നടന്നത് വന്‍ചതി, പിന്നില്‍ ഇന്ദിരാഗാന്ധി കോളജ് പി ആര്‍ ഒ ഫാരിസ്‌

Written By: Zachariah

അന്ന്, ജനുവരി മൂന്ന്. പുതുവര്‍ഷം പിറന്നിട്ട് മൂന്നേമൂന്നു ദിവസം! കോളജില്‍ ക്ലാസില്ലെന്ന് ചെന്നപ്പോഴാണ് അറിഞ്ഞത്. എഴുതാനും പഠിക്കാനുണ്ടായിരുന്നു, വൈകിട്ടുവരെ ഹോസ്റ്റലിലിരുന്ന് അതെല്ലാം ചെയ്തു തീര്‍ത്തു. കുറച്ചു കൂട്ടുകാര്‍ ചേര്‍ന്നെടുത്ത ഒരു വീടായിരുന്നു അത്. ഗ്യാസ് തീര്‍ന്നിരുന്നതിനാല്‍ അന്നവിടെ ഭക്ഷണമൊന്നും ഉണ്ടാക്കിയിരുന്നില്ല. വെളിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ മറിയവും സുഹൃത്ത് അപര്‍ണ്ണയും തീരുമാനിച്ചത് അങ്ങനെയാണ്. കൂടെ മറ്റൊരു സുഹൃത്തായ ആസിഫും കൂടി. അവര്‍ മൂന്നുപേരുമൊരുമിച്ച്, കോതമംഗലം ബൈപ്പാസ് റോഡിലുള്ള മാന്തോപ്പിലേക്കു പോയി. ഭക്ഷണം മാത്രമല്ല, ആവശ്യക്കാര്‍ക്ക് അവിടെ നിന്നും കള്ളും കുടിക്കാം. അതാണ് ആ റെസ്‌റ്റോറന്റിന്റെ പ്രത്യേകത.

അന്ന് മറിയത്തിന്റെ ജീവിതത്തില്‍ വലിയൊരു ചതി നടന്നു.  കൂടെ നടന്ന, ഉറ്റ സുഹൃത്ത് അവളെ ചതിച്ചു! മാന്തോപ്പില്‍ നിന്നും പൊറോട്ടയും സാമ്പാറും കഴിച്ച ശേഷം തിരികെ പോരാനിരുന്ന മറിയത്തെ, മാന്തോപ്പിലെ കള്ളിന്റെ ഗുണങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിച്ച് നിര്‍ബന്ധിച്ചു കുടിപ്പിച്ചത് ആ സുഹൃത്തായിരുന്നു. മറിയം ബോധമറ്റു നിലത്തുവീണപ്പോള്‍, ആളുകള്‍ കൂടിയപ്പോള്‍, അവള്‍ പറഞ്ഞു, ‘ഞാനിവളെ കൂട്ടാന്‍ പോയതാണ്. അവള്‍ എവിടെയോ പോയി കള്ളുകുടിച്ചു, ഇത്ര ഓഫാണെന്നു ഞാനറിഞ്ഞില്ല!’ 

ഒരു ഗ്ലാസ് കള്ള് ഉള്ളില്‍ ചെന്നപ്പോള്‍ത്തന്നെ മറിയത്തിന് തലക്കറങ്ങുന്നതു പോലെ തോന്നി. എന്നിട്ടും നിര്‍ബന്ധിച്ചു വീണ്ടും കുടിപ്പിച്ചു. ബോധം കെട്ടു വീണുപോയ അവളെ താങ്ങിയെടുത്തു ബൈക്കിനു പിന്നില്‍ പിടിച്ചിരുത്തി, പിന്നെ ഹോസ്റ്റലിലേക്ക്. കുണ്ടും കുഴികളുമുള്ള, ചെറിയ ഇടറോഡുകള്‍ താണ്ടിവേണം ഹോസ്റ്റലിലെത്താന്‍. ആ യാത്രയില്‍ മറിയം ബൈക്കില്‍ നിന്നും വീണു, ഒരു തവണയല്ല, രണ്ടു തവണ! ആദ്യതവണ വീണത് ആരും കണ്ടില്ല, കൂടെയുള്ള രണ്ടുപേരും കൂടി വീണ്ടും അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു വണ്ടിയിലിരുത്തി. വീണ്ടും യാത്ര. പിന്നീട് കോതമംഗലം പീസ് വാലിക്കു മുന്നില്‍ വീണ്ടും വീണു. അതോടെ ആളുകള്‍ കൂടി.

വീണുകിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തുകയും അപര്‍ണ്ണയോടു കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തത് ഇന്ദിരാഗാന്ധി കോളജിന്റെ പി ആര്‍ ഒ ഫാരിസ്. കമ്പനിപ്പടിയില്‍ താമസിക്കുന്ന ഫാരിസ് ആ രാത്രി, പീസ് വാലിക്കു മുന്നില്‍ എങ്ങനെ എത്തി? ആരാണിയാളോട് ഇക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത്? സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ദിരാഗാന്ധി കോളജിലെത്തിയ തമസോമയുടെ എഡിറ്ററോട് താനാണ് ഈ കോളജിന്റെ പ്രിന്‍സിപ്പാള്‍ എന്ന് ഫാരിസ് പറഞ്ഞത് എന്തിന്?

Indira Gandhi College PRO Faris


മറിയത്തിന് എന്തു സംഭവിച്ചു എന്നറിയുന്നതിനു മുന്‍പ് ആരാണ് മറിയം എന്നറിയണം.

അവള്‍, അഞ്ജലി എന്ന മറിയം. കോതമംഗലം ഇന്ദിരാഗാന്ധി കോളജിലെ ബി എ ഇക്കണോമിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. ബ്രെയിന്‍ ട്യൂമറാണ് അവളുടെ അമ്മയ്ക്ക്. കോട്ടയം മെഡിക്കല്‍ കോളജില്‍ 2020 ല്‍ ഓപ്പറേഷന്‍ നടത്തി. ഇപ്പോള്‍ വിശ്രമത്തില്‍. പപ്പയ്ക്ക് ഒരു അപകടമുണ്ടായി കൈയുടെ എല്ലിനു പൊട്ടല്‍ വന്നു മൂന്നുമാസം ആശുപത്രിയില്‍ കിടന്നു. അപ്പോഴവള്‍ ഡിഗ്രി രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരുന്നു. തുടര്‍ന്നു പഠിക്കുവാന്‍ പണമില്ല. എന്തുചെയ്യണമെന്ന് അറിയുകയുമില്ല. പണമില്ലാത്തതിനെത്തുടര്‍ന്ന് പ്ലസ് ടുക്കാരനായ അനുജന്‍ പഠനം നിറുത്തിയിരുന്നു. കുടുംബത്തെ കരകയറ്റണമെന്ന അതിയായ മോഹവുമായി നടന്ന മറിയം ഏതുവിധേനയും പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കോളജ് പഠനത്തിനു ശേഷം പാര്‍ട്ട് ടൈം ജോലി എന്ന തീരുമാനത്തില്‍ അവള്‍ എത്തുന്നത്. കോതമംഗലത്തെ ഒന്നുരണ്ടു കടകളില്‍ ആദ്യം ജോലി ചെയ്തു. പക്ഷേ, രാത്രി 10.30 വരെയാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ അവള്‍ അറ്റ്ലസ് ഫാക്ടറി ഔട്ട്ലറ്റിലേക്കു മാറി.

രാത്രി 9.30 വരെയാണ് അറ്റ്ലസിലെ ജോലി സമയം. അതിനു ശേഷം നെല്ലിക്കുഴിയിലുള്ള ഹോസ്റ്റലിലേക്കു നടന്നാണ് പോയിരുന്നത്. ചിലപ്പോള്‍ ഭക്ഷണം കഴിക്കും, ചിലപ്പോള്‍ ഒന്നും കഴിക്കില്ല. കോളജില്‍ ക്ലാസില്ലാത്ത ശനിയും ഞായറും മുഴുവന്‍ ദിവസവും ജോലി ചെയ്യുമായിരുന്നു എന്ന് അറ്റ്ലസിന്റെ മാനേജര്‍ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം വേണം കോളജിലേക്കുള്ള നോട്സും മറ്റും തയ്യാറാക്കാനും പഠിക്കാനും. നേരാം വണ്ണം ഭക്ഷണമില്ല, വിശ്രമമില്ല. അലച്ചിലും കഷ്ടപ്പാടും. എങ്കിലും തോറ്റു പിന്‍മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല.

രണ്ടുതവണയാണ് അവള്‍ക്ക് കോവിഡ് വന്നത്. പിന്നാലെ വൈറല്‍ പനിയും. അതിനു ശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രതിരോധ ശേഷി തീരെയില്ലാത്തതിനാല്‍ വളരെ വേഗം രോഗം കീഴടക്കുന്ന ഒരു ശരീരമായമായിരുന്നു മറിയത്തിന്റെത്. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സുഖമില്ലാത്തതിനാല്‍ അറ്റ്ലസില്‍ നിന്നുമവള്‍ ലീവെടുത്തത്. യൂറിനറി ഇന്‍ഫെക്ഷന്‍, പ്രഷര്‍, ഷുഗര്‍ എന്നിവ താഴ്ന്നതു മൂലവും ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വിശ്രമം ആവശ്യമായതിനാല്‍, ക്രിസ്മസ് അവധി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയിട്ടും ജോലിക്കു പോയിത്തുടങ്ങിയിരുന്നില്ല.

അന്ന് സംഭവിച്ചത് ഇതാണ്, മറിയം പറയുന്നു…

‘അന്ന് വൈകുന്നേരം ഏകദേശം നാലുമണിയായിക്കാണും. ഞാനും അപര്‍ണ്ണയും ആസിഫും കൂടിയാണ് പുറത്തുപോയത്. മാന്തോപ്പ് കള്ളുകടയാണ് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ, അതൊരു റെസ്റ്റോറന്റ് കൂടിയാണ്. കള്ളും അവിടെ കിട്ടും എന്നുമാത്രം. പൊറോട്ടയും സാമ്പാറുമാണ് ഞങ്ങള്‍ ആദ്യം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അപര്‍ണയാണ് പറഞ്ഞത്, ഇവിടുത്തെ കള്ളുനല്ലതാണ്, കുറച്ചു കള്ളുകൂടി ഓര്‍ഡര്‍ ചെയ്യാമെന്ന്. വേണ്ടെന്നു ഞാന്‍ പറഞ്ഞു, പക്ഷേ അപര്‍ണ്ണ സമ്മതിച്ചില്ല. അവള്‍ ഇവിടെ നേരത്തെ വന്നിട്ടുണ്ട്. കുറെക്കാലം മുന്‍പൊരു തവണ ഇവിടെ വന്നു കള്ളു കുടിച്ചിരുന്നുവെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ സ്ഥിരം മദ്യപിക്കുന്ന ഒരാളല്ല അപര്‍ണ. പക്ഷേ, ഞാന്‍ ആദ്യമായിട്ടാണ് കള്ളുകുടിക്കുന്നത്. എന്റെ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും ഞാന്‍ കള്ളുകുടിച്ചിട്ടില്ല. എന്റെ എതിര്‍പ്പു വകവയ്ക്കാതെ ഇവര്‍ കള്ളുവാങ്ങി, എനിക്ക് ഗ്ലാസില്‍ ഒഴിച്ചു തന്ന് കുടിക്കാന്‍ നിര്‍ബന്ധിച്ചു.

യൂറിനറി ഇന്‍ഫെക്ഷനുണ്ടായിരുന്നു എനിക്ക്. പ്രഷറും ഷുഗറും കുറവുമായിരുന്നു. അതിനാല്‍, മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. മരുന്നു കഴിക്കുന്നുമുണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ കൂടുതലായതിനാല്‍ കുറച്ചു ദിവസത്തേക്ക് വിശ്രമം പറഞ്ഞിരുന്നു. എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഷോപ്പില്‍ കുറെനേരം നിന്നു ജോലി ചെയ്യുമ്പോള്‍ സഹിക്കാനാവാത്ത നടുവേദനയായിരുന്നു. കൂടെക്കൂടെ ടോയ്ലറ്റില്‍ പോകേണ്ടിയും വന്നിരുന്നു. വല്ലാത്തൊരു ഇറിറ്റേഷനും. അതിനാല്‍, ഷോപ്പില്‍ കസ്റ്റമേഴ്സ് വരുമ്പോള്‍ അവരെ ഡീലു ചെയ്യാന്‍ കഴിയുമായിരുന്നില്ല. യൂറിന്‍ പാസ് ചെയ്യുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയായിരിക്കും. വാഷ്റൂമില്‍ തന്നെ ഏറെ നേരം ഇരിക്കേണ്ടി വരും. ഇക്കാരണം കൊണ്ടെല്ലാം ഷോപ്പില്‍ ഞാന്‍ അവധി പറഞ്ഞിരുന്നു.

അന്ന്, ഒരു ഗ്ലാസ് കള്ള് അവരെന്നെ നിര്‍ബന്ധിച്ചു കുടിപ്പിച്ചു. അപ്പോള്‍ത്തന്നെ എന്റെ തല പെരുക്കുന്നതു പോലെ തോന്നി. അപര്‍ണ്ണയും ആസിഫും കൂടുതല്‍ കുടിച്ചു. പൈസ കൊടുത്ത് ഇറങ്ങാന്‍ നേരം കോളജില്‍ പഠിക്കുന്ന അബ്ദുവും സൊടക്കും വന്നു. ആ സമയം അപര്‍ണ വാഷ്റൂമിലായിരുന്നു. തിരിച്ചെത്തിയപ്പോള്‍, അപ്രതീക്ഷിതമായി അബ്ദുവിനെയും സൊടക്കിനെയും കണ്ടപ്പോള്‍, വിശേഷങ്ങള്‍ ചോദിക്കലായി. എനിക്കും ആസിഫിനും അബ്ദുവിനെ നല്ല പരിചയമുണ്ട്. അപര്‍ണയ്ക്കു കണ്ടു പരിചയം മാത്രം. പക്ഷേ, കള്ളടിച്ചു പൂസായ അപര്‍ണ്ണ ഇവരോട് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. ഇത്ര വേഗം പോകുന്നത് എന്തിനാണ് എന്നു ചോദിച്ച് അബ്ദു മാന്തോപ്പില്‍ തന്നെ ഇരുന്നു. എനിക്ക് അപ്പോഴേക്കും തീരെ വയ്യാതായിരുന്നു. തിരിച്ചു പോകാമെന്നു ഞാന്‍ പറഞ്ഞു, അവര്‍ കേട്ടില്ല. വീണ്ടും അവര്‍ കള്ള് ഓര്‍ഡര്‍ ചെയ്തു. തന്റെ കൂടെ വേറെ മൂന്നുപേര്‍ കൂടിയുണ്ടെന്നും അവര്‍ ഉടന്‍ വരുമെന്നും അബ്ദു പറഞ്ഞു. ‘എന്നാല്‍ ഒഴിക്കെന്ന്’ അപര്‍ണ്ണ പറഞ്ഞു. ഒരു ഗ്ലാസ് കള്ളുതന്നെ എന്റെ ശരീരത്തിന് താങ്ങാന്‍ പറ്റിയിരുന്നില്ല. അതിനാല്‍, ‘എനിക്കു വേണ്ട ശരിയാവില്ല’ എന്നു ഞാന്‍ പറഞ്ഞു. ‘കള്ളുകുടിച്ചാല്‍ ആര്‍ക്കും ഇങ്ങനെയെല്ലാം ഉണ്ടാകും, ഒരു കുഴപ്പവുമില്ല നീ കുടിക്ക്’ എന്നു പറഞ്ഞു നിര്‍ബന്ധിച്ച് വീണ്ടും അപര്‍ണ്ണ എന്നെ നിര്‍ബന്ധിച്ചു കുടിപ്പിച്ചു.

ഇതിനിടയില്‍, ഞങ്ങളെ കൊണ്ടുപോകാനായി ഹോസ്റ്റലിലെ മറ്റൊരു ചേച്ചിയെ വിളിച്ചു കൊണ്ടുവരാന്‍ ആസിഫിനോട് അബ്ദു പറഞ്ഞു. അവരെ വിളിക്കാന്‍ പറഞ്ഞത് മദ്യപിക്കാന്‍ വേണ്ടി ആയിരുന്നില്ല. ആ ചേച്ചിയെ വിളിക്കാനായി ആസിഫ് വണ്ടിയുമെടുത്ത് പോയി. അപ്പോഴേക്കും അബ്ദുവിന്റെ മൂന്നു സുഹൃത്തുക്കളുമെത്തി. അവരുടെ പേരുകള്‍ എനിക്കു കൃത്യമായി അറിയില്ല. അബ്ദു വീണ്ടുമെനിക്കു കള്ളൊഴിച്ചു തന്നു. കുടിക്കാനായി നിര്‍ബന്ധിച്ചു. അതൊരു കവിള്‍ കുടിച്ചതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. പിന്നീടു ഞാന്‍ കണ്ണുതുറക്കുമ്പോള്‍, അവ്യക്തമായി ഡോക്ടേഴ്സിനെ കണ്ടു, മിന്നായം പോലെ പപ്പയെ കണ്ടു, നഴ്സിനെ കണ്ടു… ചുറ്റും കുറെപ്പേര്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു…

ആസിഫ് എന്നോടു വഴക്കിടുന്നതു ഞാന്‍ കേട്ടു. നീ വീണുകിടന്നിട്ടാണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടായതെന്നും നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നു ചോദിക്കുന്നതും ഞാന്‍ കേട്ടു…

ബോധത്തിലേക്കു ഞാന്‍ ഉണരുമ്പോള്‍, എന്റെ ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. വീഴ്ചയില്‍ എന്റെ ദേഹത്തെല്ലാം മുറിവുകളുണ്ടായിരുന്നു. തലനിറയെ മണ്ണും കരിയിലയുമായിരുന്നു. എന്റെ മുടിക്കു കുത്തിപ്പിടിച്ചാണ് അവരെന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആ വേദനയിലും ഞാന്‍ ആരാഞ്ഞത് എന്റെ കൂട്ടുകാര്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു…

പക്ഷേ, അപ്പോഴും ഞാനറിഞ്ഞിരുന്നില്ല, എന്റെ ഉറ്റസുഹൃത്ത് എന്നെ ചതിച്ചിരുന്നുവെന്ന്! കുറ്റമെല്ലാം എന്റെ തലയില്‍ വച്ചുകെട്ടി അവര്‍ വിശുദ്ധരായി മാറിയെന്ന്….

(ബാക്കി അടുത്ത ആര്‍ട്ടിക്കിളില്‍)

………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *