Jess Varkey Thuruthel & D P Skariah
മതപരിവര്‍ത്തനം കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍, ഒരിക്കല്‍, പോലീസ് സേനയില്‍ നിന്നും മുഴങ്ങിക്കേട്ട ആ ശബ്ദം വീണ്ടുമിവിടെ ആവര്‍ത്തിക്കുന്നു….. ജനങ്ങള്‍ക്കു വേണ്ടതു നല്‍കാന്‍ ഭരിക്കുന്നവര്‍ക്കു കഴിവുണ്ടെങ്കില്‍ ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ ആരെങ്കിലും പോകുമോ….?? മനുഷ്യരുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സങ്കടങ്ങള്‍ക്കും പരിഹാരം കാണാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കഴിയാതെ വരുമ്പോള്‍, ഒരിടത്തു നിന്നും ഒരാശ്വാസം കിട്ടാതെയാകുമ്പോള്‍, ഒരിറ്റു സമാധാനം തേടി ഇത്തരം വിശ്വാസങ്ങള്‍ക്കു പിന്നാലെ പോകുന്ന മനുഷ്യരെ എങ്ങനെ കുറ്റപ്പെടുത്താനാകും….??
ഇവിടെയുള്ള ഭരണനേതൃത്വവും അധികാരികളും മതങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെ, അവരുടെ അവകാശങ്ങളെ പാടെ നിഷേധിച്ച്, പാവപ്പെട്ടവന്റെ കണ്ണീരു കാണാതെ, പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടി ഭരണം നടത്തുന്ന ഭരണാധികാരികള്‍ അവരെ തള്ളിയിടുന്നത് നിത്യനരകത്തിലേക്കാണ്.
ജനങ്ങള്‍ക്ക് സമാധാനവും സ്വസ്ഥവുമായൊരു ജീവിതം നല്‍കാന്‍ ബാധ്യതപ്പെട്ട ഭരണകര്‍ത്താക്കള്‍ അതിന് ലവലേശം പോലും ശ്രമിക്കുന്നില്ല. അവരുടെ ലക്ഷ്യം ജനങ്ങളുടെ സമാധാനപരമായ, സന്തോഷകരമായ ജീവിതമല്ല. മറിച്ച്, അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഗിമ്മിക്കുകളില്‍ മാത്രമേ അവര്‍ക്കു താല്പര്യമുള്ളു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണയിലും സാധാരണക്കാരായ ജനങ്ങളുടെ എല്ലാ അടിസ്ഥാന അവകാശങ്ങളെയും പാടെ നിഷേധിച്ച്, അവരെ പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്കു തള്ളിവിട്ട് ഇവിടെ ഭരണം നടത്തുന്നവര്‍ക്കു ലക്ഷ്യം ഒന്നേയുള്ളു. മതം മാറ്റത്തിന് ചുക്കാന്‍ പിടിക്കുകയാണിവിടെ ഈ നെറികെട്ട രാഷ്ട്രീയ നേതൃത്വം.
ഇവിടെയുള്ള സാധാരണ മനുഷ്യര്‍ക്ക് എവിടെ നിന്നാണ് കുറച്ച് ആശ്വാസം കിട്ടുന്നത്…?? ആരാണ് അവരുടെ കഷ്ടപ്പാടുകള്‍ക്ക് സാന്ത്വനമാകുന്നത്…?? ആരാണ് അവരുടെ ദുരിതമകറ്റുന്നത്…?? ഇവിടെയാണ് മതപരിവര്‍ത്തക സംഘങ്ങള്‍ ചുവടുറപ്പിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക്, രോഗങ്ങള്‍ക്ക്, സഹനങ്ങള്‍ക്ക്, ആരുമില്ലാത്ത അവസ്ഥയ്ക്ക്, ഞങ്ങള്‍ തുണയാകാം എന്ന മോഹന സുന്ദര വാഗ്ദാനങ്ങളുമായി മതങ്ങള്‍ അവിടെ ചുവടുറപ്പിക്കുന്നു. അനുഭവിക്കുന്ന അതികഠിന ദുരിതങ്ങള്‍ക്ക് കുറച്ചെങ്കിലും മോചനം കിട്ടുന്നതിന്, മനസിന്റെ ശാന്തതയെങ്കിലും തിരിച്ചു പിടിക്കുന്നതിന് ഈ ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും അവയുടെ നേതാക്കള്‍ക്കും ആചാരങ്ങള്‍ക്കും മുന്നിലവര്‍ സ്വന്തം ജീവനും ജീവിതവും സമര്‍പ്പിക്കുന്നു. അതിലൂടെ അവര്‍ക്കു കിട്ടുന്നത് ജീവിതത്തിന്റെ കഷ്ടപ്പാടുകളെല്ലാം മാറിക്കിട്ടുമെന്നും തങ്ങള്‍ക്കും ഒരു നല്ല കാലം വരുമെന്നുമുള്ള പ്രത്യാശയാണ്. അതുമാത്രമാണവരെ ഈ ജീവിതത്തില്‍ പിടിച്ചു നിറുത്തുന്നത്. അതു കൂടിയില്ലാതെ ആയാല്‍ അവര്‍ക്ക് ഈ ഭൂമിയിലെ ജീവിതം സാധ്യമാകില്ല.
ഇവിടെ രാഷ്ട്രീയവും അധികാരികളും തങ്ങളുടെ ഏറ്റം മോശമായ സ്വഭാവം പുറത്തെടുക്കുന്നു. ജനങ്ങളുടെ ദുരിതമവസാനിച്ചാല്‍, സമാധാനമായി ചിന്തിക്കാന്‍ അവര്‍ ആരംഭിച്ചാല്‍, അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കേണ്ടിവരുമെന്നും അവരെ പറ്റിച്ചും വഞ്ചിച്ചും സുഭിക്ഷമായി ജീവിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിനും അധികാരവൃന്ദത്തിനും നന്നായി അറിയാം. അതിനാല്‍, പണക്കാര്‍ക്കു വീണ്ടും വീണ്ടും വാരിക്കോരി നല്‍കി, മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ക്കൂടുതല്‍ ചൂഷണം ചെയ്യുന്നു, അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിലൂടെ, സ്വന്തം അധികാരവും സ്ഥാനവും അവരിവിടെ ഉറപ്പിക്കുന്നു.
മതനേതാക്കളുടെ വാക്കുകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു ശതമാനം വിശ്വാസികള്‍ ഇവിടെ ഉള്ളതു കൊണ്ട്, അതൊരു വലിയ വോട്ട് ബാങ്കു കൂടിയാണ്. മതനേതാക്കള്‍ക്ക് ആവശ്യമായതെല്ലാം രാഷ്ട്രീയ നേതൃത്വം നല്‍കും. പകരം വേണ്ടത് അവരുടെ വോട്ട് ബാങ്കാണ്.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം സുപ്രീം കോടതിക്കു മുന്നില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള കര്‍ശന നിയമങ്ങള്‍ സ്വീകരിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി സമീപിച്ചിരിക്കുകയാണ്. മതസ്വാതന്ത്ര്യമെന്നാല്‍ ഏതെങ്കിലുമൊരു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നും അല്ലാതെ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്കു മാറാനുള്ള സ്വാതന്ത്ര്യമല്ലെന്നുമാണ് ബി ജെ പി സര്‍ക്കാരിന്റെ വാദം. ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയോ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്‌തോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ ഇനി അനുവദിക്കില്ലെന്ന കടുത്ത തീരുമാനവുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസര്‍ക്കാര്‍.