‘എന്നോടൊന്നു സംസാരിക്കുമോ…?’

Jess Varkey Thuruthel

‘ഒരഞ്ചു മിനിറ്റ് എന്നോട് ആരെങ്കിലുമൊന്നു സംസാരിക്കുമോ? ഞാന്‍ പറയുന്നതൊന്നു കേള്‍ക്കുമോ? ഓര്‍മ്മകള്‍ മങ്ങുന്നു, മരണത്തിലേക്കിനി എത്ര ദൂരമെന്നറിയില്ല. ഇരുളുന്ന രാത്രിയും പകല്‍ വെളിച്ചവും എനിക്കൊരുപോലെയാണ്. ഞാനിവിടെ തനിച്ചാണ്. എന്നോടൊന്നു സംസാരിക്കുമോ?’ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ വൃദ്ധരായ മനുഷ്യരുടെ ശബ്ദമുയരുന്നു… എല്ലാ സ്വരങ്ങളിലും തളംകെട്ടി നില്‍ക്കുന്നത് ദു:ഖമാണ്, സ്‌നേഹത്തിനു വേണ്ടിയുള്ള ദാഹമാണ്. ഏകാന്തതയുടെ മടുപ്പിക്കുന്നൊരു ഗന്ധവും… മക്കളോ കൊച്ചുമക്കളോ കൂടെയില്ലാതെ, വീട്ടകങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരുടെയും ആശ്രമമറ്റവരുടെയും നിലവിളികളാണ് കാതുകളില്‍ സദാമുഴങ്ങുന്നത്.

ഉള്ളിലൊരു സാഗരം അലയടിക്കുമ്പോഴും പ്രസരിപ്പാര്‍ന്ന ശബ്ദത്തില്‍ ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു തുടങ്ങി. ഏകാന്തതയുടെ മഹാസാഗരത്തില്‍ കൈകാലിട്ടടിക്കുന്ന വൃദ്ധമാതാപിതാക്കളുടെ, രോഗികളുടെ, ചലന ശേഷിയില്ലാത്തവരുടെ, അങ്ങനെയങ്ങനെ ആശ്രയിക്കാന്‍ ആരുമില്ലാതെ പോകുന്നവരുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനായി, ആ മുഖങ്ങളില്‍ സന്തോഷം വിരിയിക്കാനാണ് അദ്ദേഹം ഡോ. ബി. പദ്മകുമാറിനൊപ്പം ടോക്കിംഗ് പാര്‍ലര്‍ (Talking Parlor) എന്ന ആശയത്തിന് രൂപം നല്‍കിയത്.

