Jess Varkey Thuruthel & D P Skariah
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ എന്ന വ്‌ളോഗര്‍ തന്റെ വീഡിയോയില്‍ പറയുന്ന ഒരു കാര്യമുണ്ട്. നല്ല സാധനം കിട്ടാന്‍ കോതമംഗലം വരെ യാത്ര ചെയ്യാന്‍ പറ്റുമോ എന്ന്. ഹൈറേഞ്ചിന്റെ കവാടമായ, മലയോര പ്രദേശമായ കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമോ….?? തമസോമ അന്വേഷിക്കുന്നു.
കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമായതിനു പിന്നില്‍…..
ചെയിന്‍ മാതൃകയിലാണ് കഞ്ചാവ് വിപണനം ചെയ്യപ്പെടുന്നത്. വന്‍കിട നിര്‍മ്മാതാക്കള്‍, പുഷേഴ്‌സ്, ക്യാരിയേഴ്‌സ്, പെഡലേഴ്‌സ്, പിന്നെ ഉപഭോക്താക്കള്‍. വന്‍തോതിലുള്ള ഉല്‍പ്പാദകരില്‍ നിന്നും ഏരിയ തിരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നവരാണ് പുഷേഴ്‌സ്. ഇവര്‍ 1000 കിലോയോ അതിനു മുകളിലോ കഞ്ചാവു വരെ കൈകാര്യം ചെയ്യുന്നു. ഒരുമിച്ചല്ല, ചെറിയ അളവിലാവും ഇവ എത്തിക്കുക. പുഷേഴ്‌സില്‍ നിന്നും ക്യാരിയേഴ്‌സിലേക്കെത്തും, ഇവര്‍ കൈകാര്യം ചെയ്യുന്നത് അമ്പതോ അതിനു മുകളിലോ കിലോ ആയിരിക്കും. ഇവരില്‍ നിന്നും പെഡലേഴ്‌സിലേക്കെത്തുന്നു. പെഡെലേഴ്‌സിന്റെ കൈയിലുണ്ടാവുക ഒന്നോ രണ്ടോ കിലോയാവും. അവിടെ നിന്നാണ് ഉപഭോക്താവിലേക്കെത്തുക. ഇവരുടെ കൈയില്‍ ഉള്ളതാകട്ടെ ഒരു കിലോയില്‍ താഴെ മാത്രവും. പക്ഷേ, യൂസേഴ്‌സിന്റെ എണ്ണം വളരെ വലുതാണ്. സാധാരണയായി പിടിക്കപ്പെടുന്നതും ഉപഭോക്താക്കളാണ്.
കേരളത്തിലേക്കു സാധനമെത്തുന്നതു ചെക്‌പോസ്റ്റിലൂടെയല്ല. തേനി, കോയമ്പത്തൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്കു കടക്കുന്നു. പിന്നീട് പല റൂട്ടുകളിലൂടെ ഇത് കോതമംഗലത്ത് എത്തുന്നു. കോതമംഗലത്തു നിന്നുമാണ് ഇത് പെരുമ്പാവൂര്‍, കൊച്ചി, തൃശൂര്‍, കോട്ടയം, ആലപ്പുഴ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
ഫോര്‍ട്ടു കൊച്ചിയിലെത്തുന്ന മയക്കു മരുന്നുകളുടെ പ്രധാന ഉപഭോക്താക്കള്‍ വിദേശികളാണ്. ആരാണ് ഇവിടുത്തെ പെഡലേഴ്‌സ് എന്ന് ഉപയോഗിക്കുന്നവര്‍ക്കു പോലും കൃത്യമായി അറിവുണ്ടാവില്ല. പക്ഷേ എവിടെ നിന്നും ഇതു കിട്ടുമെന്ന് ഇവര്‍ക്കു കൃത്യമായി പറയാനാവും. അതുകൊണ്ടാണ് കോതമംഗലം വരെ പോകാന്‍ പറ്റുമോ എന്ന് പെണ്‍കുട്ടിയോട് ഫ്രാന്‍സിസ് ചോദിച്ചത്. അതായത്, 10 കിലോയോ അതിനു മുകളിലോ കൈകാര്യം ചെയ്യുന്നവരെ അത്രയെളുപ്പം പിടികൂടാന്‍ കഴിയില്ല എന്നു സാരം.
