കോതമംഗലം സാറാമ്മ വധം: പിന്നില്‍ മലയാളികളോ?

ജെസ് വര്‍ക്കി തുരുത്തേല്‍

ഈ വീടിന്റെ അടുക്കളയുടെ ഇറയത്തായി ഒരു കസേരയുണ്ട്. ആ കസേരയിലിരുന്നാണ് അവരുടെ അമ്മ സാറാമ്മ (കള്ളാട് ചെങ്ങമനാട് Saramma -72) എന്നും ഭക്ഷണം കഴിക്കാറ്. ഇന്ന് ആ കസേര ശൂന്യമാണ്. അതിന്റെ ഉടമ ഇനി തിരിച്ചെത്തില്ല. അദൃശ്യനായൊരു കൊലയാളി ആ ജീവനെടുത്തിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. ഇന്നുമയാള്‍ കാണാമറയത്തു തന്നെ! ഓരോ കൊലപാതകങ്ങളിലും ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടി ഒരു തെളിവെങ്കിലും ശേഷിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി വിതറി, തന്നിലേക്കുള്ള വഴി കൊലയാളി അടച്ചെങ്കിലും പോലീസ് ഊര്‍ജ്ജിതമായി കേസന്വേഷിക്കുന്നു, കൊലയാളിയെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയോടെ.

അന്ന് മാര്‍ച്ച് 25, 2024. സ്‌കൂള്‍ അടയ്ക്കാന്‍ രണ്ടു ദിവസങ്ങള്‍ കൂടി മാത്രമേയുള്ളു. അത് വിശുദ്ധ വാരമായിരുന്നു. പള്ളികളില്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ തലേന്നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്. അതിനാല്‍ സ്‌കൂളുകളിലും പള്ളികളിലും തിരക്കു തന്നെ. പരീക്ഷാക്കാലമായതിനാല്‍, സാറാമ്മയുടെ മരുമകളും അധ്യാപികയുമായ സില്‍ജു വൈകിട്ട് 3.30 ആകുമ്പോള്‍ വീട്ടിലെത്തും. ക്ലാസ് സമയങ്ങളില്‍ നാലുമണിക്കു ശേഷമാണ് വീട്ടിലെത്തുക.

അന്നും രാവിലെ പതിവുപോലെ 8.30 സില്‍ജു സ്‌കൂളിലേക്കു പോയി. സില്‍ജു ജോലി ചെയ്യുന്ന അതേ സ്‌കൂളിന്റെ ചെയര്‍മാനാണ് സില്‍ജുവിന്റെ ഭര്‍ത്താവും സാറാമ്മയുടെ മകനുമായ എല്‍ദോസ്. സാധാരണയായി പത്തുമണിക്കാണ് എല്‍ദോസ് പുറത്തു പോകാറ്. കാലു വേദനയെത്തുടര്‍ന്ന് അന്നേ ദിവസം പുറത്തെങ്ങും പോകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍, ഭണ്ഡാരത്തുക എണ്ണാനായി പള്ളിയില്‍ നിര്‍ബന്ധമായും എത്തണമെന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശം കിട്ടി. അതോടെ, ഏകദേശം 10.40 തോടെ അദ്ദേഹവും പള്ളിയിലേക്കു പോയി.

സാധാരണയായി ജോലിക്കോ എന്തെങ്കിലും ആവശ്യത്തിനോ വെളിയില്‍ പോയാല്‍ ഉച്ചയ്ക്ക് പന്ത്രണ്ട്-ഒരുമണിയോടു കൂടി എല്‍ദോസ് വീട്ടിലെത്തും. പിന്നീട് ഭക്ഷണവും കഴിച്ച് അമ്മയും മകനും അവരവരുടെ മുറികളില്‍ വിശ്രമിക്കും. അതാണ് പതിവ്. എന്നാല്‍ അന്നേദിവസം, പള്ളിയില്‍ ഭണ്ഡാരമെണ്ണി തീരാത്തതിനാല്‍ എല്‍ദോസിന് ഭക്ഷണം കഴിക്കാന്‍ പോലും വീട്ടിലെത്താന്‍ സാധിച്ചില്ല. ഈ അവസരം കൊലയാളി മുതലെടുക്കുകയായിരുന്നു എന്നുവേണം കരുതാന്‍.

ഏകദേശം 11.30 ആയതോടെ മീറ്റര്‍ റീഡിംഗ് എടുക്കാനായി ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ആളെത്തിയിരുന്നു. ചൂടുകാലമാണ്, എസി കൂടി പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ കറണ്ടു ബില്‍ കൂടുതലാണ്. റീഡിംഗിനു ശേഷം ഉദ്യോഗസ്ഥന്‍ പോയതോടെ, തങ്ങള്‍ക്കു കിട്ടിയ ബില്ലിനെക്കുറിച്ച് അയല്‍വാസിയോട് സാറാമ്മ സംസാരിച്ചിരുന്നു.

ഷുഗര്‍ ഉള്ളതിനാല്‍ എന്നും രാവിലെ ഇന്‍സുലില്‍ ഇന്‍ജക്ഷന്‍ എടുക്കുന്ന സാറാമ്മ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയില്‍ കൃത്യമായി ഭക്ഷണം കഴിക്കാറുണ്ട്. എവിടെ ആയാലും, യാത്രയില്‍പ്പോലും ഈ രീതിക്ക് അവര്‍ മാറ്റം വരുത്താറില്ല. എന്നെങ്കിലും ആ സമയത്ത് ഭക്ഷണം കഴിക്കാതെ വന്നാല്‍ അമ്മയ്ക്ക് തലക്കറക്കവും മറ്റു ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടെന്നും അതിനാല്‍ ആരോഗ്യകാര്യത്തില്‍ വളരെ കൃത്യനിഷ്ഠ ഉള്ളയാളാണ് തങ്ങളുടെ അമ്മ എന്നും മക്കളും മരുമക്കളും സാക്ഷ്യപ്പെടുത്തുന്നു. അരി ആഹാരത്തോട് വലിയ മമത ഇല്ലാത്തതിനാല്‍ കപ്പയോ ചക്കയോ മറ്റെന്തെങ്കിലും ആഹാരമോ ആണ് അവര്‍ കൂടുതലായി കഴിക്കാറുള്ളത്. പറ്റാവുന്ന അവസരങ്ങളിലെല്ലാം അവര്‍ അരി ആഹാരം ഒഴിവാക്കും. അന്ന് അവര്‍ കഴിക്കാനെടുത്തത് ചക്കയും കടലക്കറിയുമായിരുന്നു. ഒരു സ്റ്റീല്‍ പ്ലേറ്റില്‍ എടുത്ത ആഹാരത്തില്‍ വളരെ കുറച്ച് മാത്രമേ കഴിച്ചിട്ടുള്ളു. അതായത്, ആഹാരം കഴിച്ചു തുടങ്ങിയതേ അവരെത്തേടി കൊലയാളി(കള്‍) എത്തി എന്നുവേണം അനുമാനിക്കാന്‍.

ഈ വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും അവര്‍ ഡൈനിംഗ് ഹാളിലെ ഊണുമേശയില്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മക്കളും മരുമക്കളും ഉറപ്പിച്ചു പറയുന്നു. അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം അടുക്കളയുടെ ഇറയമായിരുന്നു. അതുതന്നെയായിരുന്നു തങ്ങളുടേയും ഇഷ്ടപ്പെട്ട ഇടമെന്ന് കുടുംബം ഒന്നടങ്കം പറയുന്നു. അവിടെയിരുന്നാല്‍, കാറ്റുണ്ട്, വെളിച്ചമുണ്ട്, സ്ഥിരമായി അമ്മയെ കാണാനായി ഒരു കാക്കയും എത്താറുണ്ട്. ആ കാക്കയോടും കിളികളോടും പിന്നെ അടുക്കള ഭാഗത്തെ പൈപ്പില്‍ നിന്നും വെള്ളമെടുക്കാനെത്തുന്ന പണിക്കാരോടും സൗഹൃദ സംഭാഷണത്തിനായി എത്തുന്ന അയല്‍ക്കാരോടും സംസാരിച്ച് അവിടെ തന്നെയാണ് അമ്മച്ചി സാധാരയായി ഇരിക്കാറുള്ളത്.

അമ്മച്ചിയുടെ വലതുകൈയുടെ തോളിനു കാര്യമായ പ്രശ്‌നങ്ങളുള്ളതിനാല്‍ അതു ചലിപ്പിക്കാന്‍ പ്രയാസമാണ്. എങ്കിലും ആ കൈ കൊണ്ടു തന്നെയാണ് അവര്‍ ആഹാരം കഴിക്കാറുള്ളത്. കാലിനു വേദനയുള്ളതിനാല്‍ വേഗത്തില്‍ നടക്കാനും അവര്‍ക്കു സാധിക്കുമായിരുന്നില്ല.

അമ്മ രക്തത്തില്‍ കുളിച്ച്, ചലനമറ്റു വീണുകിടക്കുന്നത് ആദ്യം കണ്ടത് മരുമകള്‍ സില്‍ജുവാണ്. സ്‌കൂളില്‍ നിന്നും വൈകിട്ട് 3.30 ന് വീട്ടിലെത്തി മുന്‍വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ അമ്മ വീണുകിടക്കുന്നതാണ് കണ്ടത്. ദിവാന്‍ കോട്ടില്‍ തലയിടിച്ചു വീണതാകാമെന്നാണ് അവര്‍ ആദ്യം കരുതിയത്. അലറിക്കരഞ്ഞുകൊണ്ട് അവര്‍ അയല്‍ക്കാരെ വിളിച്ചു, പക്ഷേ, ആ നിലവിളി അധിക ദൂരേക്ക് എത്തിയതേയില്ല. ഉടന്‍ തന്നെ മുറ്റത്തിറങ്ങി അയല്‍ക്കാരെ വിളിച്ചു. അവര്‍ ഓടിയെത്തി. പിന്നീട് എല്‍ദോസിനെയും വിവരമറിയിച്ചു. അദ്ദേഹത്തോടൊപ്പം പള്ളിയില്‍ നിന്നും ആളുകളെത്തിയിരുന്നു. അമ്മയുടെ കൈതട്ടി മഞ്ഞള്‍ പാത്രം താഴെ വീണുപോയതാകാമെന്നാണ് ആദ്യമവര്‍ കരുതിയത്. എന്നാല്‍, അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി എടുത്തുയര്‍ത്തുമ്പോഴാണ് കൈയില്‍ വളകളില്ലെന്നു ബോധ്യമായത്. പിന്നീടു പരിശോധിച്ചപ്പോള്‍ മാലയും നഷ്ടപ്പെട്ടതായി മനസിലായി. അതോടെ, അമ്മയുടേത് അപകടമല്ല, ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഉറപ്പായി. അതോടെ അവര്‍ പോലീസിലും വിവരമറിയിച്ചു.

ഓവല്‍ ഷേയ്പ്പിലുള്ള ഡൈനിംഗ് ടേബിളിന്റെ വലതു വശത്തായി ഒരു കസേര വീണുകിടപ്പുണ്ടായിരുന്നു. അതിനോടു ചേര്‍ന്ന് ദിവാന്‍ കോട്ടിനു സമീപത്തായി കാലുകള്‍ പാതി മടങ്ങിയ നിലയില്‍ ഇടതു വശം ചരിഞ്ഞാണ് അമ്മ കിടന്നിരുന്നത്. വീടിനുള്ളില്‍ അമ്മ ചെരിപ്പ് ഉപയോഗിച്ചിരുന്നു. ഒരുകാലില്‍ ചെരിപ്പുണ്ടായിരുന്നു, മറുകാലിലെ ചെരിപ്പ് സമീപത്തു തന്നെയും. വായിക്കുമ്പോഴും എഴുതുമ്പോഴും മാത്രമാണ് അമ്മ കണ്ണട ഉപയോഗിക്കുന്നത്. അമ്മയുടെ ശരീരത്തിനടുത്തായി ആ കണ്ണടയുമുണ്ടായിരുന്നു. ഹാളിലെങ്ങും രക്തം തളം കെട്ടി കിടന്നിരുന്നു. ഹാളിലും അടുക്കളയിലും ധാരാളമായി മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. ഡൈനിംഗ് ടേബിളില്‍ അവര്‍ കഴിക്കാനെടുത്ത ആഹാരം പ്ലേറ്റിലായി ഉണ്ടായിരുന്നു. ഫോണ്‍ നമ്പറുകള്‍ കുറിച്ചു വയ്ക്കാനായി ഉപയോഗിച്ചിരുന്ന ഡയറിയും ഡൈനിംഗ് ടേബിളില്‍ തന്നെ ഉണ്ടായിരുന്നു. അമ്മ ഉപയോഗിക്കാറുള്ള കീപ്പാഡ് ഫോണും സ്മാര്‍ട്ട് ഫോണും ഡൈനിംഗ് ടേബിളില്‍ ഉണ്ടായിരുന്നു. ഒരു കൈയില്‍ പേനയുടെ ക്യാപ്പുണ്ടായിരുന്നു. എന്നാല്‍, പേന കാണാനുണ്ടായിരുന്നില്ല.

