കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ

ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത്
ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും
നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി
ചേര്‍ക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന
ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്. 
ഇഗ്ലണ്ടില്‍, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ
ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം
ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം.
1905 ല്‍ ഇഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്.
തിരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി, ഭരിക്കുന്നവരെ കൃത്യമായി
അടയാളപ്പെടുത്താനും, പിന്തുടരാനും, ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ്
ഇത്തരം ഒരു സംവിധാനം തുടങ്ങുന്നത്. തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും,
എന്ന് ജനങ്ങള്‍ക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കള്‍ക്ക് പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ
ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, ഇത് ഉപയോഗിച്ചു തുടങ്ങി. മന്ത്രിമാരെ
സഹായിക്കാന്‍, മറ്റു സംവിധാനങ്ങളും അവിടെ ഉണ്ട്. ഉദാ: അറ്റോര്‍ണിസ ജനറല്‍,
ചീഫ് സെക്രട്ടറി തുടങ്ങിയവരും നിഴല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. 
ശ്രീലങ്കയിലെ തമിള്‍ ഈഴം പ്രവര്‍ത്തകരും മാലദീവിലെ വിമതരും ലണ്ടനില്‍
നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി, തങ്ങളുടെ സ്വരം ലോകത്തെ
കേള്‍പ്പിച്ചിട്ടുണ്ട്. അതുപോലെ, ഇഗ്ലണ്ടില്‍ തന്നെ, വിമത പ്രതിപക്ഷ
അംഗങ്ങള്‍, ‘Shadow shadow cabinet’ ഉം പരീക്ഷിച്ചിട്ടുണ്ട്. പല സ്ഥലത്തും
ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും, ജനങ്ങള്‍ ശ്രദ്ധിക്കുന്ന
രീതിയില്‍ നിഴല്‍ മന്ത്രിസഭകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടോണി ബ്ലെയര്‍
ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് നിഴല്‍ മന്ത്രിസഭയില്‍
തിളങ്ങിയിരുന്നു. 
സാധാരണ ഗതിയില്‍, പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക.
അവര്‍ക്ക് ആവശ്യമായ രേഖകളും, പണവും, സര്‍ക്കാര്‍ തന്നെ ആണ് ഒരുക്കുക.
മറ്റുള്ള പാര്‍ട്ടികള്‍ക്കും, വിദഗ്ദര്‍ക്കും ഇത്തരം സംവിധാനം
പരീക്ഷിക്കാമെങ്കിലും, യാതൊരു വിധ സഹായമോ, പിന്തുണയോ സര്‍ക്കാരില്‍ നിന്ന്
ലഭിക്കില്ല. അമേരിക്കയില്‍, ട്രംപ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍,
വിദഗ്ദരുടെ നേതൃത്വത്തില്‍, ഇത്തരമോരു പരീക്ഷണം 2017 ല്‍
ആരംഭിച്ചിട്ടുണ്ട്. 
ലോകത്ത് ഇന്ന് നിലവിലുള്ളതോ, ഉണ്ടായിരുന്നതോ ആയ നിഴല്‍
മന്ത്രിസഭകളെക്കുറിച്ചു നമുക്കൊന്ന് പരിശോധിക്കാം. വ്യവസ്ഥകളിലും,
അധികാരങ്ങളിലും, വ്യത്യാസമുണ്ടാകുമെങ്കിലും, ഒരു പൊതു തത്ത്വം എന്ന
നിലയില്‍, ഒരു ഏകദേശ രൂപം ഇതില്‍ നിന്നുണ്ടാക്കാം. 
ഇന്ത്യയിലും ഇത്തരം ചിന്തകളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. യാതൊരു വിധ
ഔദ്യോഗിക സഹായമോ, അംഗീകാരമോ ഇല്ലാതെ ആണ് അത്തരം ചിന്തകള്‍ ഉടലെടുത്തത്.
പ്രത്യേക രേഖകളോ വാര്‍ത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990 ല്‍, കുറച്ചു
കാലത്തേക്ക്, Kitchen cabinet നടത്തിയിരുന്നതൊഴിച്ചാല്‍, രേഖകള്‍
അനുസരിച്ച്, ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണ്, 2005 ജനുവരിയില്‍, BJP
യും ശിവസേനയും കൂടി വിലാസ്‌റാവു ദേശ്മുഖ് നയിച്ചിരുന്ന കോണ്‍ഗ്രസ്
സര്‍ക്കാരിനെ നിരീക്ഷിക്കാനായി, നാരായണ റാണെയുടെയും ഗോപിനാഥ് മുണ്ടെയുടെയും
നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയത്. 
പിന്നീട് 2014 ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും, 2015 ല്‍, ഗോവയില്‍, ആം
ആദ്മി പാര്‍ട്ടിയും, GenNext എന്ന NGO യും, നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി.
2014 ല്‍ കേന്ദ്ര സര്‍ക്കാരിനെ നിരീക്ഷിക്കാന്‍ ഉണ്ടാക്കിയ ഒരു നിഴല്‍
സംവിധാനം ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം
ആദ്മി സര്‍ക്കാരിനെ നന്നാക്കാനായി, 2015 ല്‍ BJP യും, കോണ്‍ഗ്രസും ഓരോ
നിഴല്‍ മന്ത്രിസഭാ ഉണ്ടാക്കിയിട്ടുണ്ടത്രേ. അതു പോലെ, ഡല്‍ഹിയിലെ മൂന്നു
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ആം ആദ്മി പാര്‍ട്ടി ഓരോ നിഴല്‍
കോര്‍പ്പറേഷന്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു വരുന്നു.
ഇന്ത്യയില്‍/ കേരളത്തില്‍ ഒരു നിഴല്‍ മന്ത്രിസഭ അത്യാവശ്യമാണെന്ന്
മനസിലാക്കാന്‍, അത് കൊണ്ടുള്ള ഗുണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം
മതി. 
  1. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും, പ്രവര്‍ത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു.
  2. സര്‍ക്കാരിന്റെ നയങ്ങളെ, ആ വിഷയത്തില്‍ വിദഗ്ദരായ ആളുകള്‍ വിലയിരുത്തുന്നു.
  3. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനകീയ ബദലുകള്‍ അന്വേഷിക്കുന്നു.
  4. സര്‍ക്കാരിനെ മനുഷ്യ പക്ഷത്തുനിന്നു ഉപദേശിക്കുന്നു.
  5. ആവശ്യമായ സമയത്ത് വേണ്ട പരിഷകാരങ്ങളെക്കുറിച്ചു മുന്‍കൂട്ടി ഉപദേശിക്കുന്നു.
  6. സര്‍ക്കാരിന്റെ നയങ്ങളെ, നേര്‍വഴി നയിക്കാന്‍ ഉപയോഗിക്കാം.
  7. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, ലളിതമായി വിശദീകരിക്കാന്‍ കഴിയുന്നു.
  8. സര്‍ക്കാര്‍ നടപടികളുടെ/ നയങ്ങളുടെ ശരിയായ ഉപഭോക്താക്കളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
  9. സര്‍ക്കാര്‍ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരില്‍ ഉണ്ടാക്കുന്നു.
  10. പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സഹായിക്കുന്നു.
  11. വ്യത്യസ്ത ആശയക്കാരുടെ ചര്‍ച്ചകളിലൂടെ കൂടുതല്‍ വ്യക്തത ഉണ്ടാകുന്നു.
ഇനിയും നിഴല്‍ മന്ത്രിസഭാ വൈകിക്കൂടെന്നു നമ്മളെ ഓര്‍മ്മിപ്പിക്കുവാന്‍,
ഇന്ത്യയിലെ കാര്യങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ അവസ്ഥയില്‍, നാം താഴെ
പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
  1. നാടിന്റെ വലിപ്പവും, ആളുകളുടെ വ്യത്യസ്തതയും മൂലം, ഏതൊരു വിഷയത്തിലോ,
    വകുപ്പിലോ മൂന്നരക്കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍, ഒരു മന്ത്രി
    എത്രമാത്രം പ്രായോഗികമാണ് ?
  2. ഓരോ വിഷയങ്ങളെയും, കൃത്യതയോടെ പിന്തുടരാനും, അതിന്റെ ഫലം
    അനുഭവപ്പെടുന്നത് വരെ കൂടെ നില്ക്കാനും, കാക്കത്തോള്ളായിരം
    കാര്യങ്ങള്‍ക്കിടയില്‍, മന്ത്രിമാര്‍ക്ക് പറ്റുമോ?
  3. തിരക്കിട്ടോടിക്കൊണ്ടിരിക്കുന്ന മന്ത്രിമാരെ, ജനങ്ങള്‍ക്ക്, അവരുടെ
    അത്യാവശ്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും കാണാനോ, സംസാരിക്കാനോ പറ്റുമോ?
  4. പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും, ഭരണ പരിചയത്തിനുള്ള അവസരം ഉണ്ടാകണ്ടേ?
  5. ഭരണപക്ഷം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണ്ടേ ? 
  6. പൊതു ഖജനാവിലെ പണം ഏറ്റവും മൂല്യത്തോടെ ഉപയോഗിക്കാന്‍ വ്യത്യസ്തമായ നിരീക്ഷണ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കുന്നത് നന്നല്ലേ?
  7. അധികാരത്തിന്റെ ഏതു തരത്തിലുള്ള വികേന്ദ്രീകരണവും പ്രോല്‍സാഹിക്കപ്പെടേണ്ടതല്ലേ? 
  8. നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ തങ്ങളുടെ ഭരണം ഏല്‍പ്പിക്കാനും,
    ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഈ ആയുധം, താരതമ്യേന ലളിതമാണ്.
  9. ജനപക്ഷത്തു നിന്ന് കൊണ്ട്, ജനനന്മ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍, ഭരണത്തില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധിതരാകും.
  10. കൂടുതല്‍ ക്രിയാത്മകമായി വിഷയത്തിലൂന്നി ചര്‍ച്ച നടക്കുന്നു. 
  11. നിയമസഭയുടെ സമയം, കൂടുതല്‍ പ്രയോജനകരമായി ഉപയോഗിക്കപ്പെടുന്നു. 
  12. വ്യത്യസ്ത കോണുകളിലൂടെ, സര്‍ക്കാര്‍ നയങ്ങളെ വിലയിരുത്താന്‍ സാധ്യത കൂടുന്നു. 
  13. സര്‍ക്കാര്‍ നയങ്ങള്‍, കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനകരമായ രീതിയില്‍, നടപ്പിലാക്കാനുള്ള സാധ്യത ഉരുത്തിരിയുന്നു. 
  14. ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നു.
2017 നവംബര്‍ 1 മുതല്‍ എറണാകുളം ജില്ലയിലെ മൂഴിക്കുളംശാലയില്‍ തുടങ്ങിയ
ആലോചനയോഗങ്ങള്‍ വഴി നിഴല്‍ മന്ത്രിസഭ എന്ന ആശയം കേരളത്തിലും
രൂപപ്പെടുകയാണ്. ഇതുവരെ നടന്ന പത്തോളം ശില്പശാലകളും ആലോചന യോഗങ്ങളും,
നിഴല്‍ മന്ത്രിസഭയുടെ പ്രായോഗിക രൂപം ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തിലേക്ക്
മുന്നേറുകയാണ്. വോട്ടേര്‍സ് അലയന്‍സ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയന്‍
കൂട്ടായ്മ, ഹുമന്‍ വല്‍നസ് സ്റ്റഡി സെന്റര്‍ എന്നീ സംഘടനകള്‍
ഇക്കാര്യത്തിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മറ്റു പല
സംഘടനകളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ അവസ്ഥയില്‍, പതിനെട്ടു മന്ത്രിമാരുള്ള ഒരു മന്ത്രിസഭ
ആണ് നിലവില്‍ ഉള്ളത്. അതിനാല്‍, 18 നിഴല്‍ മന്ത്രിമാരായിരിക്കും, നിഴല്‍
മന്ത്രിസഭയിലും ഉണ്ടാകുക. ഒരു മാതൃക മന്ത്രിസഭാ എങ്ങനെ ആയിരിക്കണമെന്ന
സന്ദേശം നല്കാനായി, കേരളത്തിലെ 50 ശതമാനത്തിലേറെ ഉള്ള സ്ത്രീകളെ
പ്രതിനിധീകരിക്കാന്‍ 50 ശതമാനം സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്ററും, ഒരു
ഭിന്ന ശേഷിയുള്ള വ്യക്തിയും, ഒരു കാനനവാസിയും ഈ നിഴല്‍ മന്ത്രി സഭയില്‍
ഉണ്ടാകും. കേരളത്തില്‍ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി ആയിരിക്കും നിഴല്‍
മന്ത്രിസഭയെ നയിക്കുക. ഏപ്രില്‍ 28നു എറണാകുളത്തെ ഇടപ്പള്ളിയിലുള്ള
ചങ്ങമ്പുഴ പാര്‍ക്കില്‍, ഇന്ത്യക്കകത്തു നിന്നും, പുറത്തു നിന്നുമുള്ള പൗര
പ്രമുഖരുടെ സാന്നിധ്യത്തില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍, ആ
ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷി ആകാനും, ഈ നവ സംവിധാനത്തെ നേര്‍ വഴിക്ക്
നയിക്കാനും, കേരളത്തിന്റെ കാര്യങ്ങളില്‍ ഗൗരവമായി താല്പര്യമുള്ള, എല്ലാ
മനുഷ്യരെയും സ്വാഗതം ചെയ്യുന്നു 
ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ടിതമായി, അഹിംസയില്‍ ഊന്നി, മതേതര
കാഴ്ചപ്പാടുള്ള, ജനാധിപത്യത്തെ ബഹുമാനിക്കുന്ന, ആര്‍ക്കും, ഈ
മന്ത്രിസഭയില്‍ അംഗമാകാം. ഉത്തരവാദിത്തത്തോടെ ജനങ്ങള്‍ക്കായി,
പ്രകൃതിക്കായി, നമുക്കായി ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കില്‍, നല്ലൊരു
നിഴല്‍ മന്ത്രി ഉണ്ടാകുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആലോചിച്ചു,
അന്വേഷിച്ചു, നിലവില്‍ മന്ത്രി ആകാന്‍ സന്നദ്ധരായ 40 പേരുടെ ഒരു പട്ടിക
തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനും,
ഉത്തരവാദിത്തങ്ങളെ പരിചയപ്പെടാനുമുള്ള ശില്പ്പശാലകളുടെ തിയ്യതിയും വിഷയവും
താഴെ കൊടുക്കുന്നു. 
മാര്‍ച്ച് 18:  (ബജറ്റിന്റെ ഉള്ളുകള്ളികള്‍) 
മാര്‍ച്ച് 23, 24: (കേരളത്തിനൊരു ജനകീയ ബജറ്റ്) 
ഏപ്രില്‍ 7, 8:  (വകുപ്പുകളെ പരിചയപ്പെടാം) 
ഏപ്രില്‍ 13, 14: (വകുപ്പുകളിലെ മുന്‍ഗണന ക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍) 
ഏപ്രില്‍ 21, 22: (മന്ത്രിമാരുടെ മാതൃക പെരുമാറ്റ ചട്ടം) 
ഈ ശില്പ്പശാലകളിലൂടെ, സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി, ഉത്തരവാദിത്തങ്ങള്‍
ഏറ്റെടുത്തു 18 പേര്‍ ഇന്ത്യയിലെ ആദ്യത്തെ ഗൗരവപൂര്‍ണ്ണമായ നിഴല്‍
മന്ത്രിസഭ രൂപീകരിക്കുമ്പോള്‍, വലിയ പ്രതീക്ഷകള്‍ ആണ് ജനങ്ങള്‍ക്ക് ഉള്ളത്.
ജനകീയ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍, സര്‍ക്കാരിന്റെ മുന്‍ഗണന
ക്രമങ്ങള്‍, ഇന്നിന്റെ വെല്ലുവിളികളുടെ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട്,
മനുഷ്യരുടെ ആരോഗ്യത്തിന്റെ പ്രാഥമീക ആവശ്യങ്ങളായ ശുദ്ധ വായു, ഗുണമേന്മയുള്ള
കുടിവെള്ളം, സമീകൃതവും, പോഷക സംപുഷ്ടവുമായ ആഹാരം, ആവശ്യത്തിനുള്ള വ്യായാമം
എന്നിവ ലഭ്യമായ, പൊതു സ്വത്തായ മണ്ണും, വെള്ളവും, വായുവും
മലിനപ്പെടുത്താത്ത, കാടു നശിപ്പിക്കാത്ത, ഇന്നാട്ടിനു ആവശ്യമായ കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്ന, കര്‍ഷകര്‍ക്ക്
അവരര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്ന, നല്ല മനുഷ്യരെ
ഉല്‍പ്പാദിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്ന, ഓരോ
മനുഷ്യര്‍ക്കും, അവരവരുടെ തിരഞ്ഞെടുപ്പു കണക്കനുസരിച്ചു മാന്യമായി
ജീവിക്കാവുന്ന, കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കെല്ലാം, കൃഷിയോഗ്യമായ ഭൂമി
ലഭ്യമായ, വീടില്ലാത്തവര്‍ക്കെല്ലാം, വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ലഭ്യമായ,
അഭിരുചിക്കനുസരിച്ചുള്ള മാന്യമായ തൊഴില്‍ എല്ലാവര്‍ക്കും ലഭ്യമായ, പരസ്പര
ബഹുമാനത്തോടെ എല്ലാവരുടെയും പൗരാവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു പുത്തന്‍
കേരളത്തിനായി, നമ്മളാലാവുന്നത് ചെയ്യാന്‍, നിഴല്‍ മന്ത്രിസഭയെ നമ്മള്‍
മുന്നോട്ടു നയിക്കേണ്ടതുണ്ട്. സര്‍ക്കാരും മാധ്യമങ്ങളും ശ്രദ്ധിക്കുന്ന
രീതിയില്‍, ജനങ്ങളുടെ ശബ്ദമായി നിഴല്‍ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം
ഉണ്ടാകും. 

Tags: Shadow cabinet, Shadow ministry, a ministry to monitor the ministers, shadow cabinet in Kerala, Kerala Ministry
Meta description: Kerala is also forming a shadow cabinet to monitor the activities of elected ministers in Kerala. The shadow cabinet will keenly observe the activities of each and every minister, and correct and advice them when needed. 

Leave a Reply

Your email address will not be published. Required fields are marked *