റവന്യു വകുപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ചന്ദ്രദാസിനെ കാണാന്‍ ആ അമ്മ എത്തിയത്. അവരുടെ ഭര്‍ത്താവ് മരിച്ചു പോയി. ആശ്രിത നിയമനം വഴി മൂത്ത മകന് സര്‍ക്കാര്‍ ജോലി കിട്ടി. പക്ഷേ, ജോലിയില്‍ പ്രവേശിച്ച മകന്‍ വിവാഹം കഴിച്ചതോടെ അമ്മയെയും ഇളയ സഹോദരനെയും തിരിഞ്ഞു നോക്കാതെയായി. സ്വത്ത് കൈക്കലാക്കാനുള്ള ശ്രമവും ആരംഭിച്ചു. ജീവിക്കാന്‍ വഴിയില്ലാതെ, മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ട് ആ അമ്മ അദ്ദേഹത്തിനരികില്‍ കരഞ്ഞു നിന്നു. മുന്നോട്ടു പോകാന്‍ എന്തെങ്കിലുമൊരു വഴി വേണം. അന്നാണ് അദ്ദേഹം കേരളത്തെ ബാധിച്ചിരിക്കുന്ന ആ വലിയ പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചത്.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരില്‍ഏകദേശം 30% പേര്‍ക്കും ജോലി കിട്ടിയിരിക്കുന്നത് ആശ്രിത നിയമനം വഴിയാണ്. കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സ്‌കീം (Compationate Employment Scheme) എന്നാണ് ഇതിന്റെ പേര്. ഈ സ്‌കീം നിലവില്‍ വന്നത് 1970 കളിലാണ്. കുടുംബത്തില്‍ വരുമാനമുള്ള, സര്‍ക്കാര്‍ ജോലി ചെയ്തിരുന്ന വ്യക്തി മരണപ്പെടുമ്പോള്‍, ആ കുടുംബത്തില്‍ പണിയെടുക്കാന്‍ ആരോഗ്യവും യോഗ്യതയുമുള്ള ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതാണ് ഈ നിയമം. എന്നാല്‍ ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരില്‍ മിക്കവരും പിന്നീട് ആ കര്‍ത്തവ്യം മറക്കുന്നു. ആശ്രിതരെ കൈയ്യൊഴിയുന്നു. ഇത്തരമൊരു പ്രശ്‌നവുമായിട്ടാണ് ആ അമ്മയും ചന്ദ്രദാസിനെ സമീപിച്ചത്. പക്ഷേ, ആ പ്രശ്‌നത്തിന് ഉടനടിയൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. കാരണം 2007 ല്‍ നിലവില്‍ വന്ന വയോജനസംരക്ഷണ നിയമം (മെയിന്റനന്‍സ് ആക്ട്) അനുസരിച്ച് ബന്ധപ്പെട്ട ആര്‍ ഡി ഒയ്ക്ക് പരാതി നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളു. ഇവിടെ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. അവര്‍ വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി ഒരു സെറ്റില്‍മെന്റ് ഉണ്ടാക്കും. ഈ സെറ്റില്‍മെന്റ് വ്യവസ്ഥയനുസരിച്ച് ആശ്രിതര്‍ക്കു കിട്ടാന്‍ അവകാശമുള്ള ഏറ്റവും കൂടിയ തുക 10,000 രൂപയാണ്. ഇത്തരത്തില്‍ തുകയില്‍ ഒരു ധാരണയുണ്ടാക്കും. പക്ഷേ, ഇതു പലപ്പോഴും വിജയപ്രദമാകില്ല.

ഇത്തരത്തില്‍ ഉടമ്പടിയുണ്ടാക്കിയാലും ആശ്രിതര്‍ക്ക് പണമൊന്നും കിട്ടിയെന്നു വരില്ല. കാരണം ആര്‍ ഡി ഒയ്ക്കു മുന്നില്‍ വയ്ക്കുന്ന ഈ ഉടമ്പടി ആരും പാലിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിരുന്നാലും ആ അമ്മയ്ക്ക് ഈയൊരു വഴി പറഞ്ഞുകൊടുക്കുകയല്ലാതെ ചന്ദ്രദാസിനു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അന്ന് ആ അമ്മയെ അദ്ദേഹം സാന്ത്വനിപ്പിച്ചു വിട്ടു. ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസില്‍ ശക്തമായി, അതിനായി കഠിനമായി പരിശ്രമിക്കാനും ആരംഭിച്ചു.

ടി വി അനുപമയായിരുന്നു ആ കാലഘട്ടത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍. ആശ്രിത നിയമന ഫയല്‍ അദ്ദേഹം സൂക്ഷ്മമായി പഠിച്ചു. ആ ഫയലില്‍ അദ്ദേഹം ഇങ്ങനെയൊരു നോട്ട് എഴുതി, ‘ഇനിമുതല്‍ ആശ്രിത നിയമന വ്യവസ്ഥപ്രകാരം ആര്‍ക്കെങ്കിലും ജോലിയില്‍ പ്രവേശിക്കണമെന്നുണ്ടെങ്കില്‍, അപേക്ഷയോടൊപ്പം തന്നെ ‘മാതൃപിതൃ സംരക്ഷണ സമ്മതമൊഴി’ എന്നൊരു ബോണ്ട് എഴുതി നല്‍കണ’മെന്നായിരുന്നു ആ കുറിപ്പ്. അതായത്, ജോലി കിട്ടിയാല്‍, കുടുംബത്തിലെ മറ്റ് ആശ്രിതരെ സംരക്ഷിച്ചു കൊള്ളാം എന്ന ബോണ്ട് നോട്ടറിയുടെ അറ്റസ്റ്റേഷനോടു കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ നിയമനം കൊടുക്കാവൂ എന്നതാണത്. ഈ ഫയല്‍ അദ്ദേഹം സര്‍ക്കാരിലേക്ക് പ്രൊസീഡ് ചെയ്തു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാരിന് ചിന്തയുണ്ടായത്. 2017 നവംബറിലായിരുന്നു അദ്ദേഹം ഈ പ്രൊപ്പോസല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. കൃത്യം മൂന്നുമാസത്തിനു ശേഷം, 2018 ഫെബ്രുവരിയില്‍, ഇത്തരത്തിലൊരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അങ്ങനെ, ആശ്രിത നിയമന നിയമം നിലവില്‍ വന്നു 48 വര്‍ഷങ്ങള്‍ക്കു ശേഷം, കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, ആശ്രയമറ്റവര്‍ക്കു താങ്ങായി വീണ്ടുമൊരു നിയമഭേദഗതി നിലവില്‍ വന്നു.

