ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ
തോട്ടം തൊഴിലാളികളായ അവളുടെ മാതാപിതാക്കള്‍ അന്നും (2021 ജൂണ്‍ 30) പതിവുപോലെ ജോലിക്കു പോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തങ്ങളുടെ ആറുവയസുകാരിയായ മകളെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവര്‍ അപ്പോള്‍ത്തന്നെ പോലീസിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് സംഭവത്തിന്റെ ഭയാനകത വ്യക്തമായത്. ആ കുഞ്ഞ് അതിക്രൂരമായ രീതിയില്‍ ബലാത്സംഗത്തിന് ഇരയായിരുന്നു!! അതും തുടര്‍ച്ചയായി!
അന്നും അവള്‍ പലതവണ ബലാത്സംഗത്തിന് ഇരയായി, ഒടുവില്‍ അവള്‍ക്കു ബോധം നഷ്ടപ്പെട്ടു. മരിച്ചെന്നു കരുതിയ പ്രതി ആ കുഞ്ഞിനെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി. മുറിയുടെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ടു. പിന്നീട് ജനല്‍വഴി പുറത്തു പോയി. സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ എന്ന 21 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. കേസ് ഉടന്‍ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കു മാറ്റി. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം കോടതി പ്രതിയായ അര്‍ജുനെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടിരിക്കുന്നു!
പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കേസുകള്‍ വിചാരണ ചെയ്യുന്ന ഇടുക്കി ജില്ലയില്‍ കട്ടപ്പനയിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. കുറ്റം തെളിയിക്കത്തക്ക തെളിവുകളും സാഹചര്യങ്ങളും നിരത്തുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതി വിധിന്യായത്തില്‍ പറഞ്ഞത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്രയും വേഗം എത്തിച്ചേരുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും കൃത്യത്തിലെ ദുരൂഹതയുടെ ചുരുളഴിയും വരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും അന്വേഷണ ഉദ്യോഗസ്ഥന് പിഴവു സംഭവിച്ചു എന്നാണ് കോടതി പറഞ്ഞത്.
ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ന്യായമായി പ്രതീക്ഷിക്കുന്ന വിവേകവും ബുദ്ധിപരമായ നീക്കങ്ങളും ഈ കുറ്റകൃത്യത്തിന്റെ അന്വേഷണത്തില്‍ പോലീസ് നടത്തിയിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കുറ്റകൃത്യം നടന്ന ദിവസം പോലും ശ്രദ്ധിക്കാന്‍ പോലീസിനു സാധിച്ചില്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാണിക്കുന്നു. കേസില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും ഹാജരാക്കിയ തെളിവുകള്‍ പരസ്പര വിരുദ്ധവുമായിരുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു.
അര്‍ജുനുമായി റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ നടത്തിയ എക്‌സ്‌ക്ലുസീവ് ഇന്‍ര്‍വ്യുവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.
സംഭവം നടക്കുമ്പോള്‍ 21 വയസ് പ്രായമുണ്ടായിരുന്ന പ്രതി അര്‍ജുനെ കൃത്യം നടന്ന് നാലു ദിവസത്തിനു ശേഷമാണ് പോലീസ് പിടികൂടുന്നത്. ഒരു കൊറിയര്‍ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു. കൊറോണ സമയമായതിനാല്‍, അര്‍ജുനെ ജോലിയില്‍ നിന്നും പറഞ്ഞയച്ചിരുന്നു. കൂടുതല്‍ സമയങ്ങളിലും ബന്ധുവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത് എന്ന് അര്‍ജുന്‍ പറയുന്നു. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 1 മണിക്ക് കുട്ടിയെ കണ്ടതായി അര്‍ജുന്‍ പറയുന്നുണ്ട്. അന്ന്, കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നുവെന്നും പറയുന്നു. വോളിബോള്‍ കളിക്കിടെ കാലിനു പരിക്കേറ്റ അര്‍ജുന്‍ രണ്ടുമൂന്ന് ആഴ്ചകളായി വിശ്രമത്തിലായിരുന്നു. അന്നേദിവസം പുറത്തിറങ്ങിയ അര്‍ജുന്‍ വെള്ളമെടുക്കാനായി കൂട്ടുകാര്‍ക്കൊപ്പം പോയി എന്നു പറയുന്നുണ്ട്.
ഒരു മരണം സംഭവിച്ചാല്‍ ഏതൊരു മനുഷ്യന്റെയും മനസിലേക്ക് ആദ്യമെത്തുന്ന ചിന്ത ആ മനുഷ്യനെ അവസാനമായി കണ്ട ദിവസത്തെക്കുറിച്ചായിരിക്കും. എന്നാല്‍, പോലീസ് ചോദിക്കുമ്പോള്‍, കുട്ടിയെ അന്നേ ദിവസം കണ്ടിട്ടേയില്ല എന്നാണ് അര്‍ജുന്‍ പറഞ്ഞത്. പിന്നീട് ചോദിച്ചപ്പോള്‍ ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടതായി പറഞ്ഞു. ആദ്യമായി പോലീസ് പിടിയിലാകുന്നതിന്റെ വേവലാതിയില്‍ ഇക്കാര്യം പറയാന്‍ മറന്നു പോയി എന്നാണ് അര്‍ജുന്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, വൈകിട്ട് 3 മണിക്ക് ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ പോയി എന്നും കൃത്യമായി ഈ സമയത്തു തന്നെയാണ് പോയത് എന്നും അര്‍ജുന്‍ പറയുന്നു. പ്രത്യേകിച്ചു വൈരാഗ്യമൊന്നുമില്ലാതെ, തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാര്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നും അര്‍ജുന്‍ ആരോപിക്കുന്നുണ്ട്. സംഭവം നടന്ന ദിവസം തന്റെ കടയിലെത്തി അര്‍ജുന്‍ മിഠായി വാങ്ങിയതായി കടക്കാരനും പറയുന്നുണ്ട്. ഇവരെല്ലാം തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് അര്‍ജുന്‍ പറയുന്നത്.
അരുണ്‍കുമാറിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അര്‍ജുന്‍ വല്ലാതെ പതറുന്നുണ്ട്. ഉത്തരങ്ങള്‍ക്കായി പരതുന്നുമുണ്ട്. പോലീസ് തല്ലിച്ചതച്ചു പറയിപ്പിച്ച കുറ്റസമ്മതമാണ് എന്നു പറയുമ്പോഴും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം പറയുന്ന കാര്യങ്ങള്‍ ചില സത്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള തന്റെ കൂട്ടുകാരാണ് തന്റെ ഫോണിലൂടെ പോണ്‍ വീഡിയോകള്‍ കണ്ടിരുന്നത് എന്നും അര്‍ജുന്‍ ആരോപിക്കുന്നു. ചോദ്യങ്ങള്‍ക്കു മുന്നില്‍ എത്രയൊക്കെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാലും അയാളുടെ ശരീരഭാഷ അയാളിലെ കുറ്റവാളിയെ പുറത്തു കൊണ്ടുവരുന്നുണ്ട്. തന്റെ അനുജത്തിയെപ്പോലെയാണ് ഈ കുട്ടിയെ കണ്ടിരുന്നത് എന്നാണ് അര്‍ജുന്റെ വിശദീകരണം. കേസില്‍ തന്റെ അച്ഛനെ കുടുക്കുമെന്നു പോലീസ് പറഞ്ഞതിനാലാണ് വിചാരണവേളയില്‍ കോടതിയിലും തന്റെ നിരപരാധിത്വം പറയാതിരുന്നത് എന്നാണ് ഇയാള്‍ പറയുന്നത്.
കൊലചെയ്യപ്പെടുമ്പോള്‍ അവളുടെ പ്രായം വെറും ആറുവയസാണ്. പക്ഷേ, 3 വയസുമുതല്‍ അവള്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നുവെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിക്രൂരമായ രീതിയിലുള്ള ബലാത്സംഗവും കൊലയും. അതു കൊലപാതകമാണ് എന്നു തിരിച്ചറിയാതിരിക്കാന്‍ കെട്ടിത്തൂക്കി വീട്ടില്‍ നിന്നും സൂത്രത്തില്‍ പുറത്തു കടക്കുന്നു.
വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സംഭവിച്ചതു പോലെ ഈ കേസിലും സംഭവിച്ചുകൂടാ. വാളയാറിലെ പെണ്‍കുട്ടികളുടേതും ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ആ കേസിലാകട്ടെ, സാക്ഷികള്‍ എല്ലാവരും കൂറുമാറിയിരുന്നു. തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു. ഈ കേസിലും നിരവധി തിരിമറികള്‍ നടന്നിട്ടുണ്ട്. പക്ഷേ, പറഞ്ഞ മൊഴികളില്‍ സാക്ഷികള്‍ ആദ്യാവസാനം ഉറച്ചു നിന്നു. എന്നിട്ടും വിധി പ്രതികൂലമായിപ്പോയി. ആ കുഞ്ഞിനോടു ക്രൂരത ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ വിസ്മൃതിയിലായിക്കൂടാ ഈ കേസും.
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47