ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിക്ക് എതിരെയാണല്ലോ നിങ്ങൾ തെരുവിൽ ഇറങ്ങുന്നത്. നമ്മൾ സ്ത്രീകൾ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി മാത്രമാണ് സാധാരണ പ്രാർത്ഥിക്കാറുള്ളത്. അതിനപ്പുറത്തേക്ക് നമ്മുടെ വിശ്വാസങ്ങളെ, പ്രാർത്ഥനകളെ എത്തിക്കാൻ സാധാരണക്കാർക്ക് കഴിയില്ല- അതുകൊണ്ടാണ് നമ്മൾ ഇന്ന് വഞ്ചിക്കപ്പെടുന്നത്. നമ്മുടെ വിശ്വാസത്തിൽ വിഷം ചേർക്കപ്പെട്ടിരിക്കുന്നു. ആരാധനയുടെ കാര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ യാതൊരു വ്യത്യാസവും വേദ കാലം മുതലില്ല.
സ്ത്രീയുടെ ശരീരം അശുദ്ധമാണെന്ന പ്രാകൃത വിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരായി നിലനിന്ന വിവേചനം അവസാനിപ്പിച്ച സുപ്രീം കോടതിവിധിയെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് നമ്മൾ ചെയ്യേണ്ടത്. സ്ത്രീകളെ മാറ്റി നിറുത്തുന്ന അനാചാരം സംരക്ഷിക്കാൻ വേണ്ടി തെരുവിലിറങ്ങാൻ ആവശ്യപ്പെടുന്നവരെ ആട്ടിയോടിക്കുക. അതിനുള്ള ധൈര്യമാണ് കേരളത്തിലെ സ്ത്രീകൾ ഇപ്പോൾ കാണിക്കേണ്ടത്.
കേരളത്തിലെ അയ്യപ്പ ആരാധനയുടെ ചരിത്രം തേടിപ്പോകുമ്പോൾ ലഭിക്കുന്ന ഏറ്റവും പഴയ തെളിവുകളിൽപ്പോലും പന്തളം രാജവംശം ഉണ്ടാകുന്നതിനു മുൻപ് തന്നെ കേരളത്തിൽ അയ്യപ്പന്റെ ആരാധനയുണ്ടായിരുന്നു എന്ന് വ്യക്തമാണ്. പണ്ട് ശബരിമലക്ക് പോകുന്നവർ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി കൊണ്ടുപോകുമായിരുന്നു.
ആരാണ് ശബരിമല വാസനായ അയ്യപ്പൻ ? അടിസ്ഥാനമില്ലാത്ത ആചാരങ്ങൾ മനുഷ്യരുടെ മനസിൽ ഉറപ്പിക്കുന്നവർ നമ്മുടെ ദൈവത്തെ നമ്മളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്.
ചെങ്ങന്നൂർ ദേവി ക്ഷേത്രത്തിൽ അത്യപൂർവ്വമായഒരു ചടങ്ങുണ്ട്. ദേവി തൃപ്പൂത്ത് ആകുന്ന ദിവസം. ദേവിക്ക് ആർത്തവം ഉണ്ടാകുന്ന ദിവസം. അത് ലോകത്തു മറ്റൊരിടത്തുമില്ല. അവിടെയും തന്ത്രം താഴമൺ മഠത്തിനാണ് . ശബരിമലയിൽ ആർത്തവ പ്രായമുള്ള സ്ത്രീകളെ കയറ്റരുത് എന്ന കെട്ടുകഥ ഉണ്ടാക്കിയവർ അതേ ആർത്തവത്തെ ഉത്സവമായി ആഘോഷിക്കുന്നു. പാമ്പിന്റെ മാളത്തിലും തിളച്ച എണ്ണയിലും കൈ മുക്കി സത്യം തെളിയിക്കുന്ന ആചാരം പല ക്ഷേത്രങ്ങളിലും ഈയിടെവരെ ഉണ്ടായിരുന്നു. അയ്യപ്പന് വേണ്ടി സമരം എന്ന പേരിൽ നാട് കുട്ടിച്ചോറാക്കുന്നവരിൽ ആരെങ്കിലും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നും, സ്ത്രീകളെ കയറ്റാത്തതു ആചാരമാണെന്നും തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കാനോ, പാമ്പിന്റെ കൂട്ടിൽ കൈയിടാനോ തയ്യാറാകുമോ? ഇല്ല. അതിനു പകരം വിശ്വാസികളായ പാവപ്പെട്ട സ്ത്രീകളെ തെരുവിലിറക്കി മഹാപാപം ചെയ്യിക്കുകയാണ് ചെയ്യുന്നത്, നിങ്ങളുടെ വീട്ടിലെ പുരുഷന്മാർ.
ശബരിമല ക്ഷേത്രത്തില്‍ എന്തുകൊണ്ട് യുവതികളായ സ്ത്രീകള്‍ക്കു പോകാന്‍ പാടില്ല? ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അതു സ്ത്രീക്കു സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം നിശ്ചയിച്ച യോഗത്തില്‍ ഒരൊറ്റ സ്ത്രീയുംപങ്കെടുത്തിട്ടുണ്ടാകില്ല. ഒരു സ്ത്രീയെങ്കിലും പങ്കെടുത്തിരുന്നെങ്കിൽ, ഇത് തങ്ങള്‍ക്കു സാധ്യമല്ലെന്ന് ആ സ്ത്രീ പറഞ്ഞേനെ. അപ്പോള്‍ ആ സ്ത്രീക്കു പറ്റുന്ന തരത്തില്‍ തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആരു നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്തവരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ ചിന്തിച്ചേനെ.
എൻ.എസ്.എസ് ആഹ്വാനം ചെയ്യുന്നത് നാമജപവുമായി റോഡിലേക്ക് ഇറങ്ങാനാണ്. നിങ്ങളുടെ അവസ്ഥ ഒരു അമ്പതു വർഷം മുൻപ് എന്തായിരുന്നു എന്നറിയാമോ? വിവാഹത്തിന് പോലും യോഗ്യരല്ലാത്ത, നമ്പൂതിരിക്ക് ഇഷ്ടംപോലെ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന ബന്ധങ്ങൾ മാത്രം വിധിക്കപ്പെട്ടവരായിരുന്നു നിങ്ങൾ. കാര്യസാധ്യത്തിനായി നിങ്ങൾ ഉപയോഗിക്കപ്പെട്ടതുപോലെ ലോകത്തൊരു സ്ത്രീവിഭാഗവും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇത് ചരിത്രമാണ്. സി ശങ്കരൻ നായർ കമ്മീഷന് മുൻപാകെ നൽകിയ റിപ്പോർട്ട് ആണ്. സ്വാമി ധർമ്മ തീർത്ഥർ എന്ന പരമേശ്വരമേനോൻ എഴുതിവച്ചതാണ്. (1941. History of Hindu Imperialism . Page 212-213. വായിക്കുക.)
ഞാനറിയുന്ന ശബരിമല അയ്യപ്പൻ സന്തതിയും സമ്പത്തും നല്കുന്നവനാണ്. കലിയുഗവരദനാണ് . രണ്ടാനമ്മയുടെ കള്ള തലവേദനവിശ്വസിച്ചു പുലിപ്പുറത്തേറിയവനാണ്, മനുഷ്യരെ വിശ്വസിക്കാനാവാതെ മലമുകളിലേക്ക് പോയവനാണ്, ദൈവമാണ്. എന്തിനാണ് അയ്യനെ ഇനിയും സങ്കടപ്പെടുത്തുന്നത്? നിങ്ങളാരും ശബരിമലക്ക് പോകേണ്ടതില്ല. പക്ഷേ, സന്തതിയും സമ്പത്തും നൽകി അനുഗ്രഹിക്കുന്ന അയ്യനെക്കാണാൻ വരുന്ന ഒരു പെണ്ണിനേയും തടയരുത്. ആ ശാപം തടയാൻ ഇനിയും പല ജന്മം നിങ്ങൾ നാമം ജപിക്കേണ്ടിവരും.
നാമജപവുമായി തെരുവിലിറങ്ങാൻ നിർബ്ബന്ധിക്കപ്പെടുന്ന സ്ത്രീകളോട് എനിക്ക് ഒരപേക്ഷയേ ഉള്ളൂ. വഞ്ചിക്കപ്പെടാൻ നിന്നുകൊടുക്കാതെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അംഗീകരിച്ച് അന്തസ്സുള്ള പൗരരായി ജീവിക്കാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തൂ. അടിമത്തത്തിന്റെ നുകം അഭിമാനപൂർവ്വം സ്വന്തം തോളിലേറ്റി പുരുഷാധിപത്യത്തിന്റെയും പൗരോഹിത്യത്തിന്റെയും ഇരകളായി കഴിഞ്ഞ ആ പഴയ കാലം ഇനി ഒരിക്കലും തിരിച്ചുവരാതെ പോകട്ടെ.
കടപ്പാട്- മനോജ് മനയിൽ,
കെ.ചന്ദ്രഹരി, അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?-മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, കേരളചരിത്രധാരകള്‍ പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം. Kdpd Lekshmy Rajeev..