Jess Varkey Thuruthel
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ (Disaster) പെട്ടുപോയ ഹതഭാഗ്യരായ മനുഷ്യരെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ കരുതുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തവരാണ് ഓരോ മലയാളിയും. ആ ദുരന്തഭൂമിയിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുക്കാനും ഒട്ടനവധി പേര്‍ തയ്യാറാവുകയും ചെയ്തു. ദുരിതത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനും ചേര്‍ത്തു പിടിക്കാനും ഓരോ മലയാളിയും കാണിക്കുന്ന ഹൃദയ വിശാലത ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുക കൂടി ചെയ്തിട്ടുണ്ട്. കാരണം രക്ഷാപ്രവര്‍ത്തനമായാലും രക്ഷയ്ക്കായാലും മലയാളിയോളം പോന്ന മറ്റൊരു സമൂഹവുമില്ല എന്നതു തന്നെ.
എന്നിരുന്നാലും ദുരന്തകാലം കൊയ്ത്തുകാലമാക്കിമാറ്റുന്ന നിരവധി പേരുണ്ട്. അവര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുകയും ദുരന്തത്തില്‍ പെട്ടവരെ തങ്ങള്‍ നേരിട്ടു സഹായിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നോട്ടീസടിച്ചും അല്ലാതെയും ഓണ്‍ലൈന്‍ വഴിയും പണം പിരിക്കുന്നവര്‍ നിരവധി. വേറെ ഒട്ടനവധി സംഘടനകളും. എല്ലാവരും ആവശ്യപ്പെടുന്നത് പണമാണ്, തങ്ങള്‍ നേരിട്ട് ദുരിത ബാധിതര്‍ക്കു നല്‍കിക്കൊള്ളാമത്രെ!
ഓണ്‍ലൈന്‍ പ്രൊമോഷനു പണവും നല്‍കി ചില സംഘടനകള്‍ വ്യാപകമായ രീതിയില്‍ വയനാടിനു വേണ്ടി പണപ്പിരിവു നടത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, തട്ടിക്കൂട്ടു സംഘടനകള്‍, ക്ലബുകള്‍ എന്നിങ്ങനെ എല്ലാവരുമിറങ്ങിയിരിക്കുകയാണ് വയനാടിന് ഒരു കൈത്താങ്ങ് എന്ന പേരില്‍. ഈ പിരിച്ചെടുക്കുന്ന പണം ദുരിതബാധിതര്‍ക്കു നല്‍കുന്നുണ്ടോ എന്നത് പണം നല്‍കിയവര്‍ എങ്ങനെ അറിയാനാണ്? സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൊടുത്ത പണം എന്താണ് ചെയ്തതെന്നും എങ്ങനെയാണ് ചെലവഴിച്ചതെന്നും ചോദിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അവരതു ചോദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, മറ്റുള്ളവര്‍ പിരിച്ച പണമോ? അവയ്ക്ക് കൃത്യമായ ഓഡിറ്റിംഗ് ഉണ്ടോ? ആ പണം എന്തു ചെയ്തു എന്ന് പൊതു ജനങ്ങളെ അറിയിക്കാറുണ്ടോ? പിരിച്ച പണം കൊണ്ട് നിങ്ങള്‍ എന്തു ചെയ്തു എന്നോ എങ്ങനെ ചെലവഴിച്ചു എന്നോ ആരെങ്കിലും ചോദിക്കാറുണ്ടോ? ആരെങ്കിലും അക്കാര്യം പറയാറുണ്ടോ? ദുരന്തമുണ്ടാകുമ്പോള്‍ വന്‍ തോതിലാണ് പണപ്പിരിവു നടത്തുന്നത്.
ഞങ്ങള്‍ നേരിട്ടു കൊടുത്തുകൊള്ളാമെന്നും സര്‍ക്കാര്‍ ദുരിതാശ്വാസം തട്ടിപ്പാണെന്നും പ്രഖ്യാപിച്ചുകൊണ്ടിറങ്ങുന്ന ചിലരുണ്ട്. അത്തരക്കാരുടെ കൈകളിലേക്കും ചിലര്‍ പണം വിശ്വസിച്ചേല്‍പ്പിക്കും. എത്ര കിട്ടിയെന്നോ എത്ര ദുരിതബാധിതര്‍ക്കു നല്‍കിയെന്നോ ഉള്ള കൃത്യമായ കണക്കുകള്‍ ഉണ്ടാവില്ല ഇവരുടെ പക്കല്‍. ഇത്തരത്തില്‍, ദുരിത കാലം കൊയ്ത്തു കാലമാക്കുന്നവര്‍ക്കെതിരെയാണ് ഷുക്കൂര്‍ വക്കീല്‍ പ്രതികരിച്ചത്. ആ ഹര്‍ജി ഹൈക്കോടതി തള്ളി. പിഴയായി 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കാനും ഉത്തരവായിട്ടുണ്ട്. എന്നാല്‍, ഷുക്കൂര്‍ വക്കീല്‍ കേസിനു പോയത് തങ്ങള്‍ക്കെതിരെയാണെന്നും അതിനു കോടതിയില്‍ നിന്നും ചുട്ട മറുപടി കിട്ടി എന്നുമുള്ള രീതിയിലാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങള്‍ വരുന്നത്.
ദുരന്തം നടന്ന ശേഷം നൂറുകണക്കിനു സംഘടനകളാണ് യാതൊരു കണക്കുമില്ലാതെ പണപ്പിരിവു നടത്തുന്നത്. ഇതിനെതിരെയാണ് ഷുക്കൂര്‍ വക്കീല്‍ പ്രതികരിച്ചത്. ഹര്‍ജിയുടെ പകര്‍പ്പോ ഉള്ളടക്കമോ അറിയാതെയാണ് ഇദ്ദേഹത്തിനു നേരെ വിമര്‍ശനം നടത്തുന്നത്. കോടതിക്കു വേണ്ടത് തെളിവുകളാണ്. പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തു എന്നു തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല, അതു സാധിക്കുകയുമില്ല. കാരണം ഫണ്ടു പിരിവു നടത്തിയിട്ടുള്ളത് നൂറായിരക്കണക്കിനു സംഘടനകളാണ്. സര്‍ക്കാരായിരുന്നുവെങ്കില്‍ അതു ചോദിക്കാനും തെളിവുകള്‍ ഹാജരാക്കാനും കഴിയുമായിരുന്നു. തട്ടിക്കൂട്ടു പേരുകളില്‍പ്പോലും സംഘടനയുണ്ടാക്കി പിരിവു നടത്തുന്നവര്‍ക്കെതിരെ എന്തു തെളിവു ഹാജരാക്കാനാണ്?
ഇവിടെയാണ് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയുടെ പ്രസക്തി. നിങ്ങള്‍ക്കു കൊടുക്കാന്‍ കഴിയുന്നത് ഒരു രൂപയായിരിക്കാം. എങ്കില്‍പ്പോലും അതു നല്‍കേണ്ടത് സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. അവിടെ അതിനൊരു കണക്കുണ്ടാകും. കട്ടുകൊണ്ടുപോയാലും ചോദിക്കാന്‍ നമ്മള്‍ക്കോരോരുത്തര്‍ക്കും അവകാശവുമുണ്ട്. പക്ഷേ, പേരുപോലുമില്ലാത്ത സംഘടനകള്‍ കൊണ്ടുപോയ പണത്തിന്റെ കണക്ക് ആരോടു ചോദിക്കാനാണ്? അഖില്‍ മാരാരെപ്പോലുള്ളവരെ നികൃഷ്ട ജീവികളുടെ ഗണത്തിലേക്കു തള്ളേണ്ടത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. സര്‍ക്കാര്‍ ദുരിതാശ്വാസത്തിനെതിരെ വ്യാപകമായ രീതിയില്‍ കള്ളത്തരം പറഞ്ഞു പ്രചരിപ്പിച്ച് ഇതുപോലുള്ള സംഘടനകള്‍ക്ക് പണം പിരിക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുന്നു. ഇക്കാര്യമൊന്നുമറിയാത്ത, സഹായ മനസ്‌കരായ മനുഷ്യരെ പറ്റിക്കുന്നു, അവരുടെ പോക്കറ്റിലെ നാണയത്തുട്ടുകള്‍ കള്ളന്മാരുടെ കൈകളിലെത്തുന്നു. യഥാര്‍ത്ഥ ദുരിതബാധിതര്‍ക്കു പണം കിട്ടിയെന്ന ആശ്വാസത്തില്‍ ജനങ്ങളിരിക്കുന്നു. ഇതാണ് സംഭവിക്കുന്നത്. ഷുക്കൂര്‍ വക്കീല്‍ നിയമനടപടിക്കൊരുങ്ങിയതും ഇത്തരക്കാര്‍ക്കെതിരെയാണ്. പക്ഷേ, സമീപിച്ചത് കോടതിയെ ആയിപ്പോയി. സ്വകാര്യ സംഘടനകളും എജന്‍സികളും പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടണമെന്ന നിര്‍ദ്ദേശം പോലും ഉണ്ടായതുമില്ല.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47