എസ് എസ് ഡ്രൈവിംഗ് സ്‌കൂള്‍: പരാതികള്‍ക്കു കാരണം സ്ത്രീ വിജയിച്ചതിലുള്ള അസൂയയോ?

Jess Varkey Thuruthel

ചെറുവട്ടൂരില്‍, രശ്മി നടത്തുന്ന എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലേക്ക് കോതമംഗലത്തിന്റെ (S S Driving School, Cheruvattoor) വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി ആളുകള്‍ ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നുണ്ട്. 2008 ലാണ് രശ്മി ഈ ഡ്രൈവിംഗ് സ്‌കൂളിനു തുടക്കമിടുന്നത്. പഠിതാക്കളോടുള്ള നല്ല സമീപനവും പഠിപ്പിക്കുന്നതിലെ ആത്മാര്‍ത്ഥതയും മൂലം രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പഠിതാക്കള്‍ കൂടുതല്‍ക്കൂടുതലായി എത്തിത്തുടങ്ങി. അതോടെ, തിരക്കും വര്‍ദ്ധിച്ചു. വാഹനമോടിക്കാന്‍ എത്തുന്നവരെ കൃത്യമായി കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന വ്യക്തിയാണ് രശ്മിയെന്നു സാക്ഷ്യപ്പെടുത്തുന്നത് പരാതിക്കാരനായ ഷൈജു തന്നെയാണ്. രശ്മിക്കെതിരെയുള്ള ഒരു പരാതിയായിട്ടാണ് ഷൈജു ഇതു പറഞ്ഞതെങ്കിലും ആ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് പഠിതാക്കളോട് രശ്മി കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ഇതുപോലെ, രശ്മിക്കെതിരെ ഷൈജു നിരത്തിയ ഓരോ ആരോപണങ്ങളും അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു.

‘ചേച്ചീ, എനിക്കൊന്നും നഷ്ടപ്പെടാനില്ല, നഷ്ടപ്പെടാനുള്ളതെല്ലാം ചേച്ചിക്കാണ്’ എന്നൊരാള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍, ആ ശബ്ദത്തിനുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഭീഷണിയാണ്. രശ്മിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടത്തുന്ന പ്രചാരണങ്ങളും മോട്ടോര്‍ വാഹന വകുപ്പിലേക്കും മന്ത്രിതലത്തിലേക്കും നല്‍കിയ പരാതിയും ഇവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയോ? പുരുഷന്മാര്‍ പരാജയപ്പെട്ടിടത്ത് ഒരു സ്ത്രീ വിജയിച്ചതിന്റെ പകവീട്ടലോ? ഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തില്‍ നിന്നും എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ നടക്കുന്നത് അതിവിദഗ്ധമായ മാനംകെടുത്തലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ ഷൈജു പരാതി നല്‍കിയിരിക്കുന്നത്. പക്ഷേ, ആ തെളിവുകളെയും ഖണ്ഡിക്കുന്നതാണ് അവയ്ക്കു പിന്നിലെ ന്യായങ്ങള്‍.

ഷൈജുവുമായി മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മയും സഹോദരിയുമായിപ്പോലും വര്‍ഷങ്ങളുടെ ബന്ധമുണ്ട് രശ്മിക്ക്. ഇവരെല്ലാം രശ്മിയുടെ വീട്ടിലും ഡ്രൈവിംഗ് സ്‌കൂളിലുമായി ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടുമുണ്ട്. കൈക്കുഞ്ഞുങ്ങളായിരുന്ന തന്റെ മക്കളെ നോക്കിയതും സംരക്ഷിച്ചതും ഷൈജുവിന്റെ അമ്മയായിരുന്നു എന്ന് രശ്മി പറയുന്നു. രശ്മിയുടെ സ്ഥാപനത്തിലും വീട്ടിലും ഷൈജുവിന്റെ സഹോദരി ജോലി ചെയ്തിട്ടുമുണ്ട്. രശ്മിയുടെ വീടിന്റെ പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്നത് ഷൈജുവാണ്. കുടുംബക്കാരുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള രശ്മി, ആ പരിചയത്തിന്റെ പേരില്‍ ഷൈജുവിനോടു നടത്തിയ സൗഹൃദ സംഭാഷണങ്ങളും തമാശുകളും തനിക്കെതിരെയുള്ള തെളിവുകളായി ശേഖരിക്കപ്പെടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

