Written by: Sakariah
ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും അപകീര്‍ത്തിപ്പെടുത്താനായി പടച്ചു വിട്ടതുമാണ് എന്നു വാദിച്ച ഉമ തോമസ് ഇത്തരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്?
മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് പാവപ്പെട്ടൊരു മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചു കൊന്നിട്ട്, സര്‍വ്വ സ്വതന്ത്രനായി തല ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നൊരു നാടാണിത്. അമിതമായ തോതില്‍ ലഹരി ഉപയോഗിച്ച് നിലത്തു കാലുറയ്ക്കാത്ത നിലയിലായിരുന്നു, വാഹനാപകടത്തിനു ശേഷം ശ്രീറാം വെങ്കിട്ടരാമന്‍. എന്നിട്ടും, ഐ എ എസ് ആയതിന്റെയും ഉന്നത ബ്രാഹ്‌മണന്‍ ആയതിന്റെയും പ്രിവിലേജ് ഉപയോഗിച്ച് വൈദ്യപരിശോധന പോലും മണിക്കൂറുകള്‍ വൈകിച്ചു. ലഹരിയുടെ അംശമെല്ലാം ശരീരത്തില്‍ നിന്നും ഇറങ്ങിയ ശേഷം നടത്തിയ വൈദ്യപരിശോധന റിപ്പോര്‍ട്ടാണ് കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചത്.
തന്നെക്കാള്‍ കഴിവും അറിവും സമ്പത്തുമുണ്ടായാലും ജാതിയില്‍ താണവരെ അംഗീകരിക്കാന്‍ മടിക്കുന്ന തറവാട്ടു മഹിമക്കാരും മാടമ്പികളുമാണ് ഇന്നും ഈ സമൂഹത്തിലുള്ളത്. മരിച്ചാല്‍ ഔദ്യോഗിക ബഹുമതിക്ക് അര്‍ഹനായൊരു കലാകാരനോടാണ് പോലീസ് ചോദിക്കുന്നത്, ‘അതു ചോദിക്കാന്‍ നീ ആരാടാ’ എന്ന്. കൊലപാതകക്കേസുകളിലും മയക്കു മരുന്നു കേസുകളിലുമെല്ലാം പെട്ടവരെ സ്റ്റേഷനില്‍ കയറി ധാര്‍ഷ്ട്യം കാണിച്ച് ഇറക്കിക്കൊണ്ടുപോരുന്ന രാഷ്ട്രീയ നേതൃത്വത്തിന് ഇതു ചോദിക്കാന്‍ എന്തര്‍ഹതയാണ് ഉള്ളത്?
ഇത്തരമൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നപ്പോള്‍, അതിന്റെ മറുപടിയായി വന്നത്, രാഷ്ട്രീയക്കാര്‍ സ്‌റ്റേഷനില്‍ പോയി അധികാരം കാണിക്കുന്നത് അവരവര്‍ക്കു വേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്നായിരുന്നു. ഈ ‘മറ്റുള്ളവര്‍’ എന്ന ക്യാറ്റഗറിയില്‍ പറഞ്ഞവരില്‍ കൊടുംക്രിമിനലുകള്‍ പോലുമുണ്ടെന്ന് ഇവര്‍ ഓര്‍ക്കാത്തതെന്താണ്?
വിനായകന്‍ കുളിക്കില്ലത്രെ! അതിനാല്‍ പോലീസിന് ആ മനുഷ്യനെ നീയെന്നും എടാ എന്നും വിളിച്ച് അധിക്ഷേപിക്കാമത്രെ! എന്തൊരു നാണംകെട്ട ന്യായീകരണമാണിത്?
ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍, യാതൊരു പ്രിവിലേജും കിട്ടാത്ത ഒരു വ്യക്തിയാണ് വിനായകന്‍. എത്ര കഴിവുകളുണ്ടായാലും എത്ര വലിയ സ്ഥാനത്തെത്തിയാലും ജാതിയുടെ പേരില്‍, നിറത്തിന്റെ പേരില്‍ അവര്‍ അധിക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കും. ദളിതനും പിന്നോക്ക ജാതിക്കാരനുമായ ശ്രീജിത്ത് എന്ന വരാപ്പുഴക്കാരനെ ചവിട്ടിക്കൊന്ന കേരള പോലീസിനെ അതിനു പ്രേരിപ്പിച്ച ഘടകം ‘എന്തിനാണ് എന്നെ പിടിച്ചു കൊണ്ടു പോകുന്നത്’ എന്ന ചോദ്യമാണ്. ഏമാന്മാര്‍ തരുന്നത് അമേദ്യമായാലും തല്ലായാലും തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണമെന്നു കല്‍പ്പിക്കുന്ന ഉമാതോമസിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇവിടെയുള്ളപ്പോള്‍, ചോദ്യങ്ങള്‍ ചോദിക്കുന്ന വിനായകന്മാര്‍ കൊടും കുറ്റവാളികളാകും. കൊലപാതകികളും മയക്കുമരുന്നു കച്ചവടക്കാരും പെണ്ണുപിടിയന്മാരും നിരപരാധികളും. അവരെയെല്ലാം സംരക്ഷിക്കാനിവിടെ രാഷ്ട്രീയക്കാരുണ്ട്, പോലീസുണ്ട്, അധികാരികളുണ്ട്.
