രഞ്ജിത്തിലെ നീചമനസ് മനസിലാക്കാന്‍ ലീല എന്ന സിനിമ മാത്രം മതിയാകും

Jess Varkey Thuruthel

പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് സംവിധായകന്‍ രഞ്ജിത്ത് (Director Renjith) ആവശ്യപ്പെട്ടത് അവരുടെ ശരീരമാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു. അതിനു തയ്യാറാകാതെ ചിത്രമേ വേണ്ടെന്നു വച്ച് തിരിച്ചു പോകുകയായിരുന്നു താനെന്ന് ശ്രീലേഖ വ്യക്തമാക്കി. നടിക്ക് പാലേരിയില്‍ അഭിനയിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ പറഞ്ഞയച്ചു എന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ മെഴുകല്‍. എന്നാല്‍ നടി ശ്രീലേഖ പറഞ്ഞതെല്ലാം സത്യമാണെന്നും അവര്‍ അന്നുതന്നെ ഇതിനെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ ജോഷി ജോസഫും വ്യക്തമാക്കുന്നുണ്ട്.

മുത്തുച്ചിപ്പിയെക്കാള്‍ മ്ലേച്ഛമായൊരു സാഹിത്യസൃഷ്ടിയുണ്ടെങ്കില്‍ അതാണ് ലീല. അതു സംവിധാനം ചെയ്ത രഞ്ജിത്ത് തന്റെ മനോവൈകൃതം പണ്ടേ തെളിയിച്ചതാണ്. സാഹിത്യ അക്കാദമിയുടെ തലപ്പത്തിരുന്ന് ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത് ഇത്തരം നെറികെട്ട മനസുള്ള ഒരാള്‍ ഉള്‍പ്പെട്ട സംഘമാണ് എന്നത് കേരളത്തിനു തന്നെ അപമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മലയാള സിനിമയെ നിയന്ത്രിക്കുന്ന നെറികെട്ട ആ 15 അംഗ പവര്‍ ഗ്രൂപ്പ് ആരെന്ന അന്വേഷണത്തിലാണ് കേരളം. അതിനിടയിലാണ് ചിലര്‍ ചില പേരുകള്‍ പുറത്തു വിടുന്നത്. അതിലൊരാളാണ് ബംഗാളി നടി ശ്രീലേഖ.

ഉണ്ണി ആര്‍ എന്ന നീച എഴുത്തുകാരന്റെ തലയില്‍ വിരിഞ്ഞ ആശയമാണ് ചെറുകഥയായി പുറത്തു വന്ന ലീല. മ്ലേച്ഛ ലൈംഗിക കാമനകള്‍ ഉള്ള കുട്ടിയപ്പന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ആനയുടെ കൊമ്പിനിടയില്‍ വച്ച് ഒരു സ്ത്രീയെ ഭോഗിക്കുക എന്നത്. അതിനയാള്‍ കണ്ടെത്തിയത് വെറും 16 വയസ് മാത്രം പ്രായമുള്ള ദരിദ്രയായ ഒരു പെണ്‍കുട്ടിയെയും.

ഫോണ്‍ സൈറ്റുകളെപ്പോലും വെല്ലുന്ന ലൈംഗിക വൈകൃതം എഴുതിവയ്ക്കാനൊരു നീച സാഹിത്യകാരന്‍. അതുല്യസൃഷ്ടി എന്ന പേരില്‍ അതു സിനിമയാക്കാന്‍ അതിലും നികൃഷ്ടനായൊരു സംവിധായകന്‍. അതിനെ മികച്ച സാഹിത്യ സൃഷ്ടിയെന്നും മികച്ച സിനിമയെന്നും പാടിപ്പുകഴ്ത്താന്‍ കുറെ നീച ജന്മങ്ങള്‍ വേറെയും.

തന്റെ സിനിമകളിലൂടെ മാടമ്പിത്തരത്തെയും നെറികേടിനെയും മഹത്വവത്കരിക്കുകയാണ് രഞ്ജിത്ത്. ആണിനു ഭോഗിക്കാന്‍ മാത്രമുള്ള വസ്തു മാത്രമാണ് പെണ്ണെന്ന മാടമ്പി കാമനകള്‍അരക്കിട്ടുറപ്പിക്കുന്ന സിനിമകള്‍. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ നെറികേടുകള്‍ക്ക് കുടപിടിക്കുകയാണിവിടെ. സ്വന്തം മനോവൈകൃതങ്ങള്‍ സമൂഹ മനസിലേക്കും ഇവര്‍ പടര്‍ത്തുന്നു.

ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് രഞ്ജിത്ത് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ‘നടിയെ ബംഗാളില്‍ നിന്ന് എറണാകുളത്തെ എന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി. അസിസ്റ്റന്റ് അവര്‍ക്ക് സിനിമ കഥ പറഞ്ഞു കൊടുത്തു. ആ സമയത്ത് അവരുടെ ചലനങ്ങളും ശരീരവും കഥാപാത്രത്തിനു യോജിക്കുമോ എന്നു നോക്കാനായി വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പിന്നീട് റൂമിലെ ബാല്‍ക്കണിയിലേക്ക് പോയി. അവര്‍ പിറകെ വന്നു. സിഗരറ്റ് കൊടുത്തു. അത് വലിച്ചു തിരിച്ചു പോയി. അവര്‍ക്ക് പറ്റിയ റോള്‍ ഇല്ല എന്ന് മനസ്സിലായപ്പോള്‍ അത് പറയാന്‍ അസിസ്റ്റന്റിനെ ഏല്പിച്ചു. അവര്‍ വളരെ ദേഷ്യത്തോടെയാണ് തിരിച്ചു പോയത്.’

ഇതാണ് രഞ്ജിത്തിന്റെ വിശദീകരണം. അഭിനയശേഷി വിലയിരുത്താന്‍ അവര്‍ പുതുമുഖനടിയല്ല. ആദ്യമായല്ല അവര്‍ സിനിമയില്‍ അഭിനയിക്കുന്നത്. അവരുടെ ശരീര ഭാഷയും അഭിനയ പാഠവവും മനസിലാക്കാന്‍ അവര്‍ മുന്‍പ് ചെയ്ത സിനിമകള്‍ കണ്ടാല്‍ മാത്രം മതിയാകും. അതു ചെയ്യാതെ ഫ്‌ളൈറ്റ് ടിക്കറ്റുമെടുത്ത് അവരെ വിളിച്ചു വരുത്തിയതിന് രഞ്ജിത്ത് പറയുന്ന കാരണങ്ങള്‍ മതിയാവില്ല. റോളിനു വേണ്ടി കിടക്കറ പങ്കിടാന്‍ തയ്യാറല്ലാത്ത അവര്‍ വഴക്കിട്ടു തിരിച്ചു പോയി എന്നതാണ് വിശ്വസനീയമായ വിശദീകരണം.

‘വെള്ളമടിച്ച് പാതിരയ്ക്ക് വീട്ടില് വന്നുകയറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാതൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചുതല്ലികരയാനും എനിക്കൊരു പെണ്ണിനെ വേണം. എന്താ പോരുന്നോ?’ എന്ന മോഹന്‍ലാല്‍ കഥാപാത്രം പറയുന്ന ഡയലോഗ് കൊണ്ടുതന്നെ രഞ്ജിത്ത് എന്ന നെറികേടിനെ അളക്കാവുന്നതാണ്.

ഞാനിയാളെയൊക്കെ പണ്ടേ തുടച്ചു കളഞ്ഞതാണ് എന്ന് വിനായകനൊരിക്കല്‍ പറഞ്ഞിരുന്നു. മുത്തുച്ചിപ്പിയുടെ പോലും നിലവാരമില്ലാത്ത ലീലയെ മഹത്തായ സൃഷ്ടിയായി വാഴ്ത്തുകയാണിവിടെ. ഇയാള്‍ ഈ സമൂഹത്തില്‍ ചെയ്യുന്നത് മഹാദ്രോഹമാണ്. ‘സ്ത്രീയെ നഗ്നയാക്കി ആനയുടെ തുമ്പിക്കൈയില്‍ കിടത്തിയിട്ടു ഭോഗിക്കുക! അത്രയും മോശപ്പെട്ടവനല്ല വിനാകന്‍. എന്നിട്ട് ഇതിനെയൊക്കെ എഴുത്തുകാരന്‍ സാഹിത്യകാരന്‍ എന്നെല്ലാം വാഴ്ത്തുന്നു. ഇങ്ങനെയുള്ള ആള്‍ക്കാരെയെല്ലാം പൊളിച്ചു കളയണം. ഇവരാണ് സമൂഹത്തെ നശിപ്പിക്കുന്നത്,’ അന്ന് വിനായകന്‍ പറഞ്ഞിരുന്നു.

ജനിച്ചത് ഉയര്‍ന്ന ജാതിയിലാണെങ്കില്‍ എന്തു നെറികേടുമാവാം. രഞ്ജിത്ത് അതിനൊരു ഉദാഹരണം മാത്രം. പോക്‌സോ കേസില്‍ അകത്താകേണ്ടവരെ വരെ മഹത്തരമാക്കിക്കളയും. എന്നാല്‍, ജാതിയല്‍ താഴ്ന്നവരെങ്കില്‍ നല്ലതു ചെയ്താലും ജീവിക്കാനനുവദിക്കില്ല. രഞ്ജിത്തിനെപ്പോലുള്ളവര്‍ സമൂഹത്തിലെ പുഴുക്കുത്താണ്. അനേകമനേകം ജീവിതങ്ങള്‍ക്ക് നരക യാതനകള്‍ നല്‍കിയവര്‍. ഇയാളെ മനസിലാക്കാന്‍ ഇയാള്‍ ചെയ്ത ലീല പോലുള്ള സിനിമകള്‍ മാത്രം മതിയാകും.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *