രാഷ്ട്രീയം പറയാന്‍ ഭയക്കുന്ന ത്രിക്കാക്കരയില്‍ നേതാക്കള്‍ക്കു തണല്‍ പൃഷ്ഠത്തിലെ ആല്‍മരം


ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


പട്ടിയെന്നു വിളിച്ചതിനു പകരമായി നിങ്ങളവരെ പരനാറിയെന്നു വിളിച്ചില്ലേ….?? എന്നിട്ടു ഞങ്ങളതിനെതിരെ നിയമപോരാട്ടം നടത്തിയോ….?? സിംഹമെന്നവകാശപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെതാണ് ഈ വാക്കുകള്‍. തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, വ്യക്തിഹത്യകള്‍ മാത്രമാണെന്നു സ്ഥാപിക്കാന്‍ വേറെ തെളിവുകളൊന്നും ആവശ്യമില്ല.

തൃക്കാക്കരയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളുമാണ് ചര്‍ച്ചയാകേണ്ടത്. അവര്‍ക്ക് ആശ്വാസമാകുന്ന നടപടികളുടെ പേരിലാണ് വോട്ടു പിടിക്കേണ്ടത്. പക്ഷേ, ഒരു പൊതു തെരഞ്ഞെടുപ്പിലും രാഷ്ട്രീയം ചര്‍ച്ചയാകുന്നില്ല. മറിച്ച്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ നിറം, ജാതി, കുലം, വേഷം, പ്രൊഫഷന്‍, ചേഷ്ഠകള്‍, ആണ്‍പെണ്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യക്തിഹത്യകള്‍ മാത്രമാണ് നടക്കുന്നത്.

തൃക്കാക്കരയിലെന്നല്ല, ഇന്ത്യയിലെ ഏതു സ്ഥലത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും വിഷയമാകേണ്ടത് ജനങ്ങളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഭരണകര്‍ത്താക്കളുടെ നാളതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുമാണ്. പക്ഷേ, ഇക്കാര്യങ്ങളൊന്നും പറയാനില്ലാത്ത പാര്‍ട്ടിയും നേതൃത്വവുമാണെങ്കിലോ…?? അങ്ങനെയുള്ളപ്പോള്‍ അവര്‍ പരസ്പരം തുണിപൊക്കിക്കാണിക്കും, പിന്നെ, കണ്ടതിന്റെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞ് പോരടിക്കുകയും ചെയ്യും. പട്ടിയെന്നും പരനാറിയെന്നും വിളിച്ചവരെ പുറത്താക്കാന്‍, അവഗണിക്കാന്‍, കണ്‍വെട്ടത്തു പോലും വരാതെ മാറ്റിനിറുത്താനുള്ള മാര്‍ഗ്ഗമുള്ളപ്പോള്‍ അതു ചെയ്യാതെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി അതിനേക്കാള്‍ മോശപ്പെട്ട പദങ്ങള്‍ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് നേതാക്കള്‍. ഇതെല്ലാം രാഷ്ട്രീയ പാപ്പരത്തവും വ്യക്തമായ രാഷ്ട്രീയാടിത്തറയോ ജനങ്ങളോടു പ്രതിബദ്ധതയോ ഇല്ലാത്തതിന്റെ വ്യക്തമായ തെളിവുകളാണ്.

തൃക്കാക്കരയിലെ നാണംകെട്ട വ്യക്തിഹത്യകള്‍

അതിഹീനമായ വ്യക്തിഹത്യകളാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയ ഇരു നേതാക്കളും അവരുടെ പാര്‍ട്ടിയും നടത്തുന്നത്. അസ്റ്റര്‍ മെഡി സിറ്റി എന്ന കോര്‍പ്പറേറ്റു സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ ഉമ തോമസ് എതിരാളിയായ ജോ ജോസഫിനെ നേരിട്ടത് സ്വകാര്യ ആശുപത്രിയായ ലിസിയിലെ കഴുത്തറുപ്പന്‍ ഡോക്ടര്‍ എന്ന നിലയിലായിരുന്നു. ലിസി ആശുപത്രി കഴുത്തറുപ്പനാണെങ്കില്‍ അസ്റ്റര്‍ മെഡിസിറ്റിയെന്താ സര്‍ക്കാര്‍ ഹോസ്പിറ്റലാണോ…?? അവിടുത്തെ ജോലി പാവങ്ങളെ സേവിക്കലായിരുന്നോ…?


ജോ ജോസഫിന്റെ കണ്‍സല്‍ട്ടേഷന്‍ ഫീ 750 രൂപയാണെന്നായിരുന്നു മറ്റൊരു വെടി. അതും ചീറ്റിപ്പോയപ്പോള്‍ ജോ ജോസഫ് ഹൃദയ ശസ്ത്രക്രിയ നടത്തിയവരില്‍ 12 പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളുവെന്നും ബാക്കി 14 പേരും തട്ടിപ്പോയെന്നുമായി പ്രചരണം. മരിച്ചവരെത്രപേരെന്നല്ല, ഹൃദയ ശസ്ത്രക്രിയ പോലെ അതിസങ്കീര്‍ണ്ണമായ സര്‍ജ്ജറിയിലൂടെ ജീവിതത്തിലേക്കു വന്നര്‍ എത്ര പേരെന്നതിന്റെ അടിസ്ഥാനത്തിലാവണം ഒരു ഡോക്ടര്‍ വിലയിരുത്തപ്പെടേണ്ടത്. ജോ ജോസഫ് ഹൃദയം കൊണ്ട് ഓടിയതേയുള്ളുവെന്നും സര്‍ജ്ജറി നടത്തിയത് മറ്റൊരു ഡോക്ടറാണെന്നുമായിരുന്നു മറ്റൊരു പ്രചാരണം. അങ്ങനെയെങ്കില്‍ വേറെ ഡോക്ടര്‍ നടത്തിയ ഓപ്പറേഷന്റെ ഉത്തരവാദി ജോ ജോസഫ് ആകുന്നതെങ്ങനെയെന്ന ചോദ്യത്തിനൊന്നും മറുപടിയില്ല.

സഹതാപ തരംഗമല്ല തന്റെ ലക്ഷ്യമെന്നും പി ടി തോമസ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും ഉമ തോമസ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പി ടി തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ചെയ്ത ആ മഹത്തായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരുന്നുവെന്നും ഏതിന്റെയെല്ലാം തുടര്‍ച്ചയാണ് നിങ്ങളിവിടെ നടപ്പാക്കാന്‍ പോകുന്നതെന്നുമൊന്ന് അക്കമിട്ടു പറയാമോ മിസിസ് തോമസേ…??

പി ടി മരിച്ചതിന്റെ സഹതാപം പിടിച്ചു പറ്റാന്‍ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പാര്‍ട്ടി ചവിട്ടിത്തേച്ചത് ജനങ്ങള്‍ക്കൊപ്പം നിന്ന ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെയാണ്. പി ടി നല്ല കാര്യങ്ങളെന്തെങ്കിലും ഈ നാടിനു വേണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ അതു തുടര്‍ന്നു നടത്താന്‍ ആ കുടുംബത്തില്‍ നിന്നുതന്നെ ഒരാള്‍ വേണമെന്നില്ല. ജനങ്ങളോടും നാടിനോടും സ്‌നേഹവും വിശ്വസ്ഥതയും കാരുണ്യവുമുള്ള ഏതൊരു വ്യക്തിക്കുമതു സാധിക്കും. എന്നിട്ടും പി ടി തോമസിന്റെ കുടുംബക്കാരുടെ മൂടുതാങ്ങാന്‍ ഒരു പാര്‍ട്ടി പോയെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയം പറഞ്ഞീ മണ്ണില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്നതിന്റെ പച്ചയായ പ്രഖ്യാപനമാണ്.

ജോ ജോസഫും ഉമ തോമസും: നല്ലൊന്നാന്തരം അഭിനേതാക്കള്‍

ഓസ്‌കാര്‍ അവാര്‍ഡു നേടിയവരുടെ പട്ടിക പരിശോധിച്ച് അവരിലെ മികച്ച അഭിനേതാക്കളെ തെരഞ്ഞെടുത്താല്‍പ്പോലും അവരുടെ അഭിനയം ജോ ജോസഫിന്റെയും ഉമ തോമസിന്റെയും അഭിനയ മികവിന്റെ ഏഴയലത്തു പോലുമെത്തില്ല.

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് വാര്‍ത്ത മണത്തറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉമ നടത്തിയ പ്രകടനം അതിഗംഭീരമായിരുന്നു. ‘അങ്ങനെയെന്തെങ്കിലും തീരുമാനമുണ്ടായാല്‍ നിങ്ങളെയല്ലേ മക്കളേ ആദ്യമറിയിക്കുക’ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ തോളില്‍ കൈയിട്ടുകൊണ്ട് ഉമ തോമസ് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി തന്നോടിതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അക്കാര്യമൊന്നും തനിക്കറിയില്ലെന്നുമാണ് അവര്‍ വിശദീകരിച്ചത്. പിറ്റേന്ന് അവരാണ് സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്തൊരഭിനയമായിരുന്നു അവര്‍ കാഴ്ചവച്ചത്..??

തലേ ദിവസം വൈകിട്ടു വരെ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഒന്നുമറിയാതിരുന്ന, മത്സരിക്കാന്‍ മനസുകൊണ്ടു തയ്യാറാകാതിരുന്ന, പി ടിയുടെ വേര്‍പാടില്‍ വേദനിക്കുന്നു എന്നു പറഞ്ഞ ഉമ പിറ്റേന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വിടര്‍ന്നുചിരിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലിരുന്നു…! മുഖത്തു നോക്കി പച്ചക്കള്ളം പറയാന്‍ യാതൊരു മടിയുമില്ലാത്ത ഇവര്‍ക്കെങ്ങനെയാണ് ജനങ്ങളോടു വിശ്വസ്ഥത കാണിക്കാന്‍ കഴിയുന്നത്…?? കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയാല്‍ ഇവിടെ ആര്‍ക്കെന്തു നഷ്ടം സംഭവിക്കാനാണ്…??

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ജോ ജോസഫ് എന്ന ഡോക്ടറും മുന്നേറുന്നത് മികച്ച അഭിനയം കാഴ്ചവച്ചു കൊണ്ടാണ്. ജനങ്ങളെ ദേഹത്തോടു ചേര്‍ത്തു പിടിച്ചും കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും അനുഗ്രഹം വാങ്ങിയും ചായക്കടയില്‍ കയറി ചായ കുടിച്ചും നടത്തുന്ന തകര്‍പ്പന്‍ പ്രകടനങ്ങള്‍.

ഉളുപ്പില്ലാത്ത പിണറായി സുധാകര സതീശന്മാര്‍

പരസ്പര ബഹുമാനമില്ലാതെ വ്യക്തിഹത്യകള്‍ നടത്തുന്നത് ആരു തന്നെ ആയാലും അവരോട് വിട്ടുവീഴ്ചകള്‍ കാണിക്കുന്നത് കരണീയമായ മാതൃകയല്ല. കോണ്‍ഗ്രസിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും നേതാക്കള്‍ക്കു മാത്രമല്ല, ഇന്ത്യയിലെ ഒട്ടെല്ലാ പാര്‍ട്ടിയിലെയും നേതാക്കളിപ്പോള്‍ ഗവേഷണം നടത്തുന്നത് ഗ്രാമ ഭാഷയിലാണ്. അങ്ങനെ കഠിന പരിശ്രമങ്ങളുടെ ഫലമായി കണ്ടെത്തുന്ന കൊടിച്ചിപ്പട്ടിയും പരനാറിയും കുലംകുത്തിയുമെല്ലാം പരസ്പരം തോല്‍പ്പിക്കാന്‍ ഉപയോഗിക്കുന്നു.

ജനങ്ങള്‍ക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, അവരുടെ ജീവിതനിലവാരമുയര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍, ആരോഗ്യരംഗത്ത്, വിദ്യാഭ്യാസ സംഗത്ത് റോഡ് റെയില്‍ വികസന രംഗത്ത് സാമ്പത്തിക രംഗത്ത് എന്നു വേണ്ട ഒന്നില്‍പ്പോലും മെച്ചപ്പെട്ട യാതൊന്നും മുന്നോട്ടു വയ്ക്കാനില്ലാത്ത പാര്‍ട്ടികളിങ്ങനെ പരസ്പരം കോക്രികുത്തി ജനശ്രദ്ധ തിരിച്ചു വിടുന്നു. പാലാരിവട്ടം പാലം തകര്‍ന്നെങ്കിലെന്ത്, കൂളിമാട് പാലവും തകര്‍ന്നില്ലേ എന്നു ചോദിക്കുന്നവര്‍. അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു രസിക്കാന്‍ അഴിമതിക്കഥകള്‍ ധാരാളമുള്ള ഉളുപ്പില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളെ മൊത്തത്തോടെ മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടത്. പട്ടികളുടെ കടിപിടികളും പരനാറികളുടെ വെട്ടിക്കൊല്ലലുകളും പരസ്പരം നടത്തട്ടെ.

ജോ ജോസഫിന്റെ ലിസി ആശുപത്രിയിലെ പ്രവര്‍ത്തന മികവുകളോ ഉമ തോമസിന്റെ അസ്റ്റര്‍ മെഡിസിറ്റിയിലെ പ്രകടനങ്ങളോ അറിഞ്ഞിട്ട് ഈ കേരളത്തിലെ ജനങ്ങള്‍ക്ക് യാതൊരു കാര്യവുമില്ല. കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചെത്തിയ ഈ ജനത്തിന് അന്തസായി ഇവിടെ ജീവിക്കാന്‍ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയമെന്താണ്…?? തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗത്തെയും ബിസിനസ് സംരംഭങ്ങളെയും ഉയര്‍ത്താന്‍ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നടപടികളെന്താണ്…?? ആരോഗ്യം തകര്‍ന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനായി എന്തു നടപടികളാണ് സ്വീകരിച്ചത്..?? അവരുടെ തൊഴിലുകള്‍ മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനുമുള്ള മാര്‍ഗ്ഗങ്ങളെന്ത്…?? ചെറുമഴ പോലും പ്രളയം തീര്‍ക്കുന്ന ഈ നാട്ടില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളെന്ത്…?? ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിങ്ങളുടെ പക്കലുള്ള മാര്‍ഗ്ഗമെന്ത്..??

ഇതൊന്നും ചര്‍ച്ച ചെയ്യാതെ കുറെ ‘പരനാറിപ്പട്ടികളി’വിടെ പരസ്പരം ചെളിവാരിയെറിയുന്നു. അവരുടെ ആസനം താങ്ങികളായ അണികള്‍ അതുവാരി പരസ്പരമെറിഞ്ഞു രസിക്കുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാതെ മരിച്ചു വീഴുന്ന മനുഷ്യരെക്കുറിച്ച് ലവലേശം ചിന്തയില്ലാതെ വിദേശ പര്യടനങ്ങളും ചികിത്സകളും ആഡംബര ജീവിതവുമായി തിമിര്‍ത്തു രസിക്കുന്നവര്‍ക്ക് ഇനിയുമിനിയും ഗ്രാമ്യഭാഷകളില്‍ കൂടുതല്‍ ആഴത്തിലുള്ള റിസേര്‍ച്ച് നടത്താവുന്നതാണ്.


……………………………………………………………………………….
#Thrikkakaraby-poll #DrJoJoseph #UmThomas #Radhakrishnan #Congresspartyinkerala #Communistparty

Leave a Reply

Your email address will not be published. Required fields are marked *