തന്റെ അമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുജീവന്‍ ഉടലെടുത്ത കാര്യമറിഞ്ഞതോടെ ആ അഞ്ചുവയസുകാരി ഏറെ സന്തോഷിച്ചു. പക്ഷേ, ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞതും അവള്‍ക്കു മുന്നില്‍ കൊലക്കളമൊരുങ്ങുന്നതറിഞ്ഞ ആ കുഞ്ഞുമനസ് നടുങ്ങിപ്പോയി. ഭീതിദമായ ആ ദിനരാത്രങ്ങള്‍ക്കു സാക്ഷിയായ ആ അഞ്ചുവയസുകാരി സഞ്‌ജോലി ബാനര്‍ജിയ്ക്ക് ഇപ്പോള്‍ പ്രായം 23 വയസ്. പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ശക്തമായി പടപൊരുതുന്ന കരുത്തയായ പോരാളിയാണ് അവളും ഗര്‍ഭത്തില്‍ മരണത്തെ അതിജീവിച്ച അവളുടെ സഹോദരി അനന്യയും.
ജനിക്കുന്ന കുഞ്ഞുങ്ങള്‍ രണ്ടും പെണ്ണാണെങ്കില്‍ അച്ഛന് പെണ്‍മക്കളുടെ ബോഡി ഗാര്‍ഡ് ആകേണ്ടി വരുമെന്നായിരുന്നു അവരുടെ ബന്ധുക്കള്‍ കളിയാക്കിയിരുന്നത്. ഇന്നും ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യമിതാണ്.
രണ്ടാമത്തെ കുഞ്ഞും പെണ്ണാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടു വന്നു. ചുറ്റും കൂടിയ ഉറ്റവരുടെയും ഉടയവരുടെയും ശക്തമായ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആ കുഞ്ഞിനെ കൊന്നുകളയാനവര്‍ തീരുമാനിച്ചു. അബോര്‍ഷനായി ഓപ്പറേഷന്‍ ടേബിളില്‍ ആ സ്ത്രീ കിടന്നു. ഓപ്പറേഷനു വേണ്ട സാമഗ്രികളെല്ലാമെടുത്തു നഴ്‌സുമാരും തയ്യാറായി നിന്നു. പക്ഷേ, ആ നിമിഷം, ആ അവസാന നിമിഷം ആ മാതാപിതാക്കളൊരു തീരുമാനമെടുത്തു. എന്തുസംഭവിച്ചാലും ഗര്‍ഭത്തില്‍ വളരുന്ന ഈ കുഞ്ഞിനെ നശിപ്പിക്കില്ല…. ഓപ്പറേഷന്‍ ടേബിളില്‍ നിന്നവര്‍ എഴുന്നേറ്റു പോയി. പെണ്‍മക്കള്‍ ഭാരമാണെന്നു കരുതുന്ന സമൂഹത്തിനു മുന്നില്‍ തന്റെ പെണ്‍മക്കളെ ശക്തയായി വളര്‍ത്തിക്കൊണ്ടുവരണമെന്നവര്‍ തീരുമാനിച്ചു…
എല്ലാറ്റിനും മൂകസാക്ഷിയായി സഞ്‌ജോലി നിന്നു. അന്ന് ആ കുരുന്നു പ്രായത്തില്‍ അവളൊരു പ്രതിജ്ഞയെടുത്തു. തന്റെ ജീവിതം പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയുള്ള പോരാട്ടമായിരിക്കുമെന്ന്…! ഇന്നവള്‍ സ്ത്രീകളുടെ ശക്തിദുര്‍ഗ്ഗമാണ്.
അതുല്യമായ അവളുടെ പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി നിരവധി അവാര്‍ഡുകളും അവള്‍ വാരിക്കൂട്ടി. അതില്‍ ഏറ്റവും പ്രധാനമാണ് The Diana Award in 2021 for Social Action and Humanitarian work.
സഞജോലിയുടെ കുടുംബമൊന്നാകെ പെണ്‍ഭ്രൂണഹത്യക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ടത് 2004 ലാണ്. അന്ന്, പെണ്‍മക്കളുടെ മാതാപിതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും അവര്‍ വിതരണം ചെയ്തു. പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തിയ നാടകത്തില്‍ ഗര്‍ഭസ്ഥശിശുവായി സഞ്‌ജോലി ശബ്ദമായി തീരുകയും ചെയ്തു.
‘എന്നെ കൈവിടല്ലേ പപ്പാ…., ചോരത്തുള്ളികളും മാംസക്കഷണവുമായി എന്നെ കീറിമുറിക്കല്ലേ പപ്പാ…’ എന്ന പാട്ടും ആ പ്രോഗ്രാമില്‍ അവള്‍ പാടി. അവള്‍ കൂടുതല്‍ക്കൂടുതലായി പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് അന്നുമുതലായിരുന്നു.
2006-ല്‍ സഞ്‌ജോലിയുടെ 7-ാം വയസില്‍ അവള്‍ക്ക് Bal Puraskar for Excellence at Activsim അവാര്‍ഡു ലഭിച്ചു. ഹരിയാന മുഖ്യമന്ത്രിയായിരുന്നു ആ അവാര്‍ഡ് സമ്മാനിച്ചത്.
ഭ്രൂണഹത്യക്കെതിരെയും സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ചേച്ചി സഞ്‌ജോലി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതു കണ്ട അനന്യ അതെല്ലാം നോക്കിപഠിച്ചു.
‘ഈ ഭൂമിയില്‍ ജനിക്കാനുള്ള അവകാശം എനിക്കു നിഷേധിക്കപ്പെട്ടത് എന്റെ ജന്മമായിരുന്നു. ഈ തീവ്രവേദന എന്റെ മനസിനെ കീറിമുറിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഈ തിന്മയ്‌ക്കെതിരെ പോരാടാനും സമൂഹത്തെ പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനും അനന്യ തീരുമാനിക്കുകയായിരുന്നു.
പെണ്ണിനെ കൊന്നുകളയണമെന്ന കുടുംബത്തിന്റെ തീരുമാനത്തെ അതിജീവിച്ച് തങ്ങള്‍ക്കു ജന്മം നല്‍കി മാതാപിതാക്കള്‍തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്ന് ഇവര്‍ പറയുന്നു. ജനനം മാത്രമല്ല, പെണ്‍കുട്ടികളെ അവര്‍ ആഗ്രഹിക്കുന്നത്രയും പഠിക്കാന്‍ പോലും ആണ്‍ കേന്ദ്രീകൃത ലോകം അനുവദിക്കുന്നില്ല. ഇതെല്ലാം വെറും കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കാതെ ഇതിനെതിരെ പോരാട്ടം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം. സഞ്‌ജോലിയും അനന്യയും പറയുന്നു.
നമ്മുടെ പ്രപഞ്ചവും സ്ത്രീകളും അപകടത്തിലാണ്, രണ്ടു പേര്‍ക്കും സംരക്ഷണം ആവശ്യമാണ്. ഇതാണ് ഞങ്ങള്‍ തുടരുന്നത്. പെണ്‍കുട്ടികള്‍ പറയുന്നു. Save daughter, Save earth എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് 2009 ല്‍ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളില്‍ ഈ സഹോദരിമാര്‍ പര്യടനം നടത്തി.
2018 ല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മേഖലകള്‍ വ്യത്യാസപ്പെട്ടു. ഹരിയാനയില്‍ ഒരു ഗ്രാമമിവര്‍ ദത്തെടുത്തു. അവിടെ പെണ്‍ഭ്രൂണഹത്യയ്ക്കും സ്ത്രീകളുടെ അവകാശത്തിനും അവരെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
കോവിഡിനെത്തുടര്‍ന്ന് ലോകം വീട്ടകങ്ങളിലേക്ക് ഒതുങ്ങിയപ്പോഴും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ജനിക്കാന്‍ പോലും അവകാശമില്ലാതെ, ജീവിക്കാനും പഠിക്കാനും വളരാനും സ്വതന്ത്രരായി ജീവിക്കാനുമുള്ള അവകാശവും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് ഈ കുട്ടികള്‍ നടത്തുന്നത്. ഇവരുടെ വിജയം എല്ലാ സ്ത്രീകളുടെയും വിജയമാണ്. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും വിലകല്‍പ്പിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെയും വിജയമാണ്.
മതിയായ വിദ്യാഭ്യാസ നവീകരണപ്രവർത്തനങ്ങളുടെ അഭാവമാണ് ഇതിന്റെയെല്ലാം മൂലകാരണം.
വിദ്യാഭ്യാസം കൂടുതലുള്ള കേരളത്തില്‍ രണ്ടാമത്തെ പെണ്‍കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന എത്രപേരുണ്ട്….??