കാടിറങ്ങുന്ന മൃഗങ്ങള്‍: യാഥാര്‍ത്ഥ്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

സഖറിയ

മുമ്പെങ്ങുമില്ലാത്ത വിധം ഭൂമിയില്‍ ഒരു കലഹം നടക്കുകയാണ്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം. വിശപ്പിന് ആഹാരം തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന മൃഗങ്ങള്‍. തങ്ങളുടെ അത്യധ്വാനം മുഴുവന്‍ നശിപ്പിക്കുന്ന മൃഗങ്ങളെ ഏതു രീതിയില്‍ പിന്തിരിപ്പിക്കണമെന്നറിയാതെ നിസംഗരായി നില്‍ക്കുന്ന മനുഷ്യരും.

എവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം? എന്താണ് പരിഹാരം? എവിടെ, എങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്? മൃഗങ്ങളെ ശത്രുക്കളായി കാണേണ്ട കാര്യമുണ്ടോ? കാട്ടില്‍ അവര്‍ക്ക് ശാശ്വതമായ ആവാസ വ്യവസ്ഥയുണ്ടാക്കാന്‍ കഴിയില്ലേ?

ആധുനികതയെ വാരിപ്പുണരുമ്പോള്‍ അവ പ്രകൃതിക്കേല്‍പ്പിക്കുന്ന തിരിച്ചടികള്‍ മനസിലാക്കാന്‍ മനുഷ്യര്‍ക്കു സാധിക്കുന്നില്ല. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ക്കു പരിഹാരം കാണാന്‍ ഭരിക്കുന്നവര്‍ക്കും കഴിയുന്നില്ല. ഒന്നുറപ്പാണ്, പ്രകൃതിക്ഷോഭമായാലും കാട്ടുമൃഗങ്ങളുടെ ആക്രമണമായാലും പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍ മനുഷ്യര്‍ തന്നെ. കാരണം, മാറ്റമുണ്ടാകേണ്ടത് മനുഷ്യരുടെ ചിന്താഗതിയിലാണ്, പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളുമുള്‍പ്പെടുന്ന ഒരു ജൈവ ശൃംഘല ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നിടത്താണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം. മനുഷ്യന്‍ ഒരു ബോധ്യമുണ്ടാക്കേണ്ടിയിരിക്കുന്നു. മറ്റേതു കാര്യത്തില്‍ സ്വാശ്രയ ബോധ്യം വളര്‍ത്തിയാലും പ്രകൃതിയോടു സഹവര്‍ത്തിക്കാതെ മനുഷ്യനു ജീവിതം സാധ്യമല്ല. അതുകൊണ്ടു തന്നെ, പവിത്രമായ സ്‌നേഹത്തിന്റെ വലയിലാവണം മനുഷ്യനും പ്രകൃതിയും.

അനിയന്ത്രിതമായ രീതിയില്‍ അധിനിവേശ സസ്യങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവ നമ്മുടെ പ്രാദേശിക ജൈവ വൈവിധ്യത്തെ അപ്പാടെ നശിപ്പിച്ചുകൊണ്ടാണ് വളരുന്നത്. തനതു സസ്യങ്ങളുടെയും പ്രാദേശിക ജൈവ വൈവിധ്യങ്ങളുടേയും നാശത്തിനു കാരണമാകുന്ന കെമിക്കലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇവ മണ്ണിന്റെ സ്വാഭാവിക ഘടനയെയും സൂക്ഷ്മ പരിസ്ഥിതിയെയും ഇവയുടെ മാത്രം വളര്‍ച്ചയ്ക്കായി മാറ്റിയെടുക്കുന്നു. അതോടെ, എത്രയേറെ പിഴുതു കളഞ്ഞാലും അതിലും വേഗതയില്‍ ഇവ പടര്‍ന്നു പിടിക്കുന്നു. മൃഗങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വിശപ്പടക്കാന്‍ ആവശ്യമായ സസ്യലതാദികളെയെല്ലാം നശിപ്പിച്ചു കൊണ്ടാണ് ഇവയുടെ വളര്‍ച്ച.

നമ്മുടെ വനങ്ങളില്‍ സംഭവിക്കുന്നതെന്താണ്? വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി എം സാദിഖ് അലിയുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

കാട്ടില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത കുറയുമ്പോഴാണ് മൃഗങ്ങള്‍ കാടിറങ്ങുകയും ജനവാസ മേഖലയിലേക്ക് എത്തുകയും ചെയ്യുന്നത്. ഫലമൂലങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതിനു പരിഹാരം കാണാനായി, ചക്ക ഉള്‍പ്പടെയുള്ള ഫലങ്ങളുടെ വിത്തുകള്‍ കാടുകളില്‍ വിതറുകയാണിപ്പോള്‍. നാട്ടിലേതു പോലെ തന്നെ കാട്ടിലും വെള്ളത്തിനു ദൗര്‍ലഭ്യമുണ്ട്. ചെറിയൊരു മഴ പെയ്താല്‍പ്പോലും വെള്ളമെല്ലാം കുത്തിയൊലിച്ച് അറബിക്കടലില്‍ എത്തിച്ചേരുന്നു. ഇതിനു പരിഹാരമായി, കാടിനുള്ളില്‍ പുല്ലുകളും കമ്പുകളും കല്ലുകളുമുപയോഗിച്ച് തടയണകള്‍ കെട്ടുന്നുണ്ട്. ഈ തടയണകളില്‍ മഴക്കാലങ്ങളില്‍ വെള്ളം സംഭരിക്കപ്പെടുന്നു. പുതിയ സസ്യങ്ങള്‍ മുളയ്ക്കുന്നതിനും മൃഗങ്ങള്‍ക്കും മറ്റും വെള്ളം കുടിക്കുന്നതിനുമുള്ള സംവിധാനം കാടിനുള്ളില്‍ത്തന്നെ ഉണ്ടാക്കുകയാണ് ഈ തടയണ നിര്‍മ്മാണങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതു കൂടാതെ, അധിനിവേശ സസ്യങ്ങളെ നശിപ്പിക്കുന്നതിനുള്ള നിരവധിയായ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നിലമ്പൂരിലാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവയെല്ലാം ഫലം കാണുന്നുണ്ട്. അതിനാല്‍, കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ശക്തമായ പിന്തുണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ പറഞ്ഞു ബോധിപ്പിക്കുന്നുണ്ട്. ഭരണതലത്തില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചാല്‍, കേരളത്തിലുള്ള എല്ലാ കാടുകളിലേക്കും ഇവ വ്യാപിപ്പിക്കാനാവും.

പ്രകൃതിയില്‍ നില നില്‍ക്കുന്നത് വളരെ മികച്ച ഒരു ആഹാര ശൃംഖലയാണ്. ഏതെങ്കിലുമൊരു ജീവവര്‍ഗ്ഗത്തിന്റെ ക്രമാധീതമായ വളര്‍ച്ച പ്രകൃതി അനുവദിക്കില്ല. എന്നാല്‍, പ്രകൃതിയുടെ ഈ നിയമങ്ങളെയെല്ലാം തകിടംമറിക്കുന്നത് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ്. ആര്‍ത്തി മൂത്ത മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പ്രകൃതി നാശത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ രാസവളപ്രയോഗവും കാടുകളില്‍ മനുഷ്യര്‍ നടത്തുന്ന അധിനിവേശങ്ങളും ചൂഷണങ്ങളും നിമിത്തം പല ജീവജാലങ്ങളും പ്രകൃതിയില്‍ നിന്നു തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മിന്നാമിന്നികളും ചീവീടുകളും ചെറുജീവികളും മാത്രമല്ല കേരളത്തിലെ കാടുകളിലെങ്ങും കുറുക്കന്മാരെ കണികാണാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

മനുഷ്യന്‍ കുറുക്കനെ കൊന്നൊടുക്കാന്‍ കാരണം അവര്‍ വളര്‍ത്തുന്ന കോഴികളെ തിന്നൊടുക്കുന്നു എന്ന കാരണത്താലാണ്. എന്നാല്‍, കോഴികളെ മാത്രമല്ല, പന്നിക്കുഞ്ഞുങ്ങളെയും ഞണ്ടുകളെയും കുറുക്കന്‍ ആഹാരമാക്കിയിരുന്നു. പന്നികള്‍ പെറ്റുകൂട്ടുന്ന കുഞ്ഞുങ്ങളെ തിന്നുക വഴി അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിരുന്നു. എന്നാലിപ്പോള്‍, കാട്ടില്‍ കുറുക്കന്മാര്‍ ഇല്ലാത്ത അവസ്ഥയാണ്. പന്നികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടാകാന്‍ കാരണവും ഇതുതന്നെ.

വനം വകുപ്പിന്റെ ക്യാമറയില്‍പ്പോലും ഒരു കുറുക്കനെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്നവ കുറുനരികളാണ് (ജക്കാള്‍) കുറുക്കനല്ല.

കര്‍ഷകരുടെ അമിതമായ രാസവളപ്രയോഗം വനസമ്പത്തു കുറയാന്‍ കാരണമായിട്ടുണ്ട് എന്നു തന്നെ വേണം സംശയിക്കാന്‍. പ്രകൃതിക്ക് അനുയോജ്യമായ ജൈവകൃഷിയെ സര്‍ക്കാര്‍ അത്രത്തോളം പ്രോത്സാഹിപ്പിക്കുന്നില്ല. ജൈവവളം കൊണ്ടുമാത്രം കര്‍ഷകര്‍ക്കു മികച്ച വിളകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുമില്ല. ഓരോ കര്‍ഷകനും വളരെ ബുദ്ധിമുട്ടിയാണ് വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിസങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് കര്‍ഷകര്‍ കടന്നു പോകുന്നത്.

കൃഷിയിടങ്ങളില്‍ നിന്നും മൃഗങ്ങളെ അകറ്റി നിറുത്താനുള്ള മാര്‍ഗ്ഗങ്ങള്‍

സോളാര്‍ ഫെന്‍സിംഗിന്റെ ഫലപ്രദമായ ഉപയോഗമാണ് കാട്ടുമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റിനിറുത്താനുള്ള മാര്‍ഗ്ഗം. കബനി, നാഗര്‍കോവില്‍ ടൈഗര്‍ റിസര്‍വ്വില്‍ റെയില്‍വേ ട്രാക്കുപോലുള്ള വലിയ ഫെന്‍സിംഗ് ആണ് കെട്ടിയിട്ടുള്ളത്. ഇതിനു പുറമേ സോളാര്‍ ഫെന്‍സിംഗും അവര്‍ ചെയ്തിട്ടുണ്ട്. ഈ ഫെന്‍സിംഗിനുള്ളില്‍ കരിമ്പു തോട്ടവുമുണ്ട്. കരിമ്പാണ് ആനയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്ന്. ഈ കരിമ്പു തോട്ടത്തിനു പത്തുമീറ്റര്‍ അകലത്തിലായി ആനകള്‍ എത്താറുണ്ട്. പക്ഷേ, അവ ഈ കരിമ്പു തോട്ടത്തിലേക്ക് പോകാറില്ല. കാരണം ആനകളെ തടയുന്ന തരത്തില്‍ ശാസ്ത്രീയമായിട്ടാണ് ഈ ഫെന്‍സിംഗ് ഉണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും ചെയ്താല്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ അതിനു ശക്തമായ നടപടികള്‍ സ്വീകരിച്ചേ തീരു.

ടെക്‌നോളജിയുടെ കടന്നു കയറ്റവും ആധുനികതയും സുഖസൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം ദോഷകരമായി ബാധിക്കുന്നത് പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയുമാണ്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് പല ചെറിയ ജീവികളും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായത്. വായുവും വെള്ളവും ശബ്ദവും മലിനമാകുന്നതിനെക്കുറിച്ചു മാത്രമേ സാധാരണയായി മനുഷ്യര്‍ക്ക് അറിവുള്ളു. എന്നാല്‍, വെളിച്ച മലിനീകരണം എന്ന ഒന്നിനെക്കുറിച്ച് അധികമാരും കേള്‍ക്കാന്‍ ഇടയില്ല. തെരുവില്‍ കത്തിച്ചു വച്ച ലൈറ്റു പോലും ചില ജീവജാലങ്ങളുടെ നാശത്തിനു കാരണമാകുന്നു. നാട്ടിന്‍പുറങ്ങളില്‍പ്പോലും മിന്നാമിനുങ്ങുകള്‍ കാണാതിരിക്കാനുള്ള കാരണം തെരുവുവിളക്കുകളുടെ ആവിര്‍ഭാവമാണ്.

ഈ ആധുനിക സൗകര്യങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയിലേക്ക് മനുഷ്യന്‍ മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ എല്ലാ വീട്ടിലും കറണ്ട് എത്തിയിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍പ്പോലും കറണ്ടുണ്ട്. അതിനാല്‍ മിന്നാമിനുങ്ങുകളൊന്നും ഇല്ലാത്ത അവസ്ഥയാണ്. കീടനാശിനികളുടെ ഉപയോഗം കുറവുള്ള ഇടങ്ങളില്‍ ഈ ജീവികളെല്ലാം ഉണ്ട്.

തേനീച്ചകളുടെ എണ്ണത്തിലെ ക്രമാധീതമായ കുറവാണ് മനുഷ്യനെ ഭീതിപ്പെടുത്തുന്ന മറ്റൊരു വസ്തുത. ഈ ഭൂമുഖത്തു നിന്നും തേനീച്ചകള്‍ ഇല്ലാതായാല്‍, അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ ഭൂമിയിലെ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളും ഇല്ലാതെയാകും. തേനീച്ചകള്‍ നശിക്കുന്നതോടെ സസ്യങ്ങളിലെ പരാഗണം അവസാനിക്കും. സസ്യലതാദികളില്ലെങ്കില്‍ ഇവിടെ ജീവനുമുണ്ടാകില്ല.

ചോറ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നു പോലും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. അരി കിട്ടുന്നത് മരത്തില്‍ നിന്നാണോ എന്നാണവര്‍ ചോദിക്കുന്നത്. നെല്‍പ്പാടങ്ങള്‍ കാണാതെ വളരുന്നവരാണ് ഈ തലമുറ. കോവിഡിനു ശേഷം മൊബൈല്‍ ഫോണുകളുടെ ഉപയോഗം അമിതമായി കൂടി. ഇന്നിപ്പോള്‍, ഭക്ഷണം കഴിക്കാന്‍ പോലും മൊബൈല്‍ ഫോണ്‍ വേണമെന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ ഉണ്ടായാല്‍ മാത്രമേ അരി കിട്ടുകയുള്ളുവെന്ന് ഇവര്‍ക്ക് അറിയില്ല. കണ്ണുകൊണ്ടു കാണാന്‍ പോലും കഴിയാത്ത കൊറോണ വൈറസ് മൂലം ഈ ലോകം തന്നെ സ്തംഭിച്ചു പോയി എന്നത് വിസ്മരിച്ചുകൂടാ.

ആദ്യകാലങ്ങളില്‍ കാട്ടിലേക്കു പോയ അവസ്ഥയല്ല ഇപ്പോഴുള്ളത്. മനുഷ്യരുടെ അമിതമായ കടന്നുകയറ്റം മൂലം കാടു നശിച്ചുകൊണ്ടേയിരിക്കുകയാണ്. കാലാവസ്ഥയില്‍ ഇത്തരത്തില്‍ ഭയാനകമായ മാറ്റമുണ്ടാകുന്നതിനുള്ള മുഖ്യകാരണവും ഇതുതന്നെ. ഇതു മനുഷ്യന്‍ തിരിച്ചറിയുന്നില്ല. വെള്ളമില്ലെങ്കില്‍, ഓക്‌സിജനില്ലെങ്കില്‍ എത്രകാലം മനുഷ്യനു ജീവിക്കാന്‍ സാധിക്കും? വനങ്ങളില്‍ നിന്നു ലഭിക്കുന്നതിലേറെ ഓക്‌സിജന്‍ കിട്ടുന്നത് കടലില്‍ നിന്നാണ്. പക്ഷേ, നമ്മുടെ കാലാവസ്ഥയില്‍ വനങ്ങള്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. മഴയുടെ ഘടന തന്നെ മാറി, വേനലിന്റെയും. ഇവയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമങ്ങളാണ്. വനസമ്പത്ത് കുറഞ്ഞുകുറഞ്ഞു വരുന്നു. ഓരോ വീട്ടിലും ചെടികള്‍ വച്ചു പിടിപ്പിക്കേണ്ടിയിരിക്കുന്നു. അവരവര്‍ക്കാവുന്ന തരത്തില്‍ പച്ചപ്പ് നിര്‍മ്മിച്ചേ തീരൂ.


#Man-animal #Conflict #Invasiveplants #biodiversity #VMSadiqueAli #Climatechange #Wildlife #Challenges #Solarfencing #survivalofanimals 

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *