ചില ബന്ധങ്ങള്‍ ഒരു നിയോഗം പോലെ വന്നു ചേരുന്നവയാണ്. വീട്ടില്‍ അടച്ചുപൂട്ടിയിരുന്നാലും അങ്ങനെ ചിലതു സംഭവിക്കും. ഊന്നുകല്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരിയുമായുള്ള ബന്ധവും അത്തരത്തില്‍ ഒന്നായിരുന്നു. തിരക്കിട്ട് ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിനിടയിലാണ് ആധിപൂണ്ട മനസും കണ്ണുകളില്‍ നീര്‍ച്ചാലുകളുമായി ആ അയല്‍വാസിയെത്തിയത്. പ്രസവിക്കാന്‍ ഒരു മാസം കൂടി ബാക്കിനില്‍ക്കേ, എന്തോ കാരണവശാല്‍ വീണുപോയൊരാടിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു അന്നു ഞാന്‍.
പക്ഷേ, അത്യാസന്നനിലയിലായിരുന്ന ആ ആടിനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനു പകരം ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു അവര്‍. ഒരുപക്ഷേ, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അന്ന് ആ അമ്മയാടിന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞു രക്ഷപ്പെടുമായിരുന്നു. ആടിനെ ഡോക്ടര്‍ വീട്ടിലെത്തി പരിശോധിക്കട്ടെ എന്ന വീട്ടുകാരുടെ നിര്‍ബന്ധ ബുദ്ധികാരണം ആ മിണ്ടാപ്രാണി കുറെ വേദന തിന്നു. ഒടുവില്‍, 40 കിലോമീറ്റര്‍ അകലെ, കൂടുതല്‍ സൗകര്യമുള്ള തൊടുപുഴ മൃഗാശുപത്രിയില്‍ എത്തിച്ച് ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴേക്കും ആ കുഞ്ഞ് മരിച്ചിരുന്നു. കുറെയേറെ പൈസയും ചെലവായി. ആദ്യമേതന്നെ ആടിന് അടിയന്തിര വൈദ്യസഹായം നല്‍കിയിരുന്നെങ്കില്‍ ആ അമ്മയ്ക്ക് അതിന്റെ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നു… മൃഗമായാലും ഗര്‍ഭിണിയായിരുന്ന അവള്‍ മരണതുല്യമായ വേദനയിലൂടെ കടന്നുപോകില്ലായിരുന്നു. അത്രമാത്രം പണനഷ്ടവും ഉണ്ടാകില്ലായിരുന്നു……
അതേക്കുറിച്ചു വിശദമായി ഒരു കുറിപ്പില്‍ മുന്‍പ് ഞാനെഴുതിയിരുന്നു.
അതിനു ശേഷമാണ് ഡോക്ടര്‍ രാജേശ്വരിയെ കൂടുതലായി ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും സ്വന്തം ജോലി കണിശതയോടെ ചെയ്യുന്നൊരു ഡോക്ടര്‍. ആടിന് എന്തുസംഭവിച്ചു എന്ന് പിന്നീടവര്‍ എന്നെ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു…..
പക്ഷേ, ഡോക്ടര്‍ക്ക് എവിടെയെങ്കിലുമൊന്നു ചുവടു പിഴച്ചുവോ…?? എന്തിനാണ് ഊന്നുകല്ലിലെ ഒരുവിഭാഗം കര്‍ഷകര്‍ ഡോക്ടര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്…?? ഇതൊരു വൈരാഗ്യം തീര്‍ക്കല്‍ മാത്രമോ….??
മനുഷ്യരെ ചികിത്സിക്കുന്ന ആതുരാലയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മൃഗാശുപത്രികള്‍. മനുഷ്യരെയാകുമ്പോള്‍ ഡോക്ടര്‍മാര്‍ വീടുകളില്‍ പോയി ചികിത്സിക്കേണ്ടതില്ല. ചികിത്സ ആവശ്യമുള്ളവര്‍ ആശുപത്രികളില്‍ ഏതുവിധേനയും എത്തിച്ചേരും. എന്നാല്‍ മൃഗഡോക്ടര്‍മാരുടെ അവസ്ഥ അതല്ല. ആശുപത്രികളിലും വീടുകളിലും അവര്‍ ചെന്നെത്തേണ്ടതുണ്ട്. പക്ഷേ, മൃഗങ്ങളെ ആശുപത്രികളില്‍ എത്തിക്കുന്നതിനു വേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുവാനായി മൃഗഡോക്ടര്‍മാരെ വീടുകളിലേക്ക് വിളിച്ചുവരുത്തുന്ന പ്രവണതയാണ് പൊതുവേ കണ്ടുവരുന്നത്. ആശുപത്രി സേവനം ഉപയോഗപ്പെടുത്തുന്നവരെ കുറച്ചൊന്നുമല്ല ഇത്തരക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്.
രാവിലെ 9 മണിമുതല്‍ വൈകിട്ട് 3 മണി വരെ ഡോക്ടറുടെ ഡ്യൂട്ടി സമയമാണ്. ഈ സമയത്ത് ഒരു മൃഗഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കണമെന്നതാണ് നിയമം. വളരെ അടിയന്തിരമായ ആവശ്യങ്ങള്‍ക്കല്ലാതെ ഈ സമയത്ത് ഒരു ഡോക്ടറെ വീടുകളിലെ ചികിത്സയ്ക്ക് വിളിച്ചു വരുത്താന്‍ പാടുള്ളതല്ല. എന്നിരുന്നാലും, ആശുപത്രിയില്‍ മൃഗങ്ങളെ എത്തിക്കാനുള്ള മടിമൂലം പലരും ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. മറ്റു നിരവധി പേര്‍ക്ക് ലഭിച്ചേക്കാവുന്ന സേവനം അവരെ വീട്ടിലേക്കു വിളിച്ചു വരുത്തുന്നതിലൂടെ ഒരാളിലേക്കു മാത്രമായി ചുരുങ്ങുകയാണ് എന്ന ചിന്തയും ആരെയും അലട്ടാറില്ല. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്തുന്നതിന് ഡോക്ടര്‍ക്കെതിരെ വന്‍പ്രക്ഷോഭം അരങ്ങേറുന്നുണ്ട്. ഡ്യൂട്ടി സമയത്ത് വീടുകളിലെത്തി ചികിത്സ നല്‍കുമ്പോള്‍ പലപ്പോഴും മരുന്നുകള്‍ ഡോക്ടര്‍ തന്നെ വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. ഈ മരുന്നിനും വാടകയ്‌ക്കെടുത്ത വണ്ടിയ്ക്കും പണം ഈടാക്കാറുണ്ട്. എന്നാല്‍, ഇവയെല്ലാം ഡോക്ടര്‍ ചോദിച്ചു വാങ്ങുന്ന കൈക്കൂലി ഇനത്തില്‍ പെടുത്തി ഡോക്ടര്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ചിലര്‍.
ചില വ്യക്തികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് നിന്നുകൊടുത്തില്ല എന്ന കാരണത്താല്‍ വ്യക്തിവൈരാഗ്യം തീര്‍ത്ത് ആ ഡോക്ടറുടെ ജോലിയെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മരുന്നുമാറി കുത്തിവച്ചും ചികിത്സപ്പിഴവു മൂലവും തങ്ങളുടെ പശുക്കളും ആടുകളും ചത്തൊടുങ്ങി എന്നുമുള്ള പരാതികളും ഡോക്ടര്‍ക്കെതിരെയുണ്ട്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയോ തുടര്‍ അന്വേഷണത്തില്‍നിന്നും കണ്ടെത്തിയ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല ഡോക്ടര്‍ക്കെതിരെ ഈ കുറ്റങ്ങള്‍ ആരോപിച്ചിരിക്കുന്നത്. ഡോക്ടര്‍ കുത്തിവച്ചു കൊന്നു എന്ന് ആരോപിച്ചതില്‍ പേബാധിച്ച ഒരു പോത്തുമുണ്ട്.
ഒരു മനുഷ്യന്റെ ജോലിയില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് എന്തിനാണ് ആ വ്യക്തിയുടെ കുടുംബാംഗങ്ങളെയും ഒന്നുമറിയാത്ത കുഞ്ഞുങ്ങളെയും ബലിയാടാക്കുന്നത്?? ആരോപണവിധേയരായത് ഒരു സ്ത്രീയാണെങ്കില്‍, അവരെ നേരിടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഭാഷ തരംതാഴാവുന്നതിനും അപ്പുറത്താകുന്നു. വെളിയിലിറങ്ങി സ്വന്തം തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ ഏറ്റവും മ്ലേച്ഛമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. ഇത് അത്യന്തം എതിര്‍ക്കപ്പെടേണ്ടതാണ്.
ആ ഡോക്ടര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ അന്വേഷണം നടത്താനും ശിക്ഷ വിധിക്കാനും ഇവിടെയൊരു ഭരണസംവിധാനമുണ്ട്. അതല്ലാതെ അവര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും പുറത്തിറങ്ങാന്‍ പോലുമാവാത്ത വിധം ജീവിതം ദുസ്സഹമാക്കുകയുമല്ല വേണ്ടത്. ഡോക്ടര്‍ രാജേശ്വരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് വിദേശത്താണ്. നാട്ടിലെ കാര്യങ്ങളില്‍ യാതൊരു തരത്തിലും ഇടപെടാത്ത ആ മനുഷ്യനെപ്പോലും വെറുതെവിടുന്നില്ല ചിലര്‍.
ഈ പ്രശ്നത്തില്‍ ഡോക്ടര്‍ രാജേശ്വരിയുടെ ഭാഗത്തു നിന്നും ചില ശ്രദ്ധക്കുറവ് ഉണ്ടായതായി മൃഗസംരക്ഷണവകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോക്ടര്‍ ഹരികുമാര്‍ അഭിപ്രായപ്പെട്ടു. തനിക്കെതിരെ വന്ന ആരോപണങ്ങളെ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍ക്ക് കഴിയാതെ പോയി എന്നും അദ്ദേഹം വിലയിരുത്തി. ഡോക്ടര്‍ക്കെതിരെ മൂന്നുപരാതികളാണ് തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്നും ആ പരാതികളെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വേദന അനുഭവിക്കുന്നത് മൃഗങ്ങളാണെങ്കില്‍ അവയെ പരമാവധി അവഗണിക്കാനുള്ള ഒരു പ്രവണത ചില മനുഷ്യരിലുണ്ട്. മൃഗങ്ങള്‍ തനിയെ പ്രസവിക്കുകയാണ് ചെയ്യുക. ആശുപത്രിയിലേക്ക് അവയെ മാറ്റാറില്ല. പക്ഷേ, അവര്‍ക്കും ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ആ സമയങ്ങളില്‍ ഡോക്ടര്‍ വരും വരെ കാത്തിരിക്കാതെ എത്രയും വേഗം മൃഗങ്ങളെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. അതിനു മുതിരാതെ, മൃഗങ്ങളുള്ള ഓരോ വീടുകളിലും ഡോക്ടര്‍ നേരിട്ടെത്തി പരിശോധിക്കണമെന്നത് പ്രായോഗികമായ കാര്യമല്ല.
ഡ്യൂട്ടി സമയത്തെ സേവനം തികച്ചും സൗജന്യമാണെങ്കിലും അതിനു ശേഷമുള്ള സമയം സ്വകാര്യ പ്രാക്ടീസ് നടത്താനും ഫീസ് വാങ്ങാനും ഒരു മൃഗഡോക്ടര്‍ക്ക് അനുവാദമുണ്ട്.
ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ മാറണം. ഒപ്പം, ഏതുപാതിരാത്രിയിലും മൃഗങ്ങളുടെ രക്ഷയ്ക്കെത്തുന്ന ഡോക്ടറുടെ ആത്മവീര്യത്തെ തളര്‍ത്താനും പാടില്ല. വ്യക്തിഹത്യകളും ആക്ഷേപങ്ങളും കുടുംബാംഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും പ്രശ്നങ്ങള്‍ക്കു പരിഹാരവുമല്ല. ഡോക്ടര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാന്‍ ഇവിടെയൊരു നിയമസംവിധാനമുണ്ട്. അതോടൊപ്പം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ ആജ്ഞ അനുസരിക്കേണ്ടവരാണെന്ന പൊതുവികാരത്തിനു മാറ്റം വരികയും വേണം. ആരും ആരുടെയും ഉടമയല്ല, അടിമയും…..
…………………………………………….
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ
Kindly post meaningful comments under each articles, which is useful for every readers…