ഇന്ത്യയുടെ നെറുകയില്‍ കേരളത്തിന്റെ പുല്ലമ്പാറ

Jess Varkey Thuruthel

ഇന്ത്യയുടെ നെറുകയില്‍ അഭിമാനത്തോടെ കാലുറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് (Pullampara Grama Panchayat). ദീര്‍ഘവീക്ഷണമുള്ളൊരു അധ്യാപകന്‍, നാടിന്റെ നല്ലനാളേക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ ചരിത്രം തന്നെ കാല്‍ക്കീഴിലായി. എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന പി വി രാജേഷിനെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാക്കിയതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം നേടാനായി അദ്ദേഹം മുന്നിട്ടിറങ്ങിയപ്പോള്‍ രാഷ്ട്രീയ മത ഭേതങ്ങളില്ലാതെ, ഏവരും ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പം നിന്നു. അങ്ങനെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് പുല്ലമ്പാറ എന്ന ഗ്രാമപഞ്ചായത്ത് ഇന്ത്യയുടെ നെറുകയിലെത്തി! ജലസംരക്ഷണത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി നേടിയിരിക്കുകയാണ് പുല്ലമ്പാറ! ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തും പുല്ലമ്പാറ തന്നെ.

2023 ലെ ദേശീയ ജലപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജലസംരക്ഷണത്തിലെ രാജ്യത്തെ മികച്ച പഞ്ചായത്തായിട്ടാണ് പുല്ലമ്പാറ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 22 ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കുന്ന ചടങ്ങില്‍ ഈ ഗ്രാമപഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങും.

മണ്ണും ജലവും പ്രകൃതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. ജനങ്ങളുടെ പിന്തുണയില്ലാതെ ഒരു പദ്ധതിയും വിജയിക്കില്ല എന്ന് രാജേഷിന് അറിയാമായിരുന്നു. അതിനാല്‍ എന്താണ് താന്‍ ലക്ഷ്യമിടുന്നതെന്നും അവിടേക്ക് എത്തിച്ചേരാനായി ഓരോരുത്തരും ചെയ്യേണ്ടത് എന്താണെന്നും അവരെ മനസിലാക്കിക്കുക എന്നതായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. നടന്നു നീങ്ങിയ വഴികളെക്കുറിച്ച് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ് വിശദീകരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമപ്രദേശമാണ് പുല്ലമ്പാറ. റബ്ബര്‍, വാഴ, പച്ചക്കറികള്‍, നെല്ല് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍. എല്ലാ ഗ്രാമങ്ങളിലേയും പോലെ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമവും ജലക്ഷാമവും ഈ മേഖലയിലും ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്ന 12 കിലോമീറ്റര്‍ ദൂരം വാമനപുരം പുഴയാണ്. പക്ഷേ പെയ്യുന്ന വെള്ളം ഒരു നിമിഷം കൊണ്ടു തന്നെ ഈ പുഴയിലേക്ക് ഒഴുകിപ്പോകും. ചെറുതും വലുതുമായ നിരവധി തോടുകള്‍ ഉള്ള പഞ്ചായത്താണ് പുല്ലമ്പാറ. തോടുകളില്‍ വെള്ളം നിറുത്തി, പെയ്തിറങ്ങുന്ന വെള്ളം മണ്ണിലേക്ക് ആഴത്തില്‍ ഇറക്കിയല്ലാതെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. അതുകൊണ്ട്, മണ്ണും ജലവും പ്രകൃതിയും സംരക്ഷിക്കുന്ന ഒരു പ്രോജക്ട് എന്ന രീതിയിലാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഈ പ്രോജക്ട് ഏറ്റെടുത്തത്.

‘നീരുറവ്’ എന്നു പേരിട്ട ഈ പദ്ധതിക്കു തുടക്കം കുറിച്ചത് 2021 ഓഗസ്റ്റ് 12 നാണ്. ഇതിന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്തിലെ ഒരു പ്രധാന കേന്ദ്രത്തില്‍ നിന്നും തുടങ്ങി, 9 കിലോമീറ്റര്‍ ദൂരത്തോളം പുഴയുടെ തീരത്തുകൂടി പുഴ നടത്തം സംഘടിപ്പിച്ചു. അതൊരു വലിയ ജനകീയ ക്യാംപെയിന്‍ ആയിരുന്നു. ജല സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ നടത്തത്തിന്റെ ലക്ഷ്യം. ഇതു കൂടാതെ, ഹരിത കര്‍മ്മസേനാംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് തോടിലൂടെയും പുഴയിലൂടെയും മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ അതിശക്തമായ ബോധവത്കരണം നടത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജനങ്ങളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ ശേഖരിക്കുന്നതിനായി പൊതുസ്ഥലങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളിലെല്ലാം ബയോ ബിന്‍ സ്ഥാപിച്ചു.

