വരുമോ ട്രാന്‍സ് ജീവിതത്തില്‍ ഒരു നവവസന്തം?


Thamasoma News Desk

ട്രാന്‍സ് വ്യക്തിത്വങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ശക്തമായി പോരാടിയ ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കുടുംബമെന്ന ഭദ്രതയില്‍ നിങ്ങള്‍ ചേക്കേറേണ്ട എന്നു കോടതി പോലും വിധിയെഴുതിയ വര്‍ഷം. പൊതുസമൂഹം വെറുത്ത് അകറ്റിനിറുത്തുന്ന ഈ വിഭാഗം ആഗ്രഹിക്കുന്നത് തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെയാണ്. കിടക്കാന്‍ ഒരു വീടുപോലും ഇല്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ദു:ഖം. ട്രാന്‍സ് ജെന്ററുകള്‍ അനുഗ്രഹിച്ചാല്‍ നല്ലകാലം വരുമെന്നു വിശ്വസിക്കുന്ന ധാരാളം മനുഷ്യരുണ്ട്. പക്ഷേ, അവര്‍ പോലും തങ്ങളുടെ അയല്‍ക്കാരായി ട്രാന്‍സ്‌ജെന്റര്‍ എത്തുന്നത് അംഗീകരിക്കുന്നില്ല. അപ്പോള്‍, മറ്റുമനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ?

സ്വന്തമായി ഒരു വീട്, ഇന്‍ഷുറന്‍സ്, മെച്ചപ്പെട്ട ചികിത്സ തുടങ്ങിയവ ഇവരുടെ എക്കാലത്തെയും വലിയ ആവശ്യങ്ങളാണ്. ജോലിയുടെ കാര്യത്തിലാകട്ടെ, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പലപ്പോഴും അവരുടെ വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ വളരെ താഴെയുള്ള ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. അവരുടെ അഭിരുചിക്കനുസരിച്ച് ജോലി തെരഞ്ഞെടുക്കാന്‍ പോലും അവര്‍ക്കു കഴിയാറില്ല. പലരും ലൈംഗിക തൊഴിലിലേക്ക് എറിയപ്പെടുകയാണ്.

നിലവില്‍ പല ട്രാന്‍സ്‌ജെന്റര്‍മാരും ബ്യൂട്ടി പാര്‍ലറിലോ തയ്യല്‍ ജോലിയിലോ ഏര്‍പ്പെടുകയാണ്. പക്ഷേ, ട്രാന്‍സ്‌ജെന്റര്‍മാരില്‍ അധികം പേരും ഇത്തരത്തിലുള്ള ജോലികള്‍ ഇഷ്ടപ്പെടുന്നില്ല. അവരപുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി തെരഞ്ഞെടുക്കാനുള്ള അവകാശത്തിനായും അവര്‍ പോരാടുകയാണ്.

നിയമപരമായി വിവാഹം കഴിക്കാനോ കുട്ടികളെ ദത്തെടുക്കാനോ അവര്‍ക്ക് അനുവാദമില്ല. ‘ഞങ്ങളുടെ സമൂഹത്തിന് ഗുരു ശിഷ്യപരമ്പരയുണ്ട്, എന്നാല്‍ ഇപ്പോള്‍ പലരും അവരവരുടെ വഴിക്ക് പോവുകയാണ്. വൃദ്ധസദനമോ വയോജന ശുശ്രൂഷയോ ഞങ്ങള്‍ക്ക് ഇല്ല. സമൂഹവും സമൂഹവും ഇതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ 38കാരിയായ ദേവയാനി ദേശ്മുഖ് പറഞ്ഞു.

ഈ പുതുവര്‍ഷത്തിലെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തുല്യതയും ബഹുമാനവും അവസരങ്ങളും ഉണ്ടാകുമെന്നാണ് ട്രാന്‍സ് സമൂഹം കരുതുന്നത്. ‘ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയി, പക്ഷേ യാത്ര ദൈര്‍ഘ്യമേറിയതും അതികഠിനവുമാണ്. ഈ പുതുവര്‍ഷത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന മിക്ക കാര്യങ്ങളും നേടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ അവര്‍ പറഞ്ഞു.


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Leave a Reply

Your email address will not be published. Required fields are marked *