Jess Varkey Thuruthel
നാടിനെയും സാഹചര്യങ്ങളെയുമെല്ലാം പഴിച്ച് വിദേശത്തേക്ക് പോകുന്ന, പോകാന്‍ തയ്യാറെടുക്കുന്ന എല്ലാവരും ഒരുനിമിഷമൊന്നു നില്‍ക്കണം. അടുക്കളയില്‍ തളച്ചിടപ്പെട്ടുവെന്നു വിലപിക്കുന്നവരും ഇതു കേട്ടേ തീരൂ. ഒന്നുമില്ലായ്മയില്‍ നിന്നും വിസ്മയം തീര്‍ത്ത ഒരു പെണ്ണിന്റെ കഥയാണിത്. ഒരിക്കലവള്‍ എന്തിനെയും പേടിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാനാവാതെ തളര്‍ന്നു വീണിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഉപ്പയ്ക്കും ഉമ്മയ്ക്കും മുന്നിലവള്‍ കണ്ണീരൊഴുക്കിയിരുന്നു. അങ്ങനെയൊരുനാള്‍ ആ ഉപ്പ അവള്‍ക്കൊരു ഉപദേശം നല്‍കി, അതവള്‍ക്കു കരുത്തേകി, സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കി. അങ്ങനെയവള്‍ ജയിച്ചു മുന്നേറി. പ്രവാസിയായ ഭര്‍ത്താവിനോട് ജോലിയുപേക്ഷിച്ച് നാട്ടിലേക്കു പോരൂ എന്നവള്‍ സധൈര്യം പറഞ്ഞു. അവള്‍, ആലപ്പുഴ പാലമേല്‍ നൂറനാട് സ്വദേശി റുബീന ഷിബു. ഇതൊരു പെണ്‍കരുത്തിന്റെ വിജയം. കഠിനമായി പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതം എന്ന് റുബീനയുടെ (Rubeena Shibu) ജീവിതം നമുക്കു പറഞ്ഞു തരും.
ആകെയുള്ള 15 സെന്റില്‍ കൃഷി ചെയ്ത് വിസ്മയം തീര്‍ത്തു അവള്‍! അതിലൂടെ ബിസിനസിലേക്ക് ഉയര്‍ന്നു വന്ന് വിജയം വരിച്ചു!! പലരും തടവറ എന്നു വിശേഷിപ്പിക്കുന്ന അടുക്കള ഓഫീസാക്കി മാറ്റി! നന്മ സ്റ്റോര്‍, നന്മ അഗ്രോ ബസാര്‍ വളം ഡിപ്പോ, നന്മ ഫുഡ് പ്രോസസിംഗ് യൂണിറ്റ്, എന്നീ മൂന്നു സ്ഥാപനങ്ങളുടെ സാരഥി റുബീനയുടെ ജീവിതകഥയാണിത്.
ഉപ്പയ്ക്കു സുഖമില്ലാത്തതിനാല്‍, എന്തെങ്കിലും സംഭവിക്കും മുന്‍പ് മക്കളെ സുരക്ഷിതമാക്കേണ്ടതിനാല്‍, 17-ാമത്തെ വയസില്‍ റുബീനയുടെ വിവാഹം നടത്തി. പ്രവാസിയായിരുന്നു ഭര്‍ത്താവ് ഷിബു. അദ്ദേഹത്തിന്റെ സ്വഭാവവും മികച്ചതായിരുന്നു. എങ്കിലും, പലപല പ്രശ്നങ്ങള്‍ അവളെ സദാ അസ്വസ്ഥമാക്കിയിരുന്നു. ഭര്‍ത്താവ് അരികിലില്ല എന്നതും ആവശ്യത്തിന് സാമ്പത്തികമില്ലാത്തതും അവളെ വേദനിപ്പിച്ചിരുന്നു. ഒരിക്കല്‍ റുബീനയെ ഭര്‍ത്താവ് ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. പ്രവാസികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അന്ന് അവര്‍ക്ക് നേരിട്ടു ബോധ്യമായി. അദ്ദേഹം അയക്കുന്ന തുക വളരെ സൂക്ഷിച്ചാണ് അവര്‍ ഉപയോഗിച്ചിരുന്നത്. എന്നിട്ടും പലപ്പോഴും ആവശ്യത്തിന് പണം തികയാതെ വന്നു. അങ്ങനെയൊരുനാള്‍ റുബീന ഉപ്പയോടു തന്റെ സങ്കടങ്ങള്‍ പറഞ്ഞു. അന്ന് ഉപ്പ നല്‍കിയ ഉപദേശമാണ് ഇന്നും അവരെ മുന്നോട്ടു നടത്തുന്നത്.