ഒരു ഗ്രാം എം ഡി എം എയ്ക്ക് ലോക്കല്‍ മാര്‍ക്കറ്റിലെ വില 4,000 രൂപയാണ്. അപ്പോള്‍ ഒരു കിലോയുടെ വില 40 ലക്ഷം രൂപ! എം ഡി എം എയുടെ വിതരണ ശ്രൃംഗല വളരെ ചെറുതാണ്. കച്ചവടക്കാര്‍ ഓരോ സ്ഥലങ്ങളില്‍പ്പോയി എടുത്തു കൊണ്ടുവന്നിട്ടാണ് കച്ചവടം നടത്തുന്നത്. പക്ഷേ കഞ്ചാവിന്റെ വിപണന ശൃംഗല വളരെ വലുതാണ്.
കഞ്ചാവ് പച്ചക്കറിയാണെന്നും ആരോഗ്യകരമാണെന്നും വ്‌ളോഗര്‍ ഫ്രാന്‍സിസിനെപ്പോലുള്ളവര്‍ പറയുമ്പോള്‍ കഞ്ചാവിന് വന്‍തോതിലുള്ള സ്വീകാര്യതയാണ് കിട്ടുന്നത്. ഇത് വളരെ ശക്തവും തീവ്രവുമായൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയൊരു കേന്ദ്രം കൂടിയാണ് കോതമംഗലം. പുറം ലോകമറിയാതെ പല തരത്തിലുള്ള കൈമാറ്റങ്ങളും ഇവിടെ നടക്കുന്നുണ്ട്. പ്രണയം നിരസിച്ച ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്ന ഒരു സ്ഥലം കൂടിയാണിത്. ഇത്തരത്തില്‍ പലതരത്തിലുള്ള കാര്യങ്ങളിവിടെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഇവിടേക്ക് ആരൊക്കെ വരുന്നു, എങ്ങോട്ടു പോകുന്നു, എന്തെല്ലാം ഇടപാടുകളാണ് നടത്തുന്നത് എന്നതിനൊന്നും കൃത്യതയില്ല. കൈമാറ്റം ചെയ്യുന്ന സാധനങ്ങളോ ആളുകളെയോ എക്‌സൈസിനോ പോലീസിനോ കിട്ടണമെന്നുമില്ല. ഇതെല്ലാം നടക്കുന്നത് കോതമംഗലം ടൗണിലുമാകണമെന്നില്ല. ഗ്രാമങ്ങളും വനാന്തരങ്ങളും ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളും വിനോദ സഞ്ചാര മേഖലകളും ഏറെയുള്ള ബൃഹത്തായ ഒരു ഏരിയയാണ് കോതമംഗലം.
നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ എന്നിവ ഉള്‍പ്പടെ 14 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കോതമംഗലം. ഈ സ്ഥലങ്ങളില്‍ എവിടെ വച്ചാണിവ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് പറയാന്‍ പോലും കഴിയില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്നത് വില്‍പ്പനയാണ്, കൈമാറ്റം ചെയ്യപ്പെടുന്നത് കോതമംഗലത്തു വച്ചു തന്നെയാണ്.
ആന്ധ്ര, ഒറിസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. കേരളത്തില്‍ കൃഷി ചെയ്യുന്നവ തുലോം കുറവാണ്. ഇടുക്കി ഗോള്‍ഡാണ് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇനം. ഇതാകട്ടെ ചില പ്രത്യേക കാലാവസ്ഥയില്‍, കാലഘട്ടത്തില്‍ മാത്രം വളരുന്നവയാണ്. ജമൈക്കന്‍ കഞ്ചാവാണ് ഏറ്റവും പ്രശസ്തമായത്. രണ്ടാമത്തേതാണ് ഇടുക്കി ഗോള്‍ഡ്. ഇതെല്ലാം ഉപയോഗിക്കപ്പെടുന്നത് റേവ് പോലുള്ള പാര്‍ട്ടികളിലാണ്.
