Jess Varkey Thuruthel
തൊപ്പി എന്ന യൂ ട്യൂബറെ കൊടുംക്രിമിനലിനെയെന്ന പോലെ അര്‍ദ്ധരാത്രിയില്‍ വാതില്‍ വെട്ടിപ്പൊളിച്ച് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു! അശ്ലീലപദപ്രയോഗത്തിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കൊടും ഭീകരനെയെന്ന പിടികൂടാനെന്ന പോലെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പോലീസ് എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തൊപ്പി തന്നെ പുറത്തു വിട്ടിട്ടുണ്ട്. എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് തൊപ്പി എന്ന നിഹാദിനെ പോലീസ് അറസ്റ്റു ചെയ്തത്. എ ഐ വൈ എഫ് നേതാവ് മുര്‍ശിദുല്‍ ഹഖ്, സന്നദ്ധ പ്രവര്‍ത്തകന്‍ സെയ്ഫുദ്ദീന്‍ പാടത്ത് എന്നിവരാണ് തൊപ്പിക്കെതിരെ പരാതി നല്‍കിയത്.
ഒളിവില്‍ പോയ വിദ്യയെ പിടിക്കാന്‍ വേണ്ടി ഈ സന്നാഹങ്ങളൊന്നും പോലീസ് ചെയ്യാതിരുന്നത് എന്തുകൊണ്ട്? കലിംഗ നിഖിലിനെതിരെ എന്തു നടപടിയാണ് പോലീസ് സ്വീകരിച്ചത്. അയാളെ വെളുപ്പിച്ചെടുത്ത ആര്‍ഷോയെ പോലീസ് എന്തു ചെയ്തു? മരിക്കാത്തവനെ കൊന്ന് അവയവങ്ങള്‍ മുറിച്ചെടുത്തു വിറ്റ ലേക് ഷോര്‍ ആശുപത്രിക്കെതിരെ എന്തു നടപടി സ്വീകരിച്ചു? ലേക് ഷോറിലേക്കു പ്രകടനം നടത്തിയവരെ അടിച്ചൊതുക്കി പോലീസ് ക്വുസാറ്റില്‍ അഴിഞ്ഞാടിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്നത് എന്തിന്? ഉന്നതര്‍ക്ക് എതിരെയുള്ള നിരവധിയായ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള നല്ല ഒന്നാന്തരം ആയുധമാണ് തൊപ്പി. ഇവിടെ ചിര്‍ക്കു ചിലരെ രക്ഷിച്ചെടുക്കാനുണ്ട്. വെള്ളപൂശാനുണ്ട്. അടവുകളും തന്ത്രങ്ങളും ആവിഷ്‌കരിക്കാനുണ്ട്. അതിനു തൊപ്പിയെ ഇത്തരത്തില്‍ പിടികൂടിയേ തീരൂ.
സര്‍ട്ടിഫിക്കറ്റ് വിഷയം പൊങ്ങിവന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കുടുങ്ങുക. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാപാര്‍ട്ടികളിലെയും ആളുകള്‍ കുടുങ്ങും. ഇതിനു കൂട്ടുനിന്ന സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ കുടുങ്ങും. പേരിനു മുന്നില്‍ അഡ്വക്കേറ്റെന്നും ഡോക്ടറെന്നുമുള്ള പദവികള്‍ വച്ചു നടക്കുന്ന പലരും കുടുങ്ങും. അവയവം വിറ്റ് കാശാക്കിയവര്‍ കുടുങ്ങും. അതിനുള്ള നല്ലൊന്നാന്തരം മാര്‍ഗ്ഗമാണിത്. ചിലപ്പോള്‍ കൊന്നും ചിലപ്പോള്‍ തല്ലിയും ചിലപ്പോള്‍ ചില നരനായാട്ടുകള്‍ നടത്തിയും ജനശ്രദ്ധ മാറ്റാന്‍ കഴിവുള്ളവര്‍ തന്നെയാണ് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വവും അധികാരി വര്‍ഗ്ഗവും.
തൊപ്പി ഗതാഗതം തടസപ്പെടുത്തിയെങ്കില്‍ ഹണി റോസ് ചെയ്യുന്നതും അതുതന്നെയല്ലേ. ഹണി റോസിന്റെ നെഞ്ചും നിതംബവും കാണാനായി തടിച്ചു കൂടൂന്ന ആളുകള്‍ ഉണ്ടാക്കുന്നത്ര ഗതാഗത തടസം തൊപ്പി ഉണ്ടാക്കിയോ. ഇനി ഉണ്ടാക്കിയാല്‍ത്തന്നെ ഹണി റോസിനെതിരെയോ അവരെ ഉത്ഘാടനത്തിനു ക്ഷണിച്ചു വരുത്തിയവര്‍ക്കെതിരെയോ കേസുണ്ടോ? അതിനു മുന്‍പ് ഇവിടെ സണ്ണി ലിയോണ്‍ വന്നപ്പോള്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തോ?
മോഹന്‍ലാല്‍ വളിയെന്നു പറഞ്ഞവര്‍ ആര്‍ത്തു ചിരിച്ചവര്‍ എന്തിനാണ് തൊപ്പിക്കെതിരെ കൊലവിളി നടത്തുന്നത്? അശ്ലീലം പറയാന്‍ വേണ്ടി മാത്രമിറക്കിയ ചുരുളി എന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിയത് എന്തിന്? ഓരോ വീട്ടകങ്ങളിലും മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന തെറിവാക്കുകള്‍ സ്വന്തം മക്കള്‍ അതേപടി പകര്‍ത്തി കൂട്ടുകാരുടെ അടുക്കല്‍ വിളമ്പുന്നുണ്ടെന്ന സത്യം കേരളത്തിലെ മാതാപിതാക്കള്‍ മറന്നു പോകുന്നതാണോ?
ഹണി റോസ് കാണിക്കുമ്പോള്‍ നിതംബവും നെഞ്ചും ഉന്നതമാകുമോ? മോഹന്‍ലാലാണു പറയുന്നതെങ്കില്‍ അശ്ലീലം ഉത്കൃഷ്ടമാകുമോ? ഒരു വാക്ക് അശ്ലീലമാണെങ്കില്‍ അത് ആരു പറഞ്ഞാലും അശ്ലീലമാകണം. ഗതാഗത തടസ്സമാണ് പ്രശ്‌നമെങ്കില്‍, ആരതു ചെയ്താലും കുറ്റമാകണം. തൊപ്പി ചെയ്തത് തെറ്റു തന്നെയാണെങ്കില്‍, മോഹന്‍ലാല്‍ ചെയ്തതും ഹണി റോസ് ചെയ്തു കൊണ്ടിരിക്കുന്നതും തെറ്റാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഇവിടെ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകള്‍ക്കെതിരെ ആര് എന്തു പ്രതികരണമാണ് നടത്തിയിട്ടുള്ളത്? എന്തുകേസാണ് അവര്‍ക്കെതിരെ ഉണ്ടായിട്ടുള്ളത്?
മഹാനായ അംബേദ്ക്കര്‍ എഴുതിയുണ്ടാക്കിയ ഭരണഘടന അനുസരിച്ച് നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. നീതിയും നിയമവും എല്ലാവര്‍ക്കും തുല്യവുമാണ്. പക്ഷേ, അതു നടപ്പാക്കുന്നവരാകട്ടെ ഭരിക്കുന്നവര്‍ക്കും പണമുള്ളവര്‍ക്കും അധികാരമുള്ളവര്‍ക്കുമായി നിയമം വളച്ചൊടിക്കുന്നു. ശിക്ഷിക്കപ്പെടേണ്ടവര്‍ നിരവധിയുണ്ടെന്നിരിക്കെ തൊപ്പിക്കെതിരെ മാത്രം കേസെടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അതിനുത്തരം ഒന്നേയുള്ളു. ഇവിടെ ചില കൊടുംക്രിമിനലുകളെ സര്‍ക്കാരിനും അധികാരികള്‍ക്കും രക്ഷിച്ചെടുക്കാനുണ്ട്. അതുമാത്രമാണ് തൊപ്പിക്കെതിരെയുള്ള ഈ പോലീസ് നടപടികള്‍ക്കു പിന്നില്‍.