Jess Varkey Thuruthel
ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്?
ചില വൈദ്യുതി പോസ്റ്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരല്ലാത്തവരെപ്പോലും കെണിയിലാക്കി വീഴിക്കുന്ന രീതിയിലാണ് ചിലയിടങ്ങളില്‍ അവയുടെ സ്ഥാനം. റോഡ് വികസിക്കുമ്പോള്‍, നടുവിലാകുന്ന പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ പോലും തയ്യാറല്ലാത്തവരാണ് ഭിന്നശേഷി സ്‌നേഹം വാരി വിതറുന്നത്.
ഗര്‍ഭത്തില്‍ ഒരു കുഞ്ഞ് ഉരുവാകും മുമ്പ് തന്നെ നൂറായിരം പ്രതീക്ഷകളാകും ഓരോ മാതാവിനും പിതാവിനും. എന്നാല്‍, തന്റെ കുഞ്ഞിന് സാധാരണ ജീവിതം സാധ്യമല്ലെന്നറിയുന്ന നിമിഷം അവിടെ അവസാനിക്കുന്നു ആ മാതാപിതാക്കളുടെ ജീവിതവും സന്തോഷങ്ങളും. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നവരുണ്ട്. സങ്കടം താങ്ങാനാവാതെ ജീവിതമുപേക്ഷിച്ചവരുമുണ്ട്. വൈകല്യമുള്ള കുഞ്ഞിനു ജന്മം നല്‍കിയതിന്റെ പേരില്‍ എത്രയോ പിതാക്കന്മാരാണ് അവരെ ഉപേക്ഷിച്ചു പോകുന്നത്.
ജനിച്ച നാള്‍ മുതല്‍ മൂന്നു വയസു വരെയുള്ള പ്രായമാണ് കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള കാലം. ഈ കാലഘട്ടത്തില്‍, അവ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ ആ കുഞ്ഞിന് കൃത്യമായ പരിചരണം നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഈ സമയത്ത് കൃത്യമായ ചികിത്സ നല്‍കിയാല്‍, അവരില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷേ, ഭിന്നശേഷിയുള്ള ഒരു കുഞ്ഞിനെയാണ് തങ്ങള്‍ക്കു ലഭിച്ചത് എന്നറിയുന്ന നിമിഷം ചങ്കു തകര്‍ന്നു പോകുന്ന പല മാതാപിതാക്കളും പിന്നീട് അഭയം തേടുന്നത് ദൈവത്തിലാണ്, വൈദ്യശാസ്ത്രത്തിലല്ല. തങ്ങളുടെ കുഞ്ഞിന്റെ വൈകല്യം മാറാനായി ആരാധനാലയങ്ങള്‍ തോറും അവര്‍ കയറിയിറങ്ങുന്നു, പ്രാര്‍ത്ഥിക്കുന്നു. അതിലൂടെ അവര്‍ നഷ്ടപ്പെടുത്തുന്നത് വിലപ്പെട്ട സമയമാണ്. തക്ക ചികിത്സ നല്‍കിയാല്‍, വൈകല്യങ്ങളെ അതിജീവിക്കാനുള്ള ശേഷി ആ കുഞ്ഞുങ്ങള്‍ നേടിയെടുക്കും.
ജനനമാത്രയില്‍ത്തന്നെ കുഞ്ഞുങ്ങളിലെ വൈകല്യം തിരിച്ചറിയാനുള്ള സൗകര്യം നമ്മുടെ എല്ലാ ആശുപത്രികളിലുമുണ്ടാവണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍, എന്താണോ ആ കുട്ടിയുടെ വൈകല്യം, അതിനെ അതിജീവിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ആ കുഞ്ഞിനെ പര്യാപ്തമാക്കുകയാണ് വേണ്ടത്. അതിപ്രഗത്ഭരായ, കഴിവുറ്റ കൗണ്‍സിലര്‍മാരെ അതിനായി ആവശ്യമുണ്ട്. പക്ഷേ, നമ്മുടെ കേരളത്തില്‍ കഴിവുള്ള കൗണ്‍സിലര്‍മാര്‍ അധികമില്ല.
ഭിന്നശേഷി എന്ന പദത്തിനു കീഴില്‍ ഇരുപത്തിയൊന്നു വിഭാഗങ്ങളുണ്ട്. അതില്‍ ഏറ്റവും കാഠിന്യമുള്ളതായി കണക്കാക്കപ്പെടുന്നതാണ് ബൗദ്ധിക ഭിന്നശേഷി. പൊതുസ്ഥലങ്ങളിലൊന്നും കൊണ്ടുപോകാന്‍ പറ്റാത്ത വിധം നിയന്ത്രണാതീതമാവുന്ന ഇത്തരം മക്കളെ നിരന്തര പരിശീലനത്തിലൂടെ മാത്രമേ സാധാരണ കുട്ടികളാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. പൊതു ഇടങ്ങളില്‍ ഇവരെ കൊണ്ടുപോകുമ്പോള്‍ പലവിധത്തിലായ പ്രശ്‌നങ്ങള്‍ ഇവര്‍ ഉണ്ടാക്കും. കല്യാണങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ ചോറു വാരിയെറിയുക, ഇല വലിച്ചു കീറുക, ഗ്ലാസും വെള്ളവും തട്ടിയിടുക, തുടങ്ങി എല്ലാവിധ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്.
അതോടെ സമൂഹത്തില്‍ നിന്നും ചോദ്യങ്ങളുയരുകയായി. ഈ കുട്ടിയെയും കൊണ്ട് പൊതുവേദിയില്‍ എന്തിനു വന്നു എന്നും വീട്ടിലിരുത്തിയാല്‍പ്പോരെ എന്നുമുള്ള ചോദ്യങ്ങളില്‍ തകര്‍ന്നു പോകുകയാണ് ഇവരുടെ മാതാപിതാക്കള്‍. തങ്ങളുടെ ജീവിതം തകര്‍ത്തെറിഞ്ഞ, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും ഇല്ലാതാക്കിയ ശത്രുക്കളായിപ്പോലും ഇവരെ കരുതുന്നവരുണ്ട്. അതെല്ലാം ഈ സമൂഹത്തിലെ ചോദ്യങ്ങളെ ഭയന്നിട്ടാണ്.
ഭിന്നശേഷിക്കാരായ മക്കള്‍ അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തവും കടമയുമല്ല. മറിച്ച്, ആ മക്കളെ സ്‌നേഹത്തോടെ പരിചരിക്കുവാനും സമൂഹത്തില്‍ പെരുമാറാന്‍ പ്രാപ്തരാക്കാനും ഓരോ മനുഷ്യനും കടമയുണ്ട്. അതില്‍ ഏറ്റവും വലിയ പങ്ക് ഭരണകൂടത്തിനു തന്നെയാണ്. സ്വന്തം കടമയും കര്‍ത്തവ്യങ്ങളും മറന്നുകൊണ്ടാണ് ഇത്തരം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഈ സമൂഹം കുറ്റപ്പെടുത്തുന്നത്. ചില മനുഷ്യരാകട്ടെ, ഇത്തരം കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ദേഷ്യപ്പെടും. അവജ്ഞയോടെ വീക്ഷിക്കും. നിങ്ങള്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള കുട്ടി ജനിച്ചതെന്ന് അവരോടു പറയാന്‍ യാതൊരു മടിയുമിവര്‍ കാണിക്കില്ല.
ഭിന്നശേഷിക്കാരായ കുട്ടികള്‍ വളരുംതോറും അവര്‍ കൂടുതല്‍ക്കൂടുതല്‍ അക്രമാസക്തരും ഹൈപ്പര്‍ ആക്ടീവുമായി മാറും. എന്തു കിട്ടിയാലും എറിഞ്ഞു പൊട്ടിക്കും. ഒരു നിമിഷംപോലും ചിലപ്പോള്‍ ശ്രദ്ധമാറാന്‍ പറ്റാത്ത അവസ്ഥ വരും. ശരിക്കൊന്നു വിശ്രമിക്കാന്‍ പോലുമാവാതെ, മാതാപിതാക്കളുടെ ജീവിതം യുദ്ധഭൂമിയായി മാറും. ആരും തിരിഞ്ഞുനോക്കാനില്ലാതെ, കൂടെ നില്‍ക്കാന്‍ ആരുമില്ലാതെ ജീവിതം നരകിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ആ കുഞ്ഞുങ്ങള്‍ തന്നെയാവും. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്തവരുടെ എത്രയോ വാര്‍ത്തകളാണ് നമ്മെ കടന്നു പോയത്! എത്രയോ കുഞ്ഞുങ്ങളാണ് പൂട്ടിയിട്ടു വളര്‍ത്തപ്പെടുന്നത്!!
ഇത്തരം കുഞ്ഞുങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളൊന്നും വകവയ്ക്കാതെ, ഈ സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ് ആ കുഞ്ഞുങ്ങളെ എല്ലായിടത്തും കൂട്ടിക്കൊണ്ടു പോകുന്നവരുണ്ട്. പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് അവരെ പരിശീലിപ്പിക്കാനുള്ള മാര്‍ഗ്ഗം അതുമാത്രമാണ്. തുടക്കത്തില്‍ അവര്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതു കാര്യമാക്കാതെ നിരന്തരമായി പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്ന നിരവധി മാതാപിതാക്കളുമുണ്ട്.
ഇത്തരം കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കു മാറ്റമുണ്ടാകണമെങ്കില്‍, ആദ്യം ഈ കുട്ടികളെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാവണം. ആരൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും ഈ മക്കള്‍ക്കൊപ്പം നിലകൊള്ളുമെന്ന തീരുമാനമെടുക്കണം. അവരെ പുറംലോകം കാണിക്കുക തന്നെ വേണം. സമൂഹത്തിന്റെ കൂട്ടുത്തരവാദത്തിലൂടെ മാത്രമേ ഈ കുഞ്ഞുങ്ങളുടെ അതിജീവനം സാധ്യമാകുകയുള്ളു. ഭിന്നശേഷിക്കാരായ കുട്ടികളെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടം തയ്യാറാവണം. രക്ഷിക്കേണ്ടവര്‍ ശിക്ഷകരായി മാറുമ്പോള്‍, കൊടുക്കേണ്ടത് കടുത്ത ശിക്ഷ തന്നെയാണ്.
ഹൈപ്പര്‍ ആക്ടീവ് ആയ കുട്ടികളെ ഡോക്ടറെ കാണിച്ചാല്‍ അവര്‍ക്കു നല്‍കുന്ന മരുന്നുകള്‍ അവരുടെ ആരോഗ്യത്തെ തളര്‍ത്തുന്ന തരത്തിലുള്ളതാണ്. ഇത് അവരെ കൂടുതല്‍ കുഴപ്പത്തിലേക്കു നയിക്കും.
സര്‍ക്കാരിന് ഭിന്നശേഷിക്കാരായ മക്കളുടെ ഉന്നമനത്തിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെക്കൂടി കൊണ്ടുവരാനുള്ള പ്രോത്സാഹനം നല്‍കാന്‍ കഴിയും. അവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുങ്ങണം. അവരെ നല്ല രീതിയില്‍ പരിശീലിപ്പിക്കാനും പരിപാലിക്കാനും കഴിയണം. തങ്ങളുടെ കാലം കഴിഞ്ഞാല്‍ ഈ മക്കളെ ആരെ ഏല്‍പ്പിക്കുമെന്നുള്ള ഓരോ മാതാവിന്റെയും പിതാവിന്റെയും ആധിയ്ക്ക് അറുതിവരുത്തുവാനും സര്‍ക്കാരിനു കഴിയണം. ഒരു ദിവസത്തേക്കെങ്കിലും ഈ കുഞ്ഞുങ്ങളെ നോക്കാന്‍ ആരെങ്കിലുമുണ്ടായാല്‍, മാതാപിതാക്കള്‍ക്കു കിട്ടുന്ന ആശ്വാസം വളരെ വലുതാണ്. എന്നാല്‍, ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് ആശ്വസിക്കാന്‍ ഈ കേരളത്തില്‍ വകയൊന്നുമില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, ഇത്തരം കാട്ടിക്കൂട്ടലുകള്‍ വെറും പ്രഹസനങ്ങള്‍ മാത്രമായി ശേഷിക്കും.
#DifferentlyAbled #SpeechTherapy #HiperActive #PinarayiVijayan #MinisterRBindu
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47