ബംഗ്ലാദേശ് ബോര്‍ഡറിലും മറ്റും കിട്ടുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി ഹാഷിഷ് ഓയില്‍ എന്ന പേരില്‍ പെരുമ്പാവൂരിലും മറ്റും വിറ്റഴിക്കുന്നുണ്ട്. അതിനാല്‍ വിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ മിക്കവരും കിളി പോയ അവസ്ഥയിലാണ് എത്തുന്നത്. സൈക്കോസിസിന്റെ ചില ലക്ഷണങ്ങള്‍ പോലും ഇവരില്‍ ചിലര്‍ കാണിക്കാറുണ്ട്. കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ മാത്രമല്ല, ഉപയോഗിക്കാത്തപ്പോഴും ഇതുതന്നെയാണ് അവസ്ഥ.
കുറഞ്ഞ നിലവാരമുള്ള കഞ്ചാവ് 10 ഗ്രാമിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത് 50 ഗ്രാമിന് 300 രൂപയ്ക്ക് വില്‍ക്കുന്നു. ഓരോരോ പ്രായത്തില്‍ ഓരോരോ ഇഷ്ടങ്ങളാണ് കുട്ടികള്‍ക്ക്. കളിപ്പാട്ടങ്ങളോടു ഭ്രമം തോന്നുന്ന കാലഘട്ടത്തിനു ശേഷം ഐസ് ക്രീമിനോടും ചോക്‌ളേറ്റുകളോടും ഇഷ്ടം തോന്നുന്ന ഒരു കാലയളവുണ്ട്. ഇതെല്ലാം കഴിഞ്ഞ് ടീനേജിലെത്തുമ്പോള്‍ ഇവരുടെ ഇഷ്ടങ്ങളും മാറുന്നു.
സി ബി-1, സി ബി-2 എന്നീ രണ്ടു റെസിറ്ററുകള്‍ തലച്ചോറില്‍ വളരെ ഊര്‍ജ്ജസ്വലമായി നില്‍ക്കുന്ന പ്രായമാണ് 16 നും 23 നും ഇടയിലുള്ള കാലഘട്ടം. പക്ഷേ, അഞ്ചോ ആറോ വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോഴേക്കും സി ബി-1 സി ബി-2 എന്നിവ ഡിആക്ടിവേറ്റ് ആകും. പിന്നെ, ഈ ലഹരിയും പോരാതെ വരും. അപ്പോള്‍ കൂടുതല്‍ ലഹരി കിട്ടുന്നതിലേക്കിവര്‍ മാറും. ഗുളികകളും ഓയിലുകളും ഉപയോഗിച്ചിട്ടും പ്രതീക്ഷിച്ച ലഹരി കിട്ടാതെ വരുമ്പോള്‍ ഇന്‍ജക്ഷനുകളിലേക്ക് എത്തുന്നു. ഈ ഘട്ടത്തിലേക്ക് എത്തിയാല്‍ പിന്നെ തിരിച്ചുവരവ് വളരെ പ്രയാസമാണ്.
രക്ഷപ്പെടാനുള്ള സാധ്യതകള്‍
വിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കുന്നത് ഉപയോഗിക്കുന്ന വസ്തുവിന്റെ അടിസ്ഥാനത്തിലാണ്. രക്ഷപ്പെടാന്‍ വളരെ എളുപ്പം മദ്യപാനാസക്തിയില്‍ നിന്നുമാണ്. പക്ഷേ, അപ്പോള്‍പ്പോലും വിജയ സാധ്യത വെറും 40 ശതമാനം മാത്രം….! ചികിത്സയുടെ ഏറ്റക്കുറച്ചിലനുസരിച്ച് നേരിയ വ്യത്യാസം വന്നേക്കാം. കഞ്ചാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതയാകട്ടെ വെറും 20-30 ശതമാനവും. അതായത് ചികിത്സ തേടുന്ന നൂറുപേരില്‍ 20-30 പേര്‍ രക്ഷപ്പെട്ടാലായി….!
