Zachariah & Jess Varkey
മലയാള സിനിമയിലെ (Malayalam Cinema) സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പ്രത്യേകതരം രോഗം ബാധിച്ചിരിക്കുകയാണ്. സ്‌ക്രീനിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ നാവുകള്‍ക്ക് തളര്‍വ്വാതം പിടിപെട്ടിരിക്കുകയാണ്, കണ്ണുകള്‍ക്ക് കാഴ്ച ശക്തിയോ ചെവികള്‍ക്കു കേള്‍വി ശക്തിയോ ഇല്ല. പുരുഷാധിപത്യത്തിന്റെയും മാടമ്പിത്തരത്തിന്റെയും തമ്പ്രാക്കന്മാര്‍ ഇത്തരത്തില്‍ ആവാതെയും തരമില്ല. കാരണം, ഡയലോഗ് ലഭിക്കുമ്പോള്‍ മാത്രം ഉണര്‍ത്തെഴുന്നേല്‍ക്കുന്ന പ്രത്യേകതരം അവതാര പുരുഷന്മാരുടെ കൂടാരമാണ് സിനിമാരംഗം.
കണ്ണിന്‍ മുന്നില്‍ നടക്കുന്ന ഏതെങ്കിലുമൊരു കുറ്റകൃത്യം തടയാന്‍ ശ്രമിക്കുകയോ യഥാസമയം നിയമ സംവിധാനങ്ങളെ അറിയിക്കുകയോ ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. കുറ്റകൃത്യത്തില്‍ നേരിട്ടല്ലെങ്കിലും പരോക്ഷമായി പങ്കാളികളാണ് അവര്‍. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ നിലവിലുള്ള ശിക്ഷാ നിയമമനുസരിച്ച് തക്കതായ ശിക്ഷയും ലഭിക്കും. ഏതെങ്കിലുമൊരു കുറ്റകൃത്യം നടക്കാന്‍ സാധ്യതയുണ്ടെന്ന വ്യക്തമായ അറിവു ലഭിച്ചാല്‍ അതു തടയുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ലെങ്കിലും ഇതുതന്നെയാണ് ഫലം. അപ്പോള്‍ കണ്ണിന്‍ മുന്നില്‍ വര്‍ഷങ്ങളോളം നടമാടിയ അനീതിക്കെതിരെ, പരാതികളുടെ പ്രവാഹമുണ്ടായിട്ടും നടപടിയെടുക്കാത്ത സിനിമ സംഘടനയിലെ ഭാരവാഹികളോ? അവര്‍ ഇപ്പോഴും തുടരുന്ന മഹാമൗനങ്ങളോ? അവയെ എന്തു പേരിട്ടാണ് വിളിക്കുക? സ്‌ക്രീനില്‍ അവര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാണ്, നീതിയുടെ കാവല്‍ഭടന്മാരാണ്, സമാധാനത്തിന്റെ, സത്യത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ്. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു കൂട്ടുനിന്നവരോ അല്ലെങ്കില്‍ ക്രിമിനലുകള്‍ക്കു കഞ്ഞിവച്ചവരോ ആണ് എന്നതില്‍ സംശയമേതുമില്ല.
1994 ലാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന താരസംഘടന രൂപപ്പെടുന്നത്. അതിന്റെ ആദ്യപ്രസിഡന്റ് എം ജി സോമനായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും വൈസ് പ്രസിഡന്റ്മാരും ടി പി മാധവന്‍ സെക്രട്ടറിയും. മൂന്നുവര്‍ഷക്കാലത്തേക്കാണ് സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. അതായത് 1994-2024 കാലഘട്ടത്തിനിടയില്‍ 10 തെരഞ്ഞെടുപ്പുകള്‍. ഇക്കാലയളവില്‍ 1997-2000 കാലഘട്ടത്തിലൊഴിച്ച് ബാക്കി 10 തവണയും പ്രസിഡന്റ് ആയോ വൈസ് പ്രസിഡന്റ് ആയോ സെക്രട്ടറി ആയോ നേതൃസ്ഥാനം വഹിച്ച ആളാണ് മോഹന്‍ലാല്‍. വൈസ് പ്രസിഡന്റും സെക്രട്ടറിയുമായെല്ലാം നാലു തവണ മമ്മൂട്ടിയും മൂന്നു തവണ സുരേഷ് ഗോപിയും സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു. 2000 മുതലിന്നോളം സംഘടനയുടെ സെക്രട്ടറിയായോ ജനറല്‍ സെക്രട്ടറി ആയോ ഇടവേള ബാബുവുമുണ്ട്. സംഘടനയുടെ ഇപ്പോഴത്തെ (2024-2027) പ്രസിഡന്റ് മോഹന്‍ലാലാണ്. അതായത് തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റ് ആകുന്നത്.
നടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ഈ സംഘടന 2022 മാര്‍ച്ചില്‍ ‘ആര്‍ജ്ജവ 2022’എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പോഷ് (POSH-Prevention Of Sexual Harassment) Act ലക്ഷ്യം വച്ചുള്ള പരിപാടിയായിരുന്നു അത്. സിനിമ ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു ഇത്. 2018 മുതല്‍ 2027 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി 3 തവണ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് മോഹന്‍ലാല്‍. സംഘടനാ പ്രസിഡന്റിന്റെ മുന്നിലേക്ക് പരാതിപ്രവാഹം തന്നെ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എന്നിട്ടും ഒരു പരാതിയിലും അന്വേഷണമുണ്ടായില്ല. ഒരാളെപ്പോലും നിയമത്തിനു കൈമാറിയില്ല. ഒരാള്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിച്ചതുമില്ല.
