പോക്‌സോ അതിജീവിതയുടേത് ആത്മഹത്യയോ അതോ സ്ഥാപനപരമായ അരുംകൊലയോ?

Jess Varkey Thuruthel

അവളുടെ കുഴിമാടത്തിനരികില്‍ കത്തിച്ചു വച്ച കൊച്ചു നിലവിളക്ക് എണ്ണവറ്റി കെട്ടിരുന്നു. ആരോ കൊണ്ടുവച്ച ഒരു റീത്തും ചിതറിക്കിടക്കുന്ന ഏതാനും പൂക്കളും. അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവിതത്തെക്കുറിച്ചുള്ള നിറമാര്‍ന്ന കനവുകളും ഈ ആറടി മണ്ണിലൊതുങ്ങി. അവളുടെ കാലടികള്‍ പതിഞ്ഞ മുറ്റം. പൊട്ടിച്ചിരികള്‍ മുഴങ്ങിയ അന്തരീക്ഷം. ഈ വീട്ടിലേക്കു തിരിച്ചെത്തണമെന്നതായിരുന്നു അവളുടെ ആഗ്രഹം. ഒടുവിലവളെത്തി, ഇനിയൊരിക്കലും ഈ മണ്ണില്‍ നിന്നുമവളെ പറിച്ചെറിയാന്‍ ഈ ഭൂമിയിലെ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം അവള്‍ അവളുടെ വീട്ടുവളപ്പില്‍ സുഖമായുറങ്ങുന്നു.



പഠിക്കാന്‍ മിടുക്കിയായ, നൃത്തം ചെയ്യാന്‍ അതിയായി കൊതിച്ചിരുന്ന ഒരു 17 വയസുകാരി. എന്തുകൊണ്ടവള്‍ ജീവിതമവസാനിപ്പിച്ചു? ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അവള്‍ ഈ ഭൂമിയില്‍ നിന്നു തന്നെ അപ്രത്യക്ഷയായി! അവളായിരുന്നു ഈ നാടിന്റെ ശാപമെന്ന നിലയില്‍, യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ അത്രയും കാലം ജീവിച്ച ചുറ്റുപാടുകളത്രയും നിലകൊള്ളുന്നു! കൊച്ചൊരു ചൂരലുമായി വഴിയിലേക്കു നോക്കി കാത്തു നില്‍ക്കുന്നു അവളുടെ അമ്മ. അമ്മേയെന്ന വിളിയോടെ, ആ വഴിയിലൂടെ തന്റെ മകള്‍ നടന്നെത്തുമെന്ന് ആ അമ്മ പ്രതീക്ഷിക്കുന്നുണ്ടോ? തലേന്നാണ് മകള്‍ ആ മണ്ണില്‍ അടക്കപ്പെട്ടത്. പിറ്റേന്ന്, സുഖമില്ലാത്ത കുഞ്ഞമ്മയെയും കൊണ്ട് അയല്‍വാസി ആശുപത്രിയിലേക്കു പോയി. വഴിക്കണ്ണുമായി അവളുടെ അമ്മ കാത്തുനില്‍ക്കുന്നു.



മണ്ണില്‍ നിന്നും ഒരു പുല്‍ക്കൊടിത്തുമ്പ് പിഴുതു മാറ്റിയാല്‍പ്പോലും അതിന്റെ പ്രതിഫലനങ്ങള്‍ ആ മണ്ണിലുണ്ടാവും. പക്ഷേ, ഈ നാടിന്റെ സമ്പത്തായ ഒരു പെണ്‍കുട്ടി ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിട്ടും അവള്‍ അത്രയും കാലം ജീവിച്ച ഇടങ്ങളിലൊന്നും ഒരു ചെറു ചലനം പോലും അത് ഉണ്ടാക്കിയിട്ടില്ല!

അമ്മയ്ക്കു പറയാനുള്ളത്…

‘ഒത്തിരി സങ്കടമുള്ള കാര്യങ്ങള്‍ കേട്ടാല്‍ എനിക്കു തലക്കറക്കമുണ്ടാകും, ഞാന്‍ വീഴും. രസമുള്ള കാര്യങ്ങളായാലും ഇങ്ങനെയാണ്. വീണാല്‍ പിന്നെ അന്നത്തെ ദിവസം എനിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. ചുഴലി എന്നാണ് ഈ രോഗത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അതിനാല്‍ ആരും എന്നോട് ഒന്നും പറയാറില്ല. അവള്‍ വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നത് കുഞ്ഞമ്മയോടാണ്.



ഇന്നലെ തലക്കറങ്ങി വീണു. അതുകൊണ്ട് ഇരിക്കാനോ കിടക്കാനോ വയ്യ. എന്റെ അമ്മയെ അടക്കിയതും ഇവിടെയാണ്. ഇപ്പോള്‍ കുഞ്ഞിനെ അടക്കിയിരിക്കുന്നതും ഇവിടെത്തന്നെ. അടിമാലിക്കടുത്ത് അഞ്ചാംമൈലില്‍ ഞങ്ങള്‍ക്ക് സ്ഥലമുണ്ടായിരുന്നു. അവിടെയാണ് താമസിച്ചിരുന്നത്. എന്നാല്‍, അവിടെ അഞ്ചാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ഞങ്ങള്‍ ഇവിടേക്കു തിരിച്ചു പോന്നു. പിന്നീട് ഏഴാം ക്ലാസ് വരെ കുഞ്ഞു പഠിച്ചത് ഊന്നുകല്ലിലാണ്. അതുകഴിഞ്ഞ് കുട്ടമ്പുഴയില്‍. കൂലിപ്പണിക്കു പോകാനുള്ള ആരോഗ്യം എനിക്കില്ല. അതിനാല്‍ പരമ്പും മറ്റും നെയ്ത് സൊസൈറ്റിയില്‍ കൊടുത്താണ് ജീവിച്ചിരുന്നത്.

മരിക്കുന്നതിന് ഒന്നുരണ്ടു ദിവസം മുന്‍പ് അവള്‍ വിളിച്ചിരുന്നു. കുഞ്ഞമ്മയുടെ ഫോണിലേക്കാണ് വിളിച്ചത്. അവളുടെ കൈയില്‍ ഫോണില്ല. അവള്‍ നില്‍ക്കുന്ന വീട്ടില്‍ നിന്നാണ് വിളിച്ചത്. അവിടേക്ക് ഞങ്ങളാണ് വിളിക്കാറുള്ളത്. എപ്പോള്‍ വിളിച്ചാലും ചിരിച്ചുകൊണ്ടായിരുന്നു അവള്‍ വര്‍ത്തമാനം പറഞ്ഞിരുന്നത്. ഇപ്പോള്‍ താമസിക്കുന്നിടത്ത് അവള്‍ വളരെ സന്തോഷവതിയായിരുന്നു. മകളെ കാണാന്‍ രണ്ടുതവണ പോയിരുന്നു. അപ്പോഴും അവള്‍ വളരെ സന്തോഷത്തിലായിരുന്നു.

വീട്ടിലേക്കു തിരിച്ചുവരണമെന്നായിരുന്നു കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇവിടെ എന്റെ സഹോദരന്റെ കുട്ടികളുണ്ട്. അവരുടെ കൂടെ എപ്പോഴും കളിയായിരുന്നു. മഴയൊക്കെ വന്നാല്‍ ഇവിടെ വെള്ളം നിറയും. ഇവിടെ എല്ലായിടത്തും അവള്‍ക്ക് ഇറങ്ങി നടക്കാം. പക്ഷേ, അവിടെയാണെങ്കില്‍ ഇതൊന്നും നടക്കില്ല. ഓടാനും ചാടാനും ഡാന്‍സ് പഠിക്കാനും തിരുവാതിര കളിക്കാനുമെല്ലാം അവള്‍ക്ക് ഇഷ്ടമായിരുന്നു. ഊന്നുകല്ലിലായിരുന്നപ്പോള്‍ സ്‌കൂളില്‍ ഇതെല്ലാം പഠിപ്പിക്കുന്നുണ്ടായിരുന്നു.’

പ്ലസ് വണ്‍ പഠനകാലം….


പ്ലസ് വണ്ണിന് നേര്യമംഗലത്തായിരുന്നു പെണ്‍കുട്ടിക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ആ സ്‌കൂള്‍ ഒഴിവാക്കി നെല്ലിമറ്റത്ത് അഡ്മിഷന്‍ നേടുകയായിരുന്നു. സൈക്കോളജി കൂടി ഉള്‍പ്പെടുന്ന ഹുമാനിറ്റീസ് ആണ് പഠിക്കാനായി തെരഞ്ഞെടുത്തിരുന്നത്. സ്‌കൂളില്‍ വളരെ മിടുക്കിയായ കുട്ടിയായിരുന്നു അവളെന്ന് അധ്യാപകര്‍ പറഞ്ഞു. ക്ലാസ് തുടങ്ങി ഒരു മാസത്തിനു ശേഷമാണ് അവള്‍ക്കവിടെ പ്രവേശനം ലഭിച്ചത്.

‘സ്‌കൂളില്‍ അവള്‍ അധ്യാപകരോടോ അധ്യാപകര്‍ അവളോടോ സംസാരിച്ചിരുന്നില്ല. അവള്‍ക്കു കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നില്ല. ആരോടെങ്കിലും അവള്‍ സംസാരിച്ചിരുന്നെങ്കില്‍, അത് കര്‍മ്മിറ്റ് ഹോമില്‍ നിന്നും വരുന്ന കുട്ടികളോടു മാത്രമായിരുന്നു,’ അവളുടെ ചില സഹപാഠികള്‍ വ്യക്തമാക്കി. മനുഷ്യജീവിതത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനും അവയ്ക്കു പരിഹാരം കണ്ടെത്താനും ആഗ്രഹിച്ച ആ പെണ്‍കുട്ടി ജീവിതം ഉപേക്ഷിച്ചത് ജീവിച്ചു കൊതിതീര്‍ന്നതു കൊണ്ടല്ല, മറിച്ച് ഇനിയുമേറെ ജീവിക്കാനുള്ള കൊതി കൊണ്ടായിരുന്നു. അതിനുള്ള അവസരങ്ങള്‍ ആരെല്ലാമോ തടഞ്ഞതു കൊണ്ടായിരുന്നു.


ദുരൂഹതകള്‍ ബാക്കിയാക്കി കര്‍മ്മിറ്റ് ഹോം

ജീവിതത്തില്‍ അവള്‍ നടന്നു നീങ്ങിയ ജീവിത സാഹചര്യങ്ങളെക്കുറിച്ചു കുറിച്ചിട്ട ആ നോട്ട്ബുക്ക് ഇപ്പോള്‍ ഊന്നുകല്‍ പോലീസിന്റെ കൈവശമാണ്. ‘ഞാന്‍ ജീവിക്കണോ മരിക്കണോ?’ എന്നാണ് അവള്‍ ആ ബുക്കില്‍ അവസാനം കുറിച്ച വരികള്‍. തീര്‍ച്ചയായും അത് അവളുടെ മരണ ദിവസമെഴുതിയതല്ല. അതൊരു ആത്മഹത്യക്കുറിപ്പുമല്ല. കാരണം, മരിക്കാന്‍ ഉറച്ച തീരുമാനമെടുത്ത ഒരാള്‍, തൊട്ടടുത്ത നിമിഷം അതു നടപ്പിലാക്കുന്ന ഒരാള്‍, ഒരു ചോദ്യച്ചിഹ്നത്തില്‍ തന്റെ തീരുമാനമറിയിക്കില്ല. ജൂണ്‍ 28, 2023 ല്‍ കവളങ്ങാട് കര്‍മ്മിറ്റ് ഗേള്‍സ് ഹോമിലെത്തിയ ആ പെണ്‍കുട്ടി അവിടെ ജീവിച്ചത് വെറും രണ്ടുമാസക്കാലമാണ്. അവിടെ താമസിച്ച എല്ലാ ദിവസവും ആ പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നല്‍കിയിരുന്നുവെന്നും അവര്‍ക്കൊരു സ്ഥിരം കൗണ്‍സിലര്‍ ഉണ്ടെന്നും ആ സ്ഥാപനത്തിന്റെ മുഖ്യചുമതലക്കാരനായ വര്‍ഗ്ഗീസ് ഉതുപ്പ് വ്യക്തമാക്കി.

എല്ലാ ദിവസവും കൗണ്‍സിലിംഗിനു വിധേയയായ ഒരു പെണ്‍കുട്ടി, ഈ ലോകത്തിലെ വര്‍ണ്ണങ്ങളെയത്രയും വാരിപ്പുണരാന്‍ ആഗ്രഹിച്ച, ഉത്സാഹത്തിമിര്‍പ്പോടെ തന്റെ ബാല്യകാലം ചെലവഴിച്ച, ഡാന്‍സിനെ അത്യധികം സ്‌നേഹിച്ച, അവളെങ്ങനെ സ്വയം മരണം തെരഞ്ഞെടുത്തു? തങ്ങളുടെ സ്ഥാപനത്തില്‍ താമസിച്ചിരുന്ന കാലമത്രയും അവള്‍ സന്തോഷവതിയായിരുന്നു എന്ന് ആ സ്ഥാപനത്തിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കില്‍, പെട്ടെന്നൊരു ദിവസം, രാത്രി പത്തുമണിയോടടുത്ത സമയത്ത് അവള്‍ എന്തിന് സ്വയം തൂങ്ങിമരണം തെരഞ്ഞെടുത്തു?

ഓഗസ്റ്റ് 19. സമയം ഏകദേശം രാത്രി 9.45. അവള്‍ ശുചിമുറിയിലേക്കു പോകുന്നു. ഏകദേശം 15 മിനിറ്റു കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്ന് ശുചിമുറിയുടെ കതകില്‍ തട്ടി, പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍, ബലപ്രയോഗത്തിലൂടെ വാതില്‍ തുറന്നു. അകത്ത്, വെന്റിലേറ്ററില്‍, ഷാളില്‍ തൂങ്ങിയ നിലയില്‍ അവള്‍. ഉടന്‍ തന്നെ കെട്ടഴിച്ച് താഴെയിറക്കുമ്പോള്‍ ശരീരത്തിനു മിടിപ്പുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മകള്‍ സീരിയസായി ആശുപത്രിയിലാണെന്നും അവിടേക്കെത്താനും ഹോമിലുള്ളവര്‍ അവളുടെ അമ്മയോട് ആവശ്യപ്പെട്ടു. സഹോദരിക്കൊപ്പം അമ്മ ആശുപത്രിയിലെത്തി. മകള്‍ ഐ സി യുവിലാണെന്നും രാവിലെ മാത്രമേ കാണാന്‍ സാധിക്കൂ എന്നുമറിയിച്ച് തങ്ങളെ മടക്കി അയക്കുകയായിരുന്നു എന്ന് അവളുടെ അമ്മ പറയുന്നു. പിറ്റേന്ന് കോതലംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മകള്‍ മരിച്ച വിവരം അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.


അവളെ പിന്തുടര്‍ന്നവര്‍ ആരെല്ലാം?


പെണ്‍കുട്ടിയെ ആരോ പിന്തുടര്‍ന്നിരുന്നതായി ഗേള്‍സ് ഹോമിലുള്ള മറ്റു കുട്ടികള്‍ അറിയിച്ചിരുന്നു. അവര്‍ പരിസരപ്രദേശത്തുള്ളവരായിരുന്നുവെന്നും പറയുന്നുണ്ട്. ഇനിയും ഇങ്ങനെ സംഭവിച്ചാല്‍ പോലീസിനെ അറിയിക്കാമെന്നും വേണ്ട സംരക്ഷണമൊരുക്കാമെന്നും കരുതി ആ സംഭവം കര്‍മ്മിറ്റ്UHJ അധികാരികള്‍ വിട്ടുകളയുകയായിരുന്നു. പോക്‌സോ അതിജീവിതയായ ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ ഗൗരവമേറിയ ഒരു പ്രശ്‌നത്തെക്കുറിച്ചു പറഞ്ഞിട്ടും അതിനെ അത്യന്തം ലാഘവത്തോടെ ആ സ്ഥാപനമുടമ സമീപിച്ചത് എന്തുകൊണ്ട്? പെണ്‍കുട്ടി താമസിക്കുന്നിടത്തു നിന്നും ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രം അകലെയുള്ള ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലെത്തി ഈ കാര്യം അവരെ ധരിപ്പിക്കാതിരുന്നത് എന്തു കൊണ്ട്? പെണ്‍കുട്ടിക്കു മതിയായ സംരക്ഷണമില്ല എന്ന കാരണത്താലാണ് നേര്യമംഗലം സ്‌കൂളില്‍ പെണ്‍കുട്ടിയെ പഠിപ്പിക്കാതിരുന്നത്. എന്നിട്ടും, ഇത്രമേല്‍ ഗുരുതരമായ ഒരു പരാതി നല്‍കിയിട്ടും അതിന് വേണ്ടത്ര പരിഗണന നല്‍കാതിരുന്നത് എന്തുകൊണ്ട്? പെണ്‍കുട്ടിയുടെ മരണ ശേഷവും പത്രങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യങ്ങള്‍ ഈ സ്ഥാപനത്തിലുള്ളവര്‍ പറയാത്തത് എന്തുകൊണ്ട്?

മുന്‍പ് പലതവണ പെണ്‍കുട്ടി ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി വര്‍ഗ്ഗീസ് ഉതുപ്പ് പറഞ്ഞു. ഇക്കാലമത്രയും കൗണ്‍സിലിംഗ് നടത്തിയിട്ടും ആ ചിന്ത മാറ്റിയെടുക്കാന്‍ എന്തുകൊണ്ടു സാധിച്ചില്ല? കര്‍മ്മിറ്റ് ഹോമിലെത്തിയ ശേഷം പെണ്‍കുട്ടി സന്തോഷവതിയായിരുന്നുവെന്നും സ്വഭാവത്തില്‍ വളരെ നല്ല മാറ്റങ്ങള്‍ ഉണ്ടായി എന്നും വര്‍ഗ്ഗീസ് പറയുന്നു. ഇതിനിടയില്‍ വീട്ടില്‍ പോകണമെന്ന ആവശ്യം പെണ്‍കുട്ടി പലതവണ പറഞ്ഞതായും സി ഡബ്ലിയു സിയുടെ അനുമതി ലഭിച്ചാല്‍ ഓണാവധിക്ക് വീട്ടിലയക്കാമെന്നു പറഞ്ഞതായും വര്‍ഗ്ഗീസ് പറയുന്നു. വീട്ടില്‍ പോകാന്‍ തന്നെ ആരും അനുവദിക്കില്ലെന്ന തോന്നലില്‍ നിന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വര്‍ഗ്ഗീസിന്റെ വാദം. തനിക്കു പേടിയാണ് എന്ന് കര്‍മ്മിറ്റ് ഹോമിലുള്ള മറ്റുകുട്ടികളോട് പെണ്‍കുട്ടി പറയുകയും ചെയ്തിരുന്നു.

പോലീസിനു പറയാനുള്ളത്


‘അവള്‍ക്ക് വീട്ടില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഉടനെയൊന്നും അതു നടക്കില്ലെന്ന് അവള്‍ക്കു മനസിലായിട്ടുണ്ടാവണം. മെന്‍സസ് സമയങ്ങളില്‍ പെണ്‍കുട്ടികളില്‍ ആത്മഹത്യ പ്രവണത ഉണ്ടാകാറുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ചു ഞങ്ങള്‍ അന്വേഷിക്കുകയാണ്. എന്തായാലും ഇതൊരു ആത്മഹത്യ തന്നെയാണ്. ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ നിന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാതിരിക്കില്ല,’ ഊന്നുകല്‍ പോലീസ് പറയുന്നു.


ട്രൈബല്‍ വകുപ്പ് കൈകഴുകുന്നു


കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ താമസക്കാരിയാണ് പെണ്‍കുട്ടി. അഞ്ചാംക്ലാസ് വരെ അവള്‍ പഠിച്ചത് അടിമാലി അഞ്ചാംമൈലിലുള്ള സ്‌കൂളിലായിരുന്നു. പിന്നീട് പത്താംക്ലാസ് വരെ പഠിച്ചതാകട്ടെ, കുട്ടമ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും. അച്ഛന്റെത് ആത്മഹത്യയായിരുന്നു. ചുഴലി ഉള്‍പ്പടെയുള്ള ഒട്ടനവധി രോഗങ്ങളോടു മല്ലിട്ടു ജീവിക്കുന്ന ഒരാളാണ് അമ്മ. ഇവര്‍ താമസിച്ചിരുന്നത് അമ്മയുടെ ചേച്ചിയുടെ കൂടെയായിരുന്നു. ഇത്തരം ജീവിത സാഹചര്യങ്ങളോടെല്ലാം പടപൊരുതി, പഠനത്തില്‍ അവള്‍ കൈവരിച്ചത് വന്‍ നേട്ടം തന്നെയായിരുന്നു. ട്രൈബല്‍ കമ്മ്യൂണിറ്റിക്ക് സാമ്പത്തിക സഹായവും മറ്റും നല്‍കുക എന്നതല്ലാതെ അവരുടെ ക്ഷേമമന്വേഷിക്കല്‍ തങ്ങളുടെ ചുമതലയില്‍ പെടുന്ന കാര്യമല്ലെന്നാണ് കുട്ടമ്പുഴ സബ് ട്രൈബല്‍ ഓഫീസര്‍ അറിയിച്ചത്.

ട്രൈബലുകളുടെ എല്ലാവിധത്തിലുമുള്ള ഉന്നമനമല്ല ലക്ഷ്യമെങ്കില്‍, എന്തിനാണ് ട്രൈബല്‍ ഡെവലപ്‌മെന്റിനു വേണ്ടി ഒരു വകുപ്പു തന്നെയുള്ളത്? ഒട്ടനവധി അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന കുന്നത്തുനാട് എം എല്‍ എ തന്റെ മാനം പോയി എന്നു വിലപിച്ചു കേണപ്പോള്‍ സുപ്രീം കോടതിയില്‍ വരെയെത്തി കേസ് വാദിക്കാനും കേസിനെക്കുറിച്ച് വാര്‍ത്ത ചെയ്ത മാധ്യമങ്ങളെ വേട്ടയാടാനും ആര്‍ക്കുമൊരു മടിയുമുണ്ടായില്ല.

തനതായ ആവാസ വ്യവസ്ഥയില്‍, ജീവിതാന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍. അവര്‍ക്ക് അവരുടേതായ ജീവിത രീതികളും ആഹാര രീതികളുമുണ്ട്. കൂട്ടം ചേര്‍ന്നുമാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും അത്തരമൊരു ആവാസവ്യവസ്ഥയില്‍ നിന്നും പറിച്ചു മാറ്റുമ്പോള്‍, പുതിയ സാഹചര്യവുമായി ഒത്തു പോകാന്‍ തക്ക മാനസികാവസ്ഥയിലേക്ക് അവളെ മാറ്റിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്തു ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്? ജീവിതത്തില്‍ തന്നെ തനിച്ചായിപ്പോയി എന്ന തോന്നലില്‍ നിന്നും ആ 17 കാരിയെ രക്ഷിച്ചെടുക്കാന്‍ എന്തു ശ്രമങ്ങളാണ് അധികാരികള്‍ നടത്തിയത്? ഭീതികരമായ ജീവിത സാഹചര്യത്തില്‍ നിന്നും സുരക്ഷിതത്വത്തിലേക്ക് അവളെ നയിക്കുവാന്‍ തക്ക എന്തുകാര്യങ്ങളാണ് അവള്‍ക്കായി ചെയ്തു കൊടുത്തത്? അവള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും നെല്ലിമറ്റം സ്‌കൂള്‍ വരെയും തിരിച്ചുമുള്ള ദൂരം അവള്‍ താണ്ടിയത് മറ്റ് അന്തേവാസികള്‍ക്കൊപ്പമാണ്. സ്‌കൂളില്‍ പോയയതാകട്ടെ, പൊതു ഗതാഗത സംവിധാനത്തിലൂടെയും. എന്തു സുരക്ഷയാണ് ഒരു പോക്‌സോ അതിജീവിതയ്ക്കായി ബന്ധപ്പെട്ടവര്‍ ഒരുക്കിക്കൊടുത്തത്? ജീവഭയമില്ലാതെ ജീവിക്കാനുള്ള എന്തു സാഹചര്യമാണ് അവള്‍ക്ക് ഒരുക്കി നല്‍കിയത്?

ജീവിക്കാനുള്ള എല്ലാ വഴികളുമടച്ച്, മാനസികമായും ശാരീരികമായും തളര്‍ത്തി, അവള്‍ ജീവിച്ച സാഹചര്യങ്ങളിലെല്ലാം ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി ഒരു ആദിവാസി പെണ്‍കുട്ടിയെ ഈ ജീവിതത്തില്‍ നിന്നുതന്നെ പറഞ്ഞയച്ചിരിക്കുന്നു! ഏതെല്ലാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അവളുടേത് ആത്മഹത്യയെന്നു വിധിയെഴുതിയാലും ഉറക്കെയുറക്കെ ഞങ്ങള്‍ പറയും, അവളുടേത് കൊലപാതകമാണെന്ന്. അഭയം കൊടുത്തു ചേര്‍ത്തു പിടിച്ചു സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ സംഘടിത കൊലപാതകം!

തമസോമ അന്വേഷണം തുടരുന്നു…

Leave a Reply

Your email address will not be published. Required fields are marked *