മുടി നീട്ടിവളര്‍ത്തി എന്ന കുറ്റത്തിനാണ് 2017 ല്‍ തൃശൂര്‍ പാവറട്ടിയില്‍ ഒരു 19 കാരനെ പോലീസ് പിടിച്ചു കൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചത്. മുടി നീട്ടിവളര്‍ത്തിയ അവന്‍ മാല മോഷ്ടാവും കഞ്ചാവു വലിക്കാരനുമാണെന്ന് പോലീസ് തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. കോട്ടയത്തെ കെവിനെ തല്ലിക്കൊന്നതിനു കാരണണവും അവന്റെ ജാതിയായിരുന്നു.
വേഷമോ മുടിയോ നിറമോ കാണുമ്പോള്‍, നീയാരാടാ എന്ന് അലറാന്‍ പോലീസുകാരനെ പ്രേരിപ്പിച്ചത് അയാളുടെ ജാതിബോധം തന്നെയാണ്. ഇനി വിനായകന്‍ ഉപയോഗിച്ച ഭാഷയ്ക്കാണ് പ്രശ്‌നമെങ്കില്‍, രാഹുല്‍ മാങ്കൂട്ടത്തെപ്പോലുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ വിളമ്പുന്ന ഭാഷ അംഗീകരിക്കപ്പെടുന്നത് എന്തുകൊണ്ട്?
വിനായകന്‍ എന്ന മനുഷ്യന്‍ ഉമതോമസിനെപ്പോലുള്ളവരുടെ കണ്ണിലെ കരടാണ്. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വച്ച് രാഷ്ട്രീയ നാടകം നടത്തിയ പാര്‍ട്ടിയുടെ ചെകിട്ടത്തു തന്നെയാണ് വിനായകന്‍ പ്രഹരമേല്‍പ്പിച്ചത്.
തങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ നീതിയെക്കുറിച്ചോ ന്യായത്തെക്കുറിച്ചോ സംസാരിക്കാന്‍ അവകാശമില്ലാത്ത വിനായകന്മാര്‍ അതു ചോദിക്കുമ്പോള്‍ ബ്രാഹ്‌മണിക പാരമ്പര്യം പേറുന്ന ഉമ തോമസിനെപ്പോലുള്ള മാടമ്പിമാരുടെ രക്തം തിളയ്ക്കും. കാരണം, വിനായകന്മാര്‍ ഇപ്പോഴും ഇവര്‍ക്കു മുന്നിലെത്തി ഓച്ഛാനിച്ചു നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ നട്ടെല്ലു നിവര്‍ത്തി ചോദ്യം ചോദിക്കുന്നത് അംഗീകരിക്കുന്നതെങ്ങനെ. അങ്ങനെ ചോദിച്ചവരുടെയെല്ലാം നെഞ്ചില്‍ ചവിട്ടി മണ്ണില്‍ കുഴിച്ചുമൂടിയവരുടെ പരമ്പരയ്ക്ക് അത് ഒട്ടും ദഹിക്കില്ല. മനുഷ്യനെന്ന പരിഗണന പോലും നല്‍കാതെ ഒരു മനുഷ്യനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തിട്ട് പറയുന്നു, അവനു കൊടുത്തത് കുറഞ്ഞു പോയി എന്ന്.
തന്റെ വീട്ടില്‍ യൂണിഫോമില്ലാതെ വന്ന പോലീസുകാരിയെന്നു പറയപ്പെടുന്ന വനിതയോട് ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു എന്ന ‘ അക്ഷന്തവ്യമായ കുറ്റത്തിന്’ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി വിനായകനെ അകത്തിടണമെന്ന് ആവശ്യപ്പെട്ട ഉമ തോമസ്, തന്റെ അധികാരവും പ്രിവിലേജും ഉപയോഗിച്ച് നേടിയെടുത്തത് എന്തെല്ലാമായിരുന്നു എന്ന് സ്വയമൊന്നു പരിശോധിക്കുന്നതു നന്നായിരിക്കും.