കോണ്‍ഗ്രസിന് ഇനിയുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമോ….??

Afsal Najeeb

കോണ്‍ഗ്രസിന്റെ ഭാവി എന്ത് എന്നത് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. പല പാളിച്ചകളും കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

1. നെഹ്റു ഗാന്ധി കുടുംബത്തിന്റെ നേതൃത്വം ആണ് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും. ‘ഇവര്‍ക്ക് അങ്ങ് മാറി കൊടുത്താല്‍ എന്താ’ എന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കാത്തൊരു സത്യമുണ്ട്. ആ നേതൃത്വമാണ് തമ്മിലടിക്കുന്ന അനേകം സംസ്ഥാന ഘടകങ്ങളെയും ഗ്രൂപ്പുകളെയും ഒന്നിച്ചു നിര്‍ത്തുന്നത് എന്നതാണ്, അത് നല്ല പ്രവണത ആണെങ്കിലും അല്ലെങ്കിലും. മുന്‍പും പല തവണ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് നെഹ്റു ഗാന്ധി കുടുംബം പുറത്തേക്ക് പോയിട്ടുണ്ട്. ബി ജെ പി യെപ്പോലെ അതി ശക്തരായ എതിരാളികള്‍ ഇല്ലാതിരുന്ന കാലത്തും. അന്നൊക്കെ വിനാശമായിരുന്നു ഫലം.

2. ഇത്തരം ഒരു നേതൃത്വത്തിന്റെ പ്രശ്‌നം തീര്‍ച്ചയായും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമാണ്. രാജാവും പ്രജകളും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയില്ല. സ്വയം നവീകരിക്കാന്‍ പരാജയപ്പെട്ട നേതൃത്വമാണ് രാഹുല്‍ ഗാന്ധിയുടേത്. കനയ്യ, തേജസ്വി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ കാണിക്കുന്നതിന്റെ പാതിയെങ്കിലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെട്ടേനെ. മേല്‍തട്ടിലെ ഉപജാപക വൃന്ദങ്ങളെ പറഞ്ഞു വിടാതെ കോണ്‍ഗ്രസിന് രക്ഷയില്ല.

3. വളര്‍ന്നു വന്ന സംസ്ഥാന നേതാക്കളെ വെട്ടി നിരത്തിയത്. അങ്ങനെ തഴയപ്പെട്ട നേതാക്കള്‍ക്കു ഒരു നല്ലകാലം വരും എന്ന കാര്യം ഇന്ദിര, രാജീവ്, സോണിയ എന്നിവര്‍ ഓര്‍ത്തിട്ടുണ്ടാകില്ല. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയ പഴയ കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യ മന്ത്രിമാര്‍. ശരദ് പവാര്‍, ലാലു, മമത, ജഗന്‍മോഹന്‍ റെഡ്ഡി, ചന്ദ്രശേഖര റാവു, ഷിബു സോറന്‍ എന്നിവരെല്ലാം കേന്ദ്ര നേതൃത്വവുമായി തെറ്റി പിരിഞ്ഞ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളാണ്. ഈ മാറ്റം ഏറ്റവും പ്രകടം ആന്ധ്രയിലാണ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ ശക്തമായിരുന്ന കോണ്‍ഗ്രസിനു ഇന്ന് ഒരു എം എല്‍ എ പോലുമില്ല. കോണ്‍ഗ്രസിന്റെ മുഴുവന്‍ ശക്തിയും അദ്ദേഹത്തിന്റെ പേരിലുള്ള പുതിയ പാര്‍ട്ടിലാണ്.

അത് പോലെ തന്നെ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, മറ്റു യുവ നേതാക്കള്‍ എന്നിവര്‍ക്ക് അര്‍ഹിച്ച സ്ഥാനങ്ങള്‍ നല്‍കിയില്ല എന്ന് വേണം കരുതാന്‍. വലിയ പോരാട്ടം നടത്തി ഈ യുവാക്കള്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമ്പോള്‍ ഹൈ കമാന്‍ഡ് ഇവര്‍ക്ക് മേലെ പഴയ നേതാക്കളായ ഘെലോട്, കമല്‍ നാഥ് എന്നിവരെ പ്രതിഷ്ഠിക്കുന്നു. ആ നേതാക്കള്‍ അവരുടെ മക്കളെയും അടുപ്പക്കാരേയും രാഷ്ട്രീയമായും ബിസിനസിലും സഹായിക്കാന്‍ നോക്കുന്നു. വിനാശത്തിന്റെ പടുകുഴിയില്‍ നില്കുമ്പോഴെങ്കിലും ഈ നിലപാട് കോണ്‍ഗ്രസ് പുനഃ പരിശോധിച്ചില്ലെങ്കില്‍ കുറച്ചു നാള്‍ കഴിഞ്ഞു പുനഃ പരിശോധന നടത്താന്‍ പാര്‍ട്ടി ബാക്കിയുണ്ടാകില്ല

4. ന്യൂന പക്ഷ പ്രീണനം. കോണ്‍ഗ്രസ് ന്യൂന പക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും ഒരു പോലെ പ്രീണിപ്പിച്ചിട്ടുണ്ട്. മതം ജാതി എന്നിവ ആയുധമാക്കാത്ത ഒരു പാര്‍ട്ടി പോലും ഇന്നാട്ടില്‍ ഇല്ല എന്നതാണ് സത്യം. മതവികാരം കോണ്‍ഗ്രെസ്സിനെക്കാള്‍ നന്നായി ആളിക്കത്തിക്കാന്‍ കഴിയുന്ന മറ്റൊരു പാര്‍ട്ടി ഉണ്ടായപ്പോള്‍ അവരുടെ മുന്‍ഗണന നഷ്ടപ്പെട്ടു.

5. അഴിമതി, കെടുകാര്യസ്ഥത എന്നിവ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയില്‍ ഇന്ന് പണമില്ല. എന്നാല്‍ നേതാക്കന്മാരുടെ കൈയില്‍ ആവശ്യത്തില്‍ അധികം ഉണ്ട് താനും. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന കശാപ്പുകാരന്റെ കഥ എക്കാലവും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ അഴിമതി മൂലമല്ല കോണ്‍ഗ്രസ് നാമാവശേഷമായത്. അണ്ണാ ഹസാരെയുടെ ആന്ദോളന്‍ മുതല്‍ കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ വളരെ ബോധപൂര്‍വമായ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വേണം കരുതാന്‍. രാഷ്ട്രീയമായ മണ്ടത്തരങ്ങള്‍ കൂടി ആയപ്പോള്‍ കേമമായി. ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാട്ടിയാല്‍ കഴിഞ്ഞ പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ ചുമതല നേതൃത്വം ഏല്പിച്ചത് അടുപ്പക്കാരനായ കമല്‍ നാഥിനെയാണ്. സിഖ് കലാപത്തില്‍ കുറ്റാരോപിതനായ ഇദ്ദേഹം പഞ്ചാബിലെ കോണ്‍ഗ്രെസ്സുകാര്‍ക്കു പോലും അനഭിമതനാണ് എന്നതൊന്നും അവര്‍ കണക്കാക്കിയില്ല.

6. ഭരിക്കുന്ന പാര്‍ട്ടിയുടെ ഡി എന്‍ എ ആണ് കോണ്‍ഗ്രസിന്റേത്. ഒരുപാട് നാള്‍ പ്രതിപക്ഷത്തിരിക്കാനുള്ള ഒരു ശേഷി അതിനില്ല. അധികാരം, പണം എന്നിവ നഷ്ടപ്പെടുന്നത് മൂലമുള്ള കൊഴിഞ്ഞുപോക്ക് ആണ് നാം ഇപ്പോള്‍ കാണുന്നത്. ഏതെങ്കിലുമൊക്കെ പ്രധാന രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്തവരല്ല, മറിച്ചു അധികാരം തന്നാല്‍ ജനങ്ങളെ സേവിക്കാം എന്ന മട്ടില്‍ രാഷ്ട്രീയത്തിലേക്ക് വന്നവരാണ് ഇതില്‍ അധികവും. നാളെ ബി ജെ പി തകര്‍ന്നാല്‍ ഇവര്‍ ആ പാര്‍ട്ടിയെയും ഉപേക്ഷിക്കും. കോണ്‍ഗ്രസ്സിന് അധികാരം ഉള്ള ഇടങ്ങളില്‍ അതിന്റെ വിഹിതം പറ്റാന്‍ നേതാക്കന്മാരുടെ തിരക്കും. അതുകൊണ്ടു തന്നെ അവിടെയും അധികാരം നഷ്ടപ്പെടുന്നു. ഇതൊരു നെഗറ്റീവ് ഫീഡ്ബാക് ലൂപ്പ് പോലെ പ്രവര്‍ത്തിക്കുന്നു.

മഹാരാഷ്ട്രയില്‍ ശിവ സേനയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ കോണ്‍ഗ്രസിന് പഠിക്കാം. തുടര്‍ ഭരണം തന്നെ ലക്ഷ്യമാക്കിയുള്ള മികച്ച ഭരണമാണ് ആദ്യമായി മുഖ്യ മന്ത്രിയാക്കുന്ന ഉദ്ധവ് താക്കറെ നടത്തുന്നത്. മേല്‍ത്തട്ടിലും കീഴ്ത്തട്ടിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ അവര്‍ ശ്രദ്ധിക്കുന്നു. അതേ സമയം ബിജെപി യെ രാഷ്ട്രീയമായി ആക്രമിക്കുകയും ചെയ്യുന്നു. അവിടെയും കോണ്‍ഗ്രസ് നിഷ്‌ക്രിയത്വം കൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്താക്കുകയാണ്

7. ആശയപരമായി അനവധി വ്യത്യാസങ്ങള്‍ ഉള്ള പല ഗ്രുപ്പുകളുടെ ഒരു കൂട്ടുകെട്ടാണ് കോണ്‍ഗ്രസ്. സത്യത്തില്‍ അതൊരു പാര്‍ട്ടിയല്ല, പാര്‍ട്ടികളുടെ പാര്‍ട്ടിയാണ്. ആശയപരമായ ഈ സ്ഥിരത ഇല്ലായ്മ തന്നെ വളരെ വലിയ പ്രശ്‌നമാണ്. സാമ്രാജ്യങ്ങളുടെ തകര്‍ച്ചയെപ്പറ്റി നാം പറയുന്നത് പോലെ, ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ന്നാല്‍ പിന്നെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. ചില ഭാഗങ്ങള്‍ അടര്‍ന്നു പോകും, ചിലത് നശിക്കും, പുതിയവ രൂപപ്പെടും. പഞ്ചാബിലെ അമരീന്ദര്‍ സിങ്ങുമായുള്ള ബന്ധം ഏതാണ്ട് ആ ബാലന്‍സ് നിലനിര്‍ത്തുന്നു. കേന്ദ്ര ഘടകത്തെ അനുസരിക്കുന്ന ക്യാപ്റ്റന്‍ സ്വയം ഭരണ അവകാശം ഉപയോഗിക്കുകയും ചെയുന്നു. ഇത്തരം ഒരു ഫെഡറല്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളില്‍ പരീക്ഷിക്കാം.

കോണ്‍ഗ്രസ് ദേശ സുരക്ഷ അവഗണിച്ചു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധം ആണ്. അവര്‍ അതൊരു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കുന്നതില്‍ പരാജയപെട്ടു എന്ന് വേണമെങ്കില്‍ പറയാം.

ഇനിയും കോണ്‍ഗ്രസിന് പുനരുജ്ജീവിക്കന്‍ അവസരമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. കൃത്യമായ നിലപാടുള്ള, ജനങ്ങളുടെ പള്‍സ് അറിയുന്ന നേതാക്കന്മാര്‍ ദേശീയ നേതൃത്വത്തില്‍ ഉണ്ടാകണം. പഴയ കാല നേതാക്കളെ ഒഴിപ്പിച്ചു ആ സ്ഥലം യുവ തുര്‍ക്കികള്‍ക് നല്‍കണം. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതെ നോക്കണം. ദീര്‍ഘ കാലത്തേക്ക് പരിപാടികള്‍ ആസൂത്രണം ചെയ്യണം. താഴേക്കിടയിലെ ഘടകങ്ങളെ ശക്തിപ്പെടുത്തണം. 5 എം എല്‍ എ മാര്‍ ഉള്ളിടത് കാക്കത്തൊള്ളായിരം ഭാരവാഹികളെ നിയമിക്കുന്നത് നിര്‍ത്തണം.

രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടണം, സ്ഥിരതയോടെ ഇടപെടണം. പല പ്രശ്‌നങ്ങളിലും രാഹുല്‍ പ്രിയങ്ക എന്നിവര്‍ ഇടപെടുന്നു എങ്കിലും സ്ഥിരത കുറവാണ്. കേരളത്തിലെ ഒരു ബി ജെ പി നേതാവിനെ ഇവര്‍ മാതൃക ആക്കേണ്ടതാണ്. പ്രശ്‌നം ഉണ്ടോ, ഇല്ലയോ എന്തായാലും ഇയാള്‍ പത്രസമ്മേളനം നടത്തി സര്‍ക്കാരിനെ ആക്രമിക്കും. രൂക്ഷമായി വിമര്‍ശിക്കും. എല്ലാ ദിവസവും. സ്ഥിരമായി. ഇത് രാഷ്ട്രീയമായി ശരിയാണോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും സംഘടനാപരമായി ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഏറ്റവും പ്രധാനമായി ബി ജെ പി എന്താണ് എന്ന് ഇനിയും കോണ്‍ഗ്രസ് മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും അവര്‍ നിശ്ചയിക്കുന്ന അജണ്ടയില്‍ വീണു പോയ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വവും മറ്റും പരീക്ഷിച്ചുകൊണ്ട് അപഹാസ്യരാകുകയാണ്. കൊക്ക കോളയെ തോല്‍പിക്കാന്‍ നാട്ടിലെ ചേട്ടന്‍ കോള കോള എന്ന ഡ്യൂപ്ലിക്കേറ്റ് ഇറക്കിയ കഥ പോലെ ആണിത്. സ്വന്തം കഴിവുകളില്‍ ശ്രദ്ധ ചെലുത്തി തങ്ങളുടേതായ ശക്തി വികസിപ്പിക്കുക ആണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.

കോണ്‍ഗ്രസ് ദുര്‍ബലമാണ്. പക്ഷെ ഇത്രയധികം വൈവിധ്യമുള്ള നമ്മുടെ രാജ്യത്ത് കോണ്‍ഗ്രസ് പോലെ ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടി അത്യാവശ്യമാണ്. സ്വന്തം ആശയധാരയെ മനസിലാക്കി ആ രാഷ്ട്രീയം മുന്നോട്ടു വയ്ക്കാതെ കോണ്‍ഗ്രസിന് രക്ഷപെടാന്‍ കഴിയില്ല.


#Congressparty #revivalofcongress #communalismofpoliticalpartiesinIndia

Leave a Reply

Your email address will not be published. Required fields are marked *