തക്കതായ കാരണമില്ലാതെ മുറിയില്‍ മാത്രമുപയോഗിക്കുന്ന ഡയറി ഡൈനിംഗ് ടേബിളില്‍ എത്തില്ല എന്ന് മക്കള്‍ തറപ്പിച്ചു പറയുന്നു. ടി വി കാണുമ്പോള്‍പ്പോലും അമ്മ കണ്ണട ഉപയോഗിക്കാറില്ല. പുസ്തകം പൊതിയുന്ന ഒരു കവറില്‍ നിന്നും കീറിയെടുത്ത ഒരു പേപ്പര്‍ ഡൈനിംഗ് ടേബിളില്‍ ഉണ്ടായിരുന്നു. കണ്ണടയും ഡയറിയും ഡൈനിംഗ് ടേബിളിള്‍ ഉണ്ടായിരുന്നതിനാല്‍, കൊലയാളി വീട്ടില്‍ ആരുടേയോ നമ്പര്‍ ചോദിച്ചെത്തി സാറാമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിനകത്തു പ്രവേശിക്കുകയായിരുന്നുവെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. എഴുതിക്കൊടുക്കാനായി നമ്പര്‍ പരതുന്നതിനിടിയിലാകാം ആക്രമണമുണ്ടായത്.

എന്തുകൊണ്ട് കൊലയാളി(കള്‍) ആ തിങ്കളാഴ്ച തന്നെ തെരഞ്ഞെടുത്തു?

അമ്മയെ സദാ ചുറ്റിപ്പറ്റി നടന്നിരുന്ന ഒരു മകനായിരുന്നു എല്‍ദോസ്. അമ്മയുടെ ആരോഗ്യകാര്യത്തില്‍ മക്കള്‍ മാത്രമല്ല, മരുമക്കളും ഒരുപോലെ ശ്രദ്ധ പതിപ്പിച്ചിരുന്നു. മക്കളും മരുമക്കളും കുടുംബക്കാരുമെല്ലാം വളരെ സ്‌നേഹത്തോടെയും പരസ്പരം സഹായിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു സാറാമ്മയുടേത്. കോവിഡ് കാലത്ത് മൂന്നുതവണയാണ് അമ്മ മരണത്തെ മുഖാമുഖം കണ്ടത്. കഴിഞ്ഞ വര്‍ഷം അമ്മയെ പാമ്പു കടിച്ചിരുന്നു. ഇതിനെയെല്ലാം അവര്‍ അതിജീവിച്ചു. കൊലയാളി ആ വീടിനെ ദിവസങ്ങളായി നിരീക്ഷിച്ചിരുന്നുവെങ്കില്‍, തീര്‍ച്ചയായും എല്‍ദോസ് ഉച്ചയ്ക്ക് 12-1 മണിയോടെ വീട്ടിലെത്താറുണ്ടെന്നും പിന്നീട് ഭാര്യ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം വൈകുന്നേരം മാത്രമേ പുറത്തു പോകാറുള്ളുവെന്നും കൃത്യമായി അറിഞ്ഞിട്ടുണ്ടാവണം. രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ സ്‌കൂള്‍ അടയ്ക്കുമെന്നും പിന്നീട് എല്ലാവരും വീട്ടിലുണ്ടാകുമെന്നും അറിയുന്നവര്‍ തന്നെയായിരുന്നു കൊലപാതകികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം തന്നെ, അന്നത്തെ ദിവസം തന്റെ ഷെഡ്യൂളില്‍ എല്‍ദോസ് മാറ്റം വരുത്തിയതും അറിഞ്ഞിരിക്കാനിടയുണ്ട്. ഒരുപക്ഷേ, കൊലയാളികളില്‍ ഒരാള്‍ എല്‍ദോസിനെ നിരീക്ഷിച്ച് കൂട്ടാളികള്‍ക്ക് വിവരം നല്‍കിയിരിക്കാനും സാധ്യതയുണ്ട്.

സാറാമ്മയ്ക്ക് രണ്ടു ഫോണുകളാണ് ഉള്ളത്. ഫോണ്‍ വിളിക്കാനായി മാത്രമുപയോഗിക്കുന്ന ഒരു കീപ്പാഡ് ഫോണ്‍. മറ്റൊന്ന് ഇന്‍സ്റ്റാഗ്രാം കാണാനുപയോഗിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍. ഫോണില്‍ നിന്നും നമ്പര്‍ തെരഞ്ഞെടുത്ത് ആരെയും വിളിക്കാന്‍ സാറാമ്മയ്ക്ക് അറിയില്ല. അതിനാല്‍, മക്കളുടേയും മരുമക്കളുടേയും ബന്ധുക്കളുടേയുമെല്ലാം ഫോണ്‍ നമ്പറുകള്‍ അവര്‍ കുറിച്ചിട്ടിരിക്കുന്നത് ഒരു ഡയറിയിലാണ്. ആ ഡയറിയാകട്ടെ, അവര്‍ മുറിയുടെ വെളിയിലേക്ക് ഇറക്കാറില്ല. ആരെയെങ്കിലും ഫോണ്‍ വിളിക്കാനുണ്ടെങ്കില്‍, ഡയറിയില്‍ നിന്നും നമ്പറെടുത്ത് മുറിയിലിരുന്നു തന്നെയാണ് വിളിക്കാറ്. ആ ഡയറി എങ്ങനെ ഡൈനിംഗ് ടേബിളില്‍ എത്തി? അതിന് ഒരേയൊരു ഉത്തരമേയുള്ളു.

എല്‍ദോസ് വീട്ടിലില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ തിരക്കി കൊലയാളി(കള്‍) വീട്ടിലെത്തിയിരിക്കാം. അദ്ദേഹം വീട്ടിലില്ലെന്ന് അറിയിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചിരിക്കാം. കൊലയാളി(കളു)ടെ വേഷം മുഷിഞ്ഞതോ സംശയകരമോ ആയത് ആയിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍. കാരണം, മാന്യമായ വസ്ത്രധാരണമായതിനാല്‍, വന്നവരെ സംശയിക്കാതെ സാറാമ്മ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചിരിക്കാനാണ് സാധ്യത. അടുക്കളയുടെ ഇറയത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സാറാമ്മ അടുക്കള വാതിലിലൂടെ തന്നെ അകത്തുകയറി ഭക്ഷണപ്ലേറ്റ് ഡൈനിംഗ് ടേബിളില്‍ വച്ചതിനു ശേഷം കൈകഴുകി മുന്‍വശത്തെ വാതില്‍ തുറന്നു കൊടുത്തിരിക്കണം. അല്ലെങ്കില്‍ കൊലയാളി(കള്‍) അകത്തു കയറിയത് അടുക്കള വാതിലിലൂടെ തന്നെയാവാം. സാധാരണഗതിയില്‍ അടുക്കളയിലൂടെ അമ്മ ആരെയും അകത്തു പ്രവേശിപ്പിക്കാറില്ല. മുന്‍വശത്തോട്ടു പോകുകയാണെങ്കില്‍, അടുക്കള വാതില്‍ അടച്ചു കുറ്റിയിട്ട ശേഷം മാത്രമേ പോകാറുമുള്ളുവെന്നു കുടുംബം പറയുന്നു.

മുറിയില്‍ നിന്നും ഡയറി എടുത്ത് ഡൈനിംഗ് ടേബിളില്‍ വച്ചശേഷം കസേരയിലിരുന്നുകൊണ്ട് ഫോണ്‍ നമ്പര്‍ പരതിയിരിക്കാം. കൈയില്‍ കരുതിയ പേപ്പറില്‍ നമ്പര്‍ എഴുതാനായി തുനിഞ്ഞിരിക്കാം. വായിക്കുമ്പോഴോ എഴുതുമ്പോഴോ അല്ലാതെ അമ്മ ഒരിക്കലും കണ്ണട ഉപയോഗിക്കാറില്ലെന്ന് സില്‍ജു പറയുന്നു. അമ്മയുടെ ശ്രദ്ധ മാറിയ ആ നിമിഷം കൊലയാളി മാലയില്‍ പിടികൂടിയിരിക്കാം. രണ്ടുപവനിലും മീതെ തൂക്കമുള്ള ആ മാല എളുപ്പത്തില്‍ പൊട്ടാന്‍ സാധ്യത കുറവാണ്. അസാമാന്യ മനക്കരുത്തുള്ള സാറാമ്മ ഇടംകൈ കൊണ്ട് ആക്രമണത്തെ തടുത്തിരിക്കാം. ആ കൈകളില്‍ കത്തികൊണ്ടു കുത്തിയ നിരവധി പാടുകളുണ്ട്. അവര്‍ ഇട്ടിരുന്ന നൈറ്റിക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. മുക്കും വായും ബലം പ്രയോഗിച്ച് അമര്‍ത്തിപ്പിടിച്ചതിന്റെ പാടുകളുണ്ട്. കൈകളിലൂടെ വള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ വളകള്‍ അറുക്കു കൊണ്ടുപോകാനാണ് സാധ്യത. കമ്മല്‍ ഊരിയെടുക്കാനോ അറുത്തെടുക്കാനോ അവര്‍ക്കു സാവകാശം ലഭിച്ചില്ല എന്നുവേണം കരുതാന്‍.

