Jess Varkey Thuruthel & Zachariah
നേര്യമംഗലത്തു നിന്നും കാട്ടാന ആക്രമണത്തിന്റെ ദുരന്തവാര്‍ത്ത എത്തിയിരിക്കുന്നു. കാഞ്ഞിരവേലി സ്വദേശിനിയായ മുണ്ടോം കണ്ടത്തില്‍ ഇന്ദിര രാമകൃഷ്ണനാണ് കൊല്ലപ്പെട്ടത്. രാവിലെ കൂവകൃഷിയുടെ വിളവെടുപ്പിനായി കൃഷിഭൂമിയിലെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കാഞ്ഞിര വേലി, ആവോലിച്ചാല്‍, ഇഞ്ചത്തൊട്ടി, നീണ്ടപാറ, നേര്യമംഗലം, പുന്നേക്കാട്, മണികണ്ഠന്‍ചാല്‍ എന്നീ പ്രദേശങ്ങള്‍ കാട്ടാന ആക്രണത്തിന്റെ ഭീതിയിലാണ്. ആനകള്‍ മാത്രമല്ല, പന്നികളും കുരങ്ങുകളും ഈ പ്രദേശങ്ങളില്‍ കൃഷി നാശം വരുത്തുന്നുണ്ട്. ഏറ്റവും പ്രധാനം ആനകളും പന്നികളും തന്നെ (Solar fencing).
നിബിഢവനത്തിന്റെ പട്ടികയില്‍ വരുന്ന പ്രദേശമാണ് കാഞ്ഞിരവേലി. കൃഷി സ്ഥലത്തിന്റെ അതിര്‍ത്തി തന്നെ കാടാണ്. അതിനാല്‍, കാട്ടില്‍ നിന്നും ഏതു മൃഗവും എപ്പോള്‍ വേണമെങ്കിലും കൃഷിയിടത്തിലേക്കെത്താം. വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ഈ പ്രദേശങ്ങളിലേക്കു കുടിയേറിയവരാണ് ഇവിടുത്തെ കര്‍ഷകര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ, ആനകളുടെയോ പന്നികളുടേയോ വലിയ ശല്യമില്ലാതെ കഴിഞ്ഞ പ്രദേശവുമായിരുന്നു. പക്ഷേ, ഇപ്പോള്‍, വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ് ഈ പ്രദേശത്ത്. പലരും കൃഷിയിടങ്ങള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്കു കുടിയേറി. പോകാന്‍ ഇടമില്ലാത്തവരും മനസനുവദിക്കാത്തവരും ജന്മ നാട്ടില്‍ തന്നെ തുടരുന്നു. ഏതു നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭയത്തില്‍ തന്നെ.
കാട്ടുമൃഗങ്ങളുടെ, പ്രത്യേകിച്ചും ആനകളുടെ ആക്രണവും കൃഷി നാശവും രൂക്ഷമായതോടെയാണ് ഈ പ്രദേശത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് അവിടെ കാണാന്‍ സാധിക്കുന്നത് ഫെന്‍സിംഗിന്റെ മൃതശരീരം മാത്രമാണ്. വള്ളിയും പടര്‍പ്പുകളും കയറിയും മരങ്ങളും കമ്പുകളും ഒടിഞ്ഞു വീണും കമ്പികള്‍ പൊട്ടി തകര്‍ന്നു കിടക്കുകയാണ് സോളാര്‍ ഫെന്‍സിംഗ്. വലിയ വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തി നേടിയെടുത്തതാണ് ഈ കമ്പിവേലികള്‍. പക്ഷേ, ചെറിയൊരു വള്ളിപ്പടര്‍പ്പിനു പോലും ഫെന്‍സിംഗിനെ നിര്‍ജ്ജീവമാക്കാന്‍ സാധിക്കും. അവരവരുടെ കൃഷിയിടത്തിന്റെ പരിധിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലികളില്‍ പടര്‍പ്പുകള്‍ കയറിയിട്ടില്ല എന്ന് ഉറപ്പു വരുത്താന്‍ പോലും ആരും മെനക്കെട്ടില്ല. അപ്പോള്‍പ്പിന്നെ, കൂടുതലും കാട്ടിലൂടെ കടന്നു പോകുന്ന ഫെന്‍സിംഗില്‍ പടര്‍ന്നു പിടിച്ച കാട്ടുവള്ളികളും ഒടിഞ്ഞു വീണ മരച്ചില്ലകളും ആരു മുറിച്ചു മാറ്റാനാണ്? ഫെന്‍സിംഗിന്റെ സുഗമമായ നടത്തിപ്പിന് വനം വകുപ്പ് ഒരു വാച്ചറെ നിയമിച്ചിരുന്നു. ആ ജോലി അയാള്‍ കൃത്യമായി ചെയ്തില്ല എന്നാണ് നാട്ടുകാരുടെ പരാതി. അതു സത്യവുമാണ്.