ഈ ബോണ്ട് ലംഘിക്കപ്പെട്ടേക്കാമെന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം രണ്ടാമതൊരു പ്രൊപ്പോസല്‍ കൂടി സര്‍ക്കാരിനു സമര്‍പ്പിച്ചു. ഏതെങ്കിലും കാരണവശാല്‍ ഈ ബോണ്ട് ലംഘിക്കപ്പെടുന്ന പക്ഷം ആശ്രിത നിയമനം ലഭിച്ച വ്യക്തിയുടെ ശമ്പളത്തിന്റെ 25% ഡിഡിഒ (ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍) പിടിച്ചെടുത്ത് അത് ആശ്രിതര്‍ക്കു കൊടുക്കണം എന്നൊരു പ്രൊപ്പോസല്‍ സര്‍ക്കാരിലേക്കു നല്‍കി. ശമ്പളം പിടിച്ചെടുക്കല്‍ എന്നത് ഒട്ടും എളുപ്പമല്ല. ഇതു നടപ്പിലാക്കിയെടുക്കാന്‍ അനവധി കടമ്പകളുണ്ട്. കാരണം ഒരു ജീവനക്കാരന്റെ ശമ്പളം പിടിച്ചെടുക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മിനിസ്ട്രിയില്‍ പോലും ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ചവരുമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലെ 30% ആശ്രിതനിയമനമാണ് എന്നത് വലിയൊരു സംഖ്യയാണ്. ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടി അവര്‍ എന്തു വിലകൊടുത്തും തടയും.

ഈ പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ടാണ് അദ്ദേഹം വീണ്ടും സര്‍ക്കാരിനു പ്രൊപ്പോസല്‍ കൊടുത്തത്. അപ്പോഴും ടി വി അനുപമ തന്നെയായിരുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍. 2021 ല്‍ ചന്ദ്രദാസ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പിന്നീടങ്ങോട്ട് പോരാട്ടത്തിന്റെ കാലഘട്ടമായിരുന്നു. ആശ്രമയമറ്റവര്‍ക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. ഇതിനു വേണ്ടി തുടര്‍ച്ചയായി സര്‍ക്കാരിലേക്ക് നീക്കങ്ങള്‍ ആരംഭിച്ചു. അങ്ങനെ അദ്ദേഹം മുന്നോട്ടു വച്ച പ്രൊപ്പോസലിന് ആദ്യം ധനവുപ്പിന്റെ അംഗീകാരം ലഭിച്ചു. പിന്നീട് നിയമവകുപ്പിന്റെയും. അഞ്ചു വര്‍ഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവില്‍ എല്ലാ കടമ്പകളും അദ്ദേഹം മറികടന്നു. അങ്ങനെ 2023 ല്‍ മുഖ്യമന്ത്രി ആ ഫയലില്‍ ഒപ്പിട്ടു, കാബിനറ്റില്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

അങ്ങനെ 2023 ജൂലൈ 12 ന്, ആശ്രിത നിയമന വ്യവസ്ഥ നിലവില്‍ വന്ന് നീണ്ട 50 വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രപരമായ ഒരുത്തരവു നിലവില്‍ വന്നു. ആശ്രിത നിയമന നിയമം വഴി ജോലി ലഭിച്ചവര്‍ ആശ്രിതരെ സംരക്ഷിക്കാത്ത പക്ഷം അവരുടെ ശമ്പളത്തിന്റെ 25% പിടിച്ചെടുത്ത് ആശ്രിതര്‍ക്കു കൊടുക്കണമെന്ന നിയമം! പിന്നീടത് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കി. ഈയൊരു വലിയ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചിടത്തു നിന്നാണ് ഡോ. പദ്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍ത്തി ഏജിംഗ് മൂവ്‌മെന്റിനും ടോക്കിംഗ് പാര്‍ലര്‍ എന്ന ആശയത്തിനും പ്രചരണം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചത്.

