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ അറിയില്ലാത്ത സര്‍ക്കാര്‍ ജനാധിപത്യസര്‍ക്കാരല്ല, മറിച്ച് അതൊരു സ്വേച്ഛാധിപത്യ സര്‍ക്കാരാണ്. തന്നിഷ്ടം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണെങ്കില്‍ അതു ജനാധിപത്യത്തിന്റെ തണലില്‍ നിന്നുകൊണ്ടാവരുത്. ഇതു ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു, ആരെതിര്‍ത്താലും ഞങ്ങളിതു നടപ്പിലാക്കുമെന്നത് ജനാധിപത്യത്തില്‍ നിന്നുയരുന്ന സ്വരമല്ല. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍, അവരുടെ സമ്മതമുണ്ടെങ്കില്‍, അവരെ പറഞ്ഞു ബോധ്യപ്പെടുത്താനാവുമെങ്കില്‍ ഏതു പദ്ധതിക്കും അവര്‍ കൂടെയുണ്ടാവും. രണ്ടാമതും ഭരിക്കാന്‍ പിണറായി സര്‍ക്കാരിനെ തെരഞ്ഞെടുത്തതിലൂടെ കേരളം തെളിയിച്ചതാണ് ഇക്കാര്യം. എന്നിട്ടും ജനങ്ങളുടെ മുന്നില്‍ വസ്തുതകള്‍ നിരത്താനും അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ അനുവാദത്തോടു കൂടി കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനും സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ട്..??
ജനങ്ങളുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി, അവരുടെ കൂടി പങ്കാളിത്തത്തോടെയാണ് ജനാധിപത്യം പുലരുന്ന നാട്ടില്‍ ഓരോ പദ്ധതിയും നടപ്പിലാക്കേണ്ടത്. അല്ലാതെ, ഗെയില്‍ പൈപ്പ് ലൈനും ഹൈവേ വികസനപദ്ധതികളുമെല്ലാം ഇതിനെക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കണ്ടതാണെന്നും അതെല്ലാം ചീറ്റിപ്പോയെന്നും ഇതും തങ്ങള്‍ നടപ്പാക്കുമെന്നും പറയുന്നത് തികഞ്ഞ ധാര്‍ഷ്ട്ര്യമാണ്. കേരളം ഇന്നുവരെ കൊണ്ടുവന്ന പദ്ധതികളൊന്നും ഇവിടെ നടപ്പാക്കിയിട്ടുള്ളത് ജനാധിപത്യ രീതിയിലല്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ കൃത്യമായ സോഷ്യല്‍ ഓഡിറ്റിംഗും പരിസ്ഥിതി പഠനങ്ങളും കുറ്റമറ്റ സാധ്യതാ പഠനങ്ങളും നടത്തി, കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ സ്വകാര്യസ്വത്തില്‍ ഈ സര്‍ക്കാര്‍ കൈവയ്ക്കുമായിരുന്നുള്ളു.
കേരളത്തലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കുമറിയാം, കെ റെയില്‍ മറ്റൊരു വെള്ളാനയാണെന്ന്. ഈ പദ്ധതിയിലൂടെ ഉദ്യേശിച്ച ലക്ഷ്യം നേടാനാകില്ലെന്ന്. ബാംഗ്ലൂര്‍ – മംഗലാപുരം കോറിഡോര്‍ പോലെയോ മുംബൈ-പൂനൈ കോറിഡോര്‍ പോലെയോ ബാംഗ്ലൂര്‍-ചെന്നൈ കോറിഡോര്‍ പോലെയോ അല്ല കാസര്‍കോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍പ്പാത. കെ റെയില്‍ പോലുള്ള അതിബൃഹത്തായ പദ്ധതിയാണോ അതോ നിലവിലുള്ള റെയില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണോ നല്ലതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഒപ്പം സാധാരണ ജനങ്ങള്‍ സദാ ആശ്രയിക്കുന്ന റോഡ് ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണ്ടിയിരുന്നു. പാതാളക്കുഴികള്‍ റോഡില്‍ തീര്‍ത്ത് മരണക്കെണിയൊരുക്കി ഇരകളെ കാത്തിരിക്കുന്ന റോഡുകള്‍ നല്ല രീതിയില്‍ പുതുക്കിപ്പണിയാനുള്ള നടപടികളൊന്നും നടപ്പാക്കുന്നില്ല.
സ്പീഡാണ് ആവശ്യമെങ്കില്‍ കേരളം നോക്കേണ്ടത് നേപ്പാളിലേക്കാണ്. അവിടെ ചെറിയ ചെറിയ എയര്‍ക്രാഫ്റ്റുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാര്‍ക്കു പോലും താങ്ങാവുന്ന യാത്രാച്ചെലവുകളാണ് അവ ഈടാക്കുന്നത്. ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടുകളുടെ സൗകര്യം മെച്ചപ്പെടുത്തിയും എയര്‍ ക്രാഫ്റ്റുകള്‍ കൂടുതലായി സര്‍വ്വീസ് ചെയ്യിച്ചും മറികടക്കാവുന്നതേയുള്ളു കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേക്ക് എത്താനുള്ള സമയദൈര്‍ഘ്യം.
കേരളത്തിന്റെ അഭിമാനമെന്നും വികസനക്കുതിപ്പിലെ വമ്പിച്ച നാഴികക്കല്ലെന്നും വിശേഷിപ്പിച്ച് പണിതു വച്ച കൊച്ചി മെട്രോ ഇപ്പോള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നതു നഷ്ടങ്ങളുടെ കണക്കുകളാണ്. എത്തുമെന്നു പ്രതീക്ഷിച്ച ആളുകളൊന്നും മെട്രോയുടെ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ലത്രെ. അതിനാല്‍, യാത്രക്കാരിലൂടെ ലക്ഷ്യമിട്ട വരുമാനത്തിന്റെ പകുതി പോലും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലത്രെ. ഇപ്പോള്‍ ലഭിക്കുന്ന യാത്രക്കാരില്‍ കൂടുതലും മെട്രോയില്‍ കയറാന്‍ കൗതുകം പൂണ്ടെത്തുന്നവരുമാണ്. കോടികള്‍ കടം വാങ്ങി ഭരിക്കുന്ന സര്‍ക്കാരിന്റെ ഭരണനേട്ടം ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ പദ്ധതികള്‍ തുടങ്ങിയ ശേഷം കാര്യക്ഷമമായി അതു നടത്തിക്കൊണ്ടുപോകാന്‍ പോലും കഴിയാതെ ജനങ്ങളുടെ തലയിലേക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. കെ റെയില്‍ പദ്ധതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്കു മറിച്ചൊന്നും പ്രതീക്ഷിക്കാനില്ല.
ജനങ്ങളുടെ അഭിപ്രായത്തെയും ആകുലതകളെയും കണക്കിലെടുക്കാതെ ഏകാധിപതിയെപ്പോലെ ഭരണം നടത്തുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കുറ്റമറ്റൊരു സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാവണം. അല്ലാതെ, ഊരിപ്പിടിച്ച കത്തിക്കു മുന്നിലൂടെ നടന്ന ഇരട്ടച്ചങ്കനാണു താനെന്ന അഹംഭാവത്തില്‍ എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ച് ജനങ്ങളുടെ മേല്‍ കുതിര കയറി അവരുടെ സമ്പാദ്യം പിടിച്ചു പറിക്കുകയല്ല വേണ്ടത്. കെ റെയില്‍ വേണോ വേണ്ടയോ എന്നത് ആദ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കുറപ്പെങ്കിലും മുഖ്യമന്ത്രി കാണിച്ചേ മതിയാകൂ. ജനാധിപത്യ കേരളത്തില്‍ ജനങ്ങള്‍ക്കു സ്വീകാര്യനായ നേതാവാണ് നാടു ഭരിക്കേണ്ടത്. അല്ലാതെ, അധികാരഹുങ്കില്‍ ജനങ്ങളെ കാല്‍ക്കീഴില്‍ ചവിട്ടിത്തേക്കുന്ന ഏകാധിപതികളെയല്ല.
…………………………………………………………………………..
Tags: K Rail, Social Auditing, Pinarayi Vijayan, Why Kerala CM fear social auditing?, Cost effective study