സഹിക്കാനാവാത്ത വിധം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പലരും കഞ്ചാവ് ഉപയോഗിക്കുന്നതു നിറുത്താറുണ്ട്. സ്ഥിരം മദ്യപാനിയായ ഒരാള്‍ ഒരു ദിവസം കുടിക്കാതിരുന്നാല്‍ കടുത്ത പിന്‍മാറ്റ ലക്ഷണങ്ങള്‍ കാണിക്കും. പക്ഷേ, കഞ്ചാവാണെങ്കില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ തുലോം കുറവാണ്. പക്ഷേ, പ്രശ്‌നം അവിടെയല്ല. ഒരു മദ്യപാനിക്ക് കുടി നിറുത്തിയ ശേഷമുള്ള പിന്മാറ്റ പ്രശ്‌നങ്ങളില്‍ നിന്നും 6-7 ദിവസം കൊണ്ട് പൂര്‍ണ്ണമായും മോചനം നേടാനാവും. പക്ഷേ കഞ്ചാവടിക്കുന്നവരില്‍ ജീവിതാന്ത്യം വരെ അതിഭീകരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. കഞ്ചാവിന്റെ ഉപയോഗം നിറുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതില്‍ നിന്നും രക്ഷപ്പെടാനും കഴിയില്ല. കഞ്ചാവ് നിയമാനുസൃതമാക്കണമെന്ന് പലഭാഗത്തു നിന്നും മുറവിളികള്‍ ഉണ്ടെങ്കിലും ഇതിനു രാജ്യം തയ്യാറാകാത്തത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.
2008 മുതല്‍ 2014 വരെ 6 വര്‍ഷം തുടര്‍ച്ചയായി കഞ്ചാവടിച്ച ഒരാളുണ്ട് കോതമംഗലത്ത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇയാള്‍ പിന്നീട് ഇതുപേക്ഷിച്ചു. ഇയാള്‍ക്ക് പലതരത്തിലുള്ള വിഭ്രാന്തികള്‍ ഉണ്ടായിരുന്നു. കുതിരകള്‍ പറക്കുകയും കടിക്കുകയും ചെയ്യുന്നതായി കാണുന്നതായിരുന്നു ഇവയിലൊന്ന്. ഇതേത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഭയന്നോടിയ ഇയാള്‍ അയല്‍വീട്ടില്‍ ചെന്നുകയറി പ്രശ്‌നങ്ങളുണ്ടാക്കി. ഇതോടെയാണ് കഞ്ചാവ് ഉപയോഗം നിറുത്തിയത്. പക്ഷേ, 2022 ല്‍ ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ വീണ്ടുമെത്തി. കഞ്ചാവ് ഉപയോഗിച്ചിട്ടല്ല, വിഭ്രാന്തികളില്‍ നിന്നും മോചനം തേടിയാണ് അയാള്‍ വീണ്ടുമെത്തിയത്. അതായത്, ശരീരത്തില്‍ കഞ്ചാവിന്റെ അംശം മരണം വരെയും ഉണ്ടാകുമെന്നര്‍ത്ഥം. ചുരുക്കത്തില്‍, കഞ്ചാവ് അതുപയോഗിക്കുന്നവരെ മാനസികരോഗികളാക്കി മാറ്റുന്നു.
കഞ്ചാവ് ശരീരത്തിലുണ്ടാക്കുന്നത് രണ്ടു തരം പ്രശ്‌നങ്ങളാണ്. ഒന്നാമത്തേത്, എ-മോട്ടിവേഷണല്‍ സിന്‍ഡ്രോം (A-Motivational Syndrome). ഇത്തരക്കാര്‍ക്ക് അതിതീവ്രമായ മടിയും അലസതയും ആയിരിക്കും, കുളിക്കില്ല, അലക്കില്ല, പല്ലുതേക്കില്ല, എല്ലാത്തിനും മടി. ജോലി ചെയ്യാനോ ജീവിതത്തോടോ ഒന്നിനോടും ഒരു താല്‍പര്യവും ഉണ്ടായിരിക്കില്ല. രണ്ടാമത്തേത് ഹെംപ് ഇന്‍സാനിറ്റി (Hemp Insanity), അതായത് ആക്രമണ മനോഭാവം. എന്തുപറഞ്ഞാലും തര്‍ക്കുത്തരം, ദേഷ്യം, തല്ലുക, വഴക്കുണ്ടാക്കുക, തല്ലിപ്പൊളിക്കുക തുടങ്ങിയവ. അമിതാവേശമായിരിക്കും ഇത്തരക്കാരില്‍ ഉണ്ടാവുക. സന്തോഷമോ, ദേഷ്യമോ, സങ്കടമോ എന്തു വികാരമായാലും അതിന്റെ പാരമ്യത്തിലാവും ഇവര്‍ പ്രകടിപ്പിക്കുക.
കുടുംബത്തില്‍ പ്രശ്‌നങ്ങളുള്ളവരും മാനസിക വൈകല്യങ്ങളുള്ളവരും ലഹരിയിലേക്ക് അതിവേഗം എത്തിപ്പെട്ടേക്കാം. ഇതുപയോഗിച്ചാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി ഉപയോഗിക്കുന്നവരാണിവര്‍.
പക്ഷേ, വലിയൊരു വിഭാഗം കുട്ടികളും യുവാക്കളും ഇതിലേക്കെത്തിപ്പെടാനുള്ള കാരണം കൂട്ടുകാരാണ്. ഇടുക്കി ഗോള്‍ഡ് സിനിമ ഇറങ്ങിയപ്പോള്‍ ഇതിന്റെ പിന്നാലെ പോയവര്‍ നിരവധിയാണ്. വലിയ സംഭവം പോലെയാണ് ഇവരിത് കൂട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. വെജിറ്റബിളാണ്, നല്ലതാണ് എന്ന് വീഡിയോയില്‍ ഫ്രാന്‍സിസ് പറയുമ്പോള്‍ എന്നാലതൊന്നുപയോഗിച്ചേക്കാമെന്ന ചിന്ത ചിലരിലെങ്കിലുമുണ്ടാകുന്നു. ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന സുഖവും വളരെ വലുതാണ്. വലിയ സ്‌റ്റൈലില്‍ ഇതുപയോഗിച്ചു കാണിക്കുമ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ നായക പരിവേഷവും കിട്ടും.
‘മച്ചാനേ, നീ യൂസ് ചെയ്‌തോ…. പൊളിച്ചു, അങ്ങനെ വേണം, ഇതു ഗുഡാണ്’ എന്നു പറയുമ്പോള്‍ കഞ്ചാവിനു കിട്ടുന്ന മാര്‍ക്കറ്റും സ്വീകാര്യതയും വളരെ വലുതാണ്. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കാന്‍ വേണ്ടി, തങ്ങളുടെ കരുത്തു തെളിയിക്കാന്‍ വേണ്ടി, തങ്ങളും അത്ര മോശമല്ലെന്നു കാണിക്കാന്‍ വേണ്ടി….. ഇങ്ങനെയൊക്കെയാണ് ഈ കെണിയിലേക്ക് ഓരോരുത്തരും ചെന്നു ചാടുന്നത്.
ഓമനപ്പേരുകള്‍ക്കു പിന്നില്‍….
ഈ ഡ്രഗുകളൊന്നും, എന്തിന് മദ്യം പോലും, അതിന്റെ യഥാര്‍ത്ഥപേരിലല്ല അറിയപ്പെടുന്നത്. മദ്യം വിഷമാണ് എന്ന പദം നമ്മുടെ മനസില്‍ പതിഞ്ഞുപോയി. അപ്പോള്‍, അതുപയോഗിക്കുമ്പോള്‍ ഒരു മടുപ്പുണ്ടാവില്ലേ..?? ഇതൊരു സൈക്കോളജിയാണ്. അതുകൊണ്ട് മദ്യത്തെ ഒന്നു സ്‌റ്റൈലാക്കി. ചെറുത്, സ്മാള്‍ എന്നു പറഞ്ഞാല്‍ മദ്യം വിശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അതുപോലെ തന്നെയാണ് കഞ്ചാവിന്റെ പേരുകളും. മരുന്ന്, സ്റ്റഫ്, ഓയില്‍, ജോയിന്റ്, ഓല, പീപ്പി, ഉണ്ട എന്നെല്ലാം പറയുമ്പോള്‍ വിഷത്തിന് നായക പരിവേഷം ലഭിക്കുകയായി. കുത്തിവയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചിനും സൂചിക്കുമെല്ലാം ഇവര്‍ പറയുന്നത് ടൂള്‍സ്, നെട്ട് ബോള്‍ട്ട് എന്നെല്ലാമാണ്. സിഗററ്റു വലിക്കുന്നവര്‍ ചോദിക്കുന്നത് പുകയുണ്ടോ എന്നാണ്. ഒന്നിന്റെയും ശരിക്കുള്ള പേര് ഉപയോഗിക്കാതെ, മനസിലേക്ക് ഇതുപയോഗിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വന്‍ തോതിലുള്ള മാര്‍ക്കറ്റിംഗ് സംവിധാനമാണ് ഇതിലൂടെ സാധ്യമാകുന്നത്.
ശിക്ഷകള്‍
പിടിക്കപ്പെടുന്നവരില്‍ നിന്നും ഒരുകിലോയോ അതില്‍ കൂടുതലോ ലഭിച്ചാല്‍ മാത്രമേ ജാമ്യം നിഷേധിക്കാന്‍ പറ്റുകയുള്ളു. ഇത്തരത്തില്‍ പിടികൂടിയാല്‍ത്തന്നെ, നിരവധി കടമ്പകള്‍ കടന്നാലാണ് ഒരാളെ ശിക്ഷിക്കാന്‍ കഴിയുന്നത്. കേസുമായി ശക്തമായി മുന്നോട്ടു പോകുമ്പോഴാവും മുകളില്‍ നിന്നും വിളി വരുന്നത്. ഉദ്യോഗസ്ഥരുടെ നിസ്സഹായതയാണിത്.
വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴാണ് മദ്യപാനം നിറുത്തിക്കാനുള്ള തീരുമാനത്തിലേക്ക് വീട്ടുകാര്‍ എത്തുന്നത്. ചെറിയ രീതിയിലുള്ള നഷ്ടങ്ങളാണെങ്കില്‍ ആരുമതു ഗൗരവത്തിലെടുക്കില്ല. കഞ്ചാവ് പക്ഷേ അങ്ങനെയല്ല, വീട്ടുകാര്‍ക്ക് ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് കുടുംബാന്തരീക്ഷം മാറുന്നു. പോലീസോ എക്‌സൈസോ നിര്‍ബന്ധപൂര്‍വ്വം ഇത്തരം കേന്ദ്രങ്ങളിലേക്കു കൊണ്ടു വരുന്നവരുമുണ്ട്. ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടോ എന്നു കണ്ടെത്താനുപയോഗിക്കുന്ന മെഷീന്‍ പോലെ ലഹരി വസ്തുവിന്റെ ഉപയോഗം കണ്ടെത്താനുള്ള ഉപകരണവുമുണ്ട്. ഒരു വ്യക്തി ലഹരി ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ കണ്ടെത്താനാവും.
രഹസ്യാന്വേഷണവിഭാഗം ഇതേക്കുറിച്ച് അറിയാതെ പോകുന്നതെന്ത്…??
മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാം. പക്ഷേ, വന്‍തോതില്‍ ലഹരിക്കച്ചവടം നടക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊന്നുമറിയില്ല…! ഗുജറാത്തില്‍, അദാനിയുടെ പോര്‍ട്ടില്‍ നിന്നും ഒന്നര ലക്ഷത്തോളം കിലോ ഹെറോയിന്‍ പിടിച്ചിരുന്നു. തീരദേശങ്ങളില്‍ കപ്പല്‍മാര്‍ഗ്ഗം വരുന്നതാണിത്. ആരുമിത് അറിഞ്ഞ ലക്ഷണം പോലുമില്ല. ഇതൊന്നും ചെറിയ കളികളല്ല, വന്‍തോതിലുള്ള ഫണ്ടിംഗ് ഇതിനു പിന്നിലുള്ളതിനാല്‍ ആരെയും തൊടാന്‍ പോലും കഴിയുകയുമില്ല. വളം വയ്‌ക്കേണ്ടത് കതിരിലല്ല, കടയ്ക്കല്‍ തന്നെ, പക്ഷേ, അത് എന്തുകൊണ്ടു നടക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
മൂന്നു തരം കഞ്ചാവിന്റെ വില്‍പ്പനയാണ് ഇവിടെയുള്ളത്. 12, 16, 20 എന്നിങ്ങനെ. അതായത് ഒരു കിലോയ്ക്ക് 12,000, 16,000, 20,000 രൂപ എന്നിങ്ങനെ. ലൂസായി വില്‍ക്കുമ്പോള്‍ പത്തു ഗ്രാമിന് 500 രൂപയാണ്. കിലോയ്ക്ക് 12,000 രൂപയ്ക്കു വാങ്ങിയ കഞ്ചാവ് ചില്ലറയായി വിറ്റുപോകുമ്പോള്‍ കിട്ടുന്നത് 50,000 രൂപയാണ്. അതായത്, ലാഭം 38,000 രൂപ…! നാടു നശിച്ചു പോകുന്നതു കൊണ്ട് എന്റെ ലാഭം വേണ്ടെന്ന് ആരെങ്കിലും തീരുമാനിക്കുമോ…?? അതിഭയങ്കരമായ ലാഭം ഉള്ളതു കൊണ്ടുകൂടിയാണ് ഇതിന്റെ കച്ചവടം കൂടുന്നത്. 21 കിലോ കഞ്ചാവ് ഉണ്ടെങ്കില്‍ മാത്രമേ ഒരു ലിറ്റര്‍ ഹാഷിഷ് ഓയില്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. അതായത്, കിലോയ്ക്ക് 12,000 രൂപ വിലയുള്ള കഞ്ചാവ് ആണെങ്കില്‍ 2,52,000 രൂപയുടെ കഞ്ചാവ് വേണം ഒരു ലിറ്റര്‍ ഹാഷിഷ് ഓയില്‍ ഉണ്ടാക്കാന്‍. അതുണ്ടാക്കാനുള്ള ചെലവുകള്‍ വേറെ. ഇത്രയും രൂപയ്ക്ക് ഉണ്ടാക്കിയിട്ട് അതു വിറ്റഴിക്കാന്‍ മാര്‍ക്കറ്റു വേണ്ടേ…?? ഉപഭോക്താക്കളെ കൂട്ടുന്ന പരിപാടിയാണ് ഫ്രാന്‍സിസും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ 140 മണ്ഡലങ്ങളാണുള്ളത്. ലഹരി കിട്ടാത്ത ഏതെങ്കിലും നിയോജക മണ്ഡലം ഈ കേരളക്കരയിലുണ്ടോ…?? ഏതെങ്കിലുമൊരു രാഷ്ട്രീയ നേതൃത്വത്തിനു പറയാന്‍ കഴിയുമോ തങ്ങളുടെ മണ്ഡലം കഞ്ചാവ് വിമുക്തമാണെന്ന്…??
ലേഖനത്തിന് ഉറവിടം:
എക്‌സൈസ് ഓഫീസ്, കോതമംഗലം
ഡി അഡിക്ഷന്‍ സെന്റര്‍, മൂവാറ്റുപുഴ