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന ചിന്ത. ചന്ദ്രദാസിനൊപ്പം വയോജനങ്ങളോട് എപ്പോഴും കാരുണ്യം പുലര്‍ത്തിപോരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആയ ഡോ ബി പത്മ കുമാറും ഉണ്ട്. അവര്‍ രണ്ടുപേരുമാണ് ഹെല്‍ത്തി ഏജിംഗ് മൂവ്‌മെന്റിന്റെയും ടോക്കിംഗ് പാര്‍ലറിന്റെയും രൂപീകരണത്തിനു പിന്നില്‍.

കേരളത്തിലെ മഹാപ്രളയകാലത്ത്, ജോലിയുടെ ഭാഗമായി ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പോകണമായിരുന്നു. കിടപ്പു രോഗികളെയും ഒറ്റപ്പെട്ടു പോയ വയോജനങ്ങളെയുമെല്ലാം അവരുടെ വീടുകളില്‍ പോയി കാണണം. അങ്ങനെ അവരോടു സംസാരിക്കുമ്പോഴാണ് ഒരു കാര്യം ബോധ്യമായത്. ഈ പ്രദേശങ്ങളിലെ വീടുകളിലെല്ലാം വയോജനങ്ങളുണ്ട്, കൂട്ടിനു രണ്ടു പട്ടികളുമുണ്ട്. പക്ഷേ, കുട്ടികളില്ല. കാരണം മക്കളെല്ലാം വിദേശത്താണ്. ഇവരുടെയെല്ലാം മുഖത്ത് തിങ്ങിനിറഞ്ഞത് സങ്കടക്കടലായിരുന്നു. ചാക്കുകണക്കിന് നോട്ടുകെട്ടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയതല്ലാതെ ഇവര്‍ക്കിതൊന്നും പ്രയോജനമാകുന്നില്ല. അവര്‍ക്കു വേണ്ടത് ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായിരുന്നു. അതിനാല്‍, അവരുടെ ഏകാന്തതയ്ക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഡോ പത്മകുമാറുമായി ചേര്‍ന്നു കൊണ്ട്, ഹെല്‍ത്തി ഏജിംഗ് മൂവ്‌മെന്റിനു തുടക്കമിടുകയായിരുന്നു. അങ്ങനെ ആഴ്ചയിലൊരിക്കലെങ്കിലും കുറെയധികം വയോജനങ്ങളുടെ വീടുകളില്‍ പോകുക, അവര്‍ക്ക് പരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു. അവരോടു സംസാരിച്ചാല്‍ മാത്രം മതി, രോഗമുക്തി സാധ്യമാകുമെന്നും മനസിലായി.

സംസാരം കുറയുന്തോറും ഓര്‍മ്മ ശക്തി നഷ്ടമാകും. ഓര്‍മ്മശക്തി നഷ്ടമാകുന്നതോടെ വിഷാദ രോഗത്തിലേക്കും ഡിമന്‍ഷ്യ, അള്‍ഷിമേഴ്‌സ് തുടങ്ങിയ അവസ്ഥകളിലേക്കും ഇവര്‍ പോകും. ഇതുമാത്രമായിരുന്നില്ല ഇവര്‍ നേരിടുന്ന പ്രശ്‌നം. കാരുണ്യ ചികിത്സാ പദ്ധതിയും വയോമിത്ര പദ്ധതി പ്രകാരവും ഇവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നുണ്ട്. എല്ലാ മരുന്നുകളും നല്‍കുന്നത് ബ്രൗണ്‍ കവറിലാണ്. പക്ഷേ ഈ മരുന്നുകള്‍ എടുത്തു നല്‍കാനായി ആരുമില്ല. അതിനാല്‍ രാത്രി കഴിക്കേണ്ട മരുന്നുകള്‍ അവര്‍ രാവിലെ കഴിക്കും, രാവിലത്തേത് രാത്രിയിലും. രാത്രിയില്‍ കഴിക്കേണ്ട മരുന്നുകള്‍ പലതും സെഡേറ്റീവ് ആയിരിക്കും. ഇത് രാവിലെ കഴിക്കുന്നതിനാല്‍ ഇവര്‍ കട്ടിലില്‍ മയങ്ങിക്കിടക്കുന്നു, രാത്രിയാകട്ടെ ഉറക്കവുമില്ല. അതോടെ ഇവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരാശയവുമായി ചന്ദ്രദാസും പത്മകുമാറും മുന്നോട്ടു പോയതും ടോക്കിംഗ് പാര്‍ലറിനു തുടക്കമിട്ടതും.

ടോക്കിംഗ് പാര്‍ലര്‍ ആദ്യം ആരംഭിച്ചത് ആലപ്പുഴയിലായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചത്. അതോടെ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനമൊട്ടാകെ, 941 പഞ്ചായത്തിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. പണ്ടുകാലങ്ങളില്‍ മരത്തണലിലും വീട്ടുമുറ്റത്തും വഴിയരികിലും മറ്റുമായി സംസാരിച്ച അതേ രീതി തന്നെയാണിത്. യാതൊരു ഔപചാരികതയുമില്ലാതെ നാലോ അഞ്ചോ ആളുകള്‍ ഒരുമിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു, കളിതമാശുകള്‍ പറയുന്നു, പാട്ടുപാടുന്നു. ആലപ്പുഴയില്‍, ടോക്കിംഗ് പാര്‍ലര്‍ ആരംഭിച്ചപ്പോള്‍ ആദ്യം നാലുപേരാണ് ഉണ്ടായിരുന്നത്. പിന്നീടത് മുപ്പതായി, നാല്പതായി, അമ്പതായി. ഇപ്പോള്‍ ഓരോരോ സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നു. ഇവരില്‍ എല്ലാതുറയിലുമുള്ള ആളുകളുണ്ട്. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനീയര്‍മാര്‍, കര്‍ഷകര്‍, പോലീസ് അങ്ങനെ എല്ലാമേഖലയില്‍ നിന്നും ആളുകളെത്തുന്നു.

ചങ്ങനാശേരിയില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു. അവര്‍ ഗസറ്റഡ് ആഫീസര്‍ ആയിരുന്നു, റിട്ടയര്‍ ആയി. മക്കളിലും ചെറുമക്കളിലുമൊക്കെ ഡോക്ടേഴ്‌സ് വരെ ഉണ്ട്. എങ്കിലും വാര്‍ദ്ധക്യത്തിന്റെ ഒറ്റപെടലില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ 25 പേര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ടോക്കിംഗ് പാര്‍ലറിന്റെ ആശയം അവരില്‍ ആഴത്തില്‍ സ്വാധീനിച്ചു. അങ്ങനെ അവര്‍ അവിടെ മീറ്റിംഗുകള്‍ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

തിരുവനന്തപുരത്തു നിന്നാണ് ഏറ്റവുമധികം സങ്കടകരമായ വാര്‍ത്തകളെത്തിയത്. അവിടെ മക്കളെല്ലാം വിദേശത്താണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി എത്തി തിരുവനന്തപുരത്ത് താമസമാക്കിയവരാണ് അവരില്‍ ഏറെയും. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ഇവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവര്‍ക്കും വേണം മിണ്ടാനും പറയാനും ആരെങ്കിലുമൊക്കെ. തൃശൂരില്‍ നിന്നും വിളിച്ച സ്ത്രീ പറഞ്ഞത് ഒരഞ്ചുമിനിറ്റെങ്കിലും അവരോടു സംസാരിക്കാന്‍ ഒരാളെ വേണമെന്നായിരുന്നു. നടക്കാനാവില്ലവര്‍ക്ക്. ഭര്‍ത്താവ് മരിച്ചു. ആവശ്യത്തിലേറെ പണമുണ്ട്.പക്ഷെ സംസാരിക്കാനും സഹായിക്കാനും ആരുമില്ല. ഏക മകള്‍ അമേരിക്കയിലാണ്.

വയനാട്, കൊല്ലം, വര്‍ക്കല, പാരിപ്പിള്ളി എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ നിന്നും ഫോണ്‍കോളുകള്‍ വരുന്നു. എല്ലാവര്‍ക്കുമാവശ്യം അവരോടു സംസാരിക്കാന്‍ ഒരാളെയാണ്. ‘ഞങ്ങള്‍ക്കു വീര്‍പ്പുമുട്ടുകയാണ്. ഞങ്ങള്‍ക്കു പണമുണ്ട്. ഇഷ്ടംപോലെ ബാങ്ക് ബാലന്‍സ് ഉണ്ട്. മക്കള്‍ വിദേശത്താണ്. അവര്‍ ആവശ്യത്തിനു പണമയച്ചു തരും. പക്ഷേ, ഒന്നു കൂട്ടുകൂടാന്‍, തമാശകള്‍ പറയാന്‍, സംസാരിക്കാന്‍ ആരുമില്ല.’ ഇവര്‍ ഒന്നടങ്കം പറയുന്നു.

ഭാവിയില്‍ മരണം പോലും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണ് വരുന്നതെന്ന് ചന്ദ്രദാസ് പറയുന്നു. ജോലിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ വല്ലാത്തൊരു ഒറ്റപ്പെടലാണ്. മക്കള്‍ക്ക് നാട്ടില്‍ വന്നു താമസിക്കാനുള്ള സാഹചര്യമല്ല ഉള്ളത്. പണ്ട് വെള്ളം വില കൊടുത്തു വാങ്ങുന്നത് അംഗീകരിക്കാന്‍ നമുക്കു സാധിക്കില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലായിടത്തും കുപ്പിയില്‍ വെള്ളം വില്‍ക്കുന്നു. മരണത്തിന്റെ കാര്യത്തിലും ഇതുതന്നെയാകും സംഭവിക്കുക. ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ വട്ടമിട്ടു പറന്നുകൊണ്ടിരിക്കും, മരിക്കാറായോ, മരിച്ചാല്‍ എത്ര കാറുകള്‍ വേണം, എത്ര ആളുകള്‍ വരണം, ചട്ടയിട്ടവര്‍ വേണോ, നേര്യതു മതിയോ, തട്ടമിട്ടവര്‍ വേണോ ഇങ്ങനെയെല്ലാം ചോദിച്ചു കൊണ്ടിരിക്കും. ആര്‍ഭാടമായി മരണ ചടങ്ങുകളും നടത്തും. ആ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതെല്ലാം മനസിലാക്കിയതിനാലാണ് ടോക്കിംഗ് പാര്‍ലര്‍ ആരംഭിച്ചത്, ചന്ദ്രദാസ് പറയുന്നു.

ഒറ്റപ്പെടലാണ് ഏറ്റവും വലിയ ശാപം. ടോക്കിംഗ് പാര്‍ലറുകള്‍ അതിനുള്ള പരിഹാര മാര്‍ഗ്ഗമാണ്. നഷ്ടപ്പെട്ട സൗഹൃദങ്ങളും കൂട്ടും പഴമ്പുരാണങ്ങളുമായി ജീവിത സായാഹ്നം ആയാസരഹിതമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ടോക്കിംഗ് പാര്‍ലറുകള്‍. യാതൊരു പണച്ചിലവുമില്ലാതെ, ഒത്തൊരുമിച്ചിരിക്കാനും വിശേഷങ്ങള്‍ കൈമാറാനും സൗഹൃദം പങ്കുവയ്ക്കാനും ഒരിടം.

കൂട്ടിരിക്കാന്‍ ആരുമില്ലാത്തവര്‍ക്കായി ടൈംബാങ്ക് പദ്ധതി നടപ്പിലാക്കാനും വയോജന കമ്മീഷനും വയോജന വകുപ്പും രൂപീകരിക്കണമെന്നും റിസര്‍വ് ബാങ്ക് പക്കലുള്ള എഴുപത്തിഎണ്ണായിരം കോടിയോളം വരുന്ന അവകാശികള്‍ ഇല്ലാത്ത നിക്ഷേപം വയോജന ക്ഷേമത്തിനു വിനിയോഗിക്കണം എന്നും ആവശ്യപ്പെട്ടു സര്‍ക്കാരിന് പ്രൊപോസലും ചന്ദ്രദാസ് സമര്‍പ്പിച്ചിട്ടുണ്ട്.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *