ജെസ് വര്‍ക്കി തുരുത്തേല്‍
ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ശ്രീധരന്‍ (62) മരണത്തിനു കീഴടങ്ങി. വിഷം ഉള്ളില്‍ച്ചെന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് (16 നവംബര്‍ 2023) രാത്രി 10 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
കേസിലെ മറ്റൊരു പ്രതിയായ കണ്ണമ്പടി സ്വദേശി വിനീതിനെ കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട ദിവസം, ഒക്ടോബര്‍ 31 ന് ശ്രീധരനും കോടതിയില്‍ സന്നിഹിതനായിരുന്നു. അന്നു രാത്രി, വാര്‍ത്താ ചാനലുകളിലെല്ലാം വിനീത് കുറ്റവിമുക്തനായ വാര്‍ത്ത പ്രക്ഷേപണം ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രീധരനെ മരുമകന്‍ വിളിച്ചറിയിച്ചിരുന്നു. ഈ വാര്‍ത്ത തന്റെ മൊബൈലിലൂടെ കണ്ട ശ്രീധരന്‍ വളരെ അസ്വസ്ഥനായി വീടുവിട്ടിറങ്ങി. കൃഷിയിടത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീധരന്‍ രാത്രി 10.30 തോടെ വിഷം കഴിക്കുകയായിരുന്നു. അതിനു ശേഷം കിടന്നെങ്കിലും യാതൊന്നും സംഭവിക്കാത്തതിനെത്തുടര്‍ന്ന് പിറ്റേന്നു രാവിലെ പിന്നെയും വിഷം കഴിക്കുകയായിരുന്നു. ഇതോടെ, ഇയാള്‍ നിറുത്താതെ ശര്‍ദ്ദിക്കാന്‍ ആരംഭിച്ചു. പരിഭ്രാന്തയായ ഭാര്യ മരുമകനെ വിളിച്ചു വരുത്തി. പിന്നീട് ഇവര്‍ ശ്രീധരനെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഉപ്പുതറ കമ്മ്യൂണിറ്റി സെന്ററില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഇയാളെ കൊണ്ടുപൊയത്.
രാത്രി വിഷം കഴിച്ചിട്ടും ഒന്നും സംഭവിക്കാത്തതിനാല്‍, രാവിലെ വീണ്ടും വിഷം കഴിച്ചുവെന്ന് ഇയാള്‍ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. ഐ സി യുവിലും വാര്‍ഡിലുമായി 14 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശ്രീധരനെ നവംബര്‍ 16 ന് ഉച്ചകഴിഞ്ഞാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മാനസികരോഗലക്ഷണങ്ങള്‍ കാണിച്ച ശ്രീധരനെ നിയന്ത്രിക്കാന്‍ ഭാര്യയ്ക്കും മരുമകനും ഏറെ പണിപ്പെടേണ്ടി വന്നു. വിഷം തലച്ചോറിനെ ബാധിച്ചതിനാലാകാം ഇത്തരത്തില്‍ മാനസിക വിഭ്രാന്തി കാണിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
ഇയാളുടെ ഉള്ളിലെത്തിയ വിഷത്തിന്റെ അവശിഷ്ടങ്ങളോ കുപ്പിയോ വീട്ടില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസ് പൊന്തിവന്ന കാലം മുതല്‍ ഭാര്യയും മകളും മരുമകനും മാറിമാറി ചോദിച്ചിട്ടും നിരപരാധിയാണ് എന്നല്ലാതെ മറ്റൊന്നും പറയാന്‍ ശ്രീധരന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍, മരണത്തിനു കീഴടങ്ങും മുന്‍പ് ഇയാള്‍ സുബോധത്തിലേക്കു വരികയും ‘എല്ലാം എന്റെ തലയില്‍ കെട്ടിവച്ച് അവന്‍മാരെല്ലാം രക്ഷപ്പെട്ടു’ എന്നു പറയുകയും ചെയ്തു.
കൊച്ചുമകളാകാന്‍ മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ ദ്രോഹിച്ച ഒരുവനോടു ക്ഷമിക്കാനായതു കൊണ്ടല്ല, മറിച്ച് മാനുഷിക പരിഗണന കൊണ്ടു മാത്രമാണ് ആശുപത്രിയില്‍ ഇയാള്‍ക്കൊപ്പം നില്‍ക്കുന്നത് എന്നാണ് മരുമകന്‍ പറഞ്ഞത്. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന അഭിപ്രായമായിരുന്നു ശ്രീധരന്റെ വീട്ടുകാര്‍ക്ക്. ഈ കേസുമായി ബന്ധപ്പെട്ട് 104 ദിവസമാണ് ഇയാള്‍ ജയിലില്‍ കിടന്നത്. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
കേസിന്റെ അടുത്ത വാദം നവംബര്‍ 22, 2023 ന് നടക്കാനിരിക്കെയാണ് ശ്രീധരന്റെ മരണം. പലര്‍ ചേര്‍ന്നു നടത്തിയ കൊടുംക്രൂരതയില്‍ ശ്രീധരന്‍ മാത്രം പ്രതിയാകുന്നതെങ്ങനെ? തമസോമ അന്വേഷണം തുടരുന്നു.
(ശ്രീധരന്‍ ചെയ്ത തെറ്റിന്, ഇയാളുടെ വീട്ടുകാരെ അപമാനിക്കാന്‍ തമസോമ ആഗ്രഹിക്കുന്നില്ല. കൊച്ചുമക്കളെ ഏറെ സ്‌നേഹിച്ചിരുന്നു ഇയാള്‍. പക്ഷേ, ഇയാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ആ കുഞ്ഞുങ്ങളും പൊതുസമൂഹത്തിന്റെ വിചാരണയ്ക്കു പാത്രമാകാന്‍ പാടില്ല. അതിനാല്‍ത്തന്നെ, ഇയാളുടെ ഭാര്യയുടേയോ മകളുടെയോ മരുമകന്റെയോ പേരുവിവരങ്ങളോ മറ്റു തിരിച്ചറിയല്‍ രേഖകളോ വെളിപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല.)
#Sreedharan #POCSO #KattappanaFastTrackPOCSOCourt #Vineeth #Kannambadi
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47