ഈ പോസ്റ്ററെടുത്തത് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സൈറ്റില്‍ നിന്നാണ്. ഇന്ന് മാര്‍ച്ച് 22, ലോക ജല ദിനം. ലോക സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക (leveraging water for peace) എന്നതാണ് ഈ വര്‍ഷത്തെ ജലദിനത്തിന്റെ തീം. സൂക്ഷ്മതയോടെ ജലം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം.
ലോക ജലദിനമെന്ന ആശയം ആദ്യമായി ഉയര്‍ന്നു വന്നത് 1992 ലാണ്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യു എന്‍ കോണ്‍ഫറന്‍സിനു ശേഷം 1993 മാര്‍ച്ച് 22 മുതല്‍ എല്ലാ വര്‍ഷവും ലോക ജലദിനമായി ആചരിക്കുവാന്‍ തുടങ്ങി.
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ കേരളം അതിരൂക്ഷമായ ജലക്ഷാമത്തെ നേരിടാന്‍ തുടങ്ങിയിട്ട് ഏറെ കാലമായിട്ടില്ല. കാലാവസ്ഥ വ്യതിയാനങ്ങള്‍ അതിതീവ്രമായി കേരളത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഓരോ വര്‍ഷവും കൃത്യമായി ജൂണില്‍ കാലവര്‍ഷവും തുടര്‍ന്ന് തുലാവര്‍ഷപ്പെരുമഴയും കിട്ടിക്കൊണ്ടിരുന്ന നാടാണ് നമ്മുടേത്. എന്നാലിപ്പോള്‍ മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. പെയ്യുന്ന മഴയാകട്ടെ അതിതീവ്ര മഴയും. മണ്ണില്‍ താഴാതെ ആ വെള്ളമത്രയും ഒഴുകിപ്പോകുന്നു.
ഏറ്റവും നീളം കൂടിയ പുഴയായ പെരിയാര്‍ മുതല്‍ (244 കിലോമീറ്റര്‍) ഏറ്റവും ചെറിയ പുഴയായ മഞ്ചേശ്വരം പുഴ (16 കിലോമീറ്റര്‍) ഉള്‍പ്പടെ 44 നദികള്‍ കൊണ്ടു സമ്പന്നമാണ് കേരളം. ഇതു കൂടാതെ ഒട്ടനവധി നീര്‍ച്ചാലുകളും തോടുകളും കുളങ്ങളും മറ്റു ജലസ്രോതസുകളെല്ലാമുണ്ട് നമ്മുടെ കേരളത്തില്‍. ഒരിക്കലും വറ്റാത്ത നദി ആയതിനാല്‍, കേരളത്തന്റെ ജീവരേഖ എന്ന പേരില്‍ അറിയപ്പെടുന്ന പെരിയാര്‍ അഞ്ചു ജില്ലകളിലൂടെയും 41 പഞ്ചായത്തുകളിലൂടെയും 3 മുനിസിപ്പാലിറ്റികളിലൂടെയും ഒരു കോര്‍പ്പറേഷനുകളിലൂടെയും കടന്നു പോകുന്നു. ഏതാണ്ട് 51 ലക്ഷം ജനങ്ങളാണ് വിവിധ ആവശ്യങ്ങള്‍ക്കായി പെരിയാറിനെ ആശ്രയിക്കുന്നത്.
അതിതീവ്ര മതവിശ്വാസമുള്ളൊരു ജനതയാണ് കേരളത്തിലുള്ളത്. ദൈവങ്ങളെ സംരക്ഷിക്കാനും സുരക്ഷയൊഴുക്കാനും എന്നെന്നും ജാഗരൂകരായൊരു സമൂഹം. ദൈവങ്ങളെ സംരക്ഷിക്കുവാനായി ഏതറ്റം വരെയും പോകാന്‍ ഒരു മടിയുമില്ല വിശ്വാസികള്‍ക്ക്. ദൈവങ്ങളെയും ആചാരങ്ങളെയും വിശ്വാസ സംഹിതകളെയും സംരക്ഷിക്കാന്‍ കൊന്നൊടുക്കുവാനും കലാപങ്ങളുണ്ടാക്കാനും മടിയില്ലാത്തവര്‍. പക്ഷേ, നദികളും തടാകങ്ങളും തോടുകളും കുളങ്ങളും കിണറുകളും കൊണ്ട് അനുഗ്രഹീതമായിരുന്ന നമ്മുടെ നാട്ടിലെ ജലസ്രോതസുകളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ എന്തു നടപടികളാണ് സ്വീകരിക്കുന്നത്? ഏതെങ്കിലുമൊരു തോടോ ചെറിയ ജലാശയമോ ഉണ്ടെങ്കില്‍ അവയിലെല്ലാം മാലിന്യം തള്ളുക എന്നതാണ് നമ്മള്‍ സ്വീകരിച്ചു വരുന്ന മാര്‍ഗ്ഗങ്ങള്‍.
ജലത്തെ മണ്ണില്‍ പിടിച്ചു നിറുത്തുന്നതിനായവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും മനുഷ്യന്‍ അകന്നു നില്‍ക്കുന്നു. നമ്മുടെ നാടിന്റെ സമ്പത്ഘടനയെ പിടിച്ചു നിറുത്തിയിരുന്ന കൃഷിയോടു നാം ഏകദേശം വിടപറഞ്ഞിരിക്കുന്നു. നെല്‍കൃഷിക്കു പ്രാധാന്യം നല്‍കിയുള്ള കൃഷി രീതിയായിരുന്നു നമ്മുടേത്. ലഭ്യതക്കുറവും നഷ്ടത്തിന്റെ കണക്കുകളും നെല്‍കൃഷിയോടു വിടപറയാന്‍ കാരണമായി. പകരമായി കൊണ്ടുവന്ന നാണ്യവിളകളായ റബ്ബര്‍ പോലുള്ള മരങ്ങളാകട്ടെ, മണ്ണിലെ ജലാംശം വലിച്ചെടുക്കുകയാണ്.
യാതൊരു തത്വദീക്ഷയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും വനനശീകരണവുമെല്ലാം ബാധിക്കുന്നത് നീരുറവകളെയാണ്. കരയില്‍ പെയ്യുന്നതിനെക്കാള്‍ കൂടുതല്‍ മഴ പെയ്യുന്നത് കടലിലാണ്. ഇതോടെ, പെയ്ത മഴ വെള്ളം ഉപ്പുരസമായിത്തീരുന്നു. കരയില്‍ പെയ്ത വെള്ളമാകട്ടെ കുത്തിയൊഴുകി കടലില്‍ ചെന്നു ചേരുന്നു. കാലാവസ്ഥയ്ക്കു വ്യതിയാനങ്ങള്‍ സംഭവിക്കും മുന്‍പേ, വായുവും വെള്ളവും പ്രകൃതിയും കാര്യമായി മലിനമാകും മുമ്പേ, നമ്മുടെ ഭൂമിയിലുണ്ടായിരുന്ന വെള്ളം എവിടേക്കാണ് പോയത് എന്ന ചോദ്യത്തിന് ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കു കൂടി വിരല്‍ ചൂണ്ടാവുന്നതാണ്. പ്രകൃതിക്കിണങ്ങിയ വീടുകള്‍ നിന്നിരുന്ന സ്ഥാനത്ത് കോണ്‍ക്രീറ്റ് ബഹുനില മന്ദിരങ്ങള്‍ സ്ഥാനം പിടിച്ചു.
കിണറുകളെല്ലാം മണ്ണിട്ടു മൂടി പൈപ്പു വെള്ളത്തിനും മിനറല്‍ വാട്ടറിനുമായി നമ്മള്‍ കാത്തിരിക്കുന്നു. ജനപ്പെരുപ്പവും വീടുകളുടെ എണ്ണവും പെരുകിയതോടെ മലിനമാകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു. ഇനിയെങ്കിലും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍, ജലസ്രോതസുകളെ സംരക്ഷിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഇതിനെക്കാള്‍ വലിയ വിപത്തായിരിക്കും. മനുഷ്യര്‍ ചെയ്യുന്ന നെറികേടുകളെയെല്ലാം ദൈവത്തിന്റെ ശാപമായി വിലയിരുത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍ വിദ്യയും അറിവും നേടിയവര്‍ക്കു പോലും ചിന്താശേഷിയില്ലായിരിക്കുന്നു എന്നതാണ് പരമ ദയനീയം.
……………………………………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47