അന്നത്തെ തദ്ദേശ വകുപ്പു മന്ത്രിയായിരുന്ന ഗോവിന്ദന്‍ മാഷാണ് നീരുറവ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പുല്ലമ്പാറ പഞ്ചായത്തിന്റെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ മറ്റ് പഞ്ചായത്തുകളിലും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി തോടുകളിലും മറ്റും തടയണകള്‍ നിര്‍മ്മിച്ചു. കല്ലുകള്‍ മാത്രമല്ല, കൈത പോലുള്ള സസ്യങ്ങളും ഇതിനായി ഉപയോഗിച്ചു. പറ്റുന്ന സ്ഥലങ്ങളിലെല്ലാം മഴക്കുഴികള്‍ നിര്‍മ്മിച്ചു, പ്രകൃത്യാലുള്ള കുളങ്ങള്‍ വളരെ മികച്ച രീതിയില്‍ സംരക്ഷിച്ചു, അതോടൊപ്പം പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാം പോണ്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ള പഞ്ചായത്ത് പുല്ലമ്പാറയാണ്. ഏകദേശം 600 ഓളം ഫാം പോണ്ടുകളാണ് ഈ പഞ്ചായത്തിലുള്ളത്. ജലസംരക്ഷണത്തിനായി കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യുക എന്നതായിരുന്നു മികച്ച മറ്റൊരു പ്രവര്‍ത്തനം.

പ്രധാനമായും പത്ത് നീര്‍ത്തടങ്ങളാണ് പുല്ലമ്പാറ പഞ്ചായത്തിലുള്ളത്. ആദ്യഘട്ടം രണ്ട് നീര്‍ത്തടങ്ങള്‍ ഏറ്റെടുത്താണ് പദ്ധതി തുടങ്ങിയത്. പിന്നീടത് പഞ്ചായത്തിലുടനീളം നടപ്പാക്കി. ഈ നീര്‍ത്തടങ്ങളില്‍ മികച്ച രീതിയില്‍ കിണര്‍ റീച്ചാര്‍ജ്ജിംഗ് നടപ്പാക്കി. 25.9 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പഞ്ചായത്തിലുള്ളത്. ഒന്നാം ഘട്ടം ചുള്ളാളം വെള്ളുമണ്ണി നീര്‍ത്തടപദ്ധതിയലെ 910 ഹെക്ടര്‍ പ്രദേശമാണ് ഏറ്റെടുത്തത്. സ്പ്രിംഗ് ഷെഡ് എന്ന പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും ഈ പഞ്ചായത്തിലാണ്. ജലസംരക്ഷണത്തിനായി സാധാരണയായി ചെയ്തു വരുന്നത് ജലത്തെ തടഞ്ഞു നിറുത്തുക, തടയണ കെട്ടുക എന്നതാണ്. എന്നാല്‍, ഏതൊരു തോടിന്റെയും ഉത്ഭവസ്ഥാനത്ത് വെള്ളമൊഴുകി വരുന്ന ചെറിയ ചെറിയ ഉറവകളുണ്ട്. ഈ ഉറവകള്‍ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയാണ് സ്പ്രിംഗ് ഷെഡ് എന്നു പറയുന്നത്. അന്നത്തെ ജില്ലാകളക്ടര്‍ ആയിരുന്ന ജെറോമിക് ജോര്‍ജ്ജ് ആണ് ഈ പദ്ധതിയുടെ പ്രകാശനം നിര്‍വ്വഹിച്ചത്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയാണ് ഈ പദ്ധതിയുടെയെല്ലാം ലീഡിംഗ് ഏജന്‍സി. ഇത്തരത്തില്‍ ഒരു പദ്ധതി മുന്നോട്ടു കൊണ്ടുപോകുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ, ഇതൊരു കൂട്ടുത്തരവാദിത്വമാണ്. ഓരോ വ്യക്തിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, മണ്ണുസംരക്ഷണ വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകളെല്ലാം പുല്ലമ്പാറ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിക്കൊപ്പം പങ്കു ചേര്‍ന്നു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ നിന്നുള്ളവരാണ് 90 ശതമാനം തൊഴിലാളികളും. ഇതുകൂടാതെ പാടശേഖര സമിതി, ചെറിയ കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം തൊഴിലാളികളെത്തി. നീര്‍ത്തടങ്ങളിലെല്ലാം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ജനങ്ങളെ ബോധവത്കരിച്ചു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ഇതു പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ പറഞ്ഞു മനസിലാക്കിച്ചു. ഇതു തങ്ങളുടെ ആവശ്യമാണെന്ന് ജനങ്ങള്‍ക്കു ബോധ്യമായതോടെ അവര്‍ ഒറ്റക്കെട്ടായി പഞ്ചായത്തിനൊപ്പം നിന്നു. കിണര്‍ റീച്ചാര്‍ജിംഗിലൂടെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടപ്പോള്‍, പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്കു പൂര്‍ണ്ണമായും ബോധ്യമായി.

മാലിന്യ സംസ്‌കരണമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മുമ്പില്ലാത്ത വിധം വലിയ പ്രാധാന്യമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മാലിന്യസംസ്‌കരണത്തിനു നല്‍കുന്നത്. ഹരിത കര്‍മ്മ സേന ഇവിടെ വളരെ സജീവമാണ്. നീരുറവ് പദ്ധതി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തോടുകളിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങള്‍, റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷീനില്‍ നിന്നുമുള്ള രാസലായനികള്‍ എന്നിവയെല്ലാം നിറുത്തലാക്കിയത് പുഴ നടത്തത്തിലൂടെയാണ്. അറവുശാലകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. ജീവികളെ വെട്ടിയ ശേഷം മാലിന്യങ്ങള്‍ തോട്ടിലും കുളങ്ങളിലും ഇടുന്നതു പതിവായിരുന്നു. ഇവര്‍ക്കെതിരെ അതികര്‍ശനമായ നടപടികളാണ് സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കുന്നു. കഴിഞ്ഞ റംസാന്‍ കാലത്ത് ഒരു വാഹനത്തില്‍ അറവുശാല മാലിന്യം റംസാന്‍ ആഘോഷിക്കുന്നവരുടെ വീടിനു മുന്നില്‍ ഒഴുക്കി. അതിരൂക്ഷമായ നാറ്റമായിരുന്നു സമീപത്തെല്ലാം. ഒടുവില്‍ ഇവരെ പിടികൂടി. ഇവരില്‍ നിന്നും 50,000 രൂപ ഫൈനും ഈടാക്കി. ഇക്കാര്യത്തില്‍ കര്‍ശനമായ നയം തന്നെയാണ് എടുത്തിട്ടുള്ളത്. എങ്കിലും ഇപ്പോഴും അനധികൃതമായ അറവുശാലകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ആ മാലിന്യങ്ങള്‍ യാതൊരു കാരണവശാലും വലിച്ചെറിയാന്‍ അനുവദിക്കില്ല. എല്ലാ ഞായറാഴ്ചകളിലും ഹരിതകര്‍മ്മസേനയിലെ അംഗങ്ങള്‍ എല്ലാ അറവു ശാലകളും സന്ദര്‍ശിക്കും. മാലിന്യങ്ങള്‍ അവരുടെ ഏജന്‍സിക്കു കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതു കര്‍ശനമായി നടപ്പാക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ പിന്തുണയും ഇതിനായി ലഭിക്കുന്നുണ്ട്.

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നതാണ് മറ്റൊരു വലിയ വെല്ലുവിളി. ഇതു പൂര്‍ണ്ണമായും സാധ്യമായിട്ടില്ല. എങ്കിലും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. ആളുകളുടെ ആവശ്യപ്രകാരം റോഡുകളെല്ലാം മെച്ചപ്പെട്ടതാക്കിയിട്ടുണ്ട്. തെള്ളിക്കച്ചാല്‍ എന്ന സ്ഥലത്ത് നാശോന്മുഖമായിക്കിടന്ന കുളം കെട്ടിയെടുത്തു. ആ കുളത്തിന്റെ കരയില്‍ സ്റ്റെപ്പുകള്‍ കെട്ടിയതോടെ ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള വേദിയായി അതു മാറി. ഇപ്പോഴവിടെ സാംസ്‌കാരിക സദസുകളും, കവിയരങ്ങുകളും കുടുംബശ്രീ യോഗങ്ങളുമെല്ലാം നടക്കുന്നുണ്ട്.

ഇവിടെ വേങ്കമല എന്നൊരു ആദിവാസി ക്ഷേത്രമുണ്ട്. പ്ലാസ്റ്റിക് ആയിരുന്നു ഇവിടുത്തെ പ്രധാന പ്രശ്‌നം. ഈ പദ്ധതിയിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വേങ്കമലയിലെ കുളവും നല്ല രീതിയില്‍ കെട്ടിയെടുത്തു. അവരത് നന്നായി സംരക്ഷിക്കുന്നുണ്ട്.

മറ്റൊരു പ്രത്യേകത കുട്ടികളുടെ നാടക ട്രൂപ്പ് ആണ്. ചങ്ങാതി എന്നാണ് ഇതിന്റെ പേര്. കഴിഞ്ഞ വര്‍ഷം ഒരു ഡോക്യു ഡ്രാമ എടുത്തിരുന്നു. കെ പി എ സി നാടകങ്ങളുടെ സംവിധായകനായ മനോജ് നാരായണനാണ് ഇതിന്റെയും സംവിധായകന്‍. അബുബക്കര്‍ കോഴിക്കോട് ആണ് രചന നിര്‍വ്വഹിത്. ഈ നാടകം ഇതിനോടകം 40 സ്റ്റേജുകളില്‍ കളിച്ചു. മാലിന്യ സംസ്‌കരണമാണ് ഇതിന്റെ പ്രധാന തീമുകളിലൊന്ന്. രണ്ടാമത്തേത് ലഹരിക്കെതിരായ നാടകവും മൂന്നാമത്തേത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കണ്ടതും കാണാത്തതുമായ ഏട് എന്നതുമായിരുന്നു. ഉത്സവപ്പറമ്പുകള്‍, കേരളീയം, ഓണാഘോഷം, ഡിപ്പാര്‍ട്ട്മെന്റുകള്‍, എന്നിവിടെയെല്ലാം ഈ നാടകങ്ങള്‍ കളിച്ചു. കഴിവുള്ള 24 കുട്ടികളെ കണ്ടെത്താനും പരിശീലനം നല്‍കാനും കഴിഞ്ഞു.

ജനങ്ങളില്‍ 90 ശതമാനം പേരും മൊബൈല്‍ സാക്ഷരരായ ഇന്ത്യയിലെ ആദ്യ പഞ്ചായത്താണ് പുല്ലമ്പാറ. ഇത് പി എസ് സി പരീക്ഷയിലെ ഒരു ചോദ്യം കൂടിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയി’ല്‍ പഠിക്കുന്ന ഡ്രീംസ് പദ്ധതിയുടെ തുടക്കവും ഇവിടെ നിന്നു തന്നെ.

ജനങ്ങളുടെ ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റാന്‍ പഞ്ചായത്ത് പരമാവധി പരിശ്രമിക്കുന്നു. കുടിവെള്ളം, മരുന്ന്, വയോജന ക്ഷേമം, കുട്ടികളുടെ മികച്ച രീതിയിലുള്ള വളര്‍ച്ച എന്നിവയെല്ലാം ഏകോപിപ്പിച്ചു കൊണ്ടാണ് പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് ഏറ്റവുമധികം തൊഴില്‍ നല്‍കിയ പഞ്ചായത്തും ഇതു തന്നെ.

കക്ഷി രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം ഇവിടുള്ള ജനങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് പുല്ലമ്പാറയില്‍ കാണാനാകുന്നത്. രാഷ്ട്രീയപരവും ആശയപരവുമായ അഭിപ്രായ വ്യത്യാസങ്ങളും എതിര്‍ ചിന്താഗതികളുമെല്ലാം ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇവിടെ രാഷ്ട്രീയമില്ല. പിന്നെ എല്ലാവരും പരസ്പരം ഒത്തൊരുമയോടെ നാടിനു വേണ്ടി പരമാവധി പരിശ്രമിക്കുന്നു. പി വി രാജേഷിന്റെ വാക്കുകളില്‍ സന്തോഷം സ്ഫുരിക്കുന്നു. സാഭിമാനം അദ്ദേഹം ഒരു നാടിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും നോക്കിക്കാണുകയാണ്. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. ഒത്തൊരുമയുണ്ടെങ്കില്‍ എന്തും സാധ്യമെന്നതിന്റെ തെളിവുകൂടിയാണ് പുല്ലമ്പാറ.

…………………………………………………………………………

Contact US: 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *