വടക്കഞ്ചേരി വാഹനാപകടം: പ്രധാന പ്രതി മോട്ടോര്‍ വാഹന വകുപ്പു തന്നെ

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

എവിടെ സ്പീഡ് ഗവേര്‍ണര്‍…?? എറണാകുളം മുതല്‍ പാലക്കാടു വരെ അമിത വേഗതയില്‍ പാഞ്ഞിട്ടും തടയാനായി ഒരുദ്യോഗസ്ഥന്‍ പോലും ഇല്ലാതെ പോയോ റോഡില്‍…?? ഇത്രയും ലൈറ്റും കാതടപ്പിക്കുന്ന ശബ്ദവും ഒരു ഉദ്യോഗസ്ഥന്റെയും കണ്ണില്‍ പെട്ടില്ലെന്നോ…?? എവിടെ അനീതിക്കെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ട അധ്യാപകര്‍…??

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഇന്നു കേരളം ഉണര്‍ന്നത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ബസ് അമിതവേഗതയില്‍ ആയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അമിതവേഗതയെ കുറിച്ച് ചോദിച്ചപ്പോള്‍ വഴി പരിചയമുള്ള, അമിതവേഗതയില്‍ ഓടിച്ച് ശീലമുള്ള കിടിലന്‍ ഡ്രൈവര്‍ ആണെന്നായിരുന്നു ബസ് ജീവനക്കാര്‍ നല്‍കിയ മറുപടി. കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസിടിച്ച് തലകീഴായി മറിയുകയാണ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

ഇത്രയുമാണ് ഈ അപകടത്തിന്റെ ചുരുക്കം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കാരണം, പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോഴും തിരക്കിലായിരിക്കണം, ആരാണ് ഹെല്‍മെറ്റ് വയ്ക്കാതെ പോകുന്നതെന്ന്, ആരാണ് സീറ്റ് ബല്‍റ്റിടാത്തതെന്ന്, വാഹനത്തിന്റെ വലിപ്പം കൃത്യമായ അളിവില്‍ തന്നെയാണോ എന്ന് കൂട്ടിയും ഗുണിച്ചും ഹരിച്ചും നോക്കുന്ന തിരക്കിലുമായിരിക്കുമവര്‍. റോഡ് സുരക്ഷ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പും മന്ത്രിമാരുമെല്ലാം അങ്ങു ഫിന്‍ലന്റിലെ റോഡ് കണ്ട് അന്തംവിടാന്‍ വിദേശത്തേക്കു കടന്നിട്ടുമുണ്ടാവും. കണ്ടു വന്ന ടെക്‌നോളജിയില്‍ ഒന്നെങ്കിലും ഈ നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യം വേണ്ട, കാരണം കണ്ടു മനസിലാക്കാനാണല്ലോ അവര്‍ പോയത്, അല്ലാതെ നടപ്പിലാക്കി ജനങ്ങളെ സുരക്ഷിതരാക്കാനല്ലല്ലോ….

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനൊരു പ്രത്യേകതയുണ്ട്. കേരളത്തിലെ ജനസംഖ്യ പരിശോധിച്ചാല്‍, കാസര്‍കോഡു മുതല്‍ കന്യാകുമാരി വരെ ജനസംഖ്യയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ല. വലിയ നഗരമായ കൊച്ചിയിലെപ്പോലെ തന്നെ തിരക്കേറിയതാണ് ചെറു പട്ടണങ്ങള്‍. റോഡുകളാകട്ടെ, ഇടുങ്ങിയതും വളരെ മോശപ്പെട്ടതും. ഈ തിരക്കില്‍, വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുക എന്നതു തന്നെയാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളില്‍ ഏറെ പ്രധാനപ്പെട്ടതും. ബസുകളുടെ ഏറ്റവും കൂടിയ വേഗത മണിക്കൂറില്‍ 50-60 കിലോമീറ്ററിനുള്ളില്‍ നിജപ്പെടുത്തിയേ തീരൂ. അത്രയും മാത്രമേ ആകാവൂ എന്നതിനു വേണ്ടി ബസുകളില്‍ വേഗപ്പൂട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനു മുന്‍പുണ്ടായിരുന്ന പല അപകടങ്ങളുടേയും പശ്ചാത്തലത്തിലാണ് ആ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, അപടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു എന്ന് ബസിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ബസിലെ വേഗപ്പൂട്ട് പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍, ആ ബസിനു ഫിറ്റ്‌നസ് നല്‍കിയ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ അപകടത്തിലെയും മരണങ്ങളിലെയും പ്രധാന പ്രതികള്‍. ഡ്രൈവറെക്കാള്‍ കൂടുതല്‍ ശിക്ഷ വേണ്ടതും അവര്‍ക്കു തന്നെ.

രണ്ടാമത്തെ കാര്യം, എറണാകുളത്തു നിന്നും അമിത വേഗതയില്‍ പാഞ്ഞ ബസ് അപടകത്തില്‍ പെടുന്നത് പാലക്കാടാണ്. ഇത്രയും കിലോമീറ്ററുകള്‍ ഒരു ബസ് അപകടകരമായ വേഗതയില്‍ സഞ്ചരിച്ചിട്ടും റോഡില്‍ ഒരിടത്തും ഒരു ഉദ്യോഗസ്ഥന്‍ പോലും ഈ ബസിനെ തടഞ്ഞില്ല എന്നാണ്. റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്, ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തെടുക്കുകയായിരുന്നു. കുറ്റകരമായ അനാസ്ഥ കാണിച്ച ഈ ഉദ്യോഗസ്ഥരും ഈ അപകടത്തില്‍ പ്രധാന കുറ്റവാളികളാണ്.

ഒരു കുറ്റകൃത്യം കണ്ടിട്ടും അതു തടയാതിരിക്കുന്നതിനോളം ഗൗരവമേറിയതാണ് കണ്‍മുന്നില്‍ ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ അതു ഗൗനിക്കാതെ കടന്നു കളയുന്നത്. അപകടസ്ഥലത്തു കൂടി കടന്നുപോയ, അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കഴിയുമായിരുന്ന വാഹനങ്ങള്‍ കണ്ടെത്തണം, കൊലക്കുറ്റത്തിനു കേസെടുക്കുകയും വേണം. അതിനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണം. കടന്നു കളഞ്ഞ കുറേപ്പെരെയെങ്കിലും ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരത്തില്‍, കടന്നുകളയാന്‍ ത്വര കാണിക്കുന്നവര്‍ക്കൊരു താക്കീതാവും.

നാലാമതായി, അമിത വേഗതയില്‍ ഓടിയ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത് 5 അധ്യാപകരാണ്. കുട്ടികള്‍ക്കു നല്ലതും ചീത്തയും പറഞ്ഞു കൊടുക്കേണ്ടവര്‍. തെറ്റിനെ തെറ്റെന്നു കണ്ട് എതിര്‍ക്കാന്‍ അവരെ പഠിപ്പിക്കേണ്ടവര്‍. ബസ് പുറപ്പെടുന്ന സമയത്തുള്ള വീഡിയോകളില്‍ നിന്നും ‘ഇപ്പോള്‍തന്നെ താമസിച്ചു പോയി’ എന്ന് ആരോ പറയുന്നതു കേള്‍ക്കാം. അതായത്, പ്രഗത്ഭനെന്നു തങ്ങള്‍ കരുതുന്ന ഡ്രൈവര്‍ക്ക് അമിത വേഗതയില്‍ ബസ് ഓടിക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു ബസിലുള്ള അധ്യാപകരെന്നു സാരം. തങ്ങളുടെ വാക്കുകള്‍ ഡ്രൈവര്‍ ചെവിക്കൊണ്ടില്ല എന്നാണ് അതിനുള്ള ന്യായീകരണമായി അധ്യാപകര്‍ പറയുന്നത്. പറയുന്നതു കേള്‍ക്കാന്‍ തയ്യാറല്ലാത്ത ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ മനസില്ലെന്നു പറയാനുള്ള ധൈര്യം ഒരധ്യാപകനു പോലും ഉണ്ടായില്ല എന്നതാണ് ദു:ഖകരം.

ബസിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ശബ്ദ കോലാഹലങ്ങളും മോട്ടോര്‍ വാഹന നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചവര്‍ തന്നെയാണ് ആ മരണങ്ങളുടെ ഉത്തരവാദികള്‍.

ഈ അപകടത്തില്‍ ഉള്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസ് നിരപരാധിയാണ്. പക്ഷേ, കേരളത്തിലെ റോഡപകടങ്ങളില്‍ ഏറിയ പങ്കും വരുത്തി വയ്ക്കുന്നതും സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസുകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തരവാദിത്തത്തോടു കൂടി റോഡ് ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്.

അമിത വേഗം, മദ്യപിച്ചോ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ ഉള്ള ഡ്രൈവിംഗ്, നിയമങ്ങള്‍ തെറ്റിച്ചു വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നതു മൂലം ഉണ്ടാകുന്ന അപകടത്തിന് ഡ്രൈവറുടെ പേരില്‍ കൊലപാതകത്തിനാണ് കേസെടുക്കേണ്ടത്. അല്ലാതെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പല്ല ചുമത്തേണ്ടത്. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഉറപ്പുണ്ട്, ഈ പോക്ക് അപടത്തിലേക്കാണെന്ന്. അപ്പോള്‍ ആ നിയമലംഘകരെ അതികഠിനമായി ശിക്ഷിക്കുക തന്നെയാണ് വേണ്ടത്.

റോഡ് സുരക്ഷയ്ക്കായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണില്‍ ഇത്തരം കൊടിയ നിയമ ലംഘനങ്ങള്‍ പെടില്ല എന്നത് ജനങ്ങളുടെ ഗതികേടാണ്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് വേട്ടകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാത്ത മോട്ടോര്‍ വാഹന വകുപ്പും ബന്ധപ്പെട്ട അധികാരികളും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. സുരക്ഷിത യാത്ര ജനങ്ങളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. അതിനു വേണ്ടത് നിയമലംഘകരെ നിലയ്ക്കു നിറുത്തുക എന്നതാണ്. അതിനു കഴിവില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പോ റോഡ് സുരക്ഷ ഉദ്യോഗസ്ഥരോ ഈ വകുപ്പിനൊരു മന്ത്രിയോ ജനങ്ങള്‍ക്ക് ആവശ്യമില്ല.


Leave a Reply

Your email address will not be published. Required fields are marked *