‘മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണു നിനക്ക് ഒരുപാടു നന്മകള്‍ തരും. മണ്ണും ജീവനുളള വസ്തുവാണ്. ചെടിയും അങ്ങനെ തന്നെ. നിനക്കു കുറച്ചു സ്ഥലമേയുള്ളുവെങ്കിലും അതില്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാം. ആടിനെ വളര്‍ത്താം, കോഴിയെ വളര്‍ത്താം. നീയൊന്നും ചെയ്യാതിരിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങള്‍ വരുമ്പോള്‍ നീയിങ്ങനെ തളര്‍ന്നു പോകുന്നത്. നിനക്കു നല്ലൊരു ഭര്‍ത്താവിനെ ദൈവം തന്നില്ലേ. അതില്‍ക്കൂടുതല്‍ നിനക്കെന്തു വേണം?’
അധികം കഴിയും മുമ്പേ അറ്റാക്ക് വന്ന് ഉപ്പ ഈ ലോകം വിട്ടു പോയി. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകള്‍ ആ മകള്‍ അക്ഷരം പ്രതി അനുസരിച്ചു. അതോടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. ചെടികളെ അവര്‍ സ്നേഹിക്കാന്‍ തുടങ്ങി. തന്റെ 15 സെന്റ് സ്ഥലത്ത് പച്ചക്കറികള്‍ നടാന്‍ ആരംഭിച്ചു. അവയെ പരിപാലിച്ചും അവയോടൊപ്പം ജീവിക്കാനും ആരംഭിച്ചു. ഒപ്പം കോഴി വളര്‍ത്താനും. അങ്ങനെ 10 കോഴിയില്‍ നിന്നും 100 ആയി, പിന്നെ ആടായി പശുവായി. ഇവയുടെ കാഷ്ഠം വളമായി ഉപയോഗിക്കുന്ന രീതി അവര്‍ പഠിച്ചു. അവ കൃഷിക്കു വളമായും ബാക്കിയുള്ളത് വില്‍ക്കാനും തുടങ്ങി. കൃഷിഭവന്റെയും പഞ്ചായത്തിന്റെയുമെല്ലാം പിന്തുണയോടു കൂടി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇവയെല്ലാം മുന്നോട്ടു കൊണ്ടുപോയി. കോഴിയും പശുവും ആടുമെല്ലാം വരുമാനം തന്നു. പച്ചക്കറി വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് അയക്കുന്ന തുകയില്‍ കുറച്ചു മിച്ചം വയ്ക്കാന്‍ സാധിച്ചു. അങ്ങനെ പ്രതിമാസം 10,000 രൂപ അടവില്‍ കെ എസ് എഫ് ഇയില്‍ ഒരു ചിട്ടിയില്‍ ചേര്‍ന്നു. നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപ കിട്ടി. അത് കെ എസ് എഫ് ഇയില്‍ തന്നെ നിക്ഷേപിച്ചു.
പച്ചക്കറികള്‍ അധികം വന്നപ്പോള്‍ അച്ചാറുണ്ടാക്കി. അതിനായി അടുത്ത കര്‍ഷകരുടെ വിളകളും വാങ്ങി. ഒരിക്കല്‍ അച്ചാറുണ്ടാക്കി ഒരു സുഹൃത്തിനു നല്‍കി. വളരെ മികച്ച അഭിപ്രായമായിരുന്നു. അദ്ദേഹം അതിനേക്കുറിച്ച് ഒരു ആര്‍ക്കിള്‍ എഴുതി. അതോടെ കൂടുതല്‍ ആവശ്യക്കാരെത്തി. അങ്ങനെയാണ് ഫുഡ് പ്രോസസിംഗിലേക്കു കടന്നത്. റുബീന നന്മ എന്ന ബ്രാന്‍ഡില്‍ ഈ പ്രോഡക്ടുകള്‍ വില്‍ക്കാന്‍ ആരംഭിച്ചു.
