Jess Varkey Thuruthel
ഞായറാഴ്ച രാത്രി വീട്ടുമുറ്റത്തെത്തിയ ആനയില്‍ നിന്നും നീണ്ടപാറ സ്വദേശിയായ മോളേല്‍ ബിജുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (wild elephant). വീടുപോലും ഇടിച്ചു താഴെയിടുമെന്നവര്‍ ഭയന്നിരുന്നു. രാവിലെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിത്തെറിച്ചു. മരണം കണ്‍മുന്നിലെത്തിയതിന്റെ ഭീതി അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഇനി എത്രകാലം ജീവന്‍ സംരക്ഷിച്ചു പിടിക്കാനാകുമെന്ന് അവര്‍ക്കറിയില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായ ബിജുവിനെപ്പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയരഹിതരായി ജീവിക്കണം. അതിന് കാട്ടുമൃഗങ്ങള്‍ ഏതു നിമിഷവും ആക്രമിക്കുമെന്ന പേടിയില്‍ നിന്നും മുക്തിയുണ്ടാവണം.
കവളങ്ങാട് പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ, പത്താം വാര്‍ഡിലെ മെംബര്‍ സന്ധ്യ ജെയ്‌സന്‍ എന്നിവരുള്‍പ്പടെയുള്ളവരോട് ഇവര്‍ക്കു പറയാനുള്ളതും ഇതുതന്നെ. ജീവനും സ്വത്തിനും സംരക്ഷണം വേണം. ഭയപ്പാടില്ലാതെ ജീവിക്കാനാന്‍ കഴിയണം.
‘ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഇച്ചായനെ ആന ചവിട്ടിക്കൂട്ടി കൊല്ലുമായിരുന്നു. വീടിന്റെ ഇറയത്തേക്ക് ഞൊടിയിട കൊണ്ട് ചാടിക്കയറുകയായിരുന്നു അദ്ദേഹം. അല്ലായിരുന്നുവെങ്കില്‍ ഇച്ചായനിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ ഈ ഭിത്തിയില്‍ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ആന ഈ മുറ്റത്തു വന്നു, വീടു തല്ലിപ്പൊളിക്കുമെന്ന് ഭര്‍ത്താവ് എന്നോടു പറഞ്ഞു,’ ബിജുവിന്റെ ഭാര്യ അനു പറഞ്ഞു. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമാണ് ബിജുവിന്റെത്. പുഴയോരത്തോടു ചേര്‍ന്നുള്ള വീടിനു സമീപത്തേക്ക് സ്ഥിരമായി ആന എത്തുന്നുണ്ട്.
‘ഈ ജനലിന്റെ അടുത്തു വരെ ആന വന്നു. ഇച്ചായനെ ആന അടിച്ചു കൊന്നേനെ. ആരോടാ ഞങ്ങള്‍ ഇനി പരാതി പറയുന്നത്? ജീവിക്കാന്‍ ഇനി ഞങ്ങളുടെ മുന്നില്‍ ഒരു മാര്‍ഗ്ഗവുമില്ല. ആലോചിച്ചിട്ട് എനിക്കൊരു പിടിയുമില്ല. ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാല്‍ ഞാനതു ചെയ്യും. വെറുതെ പേടിപ്പിക്കുകയല്ല. ഏതു നിമിഷം എന്തു ചെയ്യുമെന്ന് എനിക്കു തന്നെ അറിയില്ല. അത്രയേറെ മാനസിക പ്രശ്‌നത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എത്രയോ കാലങ്ങളായി ഞങ്ങള്‍ പറയുകയാണ്. ഇതിനൊരു തീരുമാനമാകണ്ടേ. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ ഒരു വഴി പോലുമില്ല. ഒരു വണ്ടി പോലും ഈ വഴിക്കു വരില്ല. ആകെക്കൂടി ടു വീലറില്‍ രണ്ടു ഫോറസ്റ്റുകാര്‍ വരും. അതുകൊണ്ട് എന്തു പ്രയോജനമാണ്? എട്ടു വര്‍ഷമായി ഈ ആനപ്പേടിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ജീവിതം മടുത്തു. എവിടേക്കാ ഞങ്ങള്‍ പോകുക? ഞങ്ങള്‍ക്കു പോകാന്‍ വേറെ സ്ഥലമില്ല. കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി ഒരു കുഞ്ഞുവീട് പണിതു, ഇനി എവിടേക്കാണ് ഞങ്ങള്‍ പോകുന്നത്?,’ അനു ചോദിക്കുന്നു.
കാട്ടാനയുടെ ശല്യം രൂക്ഷമായ നീണ്ടപാറ-ചെമ്പന്‍കുഴി ഭാഗത്ത് നവംബര്‍ മാസത്തോടെ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ബിജുവിന്റെ വീടു സന്ദര്‍ശിക്കവെ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് പറഞ്ഞു. ഇതിനായി നബാര്‍ഡിന്റെ ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്താണ് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കാട്ടാന പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനായി എം പി ഫണ്ടില്‍ നിന്നും ആവശ്യത്തിന് തുക ലഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.
‘നാട്ടിലെ ഭക്ഷണം കഴിച്ച് രുചി പിടിച്ചുപോയ മൃഗങ്ങളാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. ഇവയെ കാട്ടാനകളെന്നു പറയാന്‍ കഴിയില്ല. നാട്ടില്‍ താമസിക്കാത്തതിനാല്‍ നാട്ടാനകളെന്നും. സര്‍ക്കാര്‍ വന്യമൃഗങ്ങളുടെ പ്രശ്‌നം പഠിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികളാണ് രൂപപ്പെടുത്തുന്നത്. മൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ ഫലവൃക്ഷങ്ങള്‍ കാട്ടില്‍ വച്ചു പിടിപ്പിക്കുക എന്നതാണ് ദീര്‍ഘകാലത്തേക്കുള്ള പദ്ധതി. ഹ്രസ്വകാലത്തിലേക്ക് ഫെന്‍സിംഗ് പോലുള്ള സംവിധാനങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷേ, കാട്ടില്‍ ആവശ്യത്തിനു ഭക്ഷണം ലഭ്യമായാല്‍ മൃഗങ്ങളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കും. ഇതോടെ വീണ്ടും ഇവ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങും. അതിനാല്‍, ഇതേക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്,’ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് വ്യക്തമാക്കി.
ആന വരുന്നതു തടയുന്നതിനായി പുഴയോടു ചേര്‍ന്ന് ഒരു ഷെഡ് കെട്ടിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരോ ആര്‍ ആര്‍ ടി ഉദ്യോഗസ്ഥരോ ഇവിടേക്ക് കാലങ്ങളായി വരാതായതിനെത്തുടര്‍ന്ന് ഈ ഷെഡ് ഇവര്‍ പൊളിച്ചു നീക്കി. പുഴയിറമ്പില്‍ തൊട്ടിയാര്‍ പാലത്തിനു താഴെ നാലഞ്ചിടത്തായി ഷെഡുകെട്ടി നിരീക്ഷിക്കാനാണ് വനപാലകര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ആന വന്നാല്‍ നാട്ടുകാര്‍ ഓടി രക്ഷപ്പെടും, ഞങ്ങളെന്തു ചെയ്യും?
ആനയെ തുരത്താന്‍ ഇറങ്ങിയിരിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് (ആര്‍ ആര്‍ ടി) ഒരു പടക്കം വാങ്ങാന്‍ പോലും പണമില്ല. ആന കയറുന്ന കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെ അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ഭാഗത്തേക്ക് എത്തിപ്പെടാന്‍ ഒരു വാഹനം പോലും ഇവര്‍ക്കില്ല. ആന കയറിയെന്നു പറഞ്ഞ് പല സ്ഥലത്തു നിന്നും ആളുകള്‍ വിളിക്കും. നടന്നും ഇരുചക്രവാഹനങ്ങളിലുമായി ഇവിടേക്ക് എത്തിപ്പെടുമ്പോഴേക്കും സമയം വൈകിയിരിക്കും. ഏതെങ്കിലും ബസില്‍ കയറി തൊട്ടിയാറിലെത്തിയ ശേഷം നടന്നു പോകുകയാണ് ഇവര്‍ ചെയ്യുന്നത്. പുഴയോരം വഴി ചെമ്പന്‍കുഴി വരെ എത്തിപ്പെടാന്‍ വഴി സൗകര്യവുമില്ല. എന്തിന് ഇവര്‍ക്ക് നല്ലൊരു ടോര്‍ച്ചു പോലുമില്ല. പലപ്പോഴും മൊബൈല്‍ വെളിച്ചത്തിലാണ് ഫോറസ്റ്റ്- ആര്‍ ആര്‍ ടി ജീവനക്കാര്‍ ആനയെത്തുരത്താനെത്തുന്നതെന്ന് ഇവര്‍ക്കൊപ്പം സഹായത്തിനായി പോകുന്ന നാട്ടുകാര്‍ പറയുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉറക്കം കളഞ്ഞ് ആനയെ തുരത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫലമൊന്നുമില്ല. ആനയിറങ്ങുന്ന വഴിയിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. റേഞ്ച് ഓഫീസര്‍ വരുമ്പോള്‍ വാഹനം കിട്ടുന്നതല്ലാതെ ഇവര്‍ക്ക് വേറെ വാഹനങ്ങളൊന്നുമില്ല. ഇനി വണ്ടി കിട്ടിയാല്‍ തന്നെ അതിന് ഡീസലടിക്കാന്‍ പണമില്ല.
കരിമണല്‍-ചെമ്പന്‍കുഴി ഭാഗത്ത് നാശം വിതയ്ക്കുന്ന കാട്ടാനകളെക്കൂടാതെ, മുള്ളരിങ്ങാടു ഭാഗത്തെ ആനകളെക്കൂടി ഈ മേഖലയിലേക്കു തുരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ചില റിപ്പോര്‍ട്ടുണ്ട്. ആ ആനകള്‍ കൂടി ഇവിടേക്കു വന്നാല്‍ ഇവിടെ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകും. ഫെന്‍സിംഗ് സ്ഥാപിക്കുന്നതു പൂര്‍ത്തിയായി കഴിഞ്ഞതിനു ശേഷമാണെങ്കില്‍ പ്രശ്നമില്ല. അല്ലാതെ ആനകളെ ഇവിടേക്ക് ഓടിച്ചാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളു. കൂട്ടത്തോടെ വരുന്ന കാട്ടാനകളുടെ ആക്രണത്തില്‍ എന്തു ചെയ്യണമെന്നറിയാതെ വലയുന്ന ആളുകള്‍ക്കിടയിലേക്കാണ് മറ്റുപലയിടത്തു നിന്നും ആനകളെ ഇവിടേക്കു കൊണ്ടുവരുന്നുവെന്ന വാര്‍ത്തയെത്തുന്നത്. ഇതു ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
‘വനാതിര്‍ത്തിയില്‍ ട്രഞ്ച് താഴ്ത്തിയാല്‍ ആനകളും മറ്റു മൃഗങ്ങളും നാട്ടിലേക്കു വരുന്നതു തടയാന്‍ സാധിക്കും. അതിനുള്ള വഴികളാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നോക്കേണ്ടത്. അതിര്‍ത്തിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റി ട്രഞ്ചു താഴ്ത്തണം,’ സൈജന്റ് ചാക്കോ വ്യക്തമാക്കി.
കാട്ടാനയുടെ ശല്യം മൂലം വ്യാപകമായി കൃഷി നശിച്ചിട്ടും ഒരു രൂപ പോലും ആര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കാട്ടാനപ്പേടിയില്‍ ഓരോ ദിവസവും തള്ളിനീക്കുകയാണിവിടെ ആളുകള്‍. വര്‍ഷങ്ങളായി ഈ പ്രശ്‌നം സഹിക്കുന്നു. എന്നാല്‍ ഇതിനൊരു പരിഹാരവും ഇതുവരെയും ആയിട്ടില്ല.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47