കാഞ്ഞിരവേലിയില്‍ പല കൃഷിക്കാരും തങ്ങളുടെ കൃഷിയിടത്തില്‍ സ്വകാര്യ കമ്പനികളുടെ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചിട്ടുണ്ട്. തൊട്ടടുത്ത കൃഷിയിടത്തില്‍ ആനകള്‍ കയറി മെതിക്കുമ്പോഴും സ്വകാര്യ ഫെന്‍സിംഗിനെ മറികടക്കാനെന്നല്ല, അതിന്റെ അടുത്തേക്കു പോലും ആനകളോ പന്നികളോ എത്തുന്നില്ല. കാരണം, കാട്ടുമൃഗങ്ങളില്‍ നിന്നും കൃഷിയിടത്തെയും മനുഷ്യരെയും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഫെന്‍സിംഗ് എന്ന് ഇവിടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
ശക്തമായ ബാറ്ററി, ഫെന്‍സിംഗിന്റെ കൃത്യമായ പരിപാലനം, തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. കൃത്യമായി പരിപാലിക്കാതിരുന്നാല്‍ സോളാര്‍ വേലികള്‍ പണി ചെയ്യില്ല. കമ്പിവേലിയില്‍ എവിടെയെങ്കിലും പച്ചിലയോ വള്ളിയോ കയറിയാല്‍ മതി, അതു വഴി കറണ്ട് പാസ് ചെയ്യില്ല. അതോടെ കമ്പിവേലി പ്രയോജന രഹിതമാകും.
സര്‍ക്കാര്‍ എന്നത് ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു സംവിധാനമല്ല. സര്‍ക്കാരിന്റെ പ്രധാന ഭാഗം ജനങ്ങളാണ്. അഥവാ, ജനങ്ങളില്ലെങ്കില്‍ സര്‍ക്കാരുമില്ല. ജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുരോഗതി സാധ്യമാവുകയുള്ളു. സ്വന്തം കൃഷിയിടത്തിലൂടെ കടന്നു പോകുന്ന ഫെന്‍സിംഗിന്റെ ചുമതലയെങ്കിലും ഏറ്റെടുക്കാന്‍ നമുക്കു കഴിഞ്ഞേ തീരൂ. അതൊരു കൂട്ടായ ഉത്തരവാദിത്വമാണ്. സ്വന്തം കടമ നിറവേറ്റുന്നതില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ മതി, ആ മുഴുവന്‍ സംവിധാനവും നിശ്ചലമാകും. കാഞ്ഞിരവേലി ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും സ്ഥാപിച്ച സോളാര്‍ വേലികള്‍ നശിച്ചു മണ്ണടിയാനുള്ള കാരണവും ഇതെല്ലാം തന്നെ.
എന്തുകൊണ്ടാണ് വനം വകുപ്പ് കാട്ടില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ആഹാരവും വെള്ളവും ഉറപ്പു വരുത്താത്തത്? നാട്ടില്‍ സസുഖം ഫയലും നോക്കി ഇരിക്കാന്‍ വേണ്ടിയാണോ അവരെ നിയമിച്ചിരിക്കുന്നത്? സര്‍ക്കാര്‍ എന്തുകൊണ്ടാണ് വനഭൂമിയില്‍ തേക്കും അക്കേഷ്യയുമെല്ലാം നട്ടുവളര്‍ത്തുന്നത്? അടിക്കാടിനെപ്പോലും നശിപ്പിച്ചു കളയുന്ന ഈ വനവത്കരണം കൊണ്ട് എന്താണ് പ്രയോജനം?
മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ എന്തുകൊണ്ട് വനത്തില്‍ വിതറുകയെങ്കിലും ചെയ്തു കൂടാ? തൈകള്‍ നട്ടു പിടിപ്പിക്കേണ്ട, പകരം കൊണ്ടുപോയി പാകിയാലും മതി. പക്ഷേ, വനംവകുപ്പ് അതു ചെയ്യില്ല. ചക്ക, മാങ്ങ, പേര, സപ്പോട്ട, ഞാവല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഫലവൃക്ഷങ്ങള്‍ വനഭൂമിയില്‍ നട്ടുപിടിപ്പിക്കാം. പക്ഷേ, വനംവകുപ്പും സര്‍ക്കാരും അതു ചെയ്യുന്നില്ല. ഈ തീരുമാനത്തിനാണ് മാറ്റമുണ്ടാകേണ്ടത്. മൃഗങ്ങളെ കാട്ടിനുള്ളില്‍ത്തന്നെ ജീവിക്കാനുള്ള അവസരമുണ്ടാക്കണം. വെള്ളത്തിനുള്ള സംവിധാനമുണ്ടാക്കണം. പെറ്റുപെരുകുന്ന മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയണം. ക്രമാധീതമായി ജനസംഖ്യ പെരുകിയപ്പോള്‍ വന്ധ്യംകരണത്തിലൂടെ നമ്മളതു നിയന്ത്രിച്ചതാണ്. മൃഗങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടതു ചെയ്തു കൂടാ? ഇനിയെങ്കിലും ഈകാര്യങ്ങള്‍ ഉപേക്ഷയില്ലാതെ ചെയ്യണം. അല്ലെങ്കില്‍ മൃഗങ്ങളുടെ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകും.
………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്. ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170 Name of the account holder : Jessy T. V Bank: The Federal Bank Branch: Oonnukal A/C NO: 10 290 100 32 5963 IFSC code: FDRL0001772 ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല. --തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--
........................................................................................................ തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :