ബലാത്സംഗം: ഇന്ത്യ മുന്നിലെന്ന അപവാദപ്രചാരണം എന്തിനു വേണ്ടി?

Jess Varkey Thuruthel

ലോകത്തില്‍ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് പ്രചരിപ്പിക്കുന്നത് ഏതു ഡാറ്റയുടെ അടിസ്ഥാനത്തിലാണ്? ഇന്ത്യയിലെ ബലാത്സംഗക്കണക്ക് കൃത്യമായി മനസിലാക്കിയിട്ടാണോ ഈ കുറ്റം ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ പുരുഷന്മാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്? സ്ത്രീകളെ കാണുന്ന മാത്രയില്‍ ബലാത്സംഗം ചെയ്യുന്ന വെറും അധമന്മാരായി കേരളത്തിലെ പുരുഷന്മാരെ ചിത്രീകരിക്കുന്നത് ആര്? എന്തിനു വേണ്ടി? സമ്പത്തിന്റെയും പുരോഗതിയുടെയും ടെക്നോളജിയുടെയും കാര്യത്തില്‍ പിന്നിലായിരിക്കാം. പക്ഷേ, ഇന്ത്യയിലെ പുരുഷന്മാരുടെ തലയിലേക്ക് ബലാത്സംഗ കുറ്റകൃത്യത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പ് കുറഞ്ഞപക്ഷം ഈ ഡാറ്റയെങ്കിലും പരിശോധിച്ചേ മതിയാകൂ.

ഉഭയകക്ഷി സമ്മതപ്രകാരം ആരുമായി വേണമെങ്കിലും സെക്‌സ് ആസ്വദിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളാണ് അമേരിക്കയും യുകെയും ജര്‍മ്മനിയും ഓസ്‌ട്രേലിയയുമെല്ലാം. സെക്‌സ് ചോദിക്കുന്നത് മാന്യതയായി കണക്കാക്കുന്ന രാജ്യങ്ങള്‍ ആണിവ. അതിനാല്‍ ഈ രാജ്യങ്ങളില്‍ ബലാത്സംഗനിരക്ക് വളരെ കുറവാണ് എന്നാണു നിങ്ങള്‍ കരുതിയിരിക്കുന്നതെങ്കില്‍ കേട്ടോളൂ, ഇന്ത്യയല്ല, മറിച്ച് അമേരിക്കയാണ് ലോകത്തില്‍ ബലാത്സംഗ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്! ഇംഗ്ലണ്ടിനും വെയില്‍സിനും പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ!! എന്നിട്ടും പറയുന്നു, ഇന്ത്യ ബലാത്സംഗികളുടെ നാടാണെന്ന്! ഇവിടെയുള്ള ആണുങ്ങളെല്ലാം തൂക്കിയിട്ടു നടക്കുന്നത് ബലാത്സംഗം ചെയ്യാനാണെന്ന്! പെണ്ണിനെ കാണുന്ന മാത്രയില്‍ ഭോഗിക്കാന്‍ വിറളിപൂണ്ടു നടക്കുന്ന ആണഹന്തയാണ് ഇവിടെയുള്ളതെന്ന്!!

ലോകത്തിലേക്കും വച്ചേറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക. അതിസമ്പന്ന രാഷ്ട്രം. ജനസംഖ്യയും തുലോം കുറവ്. പക്ഷേ, ബലാത്സംഗത്തില്‍ ലോകത്തെയാകെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം അമേരിക്കയാണ്. ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്‌സിറ്റി (George Mason University) നടത്തിയ ആഗോള മാനഭംഗക്കണക്കു (Worldwide Sexual Assault Statistics) പ്രകാരം അമേരിക്കയില്‍ മൂന്നില്‍ ഒരു സ്ത്രീ അവരുടെ ജീവിതകാലത്തിനിടയില്‍ ബലാത്സംഗത്തിന് ഇരയാകുന്നു. അതായത്, 19.3% സ്ത്രീകളും 2% പുരുഷന്മാരും അവരുടെ ജീവിതത്തിനിടയില്‍ ഒരുതവണ ബലാത്സംഗത്തിന് ഇരയാകുന്നു. ഇതുകൂടാതെ, 43.9% സ്ത്രീകളും 23.4% പുരുഷന്മാരും മറ്റു പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 83% പേരാണ് അമേരിക്കയില്‍ പല രീതിയിലുള്ള ശാരീരികാതിക്രമത്തിന് ഇരയാകുന്നത് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

അമേരിക്കയില്‍ ഓരോ 107 സെക്കന്റിലും ഒരാള്‍ ലൈംഗികാക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്ക്. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ ഏകദേശ പ്രായം 12 വയസോ അതിനു മുകളിലോ ആണ്. ലോകപോലീസായ അമേരിക്കയില്‍ ബലാത്സംഗക്കേസിലെ പ്രതികളില്‍ 98 ശതമാനവും ഒരു ദിവസം പോലും ജയിലില്‍ അടയ്ക്കപ്പെട്ടിട്ടില്ല! എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. ബലാത്സംഗികള്‍ക്കു ശിക്ഷ ലഭിക്കുന്നുണ്ട്.

അമേരിക്കയിലെ നീതിന്യായ വകുപ്പിന്റെ കണക്കു പ്രകാരം അമേരിക്കന്‍ ജയിലുകളില്‍ ഓരോ വര്‍ഷവും 216,000 പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ജയിലില്‍ ബലാത്സംഗത്തിന് ഇരയാകുന്നവരില്‍ കൂടുതലും പുരുഷന്മാരാണ്. ഇവിടെ, ബലാത്സംഗങ്ങള്‍ അധികവും നടക്കുന്നത് വീട്ടകങ്ങളിലാണ്.

യു കെയില്‍, 2021 ലെ കണക്കു പ്രകാരം 67,000 ബലാത്സംഗ ലൈംഗികാതിക്രമക്കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2020 വര്‍ഷത്തെക്കാള്‍ 13% വര്‍ദ്ധന! ഇവരില്‍, 250,000 പേരും കൗമാരക്കാരായ പെണ്‍കുട്ടികളാണ്. അതേസമയം, ബലാത്സംഗത്തിനു ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വളരെ കുറവാണ് ഇംഗ്ലണ്ടിലും രേഖപ്പെടുത്തിയിരിക്കുന്നത്. തെളിവായി തങ്ങളുടെ ഫോണുകള്‍ കൈമാറണമെന്ന ആവശ്യത്തെത്തുടര്‍ന്ന് കേസില്‍ നിന്നും പരാതിക്കാര്‍ പിന്‍മാറുന്നതാണ് ബലാത്സംഗികള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ കാരണം. ഫോണ്‍ കൈമാറിയാല്‍പ്പോലും കുറ്റകൃത്യം ചെയ്തു എന്നതിന് മതിയായ തെളിവുകല്‍ ഇല്ലെന്ന പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ഇനി ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ നിലവിലെ ജനസംഖ്യ നൂറുകോടിക്കും മുകളിലാണ്. 2013 ലെ കണക്കു പ്രകാരം ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 33,707 പേരാണ്. അതായത്, ഇന്ത്യയില്‍ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നു എന്നര്‍ത്ഥം. എന്നാല്‍, അമേരിക്കയിലാകട്ടെ, ഓരോ 102 സെക്കന്റിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നു. നമ്മുടെ നാട്ടില്‍ ബലാത്സംഗികളില്‍ ഭൂരിഭാഗവും ഇരയുടെ ഉറ്റവരോ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണ്.

ന്യൂസിലാന്റില്‍ മൂന്നില്‍ ഒരു പെണ്‍കുട്ടിയും ആറില്‍ ഒരാണ്‍കുട്ടിയും 16 വയസിനിടയില്‍ ഒരുതവണ ബലാത്സംഗത്തിന് ഇരയാകുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും ബലാത്സംഗ നിരക്കില്‍ 15% വര്‍ദ്ധനവാണ് ഇവിടെ. ഏതാണ്ട് 91 ശതമാനം ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പോലീസില്‍ നിന്നോ പ്രതികളുടെ ഭാഗത്തുനിന്നോ ഉള്ള ഭീഷണികള്‍ മൂലം ഇരകള്‍ കേസില്‍ നിന്നും പിന്മാറുകയാണ് പതിവ്.

കാനഡ, ആസ്ട്രേലിയ, സിംബാബ്വേ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

സ്ത്രീകളെ കാണുന്ന മാത്രയില്‍ കയറിപ്പിടിക്കുന്നവരാണ് ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ പുരുഷന്മാര്‍ എന്നാണ് അവര്‍ക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം. ഈ ഒരു തെറ്റിദ്ധാരണ മനസില്‍ വച്ചാണ് പല മാധ്യമങ്ങളും ഓരോരോ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതു തന്നെ. ഇന്റര്‍നെറ്റില്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ വിവരങ്ങളില്‍പ്പോലും ഇത്തരത്തില്‍ കള്ളത്തരം പടച്ചു വിടുന്നത് എന്തിനാണ്? ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഇത്തരത്തില്‍ താറടിച്ചു കാണിച്ചിട്ട് ഇവര്‍ക്കു ലഭിക്കുന്ന ഗുണമെന്താണ്? സ്വന്തം രാജ്യത്തെക്കുറിച്ച് ആത്മാഭിമാനമുള്ള ഒരാളുപോലും ചെയ്യാത്ത കാര്യമാണിത്.

വസ്ത്രസ്വാതന്ത്ര്യവും സ്ത്രീ സമത്വവും ആവോളം അനുവദിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടണും കാനഡയും ഓസ്ട്രേലിയയുമെല്ലാം. ജനസംഖ്യയും തീരെ കുറവ്. എന്നിട്ടും ബലാത്സംഗ നിരക്കില്‍ അവര്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. നൂറുകോടിക്കൂം മുകളില്‍ ജനങ്ങളുള്ള, അതില്‍പ്പാതിയും ദരിദ്രരരായ, സാധാരണക്കാരായ മനുഷ്യരെ ബലാത്സംഗികളാക്കി മാറ്റുകയാണ് ഇന്നാട്ടുകാര്‍.

നമുക്ക് നമ്മുടെ നാടിനെക്കുറിച്ച് അഭിമാനമാണ് വേണ്ടത്. പാശ്ചാത്യവും പാശ്ചാത്യരുമെല്ലാം മികച്ചതെന്നും ഇന്ത്യയും ഇന്ത്യയിലുള്ളതും ഇന്ത്യക്കാരും മ്ലേച്ഛവുമെന്ന ചിന്തയും മാറിയേ തീരൂ. ബലാത്‌സംഗികളുടെ നാടാണ് ഇന്ത്യ എന്ന പ്രചാരണം അവസാനിപ്പിക്കണം. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഇന്ത്യന്‍ പുരുഷനുമേല്‍ അനാവശ്യമായി അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഈ അപമാനഭാരം മാറിയേ തീരൂ. ഈ ലേഖനത്തിന് ആധാരമാക്കിയ വിവരങ്ങളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.


Sources: 

https://www.wonderslist.com/10-countries-highest-rape-crime/
https://gazettereview.com/top-10-countries-highest-rape-crime-rates/
https://www.top10about.com/countries-with-highest-rape-cases/

Leave a Reply

Your email address will not be published. Required fields are marked *