ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരിക്കും കേരളത്തിലേത്

Written by: Jess Varkey Thuruthel & D P Skariah 

ബലമുള്ളവന്‍ ബലഹീനനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി ഇല്ലാതാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുമായി ജീവന്‍ ബലിയായി നല്‍കാനും തയ്യാറായി ഉയിര്‍കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് 1957 ല്‍ കേരളത്തിലായിരുന്നു. ലോകത്തില്‍ പലയിടത്തും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരുന്നുവെങ്കിലും ഏഷ്യയില്‍ ഇത് ആദ്യത്തേതായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സാരഥ്യത്തില്‍ സി പി ഐ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു അന്നു നിലവില്‍ വന്നത്.

കേരളത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു കഴിഞ്ഞു. ജന്മികളും ഭൂവുടമകളും അന്യായമായി നടത്തിയിരുന്ന കുടിയൊഴിപ്പിക്കലിനെ നിരോധിച്ചുകൊണ്ടുള്ള അടിയന്തരാധികാരനിയമം കൊണ്ടുവന്നത് ഇ എം എസ് മന്ത്രിസഭയായിരുന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ന്യായമായ വേതനവും, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സേവന വ്യവസ്ഥകളും അടങ്ങിയ വിദ്യാഭ്യാസബില്ലും ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്നു. കാര്‍ഷികബന്ധബില്ല് നിയമസഭയില്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തെങ്കിലും കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിന്റെ ഫലമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ 356-ആം വകുപ്പുയോഗിച്ച് പുറത്താക്കി.


ആദ്യ ഇ എം എസ് മന്ത്രിസഭയുടെ കാലം കഴിഞ്ഞ്, ഇന്നിപ്പോള്‍ കേരളമിന്ന് 2022 ല്‍ എത്തി നില്‍ക്കുന്നു. കേരള ചരിത്രത്തിലാദ്യമായി ജനങ്ങള്‍ ഇടതുപക്ഷത്തിന് രണ്ടാമതും അവസരം നല്‍കി അധികാരത്തിലുമേറ്റി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത് 1964 ലാണ്. അതിനു ശേഷമിന്നോളം പാര്‍ട്ടി കണ്ടിട്ടില്ലാത്ത തരം പ്രതിസന്ധികളാണ് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. ബലഹീനര്‍ക്കു വേണ്ടി രൂപം കൊണ്ട പാര്‍ട്ടി തന്നെ ചൂഷകരായി മാറി പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന കാഴ്ച കണ്ടു മനസ് മടുത്തിരിക്കുകയാണിന്ന് കേരള ജനത. പാര്‍ട്ടിക്ക് ആകെക്കൂടിയുണ്ടായിരുന്ന ഭരണം ത്രിപുരയിലും വെസ്റ്റ് ബംഗാളിലും കേരളത്തിലുമായിരുന്നു. ഇവയില്‍ കേരളത്തിലൊഴിച്ച് ബാക്കി രണ്ടു സംസ്ഥാനങ്ങളും പാര്‍ട്ടിയുടെ കൈവിട്ടു പോയി. കേരളത്തില്‍ പാര്‍ട്ടി തന്നെ നാമാവശേഷമാക്കാനുള്ള അതികഠിന പരിശ്രമത്തിലാണ് പാര്‍ട്ടി നേതാക്കള്‍ ഓരോരുത്തരും. അതിനാല്‍, കേരളത്തില്‍ പാര്‍ട്ടി കുറ്റിയറ്റു പോകാനിനി അധിക നാള്‍ വേണ്ടി വരില്ല.

പണക്കാരുടെ മൂടുതാങ്ങുന്ന ഭരണകൂടം

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി രൂപം കൊണ്ട പാര്‍ട്ടി പണക്കാരുടെ മൂടുതാങ്ങികളാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിഭീകരമാംവിധം വര്‍ദ്ധിച്ചിരിക്കുന്നു. ലോക അസമത്വ റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ഇന്ത്യയിലെ 57 ശതമാനം സമ്പത്തും കുമിഞ്ഞുകൂടിയിരിക്കുന്നത് 10 ശതമാനം ജനങ്ങളിലാണ്. ഏറ്റവും താഴെക്കിടയിലുള്ള 50% ജനങ്ങളുടെ കൈകളിലും രാജ്യത്തെ സമ്പത്തിന്റെ വെറും 13% മാത്രമാണുള്ളത് എന്നറിയുമ്പോള്‍ത്തന്നെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം എത്രയോ വലുതാണെന്ന് ഊഹിക്കാനാവും.

കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട്, സാധാരണ ജനം പട്ടിണിയിലേക്കു കൂപ്പുകുത്തിയപ്പോള്‍പ്പോലും ഇവിടെയുള്ള ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. കോവിഡ് രാജ്യത്തെ പിടിച്ചു കുലുക്കിയ മാര്‍ച്ച് 2020 – നവംബര്‍ 30, 2021 കാലഘട്ടത്തില്‍ കോടീശ്വരന്മാര്‍ അവരുടെ സമ്പാദ്യം 23.14 ലക്ഷം കോടിയില്‍ നിന്നും 53.16 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തുകയുണ്ടായി. അതേസമയം ഇന്ത്യയിലെ 4.6 കോടി ജനങ്ങള്‍ മഹാമാരിയില്‍ ജീവനോപാധിയും കൂലിയും നഷ്ടപ്പെട്ട് പരമദരിദ്രമായ അവസ്ഥയിലേക്കു കൂപ്പുകുത്തി.

ലേബര്‍ ബ്യൂറോയുടെ കണക്കു പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ തൊഴിലില്ലായ്മ 7.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2013-14 കാലഘട്ടത്തില്‍ ഇത് 4.9 ശതമാനമായിരുന്നു.

കോവിഡ് മൂലം ഒരുവര്‍ഷത്തിലേറെക്കാലം അടച്ചിട്ടിരുന്ന വിപണി തുറന്നപ്പോള്‍ ദേശീയ സംസ്ഥാന പണിമുടക്കുകള്‍ നടത്തിയും ട്രേയ്ഡ് യൂണിയനുകള്‍ ആഘോഷമാക്കി.

സര്‍ക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്നു നശിപ്പിക്കുന്ന കേരളം

കേരളമിപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ്. കട്ടുമുടിക്കാന്‍ ശരിക്കറിയുന്നവരുടെ കൈകളില്‍ കാലാകാലങ്ങളായി ഭരണം ഏല്‍പ്പിക്കപ്പെട്ടതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ തന്നെ വിഭവ സമാഹരണത്തിലുള്ള വന്‍ പാളിച്ചകളും മന്ത്രിമാരുടെ ധൂര്‍ത്തും യാതൊരു തത്വദീക്ഷയുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതും അവര്‍ക്കു മാത്രമായി വളരെ മെച്ചപ്പെട്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതുമെല്ലാം കേരളത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.

കടം വാങ്ങി ചെലവു നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് മന്ത്രിമാരുടെ ധൂര്‍ത്തും ജീവനക്കാരുടെ ശമ്പളത്തിലെ അനിയന്ത്രിത വര്‍ദ്ധനവും. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 34 ശതമാനമായി വര്‍ദ്ധിച്ചു. 1999-2000 ത്തിനു ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്. എന്നാല്‍, ഇടതു പക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഈ കടങ്ങളിലേക്കു നയിച്ച കാരണങ്ങളുടെ അവലോകനമോ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളോ യാതൊന്നും തന്നെയില്ല. പകരം, വീണ്ടും വീണ്ടും കടം വാങ്ങി ചെലവു ചെയ്യുകയാണ് ചെയ്യുന്നത്.

കേരളത്തിന്റെ കടം ഇത്രമേല്‍ രൂക്ഷമാകാന്‍ കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനമാണ്. ഫെബ്രുവരി 2021 നടത്തിയ ഈ വര്‍ദ്ധനവ് ജൂലൈ 1, 2014 മുതല്‍ പ്രാബല്യത്തിലാണ് നല്‍കിയിട്ടുള്ളത്. ഈ തുകയത്രയും കൊടുത്തു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 12,000 കോടി രൂപയാണ്. ഇതില്‍ വലിയൊരു ശതമാനം ഇപ്പോഴും കൊടുത്തു തീര്‍ക്കാനുണ്ട്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാരിന് യാതൊരു രൂപവുമില്ല. ബജറ്റില്‍ ഇക്കാര്യങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടില്ല. കിഫ്ബിയില്‍ നിന്നും കടമെടുത്തു സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം അത്യാഡംബര പൂര്‍ണ്ണമാക്കുന്നതിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാര്‍ ജീവനക്കാരും പണക്കാരുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം ചത്തൊടുങ്ങട്ടെയെന്നോ….??

സര്‍ക്കാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം റോക്കറ്റുപോലെ ഉയര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധ ഊന്നിയിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്‍ക്കാരിന്റെ നടപടികള്‍ കാണുമ്പോള്‍ ഇവിടെയുള്ള സാധാരണ ജനത്തിന് ഒരു സംശയം. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന പട്ടിണിപ്പാവങ്ങള്‍ ചത്തൊടുങ്ങട്ടെയെന്ന പ്രതിജ്ഞ വല്ലതുമാണോ പിണറായിയും പരിവാരങ്ങളും എടുത്തിരിക്കുന്നത്…??

സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് പ്രകൃതി ദുരന്തങ്ങളും കോവിഡും. ഇവിടെ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും ജോലിയോ കൂലിയോ ഇല്ല. സംസ്ഥാനത്തെ 37.8% പേര്‍ സ്വയം തൊഴില്‍ ചെയ്തായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. 29.3% പേര്‍ക്കാകട്ടെ സ്ഥിര ജോലിയുമില്ല. കോവിഡിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏകദേശം 14.71 ലക്ഷം പേര്‍ മടങ്ങിവന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവിതമിനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ പകച്ചു നില്‍ക്കുന്ന കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്കു മുന്നിലൂടെയാണ് ഇന്നോവ ക്രിസ്റ്റയില്‍ ഇരുന്നു മടുത്തു എന്ന കാരണത്താല്‍ 33 ലക്ഷം രൂപയ്ക്ക് ബുള്ളറ്റ് പ്രൂഫ് കിയ കാര്‍ണിവല്‍ വാങ്ങി ഗമയില്‍ യാത്ര നടത്തുന്നത്. പശുത്തൊഴുത്തിന്റെ നവീകരണത്തിനായി വേറൊരു 44 ലക്ഷം രൂപയും. എക്സ്‌കോര്‍ട്ടിനായി രണ്ട് ഇന്നോവ കാറുകള്‍, മറ്റു പൈലറ്റ് വാഹനങ്ങള്‍. മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പിടിച്ചു വച്ചു സഹിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത തൊഴിലിടങ്ങളില്‍, കാലു നൊന്തു വേദനിച്ചാല്‍ ഒന്നിരിക്കാന്‍ പോലും അനുവദിക്കാത്ത കമ്പനികളില്‍, തുച്ഛമായ വരുമാനത്തില്‍ ജോലിയെടുക്കുന്ന കേരളത്തിലെ 50 ശതമാനം വരുന്ന അര്‍ദ്ധ പട്ടിണിക്കാരുടെയും മുഴുപ്പട്ടിണിക്കാരുടെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി ആഡംബരം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ രക്ഷകരാണ് തങ്ങളെന്ന് മേലിലിവിടെ പറഞ്ഞ് അഹങ്കരിക്കരുത്…..! നിങ്ങളിട്ടിരിക്കുന്ന അടിവസ്ത്രം പോലും ഈ പട്ടിണിപ്പാവങ്ങളുടെ ചോരയും വിയര്‍പ്പും കണ്ണീരുമാണ്. അതിനെല്ലാം ബാലറ്റിലൂടെ ഇവര്‍ മറുപടി നല്‍കിയില്ലെങ്കില്‍, ജനാധിപത്യമെന്നത് ഇങ്ങിനി ഉയരാത്ത വിധം നശിച്ചു മണ്ണടിഞ്ഞു പോയിട്ടുണ്ടാവും…..!
………………………………………………………………………………..

#MarxistpartyinIndia #CPM #PinarayiVijayan

Leave a Reply

Your email address will not be published. Required fields are marked *