ഇവരുടെ പഴയ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രണ്ടു ഭായിമാര്‍ ഉച്ചയ്ക്ക് 12 മണിക്കു ശേഷവും ഒരുമണിക്കു ശേഷവുമായി രണ്ടു തവണ വീടിന്റെ മുന്നിലായി എത്തിയിരുന്നു. തുണികള്‍ അലക്കി തേച്ചു കൊടുക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍, അലക്കി ഉണക്കാനിട്ട തുണി എടുക്കാനാണ് വീടിന്റെ സമീപത്തായി വന്നത്. അപ്പോഴും അസ്വാഭാവികമായ യാതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. ഈ സമയത്തിനകം കൊലയാളി(കള്‍) വീടിനകത്തു പ്രവേശിച്ചിട്ടുണ്ടെങ്കില്‍, അധിക സമയം ആ വീട്ടില്‍ തങ്ങുന്നതു നന്നല്ലെന്നും കിട്ടിയതുമായി എത്രയും വേഗം രക്ഷപ്പെടണമെന്നും തീരുമാനിച്ചിരിക്കാം. ഹാളിലും അടുക്കളയിലുമല്ലാതെ, ഒരു മുറിയിലേക്കും കൊലയാളി(കള്‍) പ്രവേശിച്ചിട്ടില്ല. മുറികളിലെ ഒരു വസ്തുവിനു പോലും സ്ഥാനചലനം സംഭവിച്ചിട്ടില്ലെന്ന് സില്‍ജു വ്യക്തമാക്കി. അതായത്, മുറികളിലോ അലമാരയിലോ പരതിയിട്ടില്ല. പൂട്ടാത്ത അലമാരയില്‍ വച്ച ആഭരണങ്ങളോ മേശവലിപ്പില്‍ അമ്മ ഊരി വച്ച മോതിരമോ നഷ്ടപ്പെട്ടിട്ടില്ല. വീടിനുള്ളില്‍ നിന്നും അസാധാരണമായ യാതൊരു ശബ്ദവും കേട്ടില്ലെന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പറഞ്ഞിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി കൊലയാളി(കള്‍) തന്നെ കൊണ്ടുവന്നതാണെന്നു കരുതുന്നു. കാരണം അടുക്കളയില്‍ നിന്നും കത്തിയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അമ്മച്ചിയുടെ ദേഹത്തു കിടന്ന ആഭരണങ്ങള്‍ക്കു പുറമേ ആകെക്കൂടി നഷ്ടമായത് എല്‍ദോസിന്റെ ഒരു മുണ്ടാണ്. ഓശാന ഞായറാഴ്ച പള്ളിയില്‍ പോയ ശേഷം മാറ്റിയിട്ടിരുന്ന മുണ്ടായിരുന്നു അത്. വാഷ്‌ബേസിനില്‍ രക്തം കഴുകിക്കളഞ്ഞതിന്റെ അടയാളങ്ങളുണ്ടായിരുന്നു. അടുക്കളഭാഗത്തെ പറമ്പില്‍ നിന്നും രക്തം പുരണ്ട ഒരു തുണിയും ലഭിച്ചിരുന്നു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നതിനാല്‍ ഹാള്‍ നിറയെ ചോരയായിരുന്നു. അമ്മയുടെ ദേഹത്തും നിറയെ ചോരയുണ്ടായിരുന്നു. അതിനാല്‍ എവിടെയെല്ലാമാണ് മുറിവുകള്‍ എന്ന് കാണാന്‍ കഴിയുമായിരുന്നില്ല.

സാധാരണയായി അമ്മയെ സഹായിക്കാനും കൂട്ടിനുമായി അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടി എത്താറുണ്ടായിരുന്നു. അന്നത്തെ ദിവസം ആ കുട്ടിയും ആ വീട്ടിലേക്ക് എത്തിയിരുന്നില്ല. എല്‍ദോസ് പുറത്തു പോയാലും രണ്ടോ മൂന്നോ മണിക്കൂര്‍ നേരമാണ് വീട്ടില്‍ നിന്നും മാറിനില്‍ക്കുകയുള്ളു. 12-1 മണി ആകുമ്പോഴേക്കും എല്‍ദോസ് തിരിച്ചെത്തും. എവിടെയെങ്കിലും പോയാലും മൂവരും ഒരുമിച്ചാണ് പോകുക. അങ്ങനെ പോകാന്‍ പറ്റാത്ത സമയങ്ങളില്‍ അമ്മയെ സഹോദരിയുടെ വീട്ടിലാക്കിയാവും എല്‍ദോസും ഭാര്യയും പോകുക.

കോതമംഗലം കള്ളാട് എന്ന ആ ഗ്രാമപ്രദേശത്ത് നാളിതുവരെയും ഒരു ചെറുമോഷണം പോലും ആരും നടത്തിയിട്ടില്ല. ആക്രി പെറുക്കാനായി എത്തുന്നവര്‍ പോലും യാതൊരു സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയിട്ടില്ല. പിരിവുകാരോ കച്ചവടക്കാരോ ആ വഴി വരാറില്ല. അതിനാല്‍ത്തന്നെ വളരെയേറെ സുരക്ഷിതമായിരുന്നു കള്ളാട് എന്ന ഗ്രാമപ്രദേശം. അവിടെയാണ് ഒരു അരുംകൊല നടന്നിരിക്കുന്നത്.

ആഭരണങ്ങള്‍ അണിഞ്ഞു നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു സാറാമ്മ. ഇതിനെക്കാള്‍ വലിയൊരു മാലയാണ് അവര്‍ അണിയാന്‍ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍, മക്കളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നു. അമ്മയും സില്‍ജുവും കൂടിയാണ് മഞ്ഞള്‍ പുഴുങ്ങി ഉണക്കിയെടുത്തത്. മകളുടെ വീട്ടില്‍ കൊണ്ടുപോയി ആണ് ആ മഞ്ഞള്‍ പൊടിപ്പിച്ചത്. പിന്നീട് അവരത് വീതിച്ചെടുക്കുകയായിരുന്നു. അതിനാല്‍, വലിയൊരളവില്‍ മഞ്ഞള്‍പ്പൊടി വീട്ടിലുണ്ടായിരുന്നു. അതാണ് ഹാളിലും അടുക്കളയിലുമായി കൊലയാളി വാരിവിതറിയത്.

നല്ല മനക്കരുത്തുള്ള ആളായിരുന്നു സാറാമ്മ. വലതുകൈയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉള്ള ആള്‍ തന്നെയായിരുന്നു. പ്രതികൂല സാഹചര്യങ്ങളോടെല്ലാം പടവെട്ടി, മണ്ണില്‍ അധ്വാനിച്ച് വിജയിച്ച ഒരു കര്‍ഷകകുടുംബമാണ് അത്. അപ്രതീക്ഷിതമായി വീട്ടിലെത്തുന്നവര്‍ക്കു പോലും ആഹാരം കരുതിവയ്ക്കുന്ന ഒരു വ്യക്തിയായിരുന്നു അവര്‍. മാത്രവുമല്ല, സാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന, കലഹങ്ങളിലൊന്നും ചെന്നുപെടാത്ത ഒരു കുടുംബമായിരുന്നു അവരുടേത്. അതിനാല്‍ത്തന്നെ ആ കുടുംബത്തിലുള്ളവര്‍ക്ക് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. അവരോടും ആര്‍ക്കും ശത്രുതയുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. അതിനാല്‍തന്നെ മോഷണം തന്നെയായിരുന്നു കൊലയാളികളുടെ ലക്ഷ്യമെന്ന് വീട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു.

അദൃശ്യനായ ആ കൊലയാളി ആ പരിസരങ്ങളിലെവിടെയോ ഉണ്ടാകുമോ? വീട്ടുകാരുടേയും പോലീസിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ച് മറഞ്ഞിരിക്കുകയാവുമോ? അന്യസംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലും ചോദിച്ചാല്‍ മകന്റെ ഫോണ്‍നമ്പര്‍ കൊടുക്കാന്‍ സാധ്യതയില്ലെന്നു തന്നെ കുടുംബം വിശ്വസിക്കുന്നു. വന്നത് മലയാളി(കള്‍) ആകാം. തന്നെ കൊല്ലാനാണ് എത്തിയതെന്നു സംശയിക്കത്തക്ക യാതൊന്നുമില്ലാത്ത വിധം സ്വാഭാവികമായി കൊലയാളി(കള്‍) പെരുമാറിയിരിക്കാം. അതിനാല്‍ മാത്രമായിരിക്കണം വീടിനുള്ളിലേക്ക് കൊലയാളി(കള്‍)ക്ക് പ്രവേശനം അനുവദിച്ചത്.

ആ നാട്ടിലാകെ ഭീതി പരന്നിരിക്കുകയാണ്. ആ കൊലയാളി(കള്‍) പിടിക്കപ്പെടുംവരെ ആ ഭീതി അവരെ വിട്ടുപോകില്ല. ഓരോ ഇലയനക്കങ്ങളും അവരിലുണ്ടാക്കുന്നത് നടുക്കമാണ്. നാട്ടുകാരും മറുനാട്ടുകാരുമായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്്തു കഴിഞ്ഞു. ഫോറന്‍സിക് വിദഗ്ധരും പോലീസ് നായും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി കളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. അമ്മയുടെ ജീവിതചര്യകള്‍ നന്നായി അറിയുന്ന കുടുംബത്തിന് ഈ കൃത്യം ചെയ്തത് മറുനാട്ടുകാരാകുമെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ല. കാരണം, മറുനാട്ടുകാര്‍ക്ക് ആര്‍ക്കും മകന്റെയോ വീട്ടിലുള്ള ആരുടേയുമോ നമ്പര്‍ അവര്‍ കൊടുക്കില്ലെന്നു കുടുംബം വിശ്വസിക്കുന്നു. മുട്ടുവരെ നീണ്ട മുടിയായിരുന്നു സാറാമ്മയ്ക്ക്. സ്‌കൂളില്‍ പോകുന്നതിനു മുമ്പായി, ആ മുടി കെട്ടിക്കൊടുത്തിട്ടാണ് സില്‍ജു സ്‌കൂളിലേക്കു പോകാറ്. അന്നും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, വീണുകിടന്ന സാറാമ്മയുടെ മുടി അഴിഞ്ഞാണ് കിടന്നത്. സംഭവസ്ഥലത്തുനിന്നും മാസ്‌കിന്റെ ഒരു വള്ളിയും കിട്ടിയിരുന്നു.

തൊണ്ണൂറു സെന്റ് സ്ഥലത്താണ് ആ പുരയിടമുള്ളത്. ഈ വീട്ടിലേക്ക് വരാനായി ഒരു വഴിയുണ്ട്. അതല്ലാതെ, പറമ്പിലൂടെ വീട്ടിലേക്ക് എത്തണമെങ്കില്‍ ഈ പരിസരത്തെക്കുറിച്ച് അറിയുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ചൂടു മൂലം ആളുകള്‍ പുറത്തേക്കിറങ്ങാത്ത ഉച്ചസമയമാണ് കൊലയാളി(കള്‍) തെരഞ്ഞെടുത്തത്. ആരായിരിക്കാം ഇതു ചെയ്തത് എന്നതിനെക്കുറിച്ച് ഒരു സംശയം പോലും കുടുംബത്തിലാര്‍ക്കുമില്ല. ആ വീട്ടില്‍ ആരുവന്നാലും മക്കളെ ആ വിവരം സാറാമ്മ അറിയിക്കാറുണ്ട്. ഇതിനു മുന്‍പ് അങ്ങനെയാരും വന്നതായി സാറാമ്മ മക്കളോടു പറഞ്ഞിട്ടുമില്ല.

ആ കൊലയാളി പിടിയിലാകുംവരെ, ഭീതിയൊഴിയില്ല ഈ കുടുംബത്തിനും ചുറ്റുപാടും താമസിക്കുന്നവര്‍ക്കും. പോലീസ് കൊലയാളിയെ(കളെ) പിടികൂടുമ്പോള്‍ തങ്ങള്‍ക്കു പരിചിതമായൊരു മുഖമായിരിക്കുമോ അതെന്നും അവര്‍ സംശയിക്കുന്നുണ്ട്. ഈ കൊലയാളികള്‍ പിടിക്കപ്പെടണം, എത്രയും പെട്ടെന്നു തന്നെ. അല്ലാതെ ഇവരുടെ നെഞ്ചിലെ കത്തലടങ്ങില്ല. രോഗം വന്ന് അമ്മ മരിച്ചിരുന്നെങ്കിലും ഇത്രയേറെ വിഷമം അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്ത ഒരാളായ തങ്ങളുടെ അമ്മ എത്ര വലിയ വേദന സഹിച്ചാണ് ഈ ലോകം വിട്ടുപോയതെന്ന് ഓര്‍ക്കുമ്പോള്‍ അവര്‍ വിതുമ്പിപ്പോകുന്നു.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170,
editor@thamasoma.com

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *