Jess Varkey Thuruthel & D P Skariah
‘ഞാന്‍ നശിച്ചു, എനിക്കിനി നിങ്ങളുടെ ഭാര്യ ആയിരിക്കാന്‍ യോഗ്യതയില്ല. എന്നെ അവന്‍ നശിപ്പിച്ചു.’ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ജീവിതത്തിലായാലും സിനിമയിലായാലും സ്വീകരിക്കുന്ന നിലപാടാണ് ഇത്. നല്ല വൃത്തിക്കൊന്നു കഴുകു മോളെ അഴുക്കു പോകട്ടെ എന്ന മാധവിക്കുട്ടിയുടെ മാസ് ഡയലോഗ് ആണഹന്തയുടെ മുഖത്തേറ്റ അടി തന്നെയായിരുന്നു. ബലാത്സംഗം ചെയ്തു തോല്‍പ്പിക്കാമെന്നും പച്ച മാങ്ങ തീറ്റിക്കുമെന്നും ഞാനൊന്ന് പൂണ്ടുവിളയാടിയാല്‍ നീയൊക്കെ പത്തു മാസം കഴിഞ്ഞേ ഫ്രീ ആകുകയുള്ളുവെന്നുമുള്ള ഡയലോഗുകള്‍ക്കു മേല്‍ ആര്‍ത്തട്ടഹസിച്ച ആണഹന്ത. ഈ അഹന്തയെ നട്ടു നനച്ചു വളര്‍ത്തിയെടുക്കുന്ന സ്ത്രീകളുമുണ്ട്.
കാലം 2011 ഫെബ്രുവരി. എറണാകുളത്തുനിന്നും ഷൊര്‍ണൂര്‍ക്കു പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വച്ച് സൗമ്യ എന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി എന്ന ക്രിമിനല്‍ സൗമ്യയെ പുറത്തേക്കു തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഫെബ്രുവരി 6ന് മരിച്ചു. മകള്‍ മരിച്ച കഠിനവേദനയിലും പക്ഷേ, സൗമ്യയുടെ അമ്മയുടെ നാവില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ ഇതായിരുന്നു…. ‘അവള്‍ പോകട്ടെ, എല്ലാം നഷ്ടപ്പെട്ടിട്ട് ഇനിയവള്‍ ജീവിച്ചിരുന്നിട്ട് എന്തിന്….??’
സ്ത്രീ ശരീരം പരിശുദ്ധമാണെന്നും വിവാഹബന്ധത്തിലൂടെയുള്ള ശാരീരിക ബന്ധമല്ലാത്ത മറ്റെല്ലാം അശുദ്ധമെന്നും വിശ്വസിക്കുന്ന നിരവധി അനവധി സ്ത്രീ പുരുഷന്മാരുണ്ട് ഇവിടെ. കടലിങ്ങനെ ശാന്തമായി കിടക്കുന്നതിനു കാരണം തുറയിലെ പെണ്ണുങ്ങളുടെ പരിശുദ്ധിയാണെന്നു വിശ്വസിക്കുന്ന മനുഷ്യര്‍! ആണിന്റെ, കുടുംബത്തിന്റെ അഭിമാനം പെണ്ണിന്റെ പരിശുദ്ധിയിലാണെന്ന് മനസില്‍ അരക്കിട്ടുറപ്പിച്ചു ജീവിക്കുന്ന പ്രാകൃത മനുഷ്യര്‍…..
അവര്‍ക്കിടയിലേക്കാണ് വേറിട്ടൊരു പുരുഷ സ്വരമുയര്‍ന്നത്. ‘ഒന്നു കുളിച്ചാല്‍ തീരുന്ന പ്രശ്‌നത്തിന് അവളെന്തിനു കയറെടുത്തു…?’ ബലാത്സംഗം ചെയ്യപ്പെട്ടവര്‍ തലയില്‍ തുണിയിട്ട് കുറ്റവാളികളെപ്പോലെ കുനിഞ്ഞിരുന്ന് വീടിനു പുറത്തിറങ്ങാതെ ശിഷ്ടകാലം കഴിച്ചു കൂട്ടുന്ന കാഴ്ചകള്‍ക്കിടയില്‍ കരുത്തുറ്റ ഈ ആണ്‍ശബ്ദം ചെവികളില്‍ മുഴങ്ങിക്കേള്‍ക്കുന്നു….. ഒന്നു കുളിച്ചാല്‍ തീരുന്ന പ്രശ്‌നത്തിന്…..!
അപ്പന്‍ എന്ന സിനിമയില്‍, ചുറ്റിക കൊണ്ട് മണ്ണില്‍ ആഞ്ഞാഞ്ഞിടിച്ച്, കുര്യച്ചന്‍ എന്ന കഥാപാത്രം പറയുന്നതാണിത്. കേവലം 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അമ്പതോളം പുരുഷന്മാര്‍ 40 രാവും പകലും അതിക്രൂര പീഡനത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന സംഭവ പരമ്പരകള്‍ അരങ്ങേറിയത് 1996 ലായിരുന്നു. ഇന്നും അവള്‍ അറിയപ്പെടുന്നത് സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേരിലാണ്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുന്ന പ്രണയമെന്ന വികാരം മൊട്ടിട്ടു എന്നത് അക്ഷന്തവ്യമായ കുറ്റമായി ഈ സമൂഹം കണ്ടു. കേസില്‍ വാദം കേട്ട ജഡ്ജി പോലും അവളെ ബാലവേശ്യയെന്നു മുദ്രകുത്തി. ഭീഷണിപ്പെടുത്തിയും അതിക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയും ഭക്ഷണത്തില്‍ മയക്കു മരുന്നു നല്‍കിയുമാണ് ആ പെണ്‍കുട്ടിയെ കുറെ നരാധമന്മാര്‍ പീഡിപ്പിച്ചത്. അവരില്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍ പോലുമുണ്ടായിരുന്നു.
ബലാത്സംഗം ചെയ്യപ്പെട്ടവര്‍ സ്വീകരിക്കുന്ന ഏറ്റവും എളുപ്പ വഴിയാണ് ആത്മഹത്യ. തങ്ങള്‍ നശിച്ചു എന്നും തങ്ങളെ ഇനി ഒന്നിനും കൊള്ളില്ലെന്നും ഇനിയൊരു ജീവിതം പോലും സാധ്യമല്ലെന്നും അവര്‍ തീരുമാനിക്കുന്നു. അങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്‍ എത്തിപ്പെടുന്നതിനു പിന്നില്‍ അവര്‍ക്കു ചുറ്റുമുള്ളവരും വളരെ വലിയൊരു പങ്കാണ് വഹിക്കുന്നത്. നീ നശിച്ചു പോയി, നിന്നെയിനി എന്തിനു കൊള്ളാമെന്നും കുടുംബത്തിന് അപമാനമുണ്ടാക്കിയ നിനക്കൊന്നു പോയിത്തരാമോ എന്നുമുള്ള നിരന്തര ചോദ്യങ്ങള്‍ക്കും സമൂഹത്തിന്റെ അടക്കിച്ചിരികള്‍ക്കും ചുഴിഞ്ഞു നോട്ടത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മരണം തെരഞ്ഞെടുക്കുന്നു അവര്‍.
മറ്റു ചിലരാകട്ടെ, പിന്നീടുള്ള ജീവിതമത്രയും പൊതു സമൂഹത്തില്‍ നിന്നും അകന്ന്, പുറം ലോകം കാണാതെ, സ്വന്തം മുറിക്കുള്ളില്‍ ശേഷിച്ച കാലം കഴിച്ചു കൂട്ടുന്നു. തങ്ങള്‍ ശാരീരികമായി ആക്രമിക്കപ്പെട്ടത് തങ്ങളുടെ തന്നെ കുറ്റം കൊണ്ടാണെന്നു കരുതുന്നു ഇവര്‍. ഈ ചിന്താഗതിയാണ് പൊളിച്ചെഴുതേണ്ടത്. ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ജീവിതം അവസാനിപ്പിക്കുന്നതും ഒറ്റപ്പെട്ടു ജീവിക്കുന്നതും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. തല്ലിക്കൊല്ലേണ്ടതും ശിക്ഷിക്കേണ്ടതും പേപിടിച്ച രാക്ഷസരെയാണ്. അല്ലാതെ, അവരുടെ ആക്രമണത്തിന് ഇരയായവരല്ല ശിക്ഷ ഏറ്റുവാങ്ങേണ്ടത്.
ഇവിടെ ബലാത്സംഗങ്ങള്‍ കൂടാനും സ്ത്രീകള്‍ക്കു നേരെ ഇത്രയേറെ ആക്രമണങ്ങള്‍ ഉണ്ടാകാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്ത്രീകളുടെ ഈ നിലപാടുകള്‍ തന്നെയാണ്. അമൂല്യമായ എന്തോ ഒന്ന് തനിക്കു നഷ്ടമായി എന്ന് ഒരു സ്ത്രീ ചിന്തിക്കുകയും അതിന്റെ പേരില്‍ ജീവനൊടുക്കുകയോ ഇരുട്ടറയില്‍ സ്വയം തളച്ചിടപ്പെടുകയോ ചെയ്യുമ്പോള്‍ ഒന്നിനു പകരം ഒരായിരം ബലാത്സംഗികളിവിടെ ജനിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളോടും അവരുടെ കുടുംബങ്ങളോടും പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായും ബലാത്സംഗങ്ങള്‍ മാറാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളു. പെണ്ണിന്റെ ഭയന്നുള്ള കരച്ചിലുകളും വേദനിച്ചുള്ള നിലവിളികളും ഇവരെ ലൈംഗികോത്തേജനത്തിന്റെ കൊടുമുടികളില്‍ എത്തിക്കുന്നു.
ഈ അവസ്ഥയ്ക്കാണു മാറ്റമുണ്ടാകേണ്ടത്. പേപിടിച്ച നായ്ക്കളെ തല്ലിക്കൊന്നേ തീരൂ. അതിന് ആദ്യം വേണ്ടത് കടിയേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് നല്ല വൃത്തിയില്‍ കഴുകുക എന്നതാണ്. എന്നിട്ട് നിവര്‍ന്നു നില്‍ക്കണം, തളരാതെ പൊരുതണം, പേപിടിച്ചവര്‍ക്ക് തക്ക ശിക്ഷ കിട്ടും വരെ തളരാതെ പൊരുതാന്‍ പെണ്ണിനു കഴിയണം. കൂടെ ആരും ഉണ്ടാകില്ലെന്നു കരുതരുത്. ലൈംഗികതയെ അതിന്റെതായ ബഹുമാനത്തോടെ കാണുന്ന, സ്വമനസാലെ ആസ്വദിക്കുമ്പോഴാണതിനു മേന്മയും ഗുണവുമുണ്ടാകുന്നതെന്നും അപ്പോള്‍ മാത്രമേ അത് ആസ്വാദ്യകരമാകുകയുള്ളുവെന്നും വിശ്വസിക്കുന്ന അനേകമനേകം കുര്യച്ചന്മാരുള്ള നാടാണിത്. അവരുടെ എണ്ണം വളരെ കുറവായിരിക്കാം. പക്ഷേ, അവര്‍ തരുന്ന കരുത്ത് നട്ടെല്ലുയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ ഏതൊരു പെണ്ണിനും പ്രചോദനം നല്‍കും. എന്നിട്ടവള്‍ സ്വയം ചോദിക്കണം, ഒന്നു കുളിച്ചാല്‍ തീരുന്ന പ്രശ്‌നത്തിന് ഞാനെന്തിനു കയറെടുക്കണമെന്ന്…! ആ പെണ്‍കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ബലാത്സംഗിക്കും സാധിക്കില്ല.
ലൈംഗികത പാപമല്ല, മറിച്ച് ഓരോ ജീവന്റെയും തുടിപ്പാണത്. ഈ ഭൂമിയില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ഒന്ന്. പരസ്പര ബഹുമാനത്തോടെ, ഇഷ്ടത്തോടെ, സ്‌നേഹത്തോടെ ഏര്‍പ്പെടുമ്പോള്‍ മാത്രമേ അത് അനിര്‍വ്വചനീയമായ ഒന്നായി മാറുകയുള്ളു. അത്തരമൊരു ഇണയ്ക്കു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ ഏതൊരു സ്ത്രീയും തയ്യാറാണ്. പക്ഷേ, പിടിച്ചു പറിച്ചിട്ടായാലും ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ മതി എന്നു കരുതുന്ന ചതിച്ചും വഞ്ചിച്ചും ബലം പ്രയോഗിച്ചും അതു നേടിയെടുക്കുന്ന ആണ്‍വര്‍ഗ്ഗത്തിന് തക്ക ശിക്ഷ കൊടുത്തേ മതിയാകൂ. അതിനു വേണ്ടത് സ്ത്രീയൊരു ജ്വാലയാവുക എന്നതാണ്…. ഉള്ളില്‍ നിന്നും ഉരുകിയെത്തുന്ന ആ ജ്വാലയില്‍ ഓരോ ബലാത്സംഗിയും കത്തിച്ചാമ്പലാവണം.
അപ്പന്‍ സിനിമയിലെ അപ്പനെപ്പോലെ, ഈ ലോകത്തു ജീവിക്കാന്‍ യാതൊരവകാശവുമില്ലാത്ത ഒട്ടനവധി പേരുണ്ട്. അത്തരക്കാര്‍ ചത്തു തുലയാന്‍ വേണ്ടി വ്രതം നോറ്റിരിക്കുന്നവര്‍. ചതിച്ചും പിടിച്ചു പറിച്ചും കയറിപ്പിടിച്ചും കീഴടക്കിയും സ്ത്രീ ശരീരം ആസ്വദിക്കുന്ന ഇട്ടിച്ചന്മാര്‍ക്കു മുന്നില്‍ വിജയിച്ചു നില്‍ക്കാന്‍ ചത്തുതുലയുകയല്ല വേണ്ടത്. പൊരുതി നില്‍ക്കണം അവസാന ശ്വാസം വരെയും…… ചുറ്റിക കൊണ്ട് ആ ശരീരത്തെ ജീവച്ഛവമാക്കി, എഴുന്നേല്‍ക്കാന്‍ ശേഷിയില്ലാത്തതാക്കി, പുഴുവിനെപ്പോലെ ഇഴഞ്ഞു നടക്കുന്നതു കാണാന്‍ ആ കാഴ്ച കണ്‍നിറയെ കണ്ടാസ്വദിക്കാന്‍ ആക്രമണത്തിന് ഇരയായ ഓരോ പെണ്ണിനും കഴിയണം. അതിനവള്‍ തല ഉയര്‍ത്തിപ്പിടിട്ടു നിന്നേ തീരൂ……