Jess Varkey Thuruthel
വെറും 24 മണിക്കൂറിനുള്ളില്‍ വിനേഷ് ഫോഗട്ട് (Vinesh Phogat) തോല്‍പ്പിച്ചത് മൂന്നു ലോകോത്തര താരങ്ങളെയാണ്. എന്നിട്ടും പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരിക്കുന്നു! വെറും 100 ഗ്രാം ഭാരം കൂടി എന്നതിന്റെ പേരിലാണ് അവര്‍ക്ക് അയോഗ്യത. ഒളിമ്പിക്‌സ് നിയമമനുസരിച്ച് 50 കിലോയില്‍ ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യയാവും. ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിനേഷിന് ഈ നിയമങ്ങളെല്ലാം അറിവുള്ളതാണ്. എന്നുമാത്രമല്ല, അവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘം തന്നെയുണ്ട്. ഡയറ്റും മറ്റുകാര്യങ്ങളും പരിശോധിക്കാനും പ്രത്യേക വിഭാഗമുണ്ട്. അതിനാല്‍ത്തന്നെ, ഈ അയോഗ്യതയില്‍ അട്ടിമറി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
ഇത്രകാലവും 53 കിലോഗ്രാം വെയ്റ്റില്‍ മത്സരിച്ചിരുന്ന വിനേഷ് പാരിസ് ഒളിംബിക്‌സിലാണ് (Paris Olympics) 50 കിലോഗ്രാമിലേക്കു മാറിയത്. പാരിസ് ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് എതിരാളിക്കു നല്‍കിയ ഓരോ പ്രഹരവും ഗുസ്തി ഫെഡറേഷന്റെ മുന്‍ നേതാവും ബി ജെ പി എം പിയുമായിരുന്ന ബ്രിജ് ഭൂഷന്റെ ചെകിട്ടത്താണ് കൊണ്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ടു ചെയ്തത്. വനിതാ ഗുസ്തി താരങ്ങള്‍ക്കു നേരെ ഇയാള്‍ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധിച്ചത് വിനേഷ് ആയിരുന്നു. നീചനായ ബ്രിജ് ഭൂഷനെ സംരക്ഷിച്ചു പിടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും അതിശക്തമായ പ്രതിഷേധമാണ് വിനേഷ് ഉയര്‍ത്തിയത്. താന്‍ പൊരുതി നേടിയ മെഡലുകളത്രയും പ്രതിഷേധ സൂചകമായി അവര്‍ ഗംഗാനദിയില്‍ ഒഴുക്കിക്കളഞ്ഞു.
ഇന്ത്യയുടെ പെണ്‍മക്കളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കണമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ ബിജ് ഭൂഷനെ സംരക്ഷിച്ചു പിടിക്കുന്നതിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. ഒട്ടേറെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കേസ് കോടതിയിലെത്തി. ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്താനുള്ള മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മെയില്‍ ബ്രിജ് ഭൂഷനെതിരെ ആറ് ഗുസ്തി താരങ്ങളാണ് കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 (എ), 506 വകുപ്പുകള്‍ ചുമത്താന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ സജിസ്‌ട്രേട്ട് പ്രിയങ്ക രാജ്പുത് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വനിതാ ഗുസ്തിക്കാരില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ ബ്രിജ് ഭൂഷനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ആറ് തവണ എം പിയായ ബ്രിജ് ഭൂഷന് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നല്‍കിയിരുന്നില്ല. അതേസമയം ഇയാളുടെ മകന്‍ കരണ്‍ ഭൂഷന്‍ സിംഗിന് ബി ജെ പി സീറ്റ് നല്‍കുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു.
ഒളിമ്പിക്‌സ് ഫൈനലില്‍ വിനേഷ് ജയിച്ചിരുന്നെങ്കില്‍ അതോടെ ബ്രിജ് ഭൂഷന്‍ (Brij Bhushan) ഒന്നുമല്ലാതായിത്തീരുമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ വിനേഷ് പരാജയപ്പെടുത്തിയത് ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ ആയിരുന്നു. ക്വാര്‍ട്ടറില്‍ വിനേഷ് നേരിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെയും സെമി ഫൈനലില്‍ പരാജയപ്പെടുത്തിയത് ക്യൂബയുടെ യുസ്‌നൈലിസ് ഗുസ്മാന്‍ ലോപ്പസിനെയുമായിരുന്നു. ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രണ്ടായിരുന്നു എതിരാളി.
ഭാരം നിര്‍ദ്ദിഷ്ട അളവിലും കൂടാതിരിക്കാനായി അതികഠിനമായ വര്‍ക്ക്ഔട്ടുകളാണ് വിനേഷ് നടത്തിയിരുന്നത്. രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും നിരന്തരമായി വര്‍ക്കൗട്ട് ചെയ്തു. ഒരാളെ മനപ്പൂര്‍വ്വം പരാജയപ്പെടുത്താനായി ഒരു സംവിധാനം തന്നെ മുന്നിട്ടിറങ്ങിയാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുക അസാധ്യമാണ്. ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയായ വിനേഷിന്റെ അയോഗ്യത ഇന്ത്യയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ്. ആ തിരിച്ചടിയില്‍ 144 കോടി ജനങ്ങളും കണ്ണീരൊഴുക്കുമ്പോള്‍ വിജയാരവമുയരുന്നത് ബ്രിജ്ഭൂഷന്‍ ക്യാമ്പില്‍ നിന്നു തന്നെ ആയിരിക്കും. വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ഒരക്ഷരം പോലും പ്രതികരിക്കാന്‍ ബ്രിജ് ഭൂഷന്‍ തയ്യാറായിരുന്നില്ല. അവര്‍ അയോഗ്യയാക്കപ്പെടുന്ന നിമിഷത്തിനായി കാത്തിരുന്നതാവാം അയാള്‍.
സംഘി ക്യാമ്പുകളിലൊഴിച്ച് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും പ്രതിഷേധമുയരുകയാണ്. വിനേഷ് ഫോഗട്ടിനു പിന്നില്‍ അടിയുറച്ചു നില്‍ക്കുകയാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഇടപെടാത്തതും സംശയം കൂട്ടുകയാണ് ചെയ്യുന്നത്. ഇനിയൊന്നും സാധ്യമല്ലെന്ന് അവര്‍ പറയുന്നു. വിനേഷ് ഫോഗട്ട് തോല്‍ക്കണമെന്നത് ബ്രിജ് ഭൂഷന്റെയും സംഘപരിവാറിന്റെയും അജണ്ടയായിരുന്നു. അവരതു സാധിക്കുകയും ചെയ്തു. പക്ഷേ, ഈ നെറികേടിന് രാജ്യം മാപ്പുകൊടുക്കില്ല.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47