വൈവാഹിക ബലാത്സംഗം: ആദ്യം പൊരുതി തോല്‍പ്പിക്കേണ്ടത് സ്വന്തം ഭയത്തെ

 

Jess Varkey Thuruthel & D P Skariah

നിയമങ്ങള്‍ ധാരാളം കൂട്ടിനുണ്ടാകാം, പക്ഷേ, ജനിച്ചുവീഴുന്ന നാള്‍ മുതല്‍ പെണ്‍മനസുകളില്‍ പാകിമുളപ്പിച്ചെടുക്കുന്ന പേടിയുടെ വിഷവിത്തുകള്‍ പിഴുതുമാറ്റാതെ അവള്‍ക്കൊരു അതിജീവനം സാധ്യമല്ല…

ആറാംക്ലാസുകാരന്‍ എട്ടാംക്ലാസുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് അന്നവള്‍ വീട്ടില്‍ വന്നു പറഞ്ഞത്. ഇനി താന്‍ സ്‌കൂള്‍ ബസില്‍ പോകുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ പൊതു ഗതാഗതത്തെ ആശ്രയിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞു.

അപ്പോഴാണ് വീട്ടിലെ വല്യമ്മച്ചി വക കമന്റ്. എത്ര വലിയ പെണ്ണായാലും നിയന്ത്രിക്കാന്‍ നരുന്തു പോലൊരു ചെറുക്കന്‍ മതിയാവുമത്രെ…! പെണ്ണ് എത്ര വളര്‍ന്നാലും കായികമായി ആണിനെ തോല്‍പ്പിക്കാന്‍ കഴിയില്ലത്രെ….!!

ഒരു പെണ്‍കുഞ്ഞ് ഈ ഭൂമിയിലേക്കു പിറന്നു വീഴുന്ന കാലം മുതല്‍ അവളുടെ കാതില്‍ മുതിര്‍ന്നവര്‍ പാകിമുളപ്പിക്കുന്ന ഭയത്തിന്റെ വിത്തുകളാണിത്. അവള്‍ വളരുന്നതിനനുസരിച്ച് ആ വിത്തു കരുത്തോടെ മുളച്ചു പൊന്തും, ജീവിതാവസാനം വരെ അതവളുടെ കൂടെ വളരും. ശാഖകളും ഉപശാഖകളുമായി പടര്‍ന്നു പന്തലിക്കുകയും ചെയ്യും.

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു പറഞ്ഞു പഠിപ്പിച്ച മനുസ്മൃതിയും പുരുഷന്‍ സ്ത്രീയുടെ ശിരസാണെന്നു പറഞ്ഞുവച്ച ക്രിസ്തു മതവും പെണ്ണിന്റെ കണ്ണുപോലും വെളിയില്‍ കാണരുതെന്നു ശഠിക്കുന്ന ഇസ്ലാം മതവും അതിലെ സകല വിശ്വാസികളും ചേര്‍ന്ന് നരകം തീര്‍ത്ത ഭൂമികയില്‍ നിന്നുകൊണ്ടാണ് ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവു നടത്തുന്ന ലൈംഗിക വേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിയുണ്ടായിരിക്കുന്നത്.

മനുഷ്യനെന്ന പരിഗണനയോടെ ഈ ഭൂമിയില്‍ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാനാവശ്യമായ നിയമങ്ങള്‍ നമ്മുടെ നാട് പെണ്ണിനു കൊടുക്കുന്നുണ്ട്. പക്ഷേ, അവളത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടെന്നതാണ് ചിന്തിക്കേണ്ടത്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍, സ്വന്തമായി വരുമാനമുണ്ടെങ്കില്‍ ജീവിതത്തിലെ ദുരിതങ്ങളെയെല്ലാം പൊരുതി തോല്‍പ്പിക്കാനാവുമെന്നും സ്വതന്ത്രയായി അവള്‍ ജീവിച്ചു കൊള്ളുമെന്ന വിശ്വാസത്തിന്റെ മുഖത്തേല്‍പ്പിച്ച അടിയായിരുന്നു ഈയിടെ ഒരു വനിത വക്കീല്‍ നടത്തിയ ആത്മഹത്യ. ജീവിക്കാന്‍ അവര്‍ക്കൊരു തൊഴിലുണ്ടായിരുന്നു, വിദ്യാഭ്യാസവും അറിവുമുണ്ടായിരുന്നു, നിയമങ്ങളെക്കുറിച്ചെല്ലാം അവര്‍ക്കറിയാമായിരുന്നു. പക്ഷേ, അവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ആത്മഹത്യ ആയിരുന്നു എന്നുമാത്രം…!

സ്വന്തം കസ്റ്റഡിയിലിരിക്കുന്ന ഒരു ഉരുപ്പടിയെ മറ്റൊരാളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്ന രീതിയാണ് ഇന്നും വിവാഹം. കന്യാദാനമെന്നും വിവാഹം കഴിപ്പിച്ചയക്കലെന്നും പറയുന്നതിലൂടെ സ്ത്രീകളുടെ ഉടമസ്ഥാവകാശ കൈമാറ്റമാണ് നടക്കുന്നത്. അതിനപ്പുറത്തേക്കു ചിന്തിക്കാന്‍ സ്ത്രീകളും അപ്രാപ്യരാകുന്നു എന്നതാണ് കഷ്ടം.

കണ്‍മുന്നിലെ ചില നഗ്നസത്യങ്ങള്‍…..

ആലുവ സ്വദേശിയായ മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് തന്റെ ഭര്‍ത്താവായ സുഹൈലിന്റെ ലൈംഗിക വൈകൃതത്തെ അതിജീവിക്കാന്‍ കഴിയാത്തതിനാലാണ്. പോണ്‍ സൈറ്റുകള്‍ക്ക് അടിമയായിരുന്ന ഇയാള്‍ അതുപോലെ അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, അടിമയെപ്പോലെ പണിയെടുപ്പിച്ചു. മൊഫിയയുടെ ശരീരത്തിലെ രഹസ്യഭാഗങ്ങൡ നിറയെ ഉണങ്ങിയതും അല്ലാത്തതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി പ്രേതപരിശോധനയില്‍ കണ്ടെത്തി. നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു മൊഫിയ.

കോഴിക്കോട്, പറമ്പില്‍ ബസാറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യയിലും സമാന രീതികളായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും, രഹസ്യഭാഗങ്ങളിലുള്‍പ്പടെ നിരവധി മുറിവുകള്‍……

പെണ്ണിനു മുന്നില്‍ കരുത്തു കാണിച്ചാണ് സ്വന്തം ആണത്തം തെളിയിക്കേണ്ടതെന്ന് ഇന്നും വിശ്വസിക്കുന്ന സ്ലീവാച്ചന്മാര്‍ ധാരാളമുള്ള നാടാണിത്. പെണ്ണിനെ കീഴ്‌പ്പെടുത്തുന്നതാണ് ലൈംഗികതയെന്നു വിശ്വസിക്കുന്നവര്‍. ആനയെ നിയന്ത്രിക്കാന്‍ ചെറിയൊരു തോട്ടി മതിയെന്നും പെണ്ണിനെ നിലയ്ക്കു നിറുത്തിയില്ലെങ്കില്‍ മദമിളകുമെന്നും അനുസരണക്കേടു കാണിക്കുമെന്നും വിശ്വസിക്കുകയും അതു ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന അനേകം പകല്‍മാന്യന്മാരായ പുരുഷന്മാരുള്ള നാട്.

പിറന്നുവീഴുന്ന പെണ്‍കുഞ്ഞുമുതല്‍ മരണം കാത്തുകിടക്കുന്ന വൃദ്ധ വരെ ബലാത്സംഗത്തിന് ഇരയാകുന്ന നാട്ടില്‍, മരിച്ചു കുഴിയില്‍ അടക്കം ചെയ്താലും സ്ത്രീശരീരം ആക്രമിക്കപ്പെടുന്ന നാട്ടില്‍, സ്വന്തം ശരീരത്തിനു നേരെ ഉയരുന്ന ആണിന്റെ കൈ തടയാനാവാതെ നിസ്സഹായയായി ഒരു പെണ്ണു നിന്നുപോയാല്‍, അതിനുത്തരം പറയേണ്ടത് അവളെ വളര്‍ത്തിയവരും അവള്‍ വളര്‍ന്ന സാഹചര്യവുമാണ്. തന്റെ ശരീരത്തെ ആക്രമിക്കുന്നവരെ നേരിടാനാവാത്ത വിധം ഭയമവളെ കീഴ്‌പ്പെടുത്തുന്നുണ്ടെങ്കില്‍ അക്കാലമത്രയും അവളില്‍ വളര്‍ന്നു പന്തലിച്ച ഭയത്തിന്റെ വൃക്ഷത്തിന്റെ കരുത്തും ശക്തിയും ഊഹിക്കാവുന്നതേയുള്ളു.

മരണതുല്യമായ ജീവിതത്തിലൂടെ കടന്നുപോയിട്ടും അതില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കാത്തത് നിയമത്തിന്റെ അഭാവം മൂലമല്ല, ഭയന്നിട്ടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലാതെ പോകുന്നത് വിദ്യാഭ്യാസമോ അറിവോ ഇല്ലാത്തതിനാലല്ല, ഭയന്നിട്ടാണ്. സ്വന്തമായി ജോലിയും ജീവിത മാര്‍ഗ്ഗവുമുണ്ടായിട്ടും പരാജയപ്പെട്ട വിവാഹ ജീവിതത്തിനു രക്ഷയായി സ്ത്രീ തെരഞ്ഞെടുക്കുന്നതു മരണമാണെങ്കില്‍ അതിനു കാരണം അവളിലെ ഭയമാണ്……

ഉറ്റവരെ, ഉടയവരെ, ബന്ധുക്കളെ, സുഹൃത്തുക്കളെ, കൂടെ കൂടുന്ന അഭ്യുദയകാംക്ഷികളെ, പിന്നെ ഈ സമൂഹത്തെയും….. ഈ ഭയത്തെ സധൈര്യം നേരിടാനും ജീവിതം പൊരുതി ജീവിക്കാനുമുള്ള ശക്തിയും കഴിവും ആര്‍ജ്ജിച്ചില്ലെങ്കില്‍ ഏതു നിയമം തുണയ്ക്കുണ്ടായി എന്നു പറഞ്ഞിട്ടും കാര്യമില്ല…..

അതിനാല്‍, പെണ്‍മനസുകളിലേക്ക് ഭയം കുത്തിനിറയ്ക്കും മുന്‍പ് ഓര്‍മ്മിക്കുക, നിങ്ങള്‍ തെളിയിച്ചു കൊടുക്കുന്നത് അവളുടെ ശവപ്പറമ്പിലേക്കുള്ള വഴിയാണ്….

Leave a Reply

Your email address will not be published. Required fields are marked *