പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ

കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്.

ജനാധിപത്യത്തില്‍, ഒരു ഭരണാധികാരിക്കും സര്‍വ്വാധികാരം ലഭിച്ചു കൂടാ എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ പറയുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകാലത്ത് കേരളം കൈവരിച്ചിരിക്കുന്നത് അനന്യസാധാരണമായ വികസനമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം ഇന്നേവരെയുള്ള കാലഘട്ടത്തില്‍, മറ്റെല്ലാ സര്‍ക്കാരുകളുടെ വിജയമുന്നേറ്റത്തെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കാഴ്ചവച്ചത്. അതിനാല്‍ത്തന്നെ, ചരിത്രം തങ്കലിപികളില്‍ എഴുതപ്പെടുന്ന പേരായിരിക്കും പിണറായി വിജയന്റെത്. അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാഠവവും ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.

യുണൈറ്റഡ് നേഷന്‍സും നീതി ആയോഗും 2019 ല്‍ തയ്യാറാക്കിയ സുസ്ഥിര വികസന സൂചിക പ്രകാരം വ്യാവസായിക രംഗത്ത് കേരളത്തിന്റെ സ്ഥാനം രണ്ടാമതാണ്. സി എം എസ് ഇന്ത്യ കറപ്ഷന്‍ സ്റ്റഡി 2017 പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തു നിന്നും അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. പരിസ്ഥിതി സൗഹൃദ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേരളമിപ്പോള്‍ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് എടുത്തു പറയേണ്ട ഏറ്റവും വലിയ നേട്ടം. ഓഖി, നിപ്പ, രണ്ടു വന്‍ പ്രളയങ്ങള്‍, കൊറോണ എന്നിവ തകര്‍ത്തെറിഞ്ഞതാണ് നമ്മുടെ നാടിനെ. പ്രളയം കേരളത്തിന്റെ കൊച്ചു റോഡുകളെപ്പോലും തകര്‍ത്തു കളഞ്ഞിരുന്നു. ജനജീവിതത്തെപ്പോലും അതു സാരമായി ബാധിച്ചു. മറ്റേതൊരു ഭരണാധികാരി ആയിരുന്നെങ്കിലും ഈ ദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു പോകുമായിരുന്നു. പിണറായി വിജയനെന്ന നേതാവിന്റെ ധാര്‍ഷ്ട്ര്യം തന്നെയാണ് ഈ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിനു സഹായകരമായത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മയും ആ ധാര്‍ഷ്ട്ര്യം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ അതിശക്തമായ രീതിയില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ ഈ ധാര്‍ഷ്ട്ര്യം മൂലമാണ്. ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ വര്‍ഗ്ഗീയതയോടു മൃദുസമീപനമാവാം എന്ന കോണ്‍ഗ്രസ് സിദ്ധാന്തത്തിലൂടെ നമ്മുടെ നാടിന്റെ ഐക്യവും മതേതരത്വവുമാണ്. അതു തകരാതിരിക്കാനും വര്‍ഗ്ഗീയതയെ ചെറുക്കാനും ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങള്‍ സ്മരിക്കപ്പെട്ടേ മതിയാകൂ.

ആരോഗ്യം

ആരോഗ്യരംഗത്തെ വന്‍ മുന്നേറ്റമാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. കേരളത്തില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗുണനിലവാരമുള്ള വൈദ്യസഹായം നല്‍കുന്നതിനായി, എല്ലാ കേന്ദ്ര-സംസ്ഥാന ആരോഗ്യ പരിരക്ഷാ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് സംസ്ഥാനം പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)യ്ക്ക് രൂപം നല്‍കി.

കോവിഡ് -19 ന്റെ വ്യാപനത്തെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ആതിഥേയത്വം വഹിക്കുന്നത് കേരളമാണ്. കര്‍ശനമായ ട്രെയ്സിംഗ് സംവിധാനവും പൊതുജന ബോധവല്‍ക്കരണ കാമ്പെയ്നുകളും നടപ്പിലാക്കുന്നതിനിടയില്‍, പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനായി ഇത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ആരോഗ്യമേഖലയില്‍ കേരളം നടത്തിയ മുന്നേറ്റം ആഗോളതലത്തില്‍പ്പോലും പ്രശംസിക്കപ്പെട്ടു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ദേശീയ ക്ഷയരോഗ റിപ്പോര്‍ട്ട് 2023 പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് ക്ഷയരോഗബാധിതരുള്ളത് കേരളമാണ്. ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഇടുക്കിയില്‍ നടപ്പാക്കിയ ‘നാലുമണി പൂക്കള്‍’ പദ്ധതി ലക്ഷ്യത്തിലേക്കുള്ള മികച്ച മാതൃകാ പദ്ധതിയായി വിലയിരുത്തപ്പെടുന്നു. രോഗത്തെ തുടച്ചുനീക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ തെളിവാണ് സംസ്ഥാനത്തിന്റെ റാങ്കിംഗ്.

‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന യുഎന്‍ സുസ്ഥിര വികസന ലക്ഷ്യം 3-ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി ആര്‍ദ്രം മിഷന്‍ നടപ്പിലാക്കി. ഇതിന് കീഴില്‍ സംസ്ഥാനത്തുടനീളം നിരവധി പ്രാഥമിക, കുടുംബ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

ആരോഗ്യമേഖലയില്‍ കേരളമിപ്പോള്‍ നില്‍ക്കുന്നത് വികസിത രാജ്യങ്ങളുടെ നിലവാരത്തിനൊപ്പമാണ്. യുഎന്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇത് മുന്‍പന്തിയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് പ്രാഥമികാരോഗ്യ സേവനങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തി, അതേസമയം ഇക്വിറ്റി, മേഖലകളിലുടനീളം ഏകോപനം, ജനങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് അടിത്തറയിട്ടു.

വിദ്യാഭ്യാസം

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി സമൂലമായ മാറ്റങ്ങളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ജനസംഖ്യയുടെ എല്ലാ മേഖലകളിലും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുന്നതിനായി നടപടികള്‍ കൈക്കൊണ്ടു. 30,000-ത്തിലധികം സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിവേഗ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (KFON). കേരളം ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ്.

സമഗ്രമായ പരിഷ്‌കരണ പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനവും പാഠ്യപദ്ധതിയും പെഡഗോഗിക്കല്‍ മാറ്റങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസത്തെ നവീകരിക്കുന്നതില്‍ പ്രധാന ശക്തിയാണ് ഹൈടെക് സ്‌കൂളുകള്‍. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2018 ജനുവരിയിലാണ് സംസ്ഥാനവ്യാപകമായി ഹൈടെക് ക്ലാസ് മുറികള്‍ ആരംഭിച്ചത്.

സംരംഭകത്വത്തിനും ഗവേഷണത്തിനും സര്‍വ്വകലാശാലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ചെലവ് കേരള സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. അതിനായി സംസ്ഥാനത്തെ നൈപുണ്യ വികസന പരിപാടികള്‍ക്കായി 350 കോടി രൂപ വകയിരുത്തി. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പാക്കിയത്. ഈയിടെ, കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരു സ്റ്റാര്‍ട്ടപ്പ് ആയ ഇന്റര്‍വെലിനെ പ്രശംസിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ നമ്പര്‍ 1 ഫിന്‍ലന്റാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിന്‍ലന്റില്‍ സ്റ്റാര്‍ട്ട്പ്പ് സംഗമത്തിനെത്തിയ മലപ്പുറം അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍വെലിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. 2024 മുതല്‍ ഫിന്‍ലന്റിനായി സ്‌കൂള്‍ കരിക്കുലം തയ്യാറാക്കുന്നതും ഇവരാണ്. കേരളത്തില്‍ ബിസിനസ് വളര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് ഇത്തരം അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കേരളം കൈവരിക്കുന്നത് എന്ന കാര്യം മറക്കരുത്.

സ്ത്രീ ശാക്തീകരണം

ലിംഗവ്യത്യാസം നികത്തുന്നതിനുള്ള സമഗ്രമായ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യം, തൊഴില്‍, രാഷ്ട്രീയം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളെ സമഗ്രമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ ആരംഭിച്ച കാതോര്‍ത്ത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അത്തരത്തിലുള്ള ഒരു പരിപാടിയാണ്. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ നല്‍കുകയും അവര്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ സമയവും പണവും ലാഭിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ അനിവാര്യമാണ് കേരളത്തില്‍ ഇടതു പക്ഷത്തിന്. ഇടതു പക്ഷം കേരളത്തില്‍ ഇല്ലാതായിപ്പോയാല്‍ ഈ സംസ്ഥാനം തന്നെ തകര്‍ന്നടിയും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്, അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നു പോരാടിയ ചരിത്രമാണ് ഓരോ ഇടതുപക്ഷ നേതാവിനുമുള്ളത്. അതിനാല്‍ത്തന്നെ, ഇടതുപക്ഷത്തിന്റെ ഒരു നേതാവെങ്കിലും ശേഷിച്ചാല്‍ അതൊരു പാര്‍ട്ടിയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള സര്‍ക്കാരുകളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെയും താരതമ്യ പഠനത്തിനു വിധേയമാക്കിയാല്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ബഹുദൂരം മുന്നിലാണ്. അക്കാരണം കൊണ്ടുതന്നെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നാമവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും എന്നെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#KeralaCM #PunarayiVijayan #Developments #Infrastructure #Covid-19 #Education #Womenempowerment 

Leave a Reply

Your email address will not be published. Required fields are marked *