Jess Varkey Thuruthel & D P Skariah
ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന വിശ്വാസത്തില്‍ സന്തോഷനിമിഷങ്ങളെ അപ്പാടെ നഷ്ടപ്പെടുത്തി, വേദനകളെ മാത്രം താലോലിച്ചു ജീവിക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. പണ്ടൊരുനാള്‍, ഒരു വചനോത്സവം മാസികയിലെ ചോദ്യോത്തര പേജിലെ ഒരു ചോദ്യമിതായിരുന്നു. ‘ഞാനിന്ന് ഒരുപാടു സന്തോഷിച്ച ദിവസമാണ്. ഒത്തിരി ചിരിച്ച ദിവസമാണ്. മതിമറന്നുള്ള എന്റെയീ ചിരി ദൈവത്തിന് ഇഷ്ടമായിക്കാണുമോ…?? ഇങ്ങനെ ചിരിക്കാതിരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്….?’ ചോദ്യകര്‍ത്താവിനുള്ള പാതിരിയുടെ ഉത്തരവും ബഹുകേമമായിരുന്നു.
‘ഇനിയൊരിക്കലും ഇങ്ങനെ ചിരിക്കരുത്. ദൈവം സഹിച്ച പീഢകളെ ഓര്‍ത്ത് കണ്ണീരോടെ പ്രാര്‍ത്ഥിക്കേണ്ടവരാണു നമ്മള്‍. അമിതമായ ആഹ്‌ളാദം നന്നല്ല. ഇനിയിങ്ങനെ ചെയ്യരുത്, ഇപ്പോള്‍ ചെയ്തതിനു പരിഹാരമായി ഒന്നു കുമ്പസാരിച്ചാല്‍ മതിയാകും.’ ഇതിന്റെ റഫറന്‍സ് ചോദിക്കരുത്, എന്റെ ഡിഗ്രി കാലഘട്ടത്തിലാണ് ഈ വചനോത്സം ഞാന്‍ വായിച്ചത്. ആ മാസികയില്‍ മറ്റൊന്നു കൂടിയുണ്ടായിരുന്നു. സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ജീന്‍സും ഷര്‍ട്ടും ധരിച്ചു നടക്കുന്നതും മുടി മുറിക്കുന്നതും ദൈവത്തിന് ഇഷ്ടമല്ലെന്ന്. അതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന്….! അതോടെ വചനോത്സവം മടക്കി മൂലയിലേക്കെറിഞ്ഞു….. മനുഷ്യസന്തോഷങ്ങള്‍ക്കു മേല്‍ തീമഴ പെയ്യിക്കുന്ന ഈ ദൈവങ്ങളെ ഇനി മേലില്‍ എനിക്കാവശ്യമില്ലെന്നു ഞാന്‍ തീരുമാനിച്ചത് അന്നാണ്…..
ശാരീരികവും മാനസീകവുമായ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ ഏറെ സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നത്. ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളും നൃത്തവും പാട്ടും പോലുള്ള കലകളുമിവിടെ രൂപം കൊണ്ടിട്ടുള്ളത് മനുഷ്യന്റെ മനസിനെ ഉത്തേജിപ്പിക്കുന്നതിനും വിഷാദങ്ങളെ അകറ്റുന്നതിനും വേണ്ടിയാണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശാരീരികമായും മാനസികമായും ഉല്ലാസവും സന്തോഷവും അനുഭവിക്കാന്‍ മനുഷ്യന് അവകാശമുണ്ട്. പക്ഷേ, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് രൂപം കൊണ്ട മതങ്ങളും മതനിയമങ്ങളും മനുഷ്യന്റെ എല്ലാ സന്തോഷങ്ങള്‍ക്കും മേല്‍ തീമഴ തീര്‍ക്കുകയാണ്.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ ശേഷം വിശ്വാസികള്‍ നമസ്‌കാരങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ഇത് അള്ളാഹുവിന് ഇഷ്ടമില്ലെന്നുമാണ് സമസ്ത സെക്രട്ടറി നാസര്‍ ഫൈസിയുടെ തിട്ടൂരം. ഏതെങ്കിലുമൊരു മനുഷ്യനെ ആരാധിക്കരുതെന്നും വേണ്ടത് ദൈവാരാധനയാണെന്നും ഫൈസി പറയുന്നു. വിനോദങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുകയും മനുഷ്യര്‍ വിവിധങ്ങളായ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനെയും ഇസ്ലാം മതവിശ്വാസികള്‍ ശക്തമായി എതിര്‍ക്കുന്നു. സംഗീതം പിശാചിന്റെതാണെന്നും അതാസ്വദിക്കുകയോ പാടുകയോ ചെയ്യരുതെന്നും ഒരു മുസ്ലീം പണ്ഡിതന്‍ പ്രസംഗിച്ചിട്ട് ഏറെ ആയിട്ടില്ല. ദൈവം തന്ന സമയവും പണവും ദൈവത്തിനു വേണ്ടി ചെലവഴിക്കാനുള്ളതാണെന്നും പാട്ടും ആട്ടവും ഡാന്‍സും വിനോദങ്ങളുമായി നഷ്ടപ്പെടുത്തരുതെന്നുമാണ് മുസ്ലീം വിശ്വാസികള്‍ പറയുന്നത്.
കലകളെയും കായിക വിനോദങ്ങളെയും ഇത്രത്തോളം രൂക്ഷമായി എതിര്‍ക്കുന്നില്ലെങ്കിലും ക്രിസ്തുമതവിശ്വാസികളുടെ ചിന്തകളും ഏതാണ്ടിതേ രീതിയില്‍ തന്നെ. മനുഷ്യന്റെ കണ്ണുനീരിലാണ് ദൈവങ്ങളുടെ നിലനില്‍പ്പ്. മനുഷ്യര്‍ സന്തോഷിക്കാനും ചിരിക്കാനും ആഹ്ലാദിക്കാനും ആരംഭിച്ചാല്‍ ദൈവങ്ങള്‍ക്കും ദൈവങ്ങളെ വിറ്റു സുഭിക്ഷ ജീവിതം നയിക്കുന്നവര്‍ക്കും അടിതെറ്റും. അതിനാല്‍, പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ ദൈവം ശിക്ഷിക്കുമെന്നും മരിച്ചു കഴിഞ്ഞാല്‍ നരകത്തിലിട്ടു പൊരിക്കുമെന്നും അതിനാല്‍ അന്ത്യവിധി ഒഴിവാക്കാന്‍ ഭൂമിയില്‍ നരകിച്ചു ജീവിക്കണമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിക്കും. തിന്നും കുടിച്ചും രമിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്ന ഈ പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കുമെന്തേ ഈ നിയമങ്ങളൊന്നും ബാധകമല്ലേ…??
അടിമക്കച്ചവടം നടത്തിയും മനുഷ്യരെ അതിക്രൂരമായി ദ്രോഹിച്ചും അവരുടെ അവകാശങ്ങളെയപ്പാടെ ഹനിച്ചും ജീവിച്ചിരുന്ന മനുഷ്യരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും കുറച്ചു കൂടി മനുഷ്യത്വമുള്ളവരായി വളര്‍ത്തുവാനും വേണ്ടി രൂപം കൊണ്ടതാണ് മതങ്ങള്‍. പക്ഷേ, ഈ മതങ്ങളൊന്നും മനുഷ്യരായിപ്പോലും കരുതാത്തൊരു കൂട്ടര്‍ സ്ത്രീകളാണ്. പുരുഷന്മാരുടെ വികാരങ്ങള്‍ ശമിപ്പിക്കുന്നതിന് അവര്‍ക്ക് ആവശ്യാനുസരണം സ്ത്രീകളെ വേണ്ടിയിരുന്നു. ഭോഗിക്കാനായി ഏതുവിധേനയും പെണ്ണിനെ കിട്ടുക എന്ന ലക്ഷ്യത്തോടെ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളാണ് മതഗ്രന്ഥങ്ങള്‍. വീട്ടിലേക്ക് ആക്രമണം നടത്തുന്ന ശത്രുക്കളെ കീഴടക്കാന്‍ മാര്‍ഗ്ഗമില്ലാതെ വന്നാല്‍ വീട്ടിലെ പെണ്ണുങ്ങളെ, അത് അമ്മയായാലും പെങ്ങളായാലും ഭാര്യയോ മക്കളോ ആയാലും വരുന്നവനു കാഴ്ചവയ്ക്കുന്ന സമ്പദായത്തെ അതിമഹത്തരമായ രീതിയിലാണ് ഈ മതഗ്രന്ഥങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഏതു നിയമവും കാലങ്ങള്‍ മാറുന്നതിനനുസരിച്ച് പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍, മതഗ്രന്ഥങ്ങള്‍ എഴുതിയിട്ട് നൂറ്റാണ്ടുകളിത്ര കഴിഞ്ഞിട്ടും ഒരു തിരുത്തല്‍ പോലും വരുത്തിയിട്ടില്ല, വരുത്താന്‍ ഈ വിശ്വാസികള്‍ അനുവദിക്കുകയുമില്ല. മതങ്ങള്‍ക്കു വേണ്ടി, മതദൈവങ്ങള്‍ക്കു വേണ്ടി വെട്ടാനും കുത്താനും കൊല്ലാനും മടിയില്ലാത്തവര്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നവര്‍.
ഇന്ത്യയില്‍ 130 കോടി ജനങ്ങളാണുള്ളത്. ഇതില്‍ നിന്നും ഒരു 11 പേരെ വാര്‍ത്തെടുക്കാന്‍ കഴിയാത്തൊരു രാജ്യമാണിത്. ഖത്തറും സൗദിയും പോലുള്ള കുഞ്ഞു രാജ്യങ്ങള്‍ പോലും ലോകകപ്പില്‍ കളിക്കുന്നു. മെസിക്കും നെയ്മര്‍ക്കും റൊണാള്‍ഡോയ്ക്കും വേണ്ടി കട്ടൗട്ടുകള്‍ സ്ഥാപിക്കാനും ജയ് വിളിക്കാനും മാത്രമേ ഇന്ത്യക്കാര്‍ക്കു യോഗമുള്ളു. ലോകോത്തര കളിക്കാര്‍ക്കൊപ്പം കിടപിടിക്കുന്ന കളിക്കാര്‍ നമുക്കുമുണ്ടായിരുന്നു. ഐ എം വിജയനെപ്പോലുള്ളവര്‍. പക്ഷേ, ജാതിയും മതവും വര്‍ഗ്ഗീയതയും ആര്‍ത്തിയും മൂത്ത് അവരുടെ വിജയവഴികളെയപ്പാടെ തടയുന്നതില്‍ നാം മിടുക്കരാണ്.
അല്ലെങ്കിലും കളിയല്ലല്ലോ നമുക്കു പ്രധാനം, കണ്ണുനീരല്ലേ. ജനിച്ചു വീഴും മുമ്പേ വായിലേക്കു മതമിറ്റിച്ചു വളര്‍ത്തി, മതത്തിനപ്പുറത്തേക്കു ചിന്തിക്കാന്‍ കഴിവില്ലാത്ത ഷണ്ഡീകരിക്കപ്പെട്ടൊരു ജനതയെ വാര്‍ത്തെടുത്ത ശേഷം അവരില്‍ നിന്നും മതം വിതച്ച വിഷമല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാനാണ്…?? ആരാധനാലയങ്ങളില്‍ പഠിപ്പിച്ചിട്ടും മതിയാകാതെ സ്‌കൂളുകളിലും പഠിപ്പിക്കുകയാണ് മതങ്ങള്‍…! അഭ്യസ്തവിദ്യര്‍ക്കു പോലും മതത്തിനപ്പുറത്തേക്കു ചിന്തിക്കാന്‍ കഴിയാത്തതിനു പ്രധാന കാരണവും ഇതുതന്നെ.
ഇതിനൊരു മാറ്റം വേണം. മാനസികമായും ശാരീരികമായുമുള്ള ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുന്നതു സഹിക്കാനാവാത്ത ദൈവമാണ് നിങ്ങളുടേതെങ്കില്‍, ആ ദൈവത്തെ വേണ്ടെന്നു വയ്ക്കാന്‍ കഴിയണം……
#WorldCupFootball #MessiFans #ArgentinaFans #WorldCupFeverinKerala #Neymar #Ronaldo