Jess Varkey Thuruthel
മുരുകേശ്വരി എന്ന പേരില്‍ ലൈഫ് കെയറില്‍ ചികിത്സ നടത്തുന്നത് വ്യാജഡോക്ടര്‍ ആണെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും പ്രശ്നം നിസ്സാരമാക്കി ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)! മറ്റൊരു ഡോക്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി ചികിത്സ നടത്തുന്നതായി അറിഞ്ഞപ്പോള്‍ തെളിവു ശേഖരിച്ചു വരൂ എന്നിട്ടാവാം നടപടി എന്നായിരുന്നു ഐ എം എയുടെ മറുപടി. തങ്ങളുടെ ജീവന്‍ ഏതു നിമിഷവും അപകടത്തിലായേക്കാമെന്ന് അറിയാമായിരുന്നിട്ടും ആ യുവ ഡോക്ടര്‍മാര്‍ സമദിന്റെ ലൈഫ് കെയറില്‍ തങ്ങളുടെ സേവനം തുടര്‍ന്നു, ഐ എം എ ആവശ്യപ്പെട്ട തെളിവുകള്‍ ശേഖരിക്കാനായി!
മനുഷ്യജീവന് യാതൊരു വിലയും നല്‍കാതെ, നിസ്സഹായരായ രോഗികളുടെ കണ്ണുനീരും ജീവനും വിറ്റു പണമുണ്ടാക്കുന്ന മനസാക്ഷിയില്ലാത്ത സമദ് എന്ന വ്യക്തിക്കു മുന്നിലേക്ക് നിരാലംബരായ രണ്ടു യുവ ഡോക്ടര്‍മാരെ ഐ എം എ തള്ളിവിട്ടത് എന്തിനായിരുന്നു? ഐ എം എയുടെ അന്വേഷണ വിഭാഗത്തിനു നിസ്സാരമായി കണ്ടെത്താന്‍ കഴിയുന്ന തെളിവുകള്‍ക്കു വേണ്ടി ഈ ഡോക്ടര്‍മാരുടെ ജീവന്‍ എന്തിന് അപകടത്തിലാക്കി?
മുരുകേശ്വരി ഒരു വ്യാജഡോക്ടറാണെന്നു വ്യക്തമായി മനസിലാക്കിയ ശേഷം യുവ ഡോക്ടര്‍മാര്‍ രണ്ടുപേരും ഇക്കാര്യം ജനറല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനെ (ജി പി എ) അറിയിക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ശരിയായ നടപടിയായിരുന്നു ഇത്. ലഭിച്ച വിവരങ്ങള്‍ സത്യമാണെന്ന് തങ്ങളുടെ അന്വേഷണത്തില്‍ നിന്നും ജി പി എ ബോര്‍ഡ് അംഗങ്ങള്‍ കണ്ടെത്തി. മുരുകേശ്വരിക്കെതിരെയുള്ള തുടര്‍ നടപടികള്‍ക്കായി ജി പി എ ബോര്‍ഡ് അംഗങ്ങള്‍ കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസറെ സമീപിച്ചു. ഈ കേസ് ഉടനടി പോലീസിനെ അറിയിക്കേണ്ടതിനു പകരം മുരുകേശ്വരിയെ ഫോണില്‍ വിളിച്ച് ഇനി മേലില്‍ ഇങ്ങനെ ചെയ്യരുത് എന്നു താക്കീതു നല്‍കുകയായിരുന്നു ഡി എം ഒ! അതും ജി പി എ അംഗങ്ങളുടെ മുന്നില്‍ വച്ചു തന്നെ! പിഞ്ചുകുഞ്ഞുങ്ങളുടെപോലും ജീവനും ജീവിതത്തിനും യാതൊരു വിലയും നല്‍കാത്ത വ്യാജ ഡോക്ടറോട് ഡി എം ഒ എന്തിന് ഈ കാരുണ്യം കാണിച്ചു? കോതമംഗലത്തെയും പരിസര ഗ്രാമങ്ങളിലേയും നിഷ്‌കളങ്കരായ മനുഷ്യരുടെ ആരോഗ്യത്തെക്കാള്‍ ഡി എം ഒ യ്ക്കു വലുത് രോഗികളെ ഇത്തരത്തില്‍ വിറ്റുതിന്നുന്ന സമദും അയാള്‍ നിയമിച്ച വ്യാജഡോക്ടറുമായിരുന്നോ? അതിനു തക്ക എന്തു സ്വാധീനമാണ് അധികാരികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും മറ്റ് ഉന്നതര്‍ക്കുമിടയില്‍ സമദിന് ഉള്ളത്?
വ്യാജഡോക്ടര്‍ക്കെതിരെ ശരിയായ നടപടികള്‍ ഡി എം ഒ സ്വീകരിക്കില്ലെന്നു മനസിലായതോടെ ജി പി യെ ബോര്‍ഡ് അംഗങ്ങള്‍ ഐ എം എ യുടെ മൂവാറ്റുപുഴ ഘടകത്തെ സമീപിച്ചു. മുരുകേശ്വരിക്കെതിരെ തക്കതായ തെളിവുകള്‍ കണ്ടെത്തി നല്‍കിയാല്‍ മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളു എന്ന് ഐ എം എ യും വ്യക്തമാക്കി! വെറും പ്ലസ് ടു മാത്രം പഠിച്ച ഒരാള്‍ ഡോക്ടറെന്ന വ്യാജേന മൂന്നു വര്‍ഷമായി ചികിത്സ നടത്തിയിട്ടും കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് ഐ എം എ! മുരുകേശ്വരി ഉപയോഗിക്കുന്ന രജിസ്റ്റര്‍ നമ്പറിന്റെ ഉടമ മറ്റൊരാളാണെന്നു തെളിവു സഹിതം നല്‍കിയിട്ടും കൂടുതല്‍ തെളിവിനായി കാത്തിരിക്കുന്നു ഇവര്‍!
എല്ലാ യോഗ്യതകളുമുള്ള സ്റ്റാഫുകളോടു വളരെ മോശമായ രീതിയിലാണ് സമദ് പെരുമാറിയിരുന്നത്. കഠിനമായ ഡ്യൂട്ടി സമയവും ശകാരവും നിത്യസംഭവങ്ങളായിരുന്നുവെന്ന് ചില സ്റ്റാഫുകളും വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന സ്റ്റാഫുകളോട് സമദ് കാണിച്ചിട്ടുള്ളത് കടുത്ത നീതികേടായിരുന്നു. തന്റെ കള്ളത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാത്ത ജീവനക്കാരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തി അവരെ ജോലിയില്‍ നിന്നും പറഞ്ഞയച്ചു. തന്റെ കൂടെ നില്‍ക്കുന്ന വേണ്ടത്ര യോഗ്യതകളില്ലാത്ത ജീവനക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. നിസ്സഹായരായ, നിര്‍ദ്ധനരായ ജീവനക്കാരുടെമേല്‍ ആധിപത്യം സ്ഥാപിച്ചു തനിക്കൊപ്പം നിറുത്തി. ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 90 ശതമാനം ജീവനക്കാര്‍ക്കും ആശുപത്രിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്നും അന്വേഷണങ്ങളില്‍ വ്യക്തമായി. സമദിനും ലൈഫ് കെയറിനുമെതിരെ ആരോപണങ്ങള്‍ വന്നതോടെ യോഗ്യതകളില്ലാത്തവരെ മാറ്റി നിറുത്തിയിരിക്കുന്നതായും അറിയാന്‍ കഴിഞ്ഞു.
ഏത് ആശുപത്രിയിലും കൃത്യമായ അളവിന് അനുസരിച്ച് ഇന്‍ജക്ഷന്‍ ലോഡ് ചെയ്യാനുള്ള ഉത്തരവാദിത്തം യോഗ്യരായ നഴ്സുമാര്‍ക്കാണ്. പക്ഷേ, ലൈഫ് കെയറില്‍ പലപ്പോഴും ഈ ജോലി ചെയ്യുന്നത് സമദിന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ആണെന്നും കണ്ടെത്തി. ഒരു രോഗിയുടെ ശരീരത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരു രോഗിയില്‍ ഉപയോഗിക്കരുത് എന്ന നിയമം പോലും ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല എന്നും അന്വേഷണത്തില്‍ നിന്നും തെളിഞ്ഞ കാര്യങ്ങളാണ്.
ആശുപത്രിയില്‍ ഡോക്ടര്‍മാരെ കാണാനായി രോഗികളല്ലാത്ത ആരു വന്നാലും കാണാന്‍ സമദ് അനുവദിച്ചിരുന്നില്ല. വരുന്നത് ആരായാലും സമദിനെ കണ്ടു കാര്യം പറഞ്ഞു പോകണമെന്നതായിരുന്നു നിയമം. ഒരിക്കല്‍ ചില മരുന്നുകളുടെ ബ്രോഷറുകള്‍ മേശപ്പുറത്തു കിടക്കുന്നതു കണ്ടു ചില ഡോക്ടര്‍മാര്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡോക്ടര്‍മാരുമായി മറ്റാരെങ്കിലും ബന്ധം സ്ഥാപിച്ചാല്‍ തങ്ങളുടെ കള്ളത്തരങ്ങള്‍ പിടിക്കപ്പെടുമെന്ന പേടി സമദിനുണ്ടായിരുന്നു എന്നു സാരം.
മുരുകേശ്വരി മാത്രമല്ല സമദിനു വേണ്ടി ഡോക്ടറായി സേവനം ചെയ്യുന്നത്. പാര്‍വ്വതി സുരേന്ദ്രന്‍ എം ഡി ഫിസിഷ്യന്‍ എന്ന മറ്റൊരു വ്യാജ ഡോക്ടര്‍ കൂടി സമദിനുണ്ട്. ഇത്രയും ചെറുപ്പത്തില്‍ എം ഡിയോ എന്ന സംശയത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഡോ പാര്‍വ്വതിയും നല്ലൊന്നാന്തരം വ്യാജനാണെന്നു കണ്ടെത്തി. ഇതേക്കുറിച്ച് ഇവരോടു തന്നെ ചോദിച്ചപ്പോള്‍, താനിനി ഡോക്ടര്‍ ആയി ജോലി ചെയ്യില്ലെന്നും ആശുപത്രി നടത്തിപ്പുമായി മുന്നോട്ടു പോകുമെന്നും മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളെ അറിയിക്കുകയായിരുന്നു. ഇവര്‍ക്കെതിരെയും നാളിതു വരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ആശുപത്രിക്കും സമദിനുമെതിരെയുള്ള നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് അറിവു ലഭിച്ചതോടെ യുവഡോക്ടര്‍മാരെ പിരിച്ചു വിടാനായി സമദിന്റെ തീരുമാനം. യുവ ഡോക്ടര്‍മാരെക്കുറിച്ചുള്ള അപവാദ പ്രചരണങ്ങള്‍ക്കും സമദ് തുടക്കമിട്ടു. രോഗികളോടു മോശമായി പെരുമാറിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് ഡോക്ടര്‍മാര്‍ തന്നോടും തന്റെ ആശുപത്രിയോടും വൈരാഗ്യം തീര്‍ക്കുകയാണ് എന്ന പേരില്‍ വോയ്‌സ് മെസേജുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിപ്പിച്ചു. അന്വേഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരോട് ഇങ്ങനെ സംസാരിക്കണമെന്ന് സ്റ്റാഫുകള്‍ക്കു സമദ് നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനു വിഘാതം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നുമാണ് സമദ് പറഞ്ഞു പരത്തിയത്.
പിരിച്ചു വിടുന്നതിന്റെ കാരണമായി ഡോക്ടര്‍മാരോടു പറഞ്ഞത് മറ്റൊന്നായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലുള്ള ഐറിസ് ഗ്രൂപ്പിന് തന്റെ ആശുപത്രി കൈമാറുകയാണെന്നും അതിനാല്‍ ഇവരുടെ സേവനം ആവശ്യമില്ലെന്നും ഡോക്ടര്‍മാരോട് സമദ് പറഞ്ഞു. ലൈഫ് കെയറില്‍ ഇനി ജോലി ചെയ്യുന്നത് ഐറിസിന്റെ ഡോക്ടര്‍മാരാണ് എന്നും ഇവരോടു പറഞ്ഞിരുന്നു. അങ്ങനെ, ഒരു നോട്ടീസു പോലും നല്‍കാതെ സമദ് ഇവരെ പിരിച്ചു വിട്ടു.
കണ്ണിന്‍മുന്നില്‍ നടക്കുന്നത് വലിയൊരു ക്രൈം ആണ്. ജീവന്‍ പണയം വച്ചു തങ്ങള്‍ ശേഖരിച്ച തെളിവുകള്‍ വിലപ്പെട്ടതാണ്. പിന്തുണയ്ക്കുമെന്നും നീതിക്കു വേണ്ടി തങ്ങളോടൊപ്പം പോരാടുമെന്നും ഉറച്ചു വിശ്വസിച്ച തങ്ങളുടെ സംഘടനകളൊന്നും കൂടെയില്ല. മനസാക്ഷി തെല്ലുമില്ലാത്ത ഈ സംഘത്തെ ഇനി ഏതു രീതിയില്‍ നേരിടുമെന്നറിയാതെ യുവഡോക്ടര്‍മാര്‍ കുഴങ്ങി. ജോലിയില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായതോടെ, തങ്ങളെ കാണാനെത്തിയ രോഗികളോട് ഇവര്‍ സത്യാവസ്ഥ തുറന്നുപറഞ്ഞു. ഒപ്പം തങ്ങള്‍ക്കാവുന്ന വിധത്തില്‍ ഇക്കാര്യങ്ങളെല്ലാം ജനങ്ങളെയും ഇവര്‍ അറിയിച്ചു.
ആശുപത്രിയില്‍ നിന്നും പിരിഞ്ഞുപോയ ഡോക്ടര്‍മാരുടെ കാറിനെ പിന്തുടര്‍ന്ന് ചില ഗുണ്ടാ സംഘങ്ങളെത്തി. ഇവരുടെ കാര്‍ തടഞ്ഞുനിറുത്തി വധഭീഷണി മുഴക്കി. മര്യാദയ്ക്കു ജീവിച്ചില്ലെങ്കില്‍ ജീവനോടെ വച്ചേക്കില്ല എന്നായിരുന്നു ഭീഷണി.
പത്താം ക്ലാസോ പ്ലസ് ടു വിദ്യാഭ്യാസമോ മാത്രമുള്ളവരുടെ പേരില്‍ വ്യാജ മെഡിക്കല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നമ്പറുകള്‍ അവരറിയാതെ ഉപയോഗിച്ച് എം ഡി എന്ന ബോര്‍ഡും വച്ച് തങ്ങളുടെ ആശുപത്രികളില്‍ നിയമിക്കുകയാണ് സമദ് ചെയ്യുന്നത്. ഇവരുടെ തന്നെ ഫാര്‍മസിയിലെ മരുന്നുകള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികളില്‍ അടിച്ചേല്‍പ്പിച്ച് പണം പിടുങ്ങുന്നു. വളരെ ശക്തികൂടിയ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ രോഗങ്ങളില്‍ നിന്നും ഇവര്‍ക്ക് വളരെ വേഗം മുക്തിയുണ്ടാകുന്നു. അതോടെ ഡോക്ടറുടേയും ആശുപത്രിയുടേയും പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍, മികച്ച അഭിപ്രായമുള്ള ക്ലിനിക്കിനെ മറ്റു കമ്പനികള്‍ക്കു വിറ്റ് വന്‍ലാഭമുണ്ടാക്കുന്നു.
ചെറിയ രോഗങ്ങള്‍ക്കു വീര്യമേറിയ മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ പിന്നീട് മാരക രോഗികളായി മാറിയാലും തങ്ങള്‍ കഴിച്ച ഹൈ ഡോസ് മരുന്നുകളാണ് തങ്ങളുടെ ദുരവസ്ഥയ്ക്കു കാരണമെന്ന് ഇവര്‍ ഒരിക്കലും മനസിലാക്കുകയില്ല. രോഗങ്ങള്‍ കഠിനമാകുന്നതോടെ പലരും ക്ലിനിക്കില്‍ നിന്നും വലിയ ആശുപത്രികളിലേക്കു ചികിത്സ മാറ്റിയിട്ടുമുണ്ടാകും. പിന്നീടുള്ള എല്ലാ അത്യാഹിതങ്ങള്‍ക്കും ഉത്തരവാദികള്‍ അപ്പോള്‍ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളുമാകും. അതോടെ ലൈഫ് കെയര്‍ പോലുള്ള ചെറിയ ക്ലിനിക്കുകള്‍ എപ്പോഴും വിശുദ്ധിയുടെ വെള്ളരിപ്രാവുകളായി മാറുന്നു. സമദിനെപ്പോലുള്ളവരെ നിയമത്തിന് തൊടാന്‍ പോലും കഴിയാതെ പോകുന്നു. യോഗ്യതകളില്ലാത്തവരെ ചെറിയ ശമ്പളത്തില്‍ ജോലിക്കെടുക്കുന്ന വലിയ ആശുപത്രികളുമുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ട അധികാരികളാകട്ടെ, കണ്ണുകള്‍ ഇറുക്കെ അടച്ചു പിടിക്കുന്നു. ജനങ്ങളുടെ അവരുടെ ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍, രോഗാവസ്ഥയില്‍, ഇത്തരത്തില്‍ ചൂഷണം ചെയ്തു പണം സമ്പാദിക്കുന്നവരെ കാപാലികരെന്നു വിളിച്ചാല്‍ മതിയാകുമോ? എന്തുകൊണ്ടാണ് സമദിനെതിരെ ഒരു കേസു പോലും ഇല്ലാതെ പോകുന്നത്??
(ലേഖനത്തിന്റെ അടുത്ത ഭാഗം നാളെ)