കഴിവുകൊണ്ടു നേടാന്‍ കഴിയാഞ്ഞിട്ടോ ഈ ഗിമ്മിക്കുകള്‍?


Jess Varkey Thuruthel

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്വാസം നിലച്ച നിമിഷം മുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത് ഒരു രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരവെ, 2015 ലാണ് അദ്ദേഹത്തിന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. അന്ന് അതിനു ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019 ല്‍ അദ്ദേഹത്തിന് വീണ്ടും രോഗമുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തെയും സാരമായ രീതിയില്‍ ബാധിച്ചു. എങ്കിലും 2022 ഒക്ടോബര്‍ വരെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മെയ് 5, 2023 നാണ് അദ്ദേഹത്തെ ബാംഗ്ലൂരിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 2023 ജൂലൈ 18 ന് വെളുപ്പിന് നാലരയോടെ അദ്ദേഹം മരിച്ചു.

ബാംഗ്ലൂരില്‍ നിന്നും അന്നുതന്നെ തിരുവനന്തപുരത്തെ ജഗതിയിലെത്തിച്ച മൃതദേഹം കാണാന്‍ ജനങ്ങള്‍ പ്രവാഹമായി എത്തിയതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. കേരളം ഭരിച്ച മറ്റേതൊരു മുഖ്യമന്ത്രിയെക്കാളും ഉപരിയായി അദ്ദേഹത്തിന് ഒരു ജനകീയ മുഖമുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പരാതികള്‍ക്ക് നേരിട്ടു പരിഹാരം കാണുന്നതിനു വേണ്ടിയാണ് അദ്ദേഹം 2004 ല്‍ ജനസംമ്പര്‍ക്ക പരിപാടിക്കു തുടക്കമിട്ടത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ, ജനങ്ങള്‍ ഈ പരിപാടിയോട് ക്രിയാത്മകമായി പ്രതികരിച്ചു. 2004-2006, 2011-2016 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം ജനസംമ്പര്‍ക്ക പരിപാടി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.


പക്ഷേ, ഒരു നാടിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍, നാട്ടിലെ ജനങ്ങള്‍ക്ക് ഇതിനെക്കാളും മികച്ച എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്! ഒരു സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു, ഭരണ സംവിധാനവും പോലീസുമെല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഒരു പഞ്ചായത്ത് ഓഫീസില്‍ നിന്നോ വില്ലേജില്‍ നിന്നോ അല്ലെങ്കില്‍ തൊട്ടടുത്ത ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ നിന്നോ ജനങ്ങള്‍ക്കു കിട്ടേണ്ട ജനാധിപത്യപരമായ നീതിക്കു വേണ്ടി ജനങ്ങള്‍ അദ്ദേഹത്തെ കാണാനായി വന്നു, കാത്തു നിന്നു. നല്ലതു തന്നെ. പക്ഷേ, സ്വന്തം കടമ നിര്‍വ്വഹിക്കാത്ത ഒരു ഉദ്യോഗസ്ഥനെതിരെ പോലും അദ്ദേഹം നടപടിയെടുത്തില്ല! എന്തേ അങ്ങനെ? ഒരു സംസ്ഥാനം ഏല്‍പ്പിച്ചു കൊടുത്ത ഉത്തരവാദിത്വം നിറവേറ്റുന്നതിനായി ശമ്പളം നല്‍കിയ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വന്തം കര്‍ത്തവ്യം മറന്നാല്‍, തന്റെ ജനത്തിന് അര്‍ഹമായ ന്യായം നടത്തിക്കൊടുക്കാത്ത ആ ഉദ്യോഗസ്ഥനെ ശിക്ഷിക്കാനോ ശകാരിക്കാനോ നേര്‍വ്വഴി നടത്തുവാനോ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കു കഴിയാതെ പോയതെന്ത്?


കഴിവു കെട്ട ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത് എന്നതിന് ജനസംമ്പര്‍ക്ക പരിപാടിയില്‍ തടിച്ചുകൂടിയ ജനബാഹുല്യം സാക്ഷി! എന്നിട്ടും പറയുന്നു, ജനസംമ്പര്‍ക്കപരിപാടി അതുല്യമായ ഭരണമികവായിരുന്നുവെന്ന് ജനസംമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ഓരോരോ വ്യക്തികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടാവാം. പക്ഷേ, കഴിവുകെട്ട, നെറികെട്ട ഒരു ഉദ്യോഗസ്ഥനെയെങ്കിലും നിയമപരമായി ശിക്ഷിച്ചിരുന്നെങ്കില്‍, ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമായിരുന്നു. എന്തേ ഒരു ജനകീയ മുഖ്യമന്ത്രിക്ക് അതിനു കഴിയാതെ പോയി?


ഇന്നിപ്പോള്‍, പുതുപ്പള്ളിയില്‍, ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന നിയമസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ, ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള നെറികെട്ട നാടകമാണ്. ചീകിയൊതുക്കാത്ത മുടിയും മുഷിഞ്ഞ, ചുക്കിച്ചുളിഞ്ഞ വേഷവും പുതുപ്പള്ളിപ്പള്ളിയിലെ വാതില്‍ക്കലുള്ള ഇരിപ്പും തുടങ്ങി പിതാവിന്റെതായ എല്ലാ കാര്യങ്ങളും അനുകരിച്ച് മറ്റൊരു ഉമ്മന്‍ ചാണ്ടിയായി ജനഹൃദയത്തില്‍ ഇടംനേടാമെന്ന ചിന്തയിലാണ് മകന്‍ ചാണ്ടി ഉമ്മന്‍. പള്ളിയെയും മതത്തെയും ദൈവത്തെയും കൂടെ നിറുത്തിക്കൊണ്ട്, ജനങ്ങളുടെ വിശ്വാസത്തെയും വികാരത്തെയും ഇളക്കിമറിച്ച് അവരുടെ മനസില്‍ ഇടം നേടാനുള്ള ശ്രമം.


മുന്‍ മുഖ്യമന്ത്രി ജയലളിതയെയും സിനിമാതാരങ്ങളെയും മറ്റു രാഷ്ട്രീയക്കാരെയും ദൈവമായി കണ്ടു വാഴ്ത്തിയ തമിഴ്മക്കളെ ആള്‍ദൈവങ്ങളെ ആരാധിക്കുന്ന വിവരംകെട്ട പാണ്ടികള്‍ എന്നു വിളിച്ച് മലയാളികള്‍ അധേേിക്ഷപിച്ചു. പക്ഷേ, അഭ്യസ്ഥവിദ്യരെന്നും ബുദ്ധിമാന്മാരെന്നും അഹങ്കരിക്കുന്ന മലയാളികളിന്ന് ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരത്തിനു മുന്നില്‍ മെഴുകുതിരി കത്തിക്കുകയും ആവശ്യങ്ങള്‍ സാധിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും നിവേദനങ്ങള്‍ എഴുതി നല്‍കുകയും ചെയ്യുന്ന തിരക്കിലാണ്.


ഉമ്മന്‍ ചാണ്ടിക്ക് ഒരു വിശുദ്ധന്റെ കുപ്പായം നല്‍കുക എന്നതാണ് നാഴികയ്ക്കു നാല്‍പതു വട്ടം മതേതരത്വത്തെക്കുറിച്ചു സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനങ്ങളെ സേവിക്കുക എന്നതാണ് ഒരു ജനസേവകന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അതു ചെയ്യാതെ, ഇത്തരം തരംതാണ ഗിമ്മിക്കുകള്‍ കാണിച്ചു ജനഹൃദയങ്ങളില്‍ ഇടം നേടാമെന്നാണോ കോണ്‍ഗ്രസുകാര്‍ ചിന്തിച്ചിരിക്കുന്നത്?


കേരളം ഇന്നേവരെ കണ്ടതില്‍വച്ചേറ്റവും അശ്ലീലം നിറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേത്. അന്തരിച്ച പി ടി തോമസിന് വിളമ്പി വച്ച ശേഷം ഭക്ഷണം കഴിക്കുന്ന ഉമ തോമസിനു ശേഷം, അതിലും വലിയ മറ്റൊരു അശ്ലീലത്തിനു കേരള ജനത പുതുപ്പള്ളിയില്‍ സാക്ഷ്യം വഹിക്കും. രാഷ്ട്രീയത്തിനും മുകളില്‍ വിശ്വാസവും മതവും പ്രകടമായി മുന്നോട്ടു വയ്ക്കുന്ന ഒരു തെരഞ്ഞെടുപ്പ്. വിശുദ്ധനായ ഉമ്മന്‍ ചാണ്ടിക്ക് ഒരോട്ട് എന്നായിരിക്കും പ്രചാരണ തന്ത്രം. അവശഭാവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പുതുപ്പള്ളിയില്‍ നിറഞ്ഞു നില്‍ക്കും. മക്കള്‍ കണ്ണീരൊഴുക്കി വോട്ടിനു വേണ്ടി യാചിക്കും. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ അതിതീവ്രമായ നാടകീയ രംഗങ്ങള്‍ അരങ്ങേറും.


ചാണ്ടി ഉമ്മന്റെ ചീകിയൊതുക്കാത്ത മുടി, തേക്കാത്ത ഷര്‍ട്ട്, നിലത്തു ചമ്രം പടിഞ്ഞുള്ള ഇരിപ്പ്, കൈകള്‍ കൊണ്ടുള്ള ആംഗ്യവിക്ഷേപങ്ങള്‍ ചിരി, വികാരപ്രകടനങ്ങള്‍ തുടങ്ങിയവ അതേപടി ഒപ്പിയെടുക്കാന്‍ മാധ്യമപ്പട അണിനിരക്കും. ചാണ്ടി ഗീതങ്ങളാല്‍ മാധ്യമങ്ങള്‍ പുതിയൊരു ഇതിഹാസം തന്നെ തീര്‍ക്കും. ഇവിടെ ബാക്കിയാവുന്നത് പാവപ്പെട്ടവന്റെ കണ്ണുനീരും ജീവല്‍പ്രശ്‌നങ്ങളുമാണ്. അല്ലെങ്കിലും അതിവിടെ ആര്‍ക്കാണ് ആവശ്യം?




#newslive #latestnews #latestmalayalamnews #News #MalayalamNews #keralaNews #Newsupdates #Keralapolitics #PoliticalNews #politics 


Leave a Reply

Your email address will not be published. Required fields are marked *