മാണികകളിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവര്‍

Jess Varkey Thuruthel

മണിമാണികയുടെ സുരക്ഷിതത്വത്തിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുകയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലെമ്പാടും (The real hazards). ഇവരോടൊരു ചോദ്യം. ഒരു ചെറിയ കുടുംബത്തിനു താമസിക്കാന്‍ ആവശ്യമുള്ളതിലും അനേകവലിപ്പമുള്ള വീടാണോ നിങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്? നിങ്ങളുടെ വീടിന്റെ അടിത്തറയുണ്ടാക്കിയിരിക്കുന്നത് കരിങ്കല്ലുകൊണ്ടാണോ? നിങ്ങളുടെ വീടു വാര്‍ക്കാന്‍ മെറ്റല്‍ ഉപയോഗിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ പരിസ്ഥിതിക്കു വേണ്ടി വാദിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം? ഏതെങ്കിലുമൊരു പാറമടയില്‍ നിന്നും പൊട്ടിച്ചെടുത്ത കരിങ്കല്ലുകളാണ് നിങ്ങളുടെ വീടിന്റെയും ആധാരം.

മൂന്നോ നാലോ പേര്‍ അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു താമസിക്കാന്‍ 1000 സ്‌ക്വയര്‍ഫീറ്റില്‍ താഴെ വലിപ്പമുള്ള വീടു മാത്രമേ ആവശ്യമുള്ളു. പക്ഷേ, ആഡംബരത്തിന്റെ അവസാനവാക്കാവണം തന്റെ മണിമന്ദിരമെന്നു വാശിപിടിക്കുന്നവര്‍ കൊച്ചുവീട് എന്ന സങ്കല്‍പ്പത്തെപ്പോലും കാറ്റില്‍പ്പറത്തി വലിയ വീടുകള്‍ പണിതിടുന്നു. എന്നുമാത്രമല്ല, ചുറ്റുമതിലുകള്‍ പണിത് കൂടുതല്‍ സുരക്ഷിതമാക്കുന്നു. മുറ്റത്തെ ചെളിയില്‍ ചവിട്ടി അഴുക്കാകാതിരിക്കാനുള്ള സംവിധാനങ്ങളൊരുക്കുന്നു. ഇതിനെല്ലാം ശേഷം അവര്‍ അലറിവിളിക്കുകയാണ്, കേള്‍ക്കൂ, പ്രകൃതിയെ നശിപ്പിച്ചിട്ടാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത് എന്ന്!

പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കണമെന്നും അതിനപ്പുറത്തേക്കുള്ള ആര്‍ത്തി പാടില്ലെന്നും പറഞ്ഞാല്‍ ഇവര്‍ക്ക് അതിനും ന്യായീകരണങ്ങളുണ്ട്. ‘നോക്കൂ, ഞങ്ങള്‍ വലിയ വീടുകള്‍ നിര്‍മ്മിച്ചതിലൂടെ ആ വീടുപണിയിലേര്‍പ്പെട്ട എത്രയോ പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്, എത്രപേരുടെ അടുപ്പാണ് പുകഞ്ഞത്, എത്രയോ പേരാണ് അതുകൊണ്ട് ജീവിച്ചത്’ എന്നെല്ലാമാണ് ആ ന്യായീകരണങ്ങള്‍.

ഈ വിഷയത്തില്‍ മൃണാള്‍ ചെറുവൂര്‍ (Mrinal Cheruvoor) എഴുതിയ ലേഖനം കൂടി ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന GHG (ഗ്രീന്‍ ഹൗസ് ഗ്യാസ് ) പുറത്തുവിടാനുതകുന്ന എല്ലാ പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. എന്നുമാത്രമല്ല, അത്തരം പ്രവര്‍ത്തികളില്‍ നിന്നും ഉത്പന്നമാകുന്ന വസ്തുക്കള്‍ ഒന്നും ഉപയോഗിക്കില്ല എന്നും പ്രതിജ്ഞ ചെയ്യണം. പ്രകൃതി ചൂഷണത്തിന്റെ എല്ലാ നേട്ടങ്ങളും പരമാവധി ഉപയോഗിച്ച്, മണിമാളികകള്‍ നിര്‍മിച്ചു, ആഡംബര ജീവിതത്തിന്റെ പാരമ്യതയില്‍ നിന്നുകൊണ്ടാണ് അത്താഴപ്പട്ടിണിക്കാരനോട് ഈ കാപട്യക്കാര്‍ പ്രകൃതി സംരക്ഷണത്തിന്റ മഹത്വം വിളമ്പുന്നത്. ഒട്ടും ഉളിപ്പില്ലാത്ത ഈ കപട പരിസ്ഥിതി സ്‌നേഹക്കാര്‍ ഈ പ്രഹസനം നിര്‍ത്തുന്നതാണ് അഭികാമ്യം.