തങ്ങളെ കൊന്നുതിന്നരുതെന്ന് കുറുക്കനോട് യാചിക്കുന്ന കോഴികളെപ്പോലെ, പീഡകരോട് തങ്ങളെ പീഡിപ്പിക്കരുതെന്ന്, പീഡിപ്പിക്കരുതെന്ന് പരാതി പറയുന്ന സ്ത്രീകള്‍! ഹേമ കമ്മറ്റിക്കുമുമ്പാകെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകളുണ്ടായെങ്കില്‍ പലപലയിടങ്ങളിലും പരാതി നല്‍കി പരിഹാരം കാണാതെ വന്നതു കൊണ്ടു മാത്രമാണത്. ഇക്കാലമത്രയും സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാലിനിപ്പോള്‍ ചെവി കേള്‍ക്കില്ല. അദ്ദേഹത്തിന്റെ നാവും തളര്‍ന്നു പോയിരിക്കുന്നു.
നടി ആക്രമിക്കപ്പെടുന്നതിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്കെതിരെ അതിനീചമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തിന് സിനിമാ ചരിത്രത്തിലാകമാനം സ്ത്രീയുടെ കണ്ണീരും ചോരയും വീണു നനഞ്ഞു കിടക്കുകയാണ്. ചതിയില്‍ പെട്ടുപോയവരും സ്വയം ചെളിയിലേക്ക് ചാടിയവരുമുണ്ട്. കടുത്ത ചൂഷണത്തിന് ഇരയായവരും. പക്ഷേ, നാളിതു വരെ അവരുടെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. നാലു പതിറ്റാണ്ടുകാലം മലയാള സിനിമ അടക്കിവാണ, ഇപ്പോഴും അരങ്ങുവാഴുന്ന, മഹാരഥന്മാരെന്ന് ഇന്ത്യയപ്പാടെ വാഴ്ത്തുന്ന മഹാനടന്മാര്‍! അഭിനയ സിദ്ധിയുടെ കാര്യത്തില്‍ അവര്‍ അങ്ങനെ തന്നെയാണ്. പക്ഷേ, അവരുടെ നാവിനും കൈകാലുകള്‍ക്കും ചലന ശേഷിയുണ്ടാകുന്നത് സ്‌ക്രീനിലും കൈയ്യടിക്കാന്‍ നാലാളുകള്‍ ഉള്ളിടത്തും മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മലയാള സിനിമയിലെ നെടുംതൂണുകളായ മഹാരഥന്മാരില്‍ ഒരാള്‍ക്കു പോലും അഭിനയ കലയില്‍ ഇനിയൊരു ചരിത്രവും ഇവിടെ രചിക്കേണ്ടതില്ല. അഭിനയത്തികവിന്റെ എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞവരാണ് ഇവര്‍. അതിനാല്‍ത്തന്നെ അവസരം കാത്ത് ആര്‍ക്കു മുന്നിലും ഓച്ഛാനിച്ചു നില്‍ക്കേണ്ടതുമില്ല. അതിനാല്‍, അവസരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അനീതി കണ്ടിട്ടും മിണ്ടാതിരിക്കേണ്ട കാര്യവുമിവര്‍ക്കില്ല. എന്നിട്ടും ഇവര്‍ മൗനം പാലിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഒന്നേയുള്ളു, ആ പവര്‍ഗ്രൂപ്പിന്റെ തലപ്പത്ത് ഇവരോ അല്ലെങ്കില്‍ ഇവരിലാരോ ആണെന്ന സത്യം.
ഒന്നുകില്‍ അവര്‍ എല്ലാമറിയുന്ന, അറിഞ്ഞിട്ടും കാപാലികരെ അഴിഞ്ഞാടാന്‍ വിട്ട എല്ലാറ്റിനും സാക്ഷിയായ നിശബ്ധ നിരീക്ഷകര്‍. അല്ലെങ്കില്‍, പവര്‍ഗ്രൂപ്പിന്റെ മുകള്‍ത്തട്ടിലുള്ള, എല്ലാം നിയന്ത്രിക്കുന്ന സര്‍വ്വാധികാരികള്‍. അതുമല്ലെങ്കില്‍, ശബ്ദിച്ചാല്‍ തകര്‍ന്നടിയാന്‍ തക്ക സ്‌ഫോടനാത്മകമായ എന്തോ ഒന്ന് മഹാനടന്മാരുടെ തലയ്ക്കു മീതെ തൂങ്ങുന്നുണ്ട് എന്നര്‍ത്ഥം. ഇവര്‍ക്ക് ഒരു നടിയുടേയും വാതിലില്‍ മുട്ടുകയോ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല. കാരണം, ഇവരുടെ കൃപാകടാക്ഷത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന അനേകമനേകം പേരുണ്ട് ഇന്‍ഡസ്ട്രിയിലും പുറത്തും. അതിനാല്‍ അത്തരം ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ നടത്തുന്നതില്‍ കഴമ്പുമില്ല. പക്ഷേ, മാടമ്പിത്തരത്തിന്റെ, പുരുഷ കേന്ദ്രീകൃത അധികാരത്തിന്റെ, തലപ്പത്ത് ഇവരുണ്ട് എന്ന് സംശയിച്ചേ മതിയാകൂ.
…………………………………………………………………………
Nut Shell: Why superstars in Malayalam Film industry are keeping silence? Might be they are the silent spectators, or they are the super powers who handle everything, otherwise, there are something big to destroy their image. They are only the protectors of justice in screens only, in real life, they are just cowards.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975