പരാതി 1: ഡെമോ ക്ലാസ് ഇല്ല, രാത്രി കാലങ്ങളില്‍ പഠിപ്പിക്കുന്നു

രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ ഡെമോക്ലാസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നുമാത്രമല്ല, ഡ്രൈവിംഗ് നിയമങ്ങളെല്ലാം അവിടെ പഠിപ്പിക്കുന്നുമുണ്ട്. ഓരോ പഠിതാവിനും അത്തരത്തില്‍ ക്ലാസുകള്‍ നല്‍കിയാണ് റോഡിലേക്കിറക്കുന്നത്. രശ്മിയുടെ വീടിന്റെ എക്സ്റ്റന്‍ഷന്‍ ആയിട്ടാണ് ഡ്രൈവിംഗ് സ്‌കൂളിന്റെ രജിസ്‌ട്രേഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പെയിന്റു ചെയ്യാനായി ഈ വീടിന്റെയും സ്ഥാപനത്തിന്റെയും താക്കോല്‍ ഷൈജുവിനെ ഏല്‍പ്പിച്ചിട്ടാണ് രശ്മി ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പോയിരുന്നത്. അതിനാല്‍ത്തന്നെ, ഡ്രൈവിംഗ് പഠിക്കാനെത്തുന്നവര്‍ക്ക് രശ്മി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തായിരുന്നുവെന്ന് ഷൈജുവിന് കൃത്യമായിട്ടറിയാം.

രാത്രികാലങ്ങളില്‍ വാഹനമോടിക്കാന്‍ പഠിപ്പിച്ചതിനാല്‍ പലതവണ അപകടമുണ്ടാകുന്ന അവസ്ഥയിലെത്തി എന്നാണ് ഷൈജു പറഞ്ഞ രണ്ടാമത്തെ ആരോപണം. രശ്മിയുടെ അഭിപ്രായത്തില്‍ വളരെ മികച്ചൊരു പഠിതാവാണ് ഷൈജു. വാഹനം ഓടിക്കാന്‍ പഠിക്കാനായി അധികം ക്ലാസിന്റെ ആവശ്യം വേണ്ടിവന്നില്ല അദ്ദേഹത്തിന്. അത്യാവശ്യം നന്നായി ഓടിക്കുന്ന വ്യക്തികള്‍ക്ക് രാത്രി കാലങ്ങളിലും പരിശീലനം നല്‍കാറുണ്ടെന്നും ഏതു സാഹചര്യങ്ങളിലും വണ്ടി ഓടിക്കാനുള്ള പ്രാവീണ്യം നേടിയെടുക്കാന്‍ പഠിതാവിനെ പ്രാപ്തരാക്കാനാണ് ഇതെന്നും രശ്മി പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച്, വളരെ പെട്ടെന്നാണ് പുരുഷന്മാര്‍ വാഹനമോടിക്കാന്‍ പഠിക്കുന്നത്. അതിനാല്‍ത്തന്നെ പുരുഷന്മാര്‍ക്ക് അധികം ക്ലാസിന്റെ ആവശ്യവുമുണ്ടാകാറില്ല. നാലു ക്ലാസുകള്‍ കഴിയുമ്പോഴേക്കും മികച്ച രീതിയില്‍ വാഹനമോടിക്കാന്‍ പഠിക്കുന്ന പുരുഷന്മാരുണ്ട്. ഷൈജുവിന് ഏഴുക്ലാസുകള്‍ നല്‍കിയെന്നും അദ്ദേഹം ഇപ്പോള്‍ നന്നായി വാഹനമോടിക്കുമെന്നും രശ്മി പറയുന്നു.

പരാതി 2: രണ്ടായിരം രൂപയും ഡോക്യുമെന്റ്‌സും

ലൈസന്‍സ് എടുക്കാനായി താന്‍ നല്‍കിയ രണ്ടായിരം രൂപയും ഡോക്യുമെന്റ്‌സും തിരികെ നല്‍കണമെന്നതായിരുന്നു ഷൈജുവിന്റെ ആവശ്യം. ഡോക്യുമെന്റുകളും പണവും തിരിച്ചു തരണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടിട്ടും രശ്മി മറുപടി തരികയോ ഇവ തിരിച്ചു തരികയോ ചെയ്തില്ലെന്ന് ഷൈജു പറയുന്നു. അതിനാലാണ് താന്‍ കോതമംഗലം ആര്‍ ടി ഒ മുതല്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വരെയുള്ളവര്‍ക്ക് പരാതി അയച്ചതെന്ന് ഷൈജു പറഞ്ഞു. എന്നാല്‍, രണ്ടോ മൂന്നോ അല്ല, നിരവധി തവണയാണ് ഷൈജുവിനെ രശ്മി ഫോണില്‍ വിളിച്ചത്. പക്ഷേ, ഫോണെടുക്കാനോ സംസാരിക്കാനോ ഷൈജു തയ്യാറായിട്ടില്ല. ഏറ്റെടുത്ത പെയിന്റിംഗ് ജോലി പൂര്‍ത്തിയാക്കാതെ പോന്നതിനാലാണ് തന്നെ വിളിച്ചതെന്ന് ഷൈജു പറയുന്നു. എന്തിനാണ് വിളിച്ചതെന്ന് ഫോണ്‍ എടുത്താല്‍ മാത്രമേ അറിയുകയുള്ളു. അതിനു പോലും ശ്രമിക്കാതെ അനുമാനങ്ങള്‍ നടത്തുകയായിരുന്നു ഷൈജു. എന്നുമാത്രമല്ല, പെയിന്റിംഗ് ജോലികള്‍ ചെയ്യാമെന്നു വാക്കുനല്‍കി പകുതി പണി ചെയ്ത ശേഷം പിന്മാറുന്നത് നല്ല ജോലിക്കാരന്റെ ലക്ഷണമല്ല.

ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പറഞ്ഞില്ല

പഞ്ചായത്തു പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ഷൈജുവും രശ്മിയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് ഒരു ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയില്‍, തന്റെ പ്രധാന ആവശ്യമായ 2000 രൂപയും ഡോക്യുമെന്റ്‌സും തിരിച്ചു തരണമെന്ന ആവശ്യം ഷൈജു മിണ്ടിയതേയില്ല. എന്നാല്‍, രശ്മിക്കെതിരെയുള്ള കേസുകളെല്ലാം പിന്‍വലിച്ചു കൊള്ളാമെന്നും ഫേയ്‌സ് ബുക്ക് പോസ്റ്റ് നീക്കം ചെയ്തുകൊള്ളാമെന്നും ഉറപ്പു കൊടുത്തതായി ഷൈജു പറയുന്നു. പ്രശ്‌നങ്ങളുടെ മൂലകാരണം തന്നെ ഈ പണവും ഡോക്യുമെന്റുകളുമാണ്. എന്നിട്ടും ഇവയൊന്നും അവിടെ ചര്‍ച്ചയായില്ല. വേറെ ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ തനിക്ക് ആ രേഖകള്‍ ആവശ്യമില്ലെന്നും അതിനാല്‍ താനതു ചോദിച്ചില്ലെന്നുമാണ് അതിനുത്തരമായി ഷൈജു പറഞ്ഞത്. എല്ലാം ഒത്തുതീര്‍പ്പാക്കി എന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയ ഷൈജു വീണ്ടും പരാതികളുമായി മുന്നോട്ടു പോകുകയായിരുന്നു. തനിക്കെതിരെ ലൈംഗിക പീഡനക്കേസ് നല്‍കുമെന്നു പറഞ്ഞു എന്നതാണ് ഇതിനു കാരണമായി ഷൈജു പറയുന്നത്.

പരാതി 3: ഞാനും ഫീസ് കൊടുത്തിട്ടാണ് പഠിക്കുന്നത്

ഒരു ക്ലാസ് 10 കിലോമീറ്ററാണ്. ഇതിനായി രശ്മി നിശ്ചയിച്ചിരിക്കുന്ന ഫീസ് 250 രൂപയാണ്. മറ്റു ഡ്രൈവിംഗ് സ്‌കൂളുകളുടെ നിരക്കുകള്‍ വ്യത്യസ്ഥമാണ്. വീടിന്റെയും ഓഫീസിന്റെയും പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഷൈജു ഡ്രൈവിംഗ് പഠിക്കാനെത്തിയതും. എന്നാല്‍, പെയിന്റിംഗ് ജോലി പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു ഷൈജു. ഡ്രൈവിംഗ് പഠനത്തിനായി ഏഴു ക്ലാസുകളില്‍ ഷൈജു പങ്കെടുത്തതും ഫീസ് കൊടുക്കാതെയാണ്. അതായത്, രശ്മിക്കു ഷൈജു കൊടുക്കാനുള്ളത് 1750 രൂപ. പഠിച്ചു കഴിഞ്ഞ് പൈസ കൊടുക്കാനാണ് തീരുമാനിച്ചതെന്നും അതു താന്‍ നല്‍കുമെന്നും ഷൈജു പറയുന്നു. പെയിന്റിംഗ് ജോലിയുടെ പണം രശ്മി തന്നതായും ഷൈജു സമ്മതിക്കുന്നുണ്ട്. ലൈസന്‍സിനായി രശ്മിയെ ഷൈജു ഏല്‍പ്പിച്ച തുക 2000 ആണ്. അങ്ങോട്ടുമിങ്ങോട്ടും കണക്കു പറഞ്ഞാല്‍ അധികമൊന്നും ബാക്കിയില്ല. എന്നിട്ടും കൊടുത്ത രണ്ടായിരവും ഡോക്യുമെന്റ്‌സും തന്നില്ല എന്ന കാരണത്താലാണ് സാമൂഹ്യമാധ്യമത്തില്‍ രശ്മിക്കെതിരെ ഷൈജു പോസ്റ്റുകളിട്ടതും ഗതാഗത മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു പരാതി നല്‍കിയതും. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ക്ലാസ് മുഴുവന്‍ കഴിയുമ്പോള്‍ താന്‍ പണം താന്‍ പണം കൊടുക്കുമെന്നായിരുന്നു ഷൈജുവിന്റെ പ്രതികരണം. പക്ഷേ, ഇതിന്റെ പേരില്‍ രശ്മിയെ കടന്നാക്രമിച്ചപ്പോള്‍ ഈ ലാഘവത്വം ഉണ്ടായിരുന്നില്ല.

പരാതി 4: എനിക്കു പഠിപ്പിക്കാന്‍ മുസ്ലീംകുട്ടികളുണ്ട്

വളരെക്കാലത്തെ അടുപ്പമുള്ള ഒരാളോടു നടത്തുന്ന സംഭാഷണങ്ങളും തമാശുകളും അവരെ കുടുക്കാനുള്ള തെളിവുകളാക്കുകയായിരുന്നു എന്നു വേണം കരുതാന്‍. മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെ നോമ്പുകാലമാണ്. ധാരാളം മുസ്ലീങ്ങള്‍ രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠിക്കുന്നുമുണ്ട്. പഠനം കഴിഞ്ഞ് നേരത്തെ വീടെത്തിയാല്‍ മാത്രമേ അവര്‍ക്കു നോമ്പുതുറയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കാന്‍ സാധിക്കുകയുള്ളു. ഇക്കാര്യങ്ങള്‍ തമാശായി ഷൈജുവിനോടു സംസാരിച്ചതു പോലും തെളിവായി ശേഖരിക്കുകയായിരുന്നു. മുസ്ലീങ്ങളോടാണ് ഇഷ്ടമെന്നും ഹിന്ദുക്കള്‍ കള്ളന്മാരാണെന്നും പറഞ്ഞത് വെറും തമാശായിരുന്നുവെന്ന് രശ്മി പറയുന്നു. മകനെപ്പോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്ത ഒരു വ്യക്തിയോടു താന്‍ നടത്തിയ സൗഹൃദ സംഭാഷണങ്ങളാണ് തനിക്കെതിരെയുള്ള തെളിവുകളായി അധികാരികള്‍ക്ക് അയച്ചുകൊടുത്തതെന്ന് രശ്മി പറയുന്നു. ഈ തമാശ് രശ്മി പറഞ്ഞതിന്റെ പേരിലാണ് പെയിന്റിംഗ് ജോലി പാതിവഴിയിലിട്ട് ഷൈജു പോയത്. ഇക്കാര്യത്തെക്കുറിച്ചെല്ലാം സംസാരിക്കാനും പ്രശ്‌നം പറഞ്ഞു തീര്‍ക്കാനും നിരവധി തവണ വിളിച്ചിട്ടും ഷൈജു ഫോണ്‍ എടുത്തതേയില്ല. ഇക്കാര്യങ്ങള്‍ ഷൈജു തന്നെ സമ്മതിക്കുന്നുണ്ട്.

ആ ഭീഷണിക്കു പിന്നില്‍

തനിക്കെതിരെ ഷൈജു നിരത്തുന്ന തെളിവുകളൊന്നും രശ്മി നിഷേധിക്കുന്നില്ല. താനുമായി പിണങ്ങിയാല്‍ കോതമംഗലത്തിനു കീഴിലുള്ള 40 ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഒന്നില്‍പ്പോലും പഠിക്കാന്‍ അവസരം ലഭിക്കില്ലെന്നും തന്റെ അസോസിയേഷന്‍ വളരെ ശക്തമാണെന്നും താന്‍ പറഞ്ഞതാണെന്ന് രശ്മി സമ്മതിക്കുന്നുണ്ട്. തന്നെ ഷൈജു ഭീഷണിപ്പെടുത്തിയപ്പോള്‍ തിരിച്ചു ഭീഷണിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് രശ്മി പറയുന്നത്.

വര്‍ഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള, കുടുംബക്കാര്‍ തമ്മില്‍ നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്ന രണ്ടുവ്യക്തികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു, പിണങ്ങുന്നു. അവര്‍ തമ്മില്‍ സൗഹൃദത്തിലായിരിക്കുമ്പോള്‍ നടത്തിയ സംഭാഷണങ്ങള്‍ പോലും പിന്നീട് എതിരെയുള്ള തെളിവുകളാക്കി മാറ്റുന്നു. ജാതിയും മതവും ലൈംഗികാരോപണങ്ങളുമെല്ലാം ഉപയോഗിക്കപ്പെടുന്നു. വളരെ മാന്യമായി സംസാരിച്ചു തീര്‍ക്കാവുന്നൊരു ചെറിയ പ്രശ്‌നം മന്ത്രിതലം വരെയുള്ള പരാതിയായി വലുതാക്കുന്നു. രശ്മിക്കെതിരെ നിരത്തുവാന്‍ തെളിവുകള്‍ ധാരാളമുണ്ടായിരിക്കാം. അത് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ, രശ്മിയെയും അവരുടെ സ്ഥാപനമായ എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെയും തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ഈ ആരോപണങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

…………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

Leave a Reply

Your email address will not be published. Required fields are marked *