അതിനിടയിലാണ് കോവിഡ് വന്നത്. എങ്ങും മരണത്തിന്റെ വാര്‍ത്തകള്‍ മാത്രം. ഭര്‍ത്താവ് നാട്ടിലെത്തി. റുബീനയെയും മക്കളെയും മൂന്നുമാസത്തേക്ക് ഗള്‍ഫിലേക്കു കൊണ്ടുപോകാമെന്നു ഭര്‍ത്താവ് പറഞ്ഞു. പക്ഷേ, പിന്നീട് 2 വര്‍ഷത്തിനു ശേഷം മാത്രമേ നാട്ടില്‍ വരാന്‍ കഴിയുകയുള്ളുവെന്നും തങ്ങളെ കൊണ്ടുപോകുന്ന ബാധ്യത തീര്‍ക്കാന്‍ അത്രയും സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തെ കാണാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്നത് എനിക്കു സ്വീകാര്യമല്ലായിരുന്നു. നമുക്കു പോകേണ്ടെന്നു ഞാന്‍ മക്കളോടു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവാസം അവസാനിപ്പിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. മക്കള്‍ ചെറിയ കുഞ്ഞുങ്ങളാണ്. അവര്‍ വളര്‍ന്നുവരുമ്പോള്‍ ഉപ്പയെന്നാല്‍ എ ടി എം മെഷീന്റെ ശബ്ദമെന്നത് ആകരുതെന്നും ഞാന്‍ ആഗ്രഹിച്ചു,’ റുബീന പറഞ്ഞു.
ഒരു പ്രവാസിയുടെ ഭാര്യ കൃഷിയിലേക്കിറങ്ങുമ്പോള്‍ നാനാഭാഗത്തു നിന്നും വിമര്‍ശനങ്ങളുണ്ടാകും. ‘ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോള്‍ വെറുതെയിരുന്നു തിന്നുകയാണ്’ എന്നായിരുന്നു കളിയാക്കല്‍. കൃഷി ആരംഭിച്ചപ്പോള്‍ ‘എപ്പോള്‍ നോക്കിയാലും ജോലിയാണ്, ഇവള്‍ക്ക് എന്തിന്റെ കേടാണ്, കാശിനോട് ആര്‍ത്തിയാണ്’ എന്നെല്ലാമായി. അവാര്‍ഡുകളും ബഹുമതികളും അംഗീകാരങ്ങളും കിട്ടാന്‍ തുടങ്ങിയതോടെ ‘എന്തുണ്ടായിട്ടെന്താ, എന്തുണ്ട് വിദ്യാഭ്യാസം’ എന്നായി. അങ്ങനെയാണ് പഠിക്കണമെന്ന ആഗ്രഹം അവര്‍ ഭര്‍ത്താവിനോടു പറയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്യാണം കഴിഞ്ഞതിനാല്‍ പരീക്ഷയെഴുതാനും സാധിച്ചില്ല. അതിനാല്‍ ആദ്യമവര്‍ പത്താംക്ലാസ് എഴുതിയെടുത്തു. തുടര്‍ന്ന് പ്ലസ് വണ്ണും പ്ലസ് ടുവും നേടി. അതിനു ശേഷം എം ജി യൂണിവേഴ്സിറ്റിയുടെ കോഴ്സായ ഓര്‍ഗാനിക് ഫാമിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചു. പിന്നീട് ഐ എന്‍ എം പാസായി. അതിനു ശേഷമാണ് വളം കടയിട്ടത്. ഇതിന് ബി എസ് സി കെമിസ്ട്രി വേണം. അന്നവര്‍ക്കതു സാധിച്ചില്ല, പക്ഷേ ഇപ്പോള്‍ അതിന്റെ പഠനവും ആരംഭിച്ചു. CPCRI യില്‍ അഗ്രിക്കള്‍ച്ചര്‍ DESI ഡിപ്ലോമ ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കെമിക്കല്‍ ലൈസന്‍സ് നേടുവാനും കാര്‍ഷിക വൃത്തിയില്‍ കൂടുതല്‍ അറിവു നേടുന്നതിനുമാണിത്.
പ്രവാസം മതിയാക്കി നാട്ടില്‍ നിന്നാല്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുമോയെന്ന് ഭര്‍ത്താവ് ചോദിച്ചു. ഉപ്പ പോകാതിരുന്നാല്‍ നമ്മളെങ്ങനെ ജീവിക്കുമെന്നു മക്കളും. നമ്മളൊന്നിച്ചു നിന്നാല്‍ എല്ലാം സാധ്യമാകുമെന്ന് റുബീന ഉറപ്പു പറഞ്ഞു. എല്ലാം നമ്മുടെ കൈകളിലാണ്. ഇതെല്ലാം ഒന്നുകൂടി വിപുലപ്പെടുത്തിയാല്‍ ഉറപ്പായും മുന്നേറാന്‍ സാധിക്കുമെന്ന റുബീനയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ ഭര്‍ത്താവ് ഷിബു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി. അദ്ദേഹം വന്നതിനു ശേഷമാണവര്‍ സ്വന്തം പ്രോഡക്ടുകളെല്ലാം ഉള്‍പ്പെടുത്തി നന്മ സ്റ്റോര്‍ എന്ന പേരില്‍ ഷോപ്പ് ആരംഭിച്ചത്.
ഇങ്ങനെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതിനിടയില്‍ ഭര്‍ത്താവ് ഷിബുവിനു ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലായി. അദ്ദേഹത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു. പ്ലസ് വണ്ണിനു പഠിക്കുകയായിരുന്ന മകളാണ് ആ സമയത്ത് കട നടത്തിയത്. സ്‌കൂളില്‍ പോക്കും കട നടത്തലും അവള്‍ കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്തു. ആശുപത്രിയിലായിരുന്ന സമയത്ത് കോഴിയെയും ആടിനെയും പശുവിനെയും വിറ്റു. അതു കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് വളം ഡിപ്പോ തുടങ്ങിയത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ബിസിനസും കൃഷിയും നന്മ സ്റ്റോര്‍, നന്മ അഗ്രോ ബസാര്‍ വളം ഡിപ്പോ, നന്മ ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്നിവയും ഇപ്പോള്‍ ഒരുമിച്ചു കൊണ്ടുപോകുന്നു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ട്രെയിനിയായും കര്‍ഷക മിത്രയായും സ്വന്തം നാട്ടില്‍ സേവനവും ചെയ്യുന്നുണ്ട് റുബീന. കൂടാതെ, മക്കളുടെ സ്‌കൂളുകളില്‍ ഗസ്റ്റായും ട്രെയിനിയായും പോകുന്നു. അമ്മയെന്നു പറയുമ്പോള്‍ മക്കള്‍ക്കിപ്പോള്‍ വലിയ അഭിമാനമാണ്. 2019 ല്‍ കൃഷി വകുപ്പിന്റെ ഒരുമുറം പച്ചക്കറി എന്ന വിഭാഗത്തില്‍ റുബീന ഒന്നാം സമ്മാനം നേടി. വേള്‍ഡ് മലയാളി ഹോം ഷെഫിന്റെ സംരംഭക അവാര്‍ഡും ലഭിച്ചു. കുടുംബശ്രീയുടെ പെണ്‍കരുത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാകാനും അവരെക്കൂടി മുന്നോട്ടു കൊണ്ടു വരുവാനും സാധിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം ഇതാണെന്ന് റുബീന പറയുന്നു. ഈ നേട്ടങ്ങളിലേക്കെല്ലാം എത്തിച്ചേരാന്‍ റുബീനയുടെ കൂടെ നിന്നത് പാലമേല്‍ കൃഷി ഓഫീസര്‍ രാജശ്രീ ആയിരുന്നു. പല സദസിലും കൃഷി മന്ത്രി തന്നെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ താന്‍ പോലും വിശ്വസിക്കാന്‍ പോലുമാകാതെ നിന്നുപോകുന്നുവെന്നും റുബീന പറഞ്ഞു.
നാടു കൊള്ളില്ലെന്നും നാടു വിട്ടു പോയാലേ രക്ഷയുള്ളുവെന്നും പറയുന്നവരോടും റുബീനയ്ക്കു ചിലതു പറയാനുണ്ട്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ അവസരങ്ങളുടെ സാഗരമാണ് നമ്മുടെ നാട്. നമുക്കു മുന്നിലുള്ള ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നു മാത്രം. വേറെ നാട്ടില്‍പ്പോയി കഷ്ടപ്പെടുന്നതിനും എത്രയോ നല്ലതാണ് സ്വന്തം നാട്ടില്‍ അധ്വാനിച്ചു ജീവിക്കുന്നത്? റുബീന ചോദിക്കുന്നു.
ജീവിതം അടുക്കളയില്‍ തളച്ചിടപ്പെട്ടു പോയി എന്നു വിലപിക്കുന്നവരോടും റുബീന ചിലതു പറയുന്നു. ‘അധ്വാനിക്കാന്‍ മനസുള്ളവരുടെ സ്വര്‍ഗ്ഗമാണ് അടുക്കള. സത്യത്തില്‍ അടുക്കള ഒരു ഓഫീസാണ്. വലിയ കെട്ടിടങ്ങളോ കംപ്യൂട്ടറുകളോ ഫയലുകളോ ഫര്‍ണിച്ചറുകളോ ഉള്ളവ മാത്രമല്ല ഓഫീസ്. അടുക്കള ഒരാളെയും തളച്ചിടാനുള്ളതല്ല. ആ അടുക്കള ഒരു ഓഫീസാക്കി മാറ്റാന്‍ കഴിയും. മികച്ച വിജയം നേടാന്‍ അടുക്കള നമ്മളെ സഹായിക്കും. അടുക്കളയും സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ കഴിയുമെന്നാണ് എനിക്കു സ്ത്രീകളോടു പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്നിവിടെ ഞാന്‍ നില്‍ക്കുന്നുണ്ട്. അതു ദൈവത്തിന്റെ കാരുണ്യവും രാപകലില്ലാതെയുള്ള അത്യധ്വാനത്തിന്റെ ഫലവുമാണ്. എനിക്കിതു സാധിച്ചു. അധ്വാനിക്കാന്‍ മനസുള്ള എല്ലാവര്‍ക്കും ഇതു സാധിക്കും. എന്റെ ജീവിതമാണ് അതിന് ഉറപ്പ്,’ റുബീന പറഞ്ഞു.
ഉപ്പ പ്രവാസമസാനിപ്പിച്ചാല്‍ എങ്ങനെ ജീവിക്കുമെന്നു ഭയന്ന മകന്‍ സല്‍മാന്‍ ഷായ്ക്കിപ്പോള്‍ ഉമ്മയാണ് റോള്‍ മോഡല്‍. ഈ നാട്ടില്‍ ജീവിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്ന് മക്കള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമായി. മകന്‍ ബി സി എ പഠനം പൂര്‍ത്തിയാക്കി. ബി എസ് സി നഴ്സിംഗിനു പോകാന്‍ തയ്യാറെടുക്കുകയാണ് മകള്‍ സന ഫാത്തിമ. നാട്ടില്‍ നിന്നാലും മക്കളെ പഠിപ്പിക്കാനും സമ്പത്തുണ്ടാക്കാനും അന്തസായി ജീവിക്കാനും സാധിക്കുമെന്ന് അവരുടെ ഉമ്മ അവര്‍ക്കു കാണിച്ചു കൊടുത്തിരിക്കുകയാണ്. നിരവധി പ്രവാസികളും റുബീനയെത്തേടിയെത്തുന്നു. ആ വിജയമന്ത്രം എന്താണെന്ന് നേരിട്ടറിയാനായി! ചുരുങ്ങിയ കാലം കൊണ്ട് ഇത്തരത്തില്‍ വിജയിക്കാനായത് എങ്ങനെയെന്നും അറിയണം. അത്യധ്വാനമാണ് വിജയരഹസ്യം. അതല്ലാതെ മറ്റൊന്നുമില്ല, റുബീന പറയുന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47