കേരളത്തില്‍ മഴയുടെ തീവ്രത സമീപകാലത്ത് കൂടി വരികയാണ്. കേരളത്തില്‍ ഉണ്ടാകുന്ന തീവ്ര മഴകളുടെ വര്‍ദ്ധനവ്, കഴിഞ്ഞ പത്തു വര്‍ഷത്തില്‍, മൂന്നു മടങ്ങാണ്! 2015 – 2017 വര്‍ഷങ്ങളെ അപേക്ഷിച്ചു 3 മടങ്ങ് വര്‍ധനയാണ് 2021 ആകുമ്പോഴേക്കും ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ഒരു പ്രദേശത്ത് 115 മുതല്‍ 205 mm വരെ മഴ ലഭിക്കുന്ന സംഭവങ്ങളെ ആണ് തീവ്ര മഴകള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അതി തീവ്ര മഴകളുടെ എണ്ണത്തിലും സമാനമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഒരു പ്രദേശത്ത് 205 mm ല്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതി തീവ്ര മഴ. 2015 ലും 2016 ലും 2017 ലും ഇത് വര്‍ഷം ഒന്ന് മാത്രം ആയിരുന്നത് 2020 ലും 2021 ലും 8 ഉം 11 ഉം ആയി ഉയര്‍ന്നു! മഹാപ്രളയം ഉണ്ടായ 2018 ലും 2019 ലും ഇത് 32 ഉം 33 ഉം ആയിരുന്നു. ആകെ മഴയും കൂടുകയാണ്. കനത്ത മഴ (ദിവസം ഒരു പ്രദേശത്ത് 64 മുതല്‍ 115 mm വരെ മഴ ലഭിക്കുന്നത്) ഉണ്ടാകുന്നതും ഈ കാലയളവില്‍ ഇരട്ടിച്ചിരിക്കുകയാണ്!

കേരളത്തിലെ കാലാവസ്ഥ മാറുകയാണ്. കാലവര്‍ഷ സമയത്ത് കേരളത്തിലേക്ക് ശക്തമായ മഴ എത്തിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടി വരികയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം താപനില ഉയരുന്നതാണ്. കേരളത്തിലാകെ ഉയര്‍ന്ന ചൂട് വേനല്‍ മാസങ്ങളില്‍ കൂടി വരികയാണ്. കേരളത്തില്‍ ഏതു സ്ഥലത്തെയും ഏപ്രില്‍ – മെയ് മാസങ്ങളിലെ താപനില നോക്കിയാല്‍ ക്രമമായ വര്‍ദ്ധനവ് കാണാന്‍ കഴിയും. ഇത് കൂടുതല്‍ നീരാവി അന്തരീക്ഷത്തിലേക്ക് എത്തിക്കുകയും കാലവര്‍ഷത്തിന്റെ സ്വഭാവവും തീവ്രതയും തന്നെ മാറ്റുകയും ചെയ്യുന്നു. സഹ്യപര്‍വത നിരകള്‍ ഉള്ളതിനാല്‍ ഈ ഉയര്‍ന്ന നീരാവി സാന്നിധ്യം കേരളത്തില്‍ പ്രത്യേകിച്ചും തീവ്രമായ മഴകള്‍ക്ക് ഇടവരുത്തുന്നു.

പനി വന്നാല്‍ ഓതാന്‍ കൊണ്ട് പോകുമായിരുന്ന പഴയ കാലത്തെ പോലെ അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പോകുകയല്ല നമ്മള്‍ ചെയ്യേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, പരിസ്ഥിതി സംരക്ഷണം എന്നൊക്കെ ‘ഓതലുകളില്‍’ പരിഹാരം ഒതുക്കാന്‍ ശ്രമിക്കരുത്. അങ്ങിനെ അന്ധമായി കല്പിത പരിഹാരങ്ങള്‍ക്ക് പിറകെ ഇരുട്ടില്‍ അലയരുത്. കേരളത്തില്‍ ഇനിയുള്ള വര്‍ഷങ്ങളിലും കാലവര്‍ഷ തീവ്രതയും കാലവര്‍ഷ കെടുതികളും കൂടാനുള്ള സാധ്യത ഉണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകത്താകെ തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് കൂടി വരികയാണ്. ആ യാഥാര്‍ഥ്യത്തിന് പരിഹാരങ്ങള്‍ തേടുകയേ സാദ്ധ്യമുള്ളൂ.

കൂടുതല്‍ ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ നമ്മള്‍ ശ്രമിക്കണം. പ്രദേശങ്ങള്‍ തിരിച്ചു പഠനം നടത്തണം. മണ്ണിന്റെ ഘടനയും, മലയുടെ ചെരിവും, പാറക്കൂട്ടങ്ങളുടെ സാന്നിധ്യവും അളവും എല്ലാം കണക്കിലെടുക്കണം. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളില്‍ പ്രദേശം അനുസരിച്ചു മുന്നറിയിപ്പിനുള്ള സൗകര്യം നിര്‍മ്മിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കേരളത്തില്‍ ഈ തരത്തില്‍ പഠനങ്ങള്‍ നടത്താനോ മുന്നറിയിപ്പ് നല്കുവാനോ സാധിക്കുമോ എന്നറിയില്ല. ഇതുവരെയും അവരുടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പരാജയവുമായിരുന്നു. അവര്‍ക്ക് കഴിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ട് ചെയ്യണം. അത് പോലെ ഈ മുന്നറിയിപ്പുകള്‍ അനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുമുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അലേര്‍ട്ടുകള്‍ മാത്രം ആശ്രയിച്ചാകരുത്. നിലവില്‍ പെയ്ത മഴയും, മഴ പ്രവചനവും, പ്രദേശത്തിന്റെ രീതിയും കണക്കിലെടുത്തുള്ള സമഗ്രവും ശാസ്ത്രീയവുമായ മുന്നറിയിപ്പ് – പ്രതികരണ സംവിധാനം നമ്മള്‍ നിര്‍മ്മിച്ചെടുക്കണം.

ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് സാധിക്കുന്നത് ആയിരിക്കിലാകും. പക്ഷെ നമുക്കിനിയങ്ങോട്ട് ഇങ്ങനെയൊന്ന് അത്യാവശ്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യാദ്ധ്വാനവും ആണ് പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ നമുക്കുള്ളത്!

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *